അഗതിയോ? എങ്കില്‍ അയാള്‍ ക്രിസ്തു തന്നെ!

16,  Sep   

വിശുദ്ധ മദര്‍ തെരേസായുടെ പിന്‍ഗാമിയായിരിക്കുന്ന മലയാളിയാണ് സിസ്റ്റര്‍ മേരി ജോസഫ് എം.സി. 139 രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന, 109 രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തില്‍ പരം സന്യസ്തരുടെ മേധാവി. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറല്‍. ഇരിങ്ങാലക്കുട രൂപതയിലെ മാള, പൊയ്യ സ്വദേശിയാണു സിസ്റ്റര്‍ മേരി ജോസഫ്. സിസ്റ്റര്‍ സത്യദീപത്തിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്: സിസ്റ്ററാകണമെന്ന ചിന്ത ആദ്യമായി ഉണ്ടാകുന്നത് എപ്പോള്‍, എങ്ങനെ എന്നോര്‍മയുണ്ടോ? സിസ്റ്ററാകുന്നതിനെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. കൗമാരപ്രായത്തില്‍ കൂടുതലും ലൗകികചിന്തകളുള്ള ഒരാളായിരുന്നു ഞാനെന്നു പറയാതെ വയ്യ. വായനയോടു വലിയ താത്പര്യമായിരുന്നു. എപ്പോഴും വായിച്ചുകൊണ്ടിരിക്കും. എന്നാല്‍ മൂത്തമകളെന്ന നിലയില്‍ തന്നെ സഹായിക്കണമെന്നായിരുന്നു അമ്മച്ചിയുടെ താത്പര്യം. അതു ചെയ്യാത്തതിനു അമ്മ എന്നെ വഴക്കു പറയുകയും ചെയ്യുമായിരുന്നു. മരിയന്‍ സൊഡാലിറ്റിയില്‍ അംഗമായിരുന്നു. പള്ളിയില്‍ വളരെ കൃത്യമായി പോകുകയും ചെയ്യുമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്ത് ഞാന്‍ മാളയിലുള്ള ഏലമ്മ എന്ന ആന്റിയുടെ വീട്ടില്‍ പോയി താമസിക്കുന്ന സമയം. അവിടെ ഉത്തരേന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്യുന്ന രണ്ടു സിസ്റ്റര്‍മാര്‍ വന്നു. അവരുടെ സ്‌നേഹമുള്ള പെരുമാറ്റവും ഞങ്ങളോടു കാണിച്ച അടുപ്പവുമെല്ലാം എന്നെ സ്പര്‍ശിച്ചു. അതുവരെ എപ്പോഴും ''ഞാനെന്തായാലും ഒരു കന്യാസ്ത്രീ ആകില്ല'' എന്ന് എന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍. ഇവരെ കണ്ടതോടെ ''ഞാനൊരു 'കന്യാസ്ത്രീ' ആകില്ല, പക്ഷേ ഈ സിസ്റ്റര്‍മാരെ പോലെ ഒരു സിസ്റ്ററാകും'' എന്നായി എന്റെ പറച്ചില്‍. വീട്ടിലും ഞാന്‍ ഈ ആഗ്രഹം പറഞ്ഞു. അവര്‍ക്കെല്ലാം അത്ഭുതമായിരുന്നു അത്. മിഷണറീസ് ഓഫ് ചാരിറ്റി തിരഞ്ഞെടുക്കാന്‍ കാരണം? സിസ്റ്ററാകണമെന്ന ആഗ്രഹം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ എന്നെ തൃശൂര്‍ പുല്ലഴിയിലുള്ള വൊക്കേഷന്‍ സെന്ററിലേയ്ക്ക് അയച്ചു. സന്യസ്തരാകാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കു വേണ്ടി ദൈവവിളി ക്യാമ്പുകള്‍ നടത്തുന്ന സ്ഥലമായിരുന്നു അത്. ദിവംഗതനായ കുണ്ടുകുളം പിതാവും ഫാ. ജോസഫ് വിളങ്ങാടനുമൊക്കെ അവിടെ ഞങ്ങള്‍ക്കു ക്ലാസുകളെടുത്തു. വിദേശരാജ്യങ്ങളില്‍ മിഷണറിമാരായി പോകാന്‍ തയ്യാറെടുക്കുന്ന പെണ്‍കുട്ടികള്‍ അവിടെയുണ്ടായിരുന്നു. എനിക്ക് എവിടെയായാലും മിഷണറി ആയാല്‍ മതി. എവിടെ പോകാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ വായനയിലുള്ള താത്പര്യമൊക്കെ കണ്ട് വിളങ്ങാടനച്ചന്‍ സെ. പോള്‍ സിസ്റ്റേഴ്‌സില്‍ ചേരാന്‍ നിര്‍ദേശിച്ചു. അവര്‍ മാധ്യമരംഗത്താണല്ലോ പ്രവര്‍ത്തിക്കുന്നത്. എനിക്കു സമ്മതമായിരുന്നു. അങ്ങനെ ആ സമൂഹത്തില്‍ ചേര്‍ന്ന് ഇറ്റലിയിലേയ്ക്കു പോകാനുള്ള ധാരണയായി. അങ്ങനെയിരിക്കെയാണ് മിഷണറീസ് ഓഫ് ചാരിറ്റിയിലെ രണ്ടു സിസ്റ്റര്‍മാര്‍ അവിടെ വരുന്നത്. അവരുടെ സാരിയും മറ്റും കണ്ടു ഞങ്ങള്‍ കളിയാക്കി ചിരിച്ചതാണ്. പക്ഷേ തങ്ങളുടെ ജോലിയെ കുറിച്ചും കുഷ്ഠരോഗികളെയും ക്ഷയരോഗികളെയും ഒക്കെ ശുശ്രൂഷിക്കുന്നതിനെക്കുറിച്ചും അവര്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ അവരുടെ കൂടെ ചേര്‍ന്ന് പാവങ്ങളെ സഹായിക്കുകയാണു വേണ്ടതെന്ന തോന്നല്‍ എനിക്കുണ്ടായി. ഞാനിന്നുമോര്‍ക്കുന്നു, ആ രാത്രി ഞാനുറങ്ങിയില്ല. ഒരു എം.സി. സിസ്റ്ററായി പാവങ്ങളെ സഹായിക്കണമെന്ന ചിന്ത ഒരു വശത്ത്. എന്നാല്‍ അങ്ങനെയൊരു കഠിനമായ ജീവിതം നയിക്കാന്‍ എനിക്കു സാധിക്കില്ലെന്ന പേടി മറുവശത്ത്. ഒടുവില്‍ എം.സി. സമൂഹത്തില്‍ തന്നെ ചേരാന്‍ ഞാന്‍ തീരുമാനിച്ചു. തീരുമാനത്തോട് വീട്ടുകാരു ടെയും മറ്റും പ്രതികരണം എന്തായിരുന്നു? വീട്ടുകാര്‍ എന്നെ ഗൗരവത്തിലെടുത്തില്ല എന്നതാണു സത്യം. പ്രത്യേകിച്ച് എന്റെ അമ്മ. കഠിനാദ്ധ്വാനമുള്ള രംഗത്തേയ്‌ക്കൊന്നും ഞാന്‍ പോകില്ലെന്നും മടിയുള്ളയാളാണ് ഞാനെന്നുമായിരുന്നു അമ്മയുടെ വിലയിരുത്തല്‍. പക്ഷേ തീരുമാനം ഉറച്ചതാണെന്നറിഞ്ഞപ്പോള്‍ പോകാന്‍ അവര്‍ എന്നെ അനുവദിച്ചു. അപ്പന്‍ കരഞ്ഞത് ഞാനോര്‍ക്കുന്നു. ''മക്കളിലൊരാളെ ദൈവവേലയ്ക്കു വിടണമെന്നു ഞങ്ങളുടെ കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. പക്ഷേ അതൊരിക്കലും നീ ആയിരിക്കുമെന്നു ഞങ്ങള്‍ക്കു തോന്നിയിട്ടില്ല,'' അപ്പന്‍ പറഞ്ഞു. സന്യാസപരിശീലനവും തുടര്‍ന്നുള്ള സേവനരംഗങ്ങളും എവിടെയൊക്കെയായിരുന്നു? എന്റെ സന്യാസപരിശീലനവും ആദ്യത്തെ മിഷനും ഓസ്‌ട്രേലിയായില്‍ ആയിരുന്നു. നിത്യവ്രതത്തിനു ശേഷം ഞാന്‍ കൊല്‍ക്കത്തയില്‍ നോവിസ് മിസ്ട്രസായി നിയോഗിക്കപ്പെട്ടു. പിന്നീടു ഫിലിപ്പീന്‍സിലും അതിനു ശേഷം പോളണ്ടിലും ഇതേ ഉത്തരവാദിത്വം നിര്‍വഹിച്ചു.പോളണ്ട്, സ്ലോവാക്യ, ഹംഗറി, റുമേനിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന റീജിയന്റെ സുപീരീയറായും പ്രവര്‍ത്തിച്ചു. ഈ മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോഴാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ എന്നെ ആകര്‍ഷിക്കുന്നതും ഞാന്‍ അതേ കുറിച്ചു പഠനങ്ങള്‍ നടത്തിയതും. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളായ 'ശരീരത്തിന്റെ ദൈവശാസ്ത്രം', 'സ്‌നേഹവും ഉത്തരവാദിത്വവും' , അദ്ദേഹത്തിന്റെ പ്രബോധന രേഖകളായ 'സമര്‍പ്പിതജീവിതം', 'സത്യത്തിന്റെ ശോഭ' തുടങ്ങിയവയും എന്റെ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കു വളരെ സഹായകമായിരുന്നു. മദര്‍ തെരേസായെ ആദ്യമായി നേരിട്ടു കാണുന്നത് എന്ന്? എന്തായിരുന്നു ആ അനുഭവം? തിരുവനന്തപുരത്ത് ആസ്പിരന്റ് ആയിരുന്നപ്പോള്‍ മദര്‍ അവിടെ സന്ദര്‍ശനത്തിനെത്തി. അപ്പോള്‍ എനിക്കൊരു തിരുത്തല്‍ നല്‍കിയതാണ് മദര്‍ തെരേസായെ സംബന്ധിച്ച ആദ്യത്തെ ഓര്‍മ്മ. സദാ ദൈവസാന്നിദ്ധ്യത്തില്‍ ജീവിക്കേണ്ടതിനെ കുറിച്ചായിരുന്നു അത്. ഡൈനിംഗ് ഹാളില്‍ ആഹാരം വിളമ്പാന്‍ ചുമതലപ്പെട്ടയാളായിരുന്നു ഞാന്‍. മദര്‍ തെരേസായും മറ്റു സിസ്റ്റര്‍മാരും ആസ്പിരന്റ്‌സും കഴിക്കാനിരിക്കുന്നു. സ്പൂണുകളെടുത്തപ്പോള്‍ എന്റെ കൈയില്‍നിന്ന് അവയെല്ലാം ശബ്ദത്തോടെ താഴെ വീണു. അതിനു ശേഷം വളരെ സൗമ്യമായി സിസ്റ്റര്‍ എന്നെ അടുത്തേയ്ക്കു വിളിച്ചിട്ടു ചോദിച്ചു, ''സിസ്റ്റര്‍ എപ്പോഴും ദൈവസാന്നിദ്ധ്യം ഓര്‍മ്മിച്ചുകൊണ്ടാണോ ജീവിക്കുന്നത്?'' ആ സമയത്ത് ചുറ്റുമുള്ളവരുടെയും അതുപോലെ തന്നെ മദറിന്റെയും നോട്ടങ്ങളെ കുറിച്ചായിരുന്നു എന്റെ ആകുലത എന്നു മദറും മനസ്സിലാക്കി. ആ ചോദ്യത്തിലൂടെ മദര്‍ എന്നെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. ദൈവത്തിന്റെ സാന്നിദ്ധ്യത്തെയും അവിടുത്തെ നോട്ടത്തെയും കുറിച്ചാണ് ഞാന്‍ ബോധവതിയായിരിക്കേണ്ടത്. ഇന്ന് എന്റെ സമര്‍പ്പിത ജീവിതത്തിന്റെ അടിത്തറയായിട്ടാണ് ഈ ചിന്തയെ ഞാന്‍ കാണുന്നത്. കാളിഘട്ടിലെ ഒരു ചിത്രമാണ് മദറിനെ കുറിച്ചുള്ള എന്റെ രണ്ടാമത്തെ ഓര്‍മ്മ. അവിടെ മരണാസന്നര്‍ക്കു വേണ്ടിയുള്ള ഭവനത്തിലേയ്ക്ക് ഒരു മനുഷ്യനെ കൊണ്ടു വന്നു. അയാളുടെ തലയില്‍ നിറയെ പുഴുക്കള്‍ നുരയ്ക്കുന്നുണ്ടായിരുന്നു. കൂടാതെ രൂക്ഷമായ ദുര്‍ഗന്ധവും. അയാളെ കിടത്തിയതിനു തൊട്ടടുത്തു ഭിത്തിയില്‍ ''ക്രിസ്തുവിന്റെ ശരീരം'' എന്നെഴുതിയിരുന്നു. മദര്‍ അയാളുടെ അടുത്ത് ഇരുന്നു. ബംഗാളിയില്‍ അയാളോടു സംസാരിച്ചുകൊണ്ട്, വളരെ ആദരവോടെ അയാളുടെ മുടി വെട്ടിക്കൊടുത്തു. ശരിക്കും ക്രിസ്തുവിനെയാണു മദര്‍ അപ്പോള്‍ ശുശ്രൂഷിച്ചതെന്ന് ഞാന്‍ മനസ്സിലാക്കി. നിരവധി വിദേശരാജ്യങ്ങളില്‍ സേവനം ചെയ്തിട്ടുണ്ടല്ലോ. അതു സംബന്ധിച്ച ഓര്‍മ്മകളെന്തൊക്കെയാണ്? ഓസ്‌ട്രേലിയായില്‍ ആയിരുന്നു നോവിഷ്യേറ്റ് എന്നു പറഞ്ഞല്ലോ. അവിടെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. പിന്നീടു പോയ പാപുവ ന്യൂഗിനി ഒരു ദരിദ്രരാജ്യമാണ്. ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്കിടയിലൂടെ കടലില്‍ കൊച്ചുവള്ളത്തില്‍ കയറി യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഭയന്നു വിറയ്ക്കുന്ന അനുഭവമായിരുന്നു ആദ്യമത്. ദ്വീപുകളില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്നു കൊടുക്കാനായിട്ടായിരുന്നു കടലിലൂടെയുള്ള തോണിയാത്ര. അല്‍ബേനിയായിലേയ്ക്ക് എന്നെ അയക്കുമ്പോള്‍ അതൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിരുന്നു. മതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്ന സാഹചര്യം. അവിടെ മഠം സ്ഥാപിച്ചു. തുടര്‍ന്ന് ചെക് റിപ്പബ്ലിക്കിലും മഠം തുടങ്ങാനായി. സിസ്റ്റര്‍ പ്രേമ സുപീരിയര്‍ ജനറലായിരുന്നപ്പോള്‍ അസിസ്റ്റന്റ് ജനറലായും പ്രവര്‍ത്തിച്ചു. ദരിദ്രരാജ്യങ്ങളില്‍ മിഷണറിയായി സേവനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നപ്പോള്‍ നോവിസ് മിസ്ട്രസായും പോസ്റ്റുലന്റ് മിസ്ട്രസായും നിയോഗിക്കപ്പെട്ടിട്ടുണ്ട്. ആദ്യം അതിനോടെല്ലാം എതിര്‍പ്പു പറഞ്ഞിട്ടുണ്ട്. പക്ഷേ പിന്നീടെനിക്കു മനസ്സിലായി, എന്നെ സന്യാസപരിശീലകയായി നിയോഗിക്കുന്നതു മറ്റുള്ളവരെ പരിശീലിപ്പിക്കാനല്ല, എനിക്കു വേണ്ടി തന്നെയാണെന്ന്. മറ്റുള്ളവരെ പഠിപ്പിക്കുന്നതിനേക്കാള്‍ എന്റെ തന്നെ കഴിവുകളേയും കുറവുകളേയും മനസ്സിലാക്കാനാണ് ആ അവസരം ദൈവം എനിക്കു നല്‍കിയത്. യുദ്ധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുന്നിടത്തും എം സി സിസ്റ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. ഉക്രെയിനിലും അവരുണ്ട്. അവിടെ നിന്നുള്ള വിവരങ്ങള്‍ എന്തൊക്കെയാണ്? ഉക്രെയിനില്‍ എം.സി. സിസ്റ്റര്‍ മാര്‍ അഞ്ചു പേരുണ്ട്. രണ്ടു പേര്‍ ഇന്ത്യാക്കാരാണ്. അഗതികളായ 32 പേരുടെ പരിചരണമാണ് ഈ സിസ്റ്റര്‍മാര്‍ നടത്തിക്കൊണ്ടിരുന്നത്. യുദ്ധം തുടങ്ങിയതിനു ശേഷം കൂടുതല്‍ പേര്‍ അവരുടെ സഹായം തേടി എത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരും അവയവങ്ങള്‍ നഷ്ടമായവരും അവരിലുണ്ട്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളും അവരെ തേടിയെത്തുന്നു. ഉക്രെയിനില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ വഴിയാണ് ആ സിസ്റ്റര്‍മാരുമായി ഞങ്ങള്‍ ബന്ധപ്പെടുന്നതും വിവരങ്ങളറിയുന്നതും. പേടിയുണ്ടോ എന്ന ചോദ്യത്തിനു സ്വന്തം കാര്യത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും സമയമില്ലെന്നായിരുന്നു ഉക്രെയിനിലുള്ള സിസ്റ്റര്‍മാരുടെ മറുപടി. ജീവിക്കുന്ന ദൈവത്തിലുള്ള വിശ്വാസമാണല്ലോ ക്രൈസ്തവരായ നാം പ്രഘോഷിക്കുന്നത്. പ്രശ്‌നസങ്കീര്‍ണമായ, യുദ്ധവും അക്രമവും ഭീതിയും അനിശ്ചിതത്വവും കൊണ്ടു കീറിമുറിക്കപ്പെട്ട ഈ ലോകത്തില്‍, സമാധാനത്തിനും സാഹോദര്യത്തിനുമായി നാം തിരിയേണ്ടത് ഈ ജീവിക്കുന്ന ദൈവത്തിലേയ്ക്കാണ്. എല്ലാമാനവഹൃദയങ്ങളും സമാധാനത്തിനായി ദാഹിക്കുന്നു. സ്വാര്‍ത്ഥതയും അത്യാഗ്രഹവും വിഭാഗീയതയും ഇല്ലാത്ത ഹൃദയങ്ങള്‍ക്കു മാത്രമേ യഥാര്‍ത്ഥ സമാധാനം അനുഭവിക്കാനാകൂ. ''പ്രാര്‍ത്ഥന നമുക്കു സംശുദ്ധമായ ഹൃദയം നല്‍കുന്നു, ശുദ്ധമായ ഹൃദയമുള്ളവര്‍ക്കു ദൈവത്തെ കാണാനാകും'' എന്നു മദര്‍ എപ്പോഴും പറയാറുണ്ട്. ജീവിക്കുന്ന ഈ ദൈവത്തോട് അനുദിനം പ്രാര്‍ത്ഥിക്കാനും യഥാര്‍ത്ഥ സമാധാനവും സാഹോദര്യവും അനുഭവിക്കാനും നമുക്കു സാധിക്കട്ടെ. മിഷണറീസ് ഓഫ് ചാരിറ്റി ഇപ്പോള്‍ ആകെ എത്ര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കു ന്നു? ആകെ എത്ര സിസ്റ്റര്‍ മാരുണ്ട്? പുരോഹിതരുടെയും ബ്രദര്‍മാരുടെയും എണ്ണം? 5123 സിസ്റ്റര്‍മാരാണ് ഉള്ളത്. 139 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 758 ഭവനങ്ങളുണ്ട്. എംസി ബ്രദര്‍മാര്‍ 77 ഭവനങ്ങളിലായി 458 പേരുണ്ട്. പുരോഹിതര്‍ എട്ടു ഭവനങ്ങളിലായി 42 പേരും. 109 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍. ഇന്ത്യ, ഫിലിപ്പൈന്‍സ്, പോളണ്ട്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു കൂടുതല്‍. എം.സി. സമൂഹത്തിന്റെ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും പദ്ധതികളും എന്തൊക്കെയാണ്? മദര്‍ കാണിച്ചു തന്ന മാര്‍ഗത്തോടു വിശ്വസ്തത പുലര്‍ത്താനാണു ഞാനാഗ്രഹിക്കുന്നത്. ദൈവത്തിലുള്ള ആഴമേറിയ വിശ്വാസവും ദൈവത്തോടു പുലര്‍ത്തിയ സജീവമായ ബന്ധവുമാണ് തന്റെ മിഷന്‍ നിറവേറ്റാന്‍ മദറിനു കരുത്തു നല്‍കിയത്. ദൈവത്തോടുള്ള ബന്ധത്തിനാണു ഞാനും ഞങ്ങളുടെ സിസ്റ്റര്‍മാരും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ദൈവത്തോടു ബന്ധം ഉണ്ടായാല്‍ അപരനോടുള്ള സ്‌നേഹം സ്വാഭാവികമായി തന്നെ അതിനു പിന്നാലെ വന്നുകൊള്ളും. മദറിനെ സംബന്ധിച്ച് ദൈവത്തോടും അപരനോടുമുള്ള സ്‌നേഹമായിരുന്നു സര്‍വ്വപ്രധാനം. ഞാനൊരാളെ സ്‌നേഹിക്കുമ്പോള്‍ മറ്റെല്ലാം അ പ്രധാനമാകുന്നു. മദറിനെ സംബന്ധിച്ച് ദൈവമായിരുന്നു പൈതൃകസമ്പത്ത്. ദാരിദ്ര്യം അതു സ്വന്തമാക്കാനുള്ള മാര്‍ഗവും. മിഷണറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും ഈ കൃപ ലഭിക്കട്ടെ എന്നതാണു ഞങ്ങളുടെ പ്രാര്‍ത്ഥന. പാവപ്പെട്ട ഒരു മനുഷ്യന്‍ നമ്മെ സമീപിക്കുകയാണെങ്കില്‍, ഒരിക്കലും അയാളുടെ ജാതിയോ മതമോ ചോദിക്കരുതെന്നു മദര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. വേദന സഹിക്കുന്നുണ്ടെങ്കില്‍, മരണമടുത്തെത്തിയ ഒരു അഗതിയാണെങ്കില്‍, അയാള്‍ ക്രിസ്തു തന്നെയാണ്. അയാളുടെ ജാതിയും മതവും എന്തുതന്നെയാണെങ്കിലും അതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ല എന്നായിരുന്നു മദറിന്റെ നിലപാട്. മദര്‍ കസേരയിലിരിക്കാറില്ല. എപ്പോഴും തറയിലിരിക്കാന്‍ ഇഷ്ടപ്പെട്ടയാളായിരുന്നു. നമ്മില്‍ മിക്കവരേക്കാളും അധികം ഇന്ത്യാക്കാരിയായിരുന്നു അവര്‍. എപ്പോഴും പാവങ്ങള്‍ക്കിടയിലും മറ്റു സിസ്റ്റര്‍മാര്‍ക്കിടയിലും അവരിലൊരാളായി കഴിഞ്ഞയാളാണു മദര്‍. സന്യാസസമൂഹത്തിന്റെ മേധാവിയെന്ന നിലയില്‍ മദര്‍ അധികാരം പ്രയോഗിച്ച രീതിയും അപ്രകാരമായിരുന്നു. ഒന്നും അടിച്ചേല്‍പിച്ചിരുന്നില്ല, എല്ലാവരോടും ആദരവു പുലര്‍ത്തി. ഈ രീതിയില്‍ മുന്നോട്ടു പോകാനാണു ഞാനും ആഗ്രഹിക്കുന്നത്.


Related Articles

ഒരു വലിയ കുഴി

വിചിന്തിനം

Contact  : info@amalothbhava.in

Top