ദൈവദൂതനായ വിശുദ്ധ ഗബ്രിയേൽ മാലാഖ ദൈവപുത്രൻ കന്യകയിൽനിന്ന് ജാതൻ ആകുമെന്ന് ദൈവത്തിൻറെ രക്ഷാകര പദ്ധതി കന്യകാമറിയത്തെ അറിയിക്കുന്നത് അനുസ്മരിക്കുന്ന മംഗളവാർത്ത തിരുനാൾ മാർച്ച് 25-നാണ് തിരുസഭ ആചരിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമനും ദൈവപുത്രനും രക്ഷകനുമായ യേശു ദാവീദിനെ ഗോത്രത്തിൽപ്പെട്ട യോവാക്കിം - അന്നാ ദമ്പതികളുടെ മകളായ കന്യകാ മറിയത്തിൽ നിന്ന് മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേൽ മാലാഖ വഴിയുള്ള ദൈവത്തിൽ നിന്നുള്ള സന്ദേശമാണ് ഈ തിരുനാളിന് അടിസ്ഥാനം . മാതാവിൻറെ തിരുനാളുകളിൽ പൂർണമായും ബൈബിൾ അധിഷ്ഠിതമായ അനുസ്മരണമാണ് മംഗളവാർത്ത തിരുനാൾ. റോമൻ സഭയിലാണ് ഈ തിരുനാൾ ആദ്യമായി ആഘോഷിച്ചു തുടങ്ങിയത്. AD 492-496 കാലഘട്ടത്ത് തിരുസഭയെ നയിച്ച വിശുദ്ധ ജെലാസിയൂസ് ഒന്നാമൻ പാപ്പയുടെ ചില കൈയ്യെഴുത്തു പ്രതികളിൽ നിന്നാണ് ഇതിനെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത്. ഗബ്രിയേൽ ദൂതൻ വഴിയുള്ള മംഗളവാർത്ത പരിശുദ്ധ മറിയം ആഴമായ തെളിമയോടെ സ്വീകരിച്ചു. അതോടെ മറിയം യേശുവിൻറെ അമ്മയായി മാറുകയും മിശിഹായെ കുറിച്ചുള്ള പഴയനിയമത്തിലെ പ്രവചനങ്ങൾ പൂർത്തിയാവുകയും ചെയ്തു. ദൈവപുത്രൻ മനുഷ്യാവതാരത്തിൽ സ്വതന്ത്രമായും സജീവമായും ഭാഗമായികൊണ്ട് ദൈവത്തിൻറെ രക്ഷകാര പദ്ധതിയിൽ മറിയം സഹകരിച്ചു. ദൈവപുത്രന് വഴിയൊരുക്കാൻ സഖറിയായുടെയും ഏലീശ്വായുടെയും പുത്രനായ സ്നാപകയോഹന്നാൻ ജനിക്കുമെന്ന് ഗബ്രിയേൽ ദൂതൻ സന്ദേശം അറിയിച്ച് ആറുമാസം കഴിഞ്ഞാണ് ഔസേപ്പ് വിവാഹ വാഗ്ദാനം ചെയ്തിരുന്ന കന്യകാമറിയത്തിന് അടുത്തേക്ക് സർവ്വശക്തനായ ദൈവം ഗബ്രിയേൽ ദൂതനെ അയച്ചത്. യേശുവിൻറെ ജനനത്തെക്കുറിച്ചുള്ള മംഗളവാർത്ത ലൂക്കായുടെ സുവിശേഷത്തിൽ 1:26-38-ൽ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. അമലോൽഭവ ആയിരുന്നതുകൊണ്ട് പരിശുദ്ധ കന്യകാമറിയം എപ്പോഴും ദൈവ ചിന്തയിലും ദൈവസ്നേഹത്തിലും ജീവിച്ചിരുന്നു. തൻറെ എല്ലാ പ്രവർത്തനങ്ങളും മറിയം ദൈവമഹത്വത്തിനായി സമർപ്പിച്ചു നിർവഹിച്ചു വരുകയായിരുന്നു. ഗലീലിയായിലെ നസ്രത്തിലെ ഭവനത്തിൽ ഒരു ദിവസം കന്യകാമറിയം പ്രാർത്ഥന നിരതയായി ഇരിക്കുമ്പോൾ ഗബ്രിയേൽ ദൈവദൂതൻ മറിയത്തെ അഭിവാദനം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു.
ദൈവ കൃപ നിറഞ്ഞവളെ നിനക്ക് സ്വസ്തി ! സ്ത്രീകളിൽ നീ അനുഗ്രഹീത. കർത്താവു നിന്നോടുകൂടെ.
ഈ അഭിസംബോധന മറിയത്തെ അസ്വസ്ഥമാക്കുകയും അതിൻറെ അർത്ഥം മനസ്സിലാക്കാൻ അവൾ ആഗ്രഹിക്കുകയും ചെയ്തു. പരിഭ്രമിച്ചു നിന്നു മറിയത്തോട് മാലാഖ ഇപ്രകാരം പറഞ്ഞു.
മറിയമേ നീ ഭയപ്പെടേണ്ടാ. ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവൻ വലിയവൻ ആയിരിക്കും. അവൻ അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. പിതാവായ ദാവീദിൻ്റ സിംഹാസനം ദൈവമായ കർത്താവ് അവനു നല്കും. യാക്കോബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവൻറെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
മാലാഖയുടെ സന്ദേശത്തിൻറെ അർത്ഥം മറിയത്തിനു മനസ്സിലായില്ല. ദൈവത്തിന് സമർപ്പിച്ച തൻറെ ജീവിതത്തിൻ്റെ കന്യാകത്വം നഷ്ടപ്പെടുമോ എന്ന് വിചാരിച്ച് വിഷമിച്ചു കൊണ്ട് മറിയം ദൈവദൂതനോട് ഇപ്രകാരം ചോദിച്ചു.
ഇതെങ്ങനെ സംഭവിക്കും ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ.
ദൈവദൂതൻ ഇപ്രകാരം മറിയത്തോട് പറഞ്ഞു.
പരിശുദ്ധാത്മാവ് നിൻറെ മേൽ എഴുന്നള്ളി വരും അത്യുന്നതന്റെ ശക്തി നിൻ്റെ മേൽ ആവസിക്കും. ആകയാൽ നിന്നിൽ നിന്ന് ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
സാധാരണയായി ഒരു കന്യകയും ഈ കാര്യത്തിന് സമ്മതിക്കത്തില്ലെങ്കിലും മറിയം ദൈവഹിതം പരിപൂർണ്ണമായി അനുസരിച്ചു. ദൈവത്തിൻറെ മനുഷ്യാവതാര രഹസ്യത്തെ പറ്റി ബോധ്യപ്പെടുത്തുന്നതിനു വേണ്ടി മലാഖ മറിയത്തോട് ഇപ്രകാരം പറഞ്ഞു: "ഇതാ നിൻ്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നറിയപ്പെട്ടിരുന്ന അവൾക്ക് ഇത് ആറുമാസം ആണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല ". ഗബ്രിയേൽ ദൂതൻ്റെ ഈ വാക്കുകൾ ദൈവസ്നേഹവും സഹോദര സ്നേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ദൈവത്തിൻ്റെ പദ്ധതി താൻ ദൈവപുത്രൻ്റെ മാതാവാകണമെന്നാണ് എന്ന് മറിയം വ്യക്തമായി തിരിച്ചറിഞ്ഞപ്പോൾ തനിക്ക് വളരേയേറെ ബുദ്ധിമുട്ടുകളും പ്രായാസങ്ങളും ഉണ്ടാകുമെന്നറിഞ്ഞിട്ടും ദൈവഹിതത്തിന് പൂർണ്ണമയും കീഴ് വഴവഴങ്ങി കൊണ്ട് അവൾ ഇപ്രകാരം പറഞ്ഞു
ഇതാ കർത്താവിൻറെ ദാസി അങ്ങയുടെ തിരു വചനം പോലെ എന്നിൽ സംഭവിക്കട്ടെ. സമ്മതം അറിയിച്ചപ്പോൾ പരിശുദ്ധാത്മാവിനെയും പ്രവർത്തനത്താൽ സർവ്വവ്യാപിയും രക്ഷകനും പുത്രൻ തമ്പുരാനുമായ മിശിഹാ മാംസമായി അവളിൽ അവതരിച്ചു. ദൈവപുത്രൻ തന്നെ മാതാവായ മറിയത്തിൻ്റെ തിരുവുദതരത്തിൽ ആയിരുന്നപ്പോൾ പരിശുദ്ധ മറിയത്തോട് മാത്രം ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഈ ബന്ധത്തെ ഒരാൾക്ക് മറ്റൊരു വ്യക്തിയിൽ ഉള്ള ആശ്രയത്തിൻറെ പരിപൂർണ്ണതയായി കാണാം.
ദൈവഹിതം അനുസരിക്കാൻ മറിയം തയ്യാറായപ്പോൾ ദൈവം സാഹചര്യങ്ങൾ ഒരുക്കി കൊടുത്തു. ഔസേപ്പ് പിതാവ് മറിയത്തിൻ്റെ സംരക്ഷണം ഏറ്റെടുത്തു. മറിയത്തിൽ നിന്ന് ദൈവ പുത്രൻ ജാതനായി. അനുകൂല അവസരങ്ങളിൽ വചനം അനുസരിക്കാൻ എല്ലാവർക്കും കഴിയും എന്നാൽ പ്രതികൂലസാഹചര്യങ്ങളിൽ തിരുവചനം അനുസരിക്കാൻ മറിയം മാതൃകയാകുന്നു. അസാധ്യമെന്നു തോന്നുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ അത് എങ്ങനെ നടക്കും എന്ന് ആലോചിച്ച് വിഷമിക്കാതെ മറിയത്തെ പോലെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള കൃപയ്ക്കായി ദൈവ സന്നിധിയിൽ പ്രാർത്ഥിക്കാം. ദൈവതിരുമനസ്സിന് സദാ കീഴ്‌വഴങ്ങി കൊണ്ട് ജീവിക്കുന്നതിന് അമ്മ നമുക്ക് വലിയ മാതൃകയാണ്. പരിശുദ്ധ മറിയത്തിൻ്റെ ദൈവ മാതൃത്വവും ദൈവത്തിൻറെ രക്ഷാകര പദ്ധതിയിൽ ഉള്ള സഹകരണവുമാണ് മറിയത്തിൻ്റെ മധ്യസ്ഥത്തിൻ്റെ അടിസ്ഥാനം.
കർദിനാൾ ന്യൂമാൻ ഇപ്രകാരമാണ് പറഞ്ഞത് പരിശുദ്ധ മറിയം അതിവിശിഷ്ടമായ ഒരു സക്രാരിയാണ് സ്വർഗ്ഗീയമന്നാ കുടികൊള്ളുന്ന കുസ്തോദിയാണ്. ഈശ്വര നിർമ്മിതമായ അരുളിക്കയാണ്. കാരണം നിത്യ വചനം മാംസം ധരിച്ച് ജന്മമെടുത്തത് അവളിൽ നിന്നാണ്.
നസ്രത്തിലെ മംഗളവാർത്ത പള്ളി
പലസ്തീനയുടെ വടക്കൻ പ്രദേശമായ ഗലീലിയൻ കുന്നുകളുടെ താഴ്‌വരയിലുള്ള പ്രസിദ്ധമായ നസ്രത്ത് പ്രദേശം മെഡിറ്ററേനിയൻ സമുദ്രത്തിനും ഗലീലി തടാകത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. ജറുസലേമിൽ നിന്ന് 110 കിലോമീറ്ററും ഗലീലി തടാകത്തിൽ നിന്നും 25 കിലോമീറ്ററും ദൂരമുള്ള പ്രകൃതിസുന്ദരമായ കുന്നിൻ പ്രദേശത്ത് ഉയർന്നുനിൽക്കുന്ന നസ്രത്ത് പട്ടണം ഇന്നും ഇസ്രായേൽ രാജ്യത്തെ ഇസ്രയേലോൺ സമതലത്തിൻ്റെ തിലകക്കുറിയായി നിലനിൽക്കുന്നു. പഴയനിയമ കാലഘട്ടത്തിലെ നിരവധി യുദ്ധങ്ങൾക്ക് ഈ സമതലം സാക്ഷിയായിട്ടുണ്ട് എന്നാണ് ചരിത്രം. AD 67-ൽ റോമക്കാരും ഏഴും പതിമൂന്നും നൂറ്റാണ്ടുകളിൽ മുഹമ്മദീയരും ഈ പ്രദേശം ആക്രമിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറ് സമുദ്രനിരപ്പിൽനിന്ന് 1300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നസ്രേത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ഗബ്രിയേൽ ദൈവദൂതൻ മറിയത്തെ മംഗളവാർത്ത അറിയിച്ചതിന്റെ സ്മാരക ദേവാലയമായ മംഗളം പള്ളി. പഴയനിയമത്തിൽ അതിനെ കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല എങ്കിലും പുതിയ നിയമത്തിൽ മുപ്പതോളം പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. നസ്രത്തിലാണ് യേശുവിൻറെ മാതാവായ മറിയത്തിൻറെ ആ കാലത്തെ ഭവനം നിലനിന്നിരുന്നത്.
മറിയം താമസിച്ചിരുന്ന അതിപ്രാചീന ഭവനം ഇവിടെ സംരക്ഷിക്കപ്പെടുന്നു. പരസ്യ ജീവിതത്തിൻ്റെ ആരംഭംവരെ യേശു നസ്രത്തിലാണ് വസിച്ചിരുന്നത്. മറിയത്തിന് മാലാഖ വഴി ദൈവത്തിൻറെ സന്ദേശം ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് മംഗളവാർത്ത പള്ളി നിർമ്മിച്ചിരിക്കുന്നത്. നസ്രത്തിലെ കത്തിഡ്രലിൻ്റെ സ്ഥാനം നൽകിയാണ് ഈ ദേവാലയത്തെ ഉയർത്തിയിരിക്കുന്നത്. ഈ ദേവാലയത്തിൻ്റെ വലിയ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് തിരുസഭ മൈനർ ബസിലിക്ക യായി ഉയർത്തിയിട്ടുണ്ട്.
നസ്രത്തിലെ മറിയത്തിൻ്റ വീടിനോടു ചേർന്നുള്ള ഗുഹയിൽ വച്ച് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് മംഗളവാർത്ത അറിയിച്ചതായാണ് വിശ്വാസം. ഇവിടെ പ്രധാനമായും മൂന്ന് പള്ളികൾ ആണുള്ളത്. മംഗളവാർത്ത പള്ളി കൂടാതെ വിശുദ്ധ ഗബ്രിയേൽ മാലാഖയുടെയും വിശുദ്ധ ഔസേപ്പ് പിതാവിനെയും നാമത്തിലുള്ള പള്ളികളുണ്ട്. ക്രിസ്തുമതത്തിന് ഔദ്യോഗിക അംഗീകാരം നൽകിയ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയിൻ്റെ അമ്മ വിശുദ്ധ ഹെലനാ രാജ്ഞിയാണ് എ ഡി 326-ൽ ഇവിടുത്തെ ആദ്യ പള്ളി നിർമ്മിച്ചത് എന്നാണ് ചരിത്രം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം ഹെലനാ രാജ്ഞി വിശുദ്ധ നാട്ടിലെത്തി യേശുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പള്ളികൾ നിർമ്മിക്കുകയും യേശുവിനെ തറച്ച യഥാർത്ഥ കുരിശ് കണ്ടെത്തുകയും ചെയ്തു. നാലാം നൂറ്റാണ്ടിൽ നിർമിച്ച നസ്രത്തിലെ ആദ്യ ദേവാലയത്തിൽ മറിയത്തിൻ്റെ ഭവനം അൾത്താരയാക്കി ഒരു ചെറിയ ഗ്രോട്ടോയാണ് ഉണ്ടായിരുന്നത്. ആ കാലഘട്ടത്ത് കോൺസ്റ്റൻൻ്റയിൻ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരമാണ് ദേവാലയം നവീകരിച്ചത്. ആ കാലത്ത് വിശുദ്ധ നാട്ടിലെത്തിയ ഹെലനാ രാജ്ഞി യേശുവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ പുതിയ പള്ളികൾ നിർമ്മിക്കുകയും പല പ്രദേശങ്ങളിലും പള്ളികൾ നവീകരിക്കുകയും ചെയ്തു. തുടർന്ന് ബൈസൻ്റയിൻ കാലഘട്ടത്തിൽ ഇരുന്നൂറിലേറെ പള്ളികൾ നിർമ്മിച്ചു.
പിന്നീട് ഏഴാം നൂറ്റാണ്ടിലെ മുഹമ്മദീയരുടെ ആക്രമണത്താൽ നസ്രത്തിലെ ആദ്യ ദേവാലയം നശിപ്പിക്കപ്പെട്ടു. മുസ്ലിം ആധിപത്യത്തിൽ കിടന്ന ഈ പ്രദേശത്ത് വീണ്ടും പള്ളി നിർമിച്ചത് ഒന്നാം കുരിശുയുദ്ധ കാലഘട്ടത്തിലാണ്. തുടർന്നുള്ള അവസാന കുരിശു യുദ്ധകാലത്ത് 1,263-ൽ ഈ ദേവാലയം തകർക്കപ്പെട്ടു. പിന്നീട് ഫ്രാൻസിസ്കൻ സന്യാസിമാരുടെ അസാന്ത്ര പരിശ്രമഫലമായി 1620 ലാണ് ഇവിടെ ഒരു ചെറിയ പള്ളി നിർമ്മിച്ചത്. തുടർന്ന് മതപീഡനകാരണവും മറ്റും നാടുവിട്ടുപോയ ക്രൈസ്തവർ തിരിച്ചു വരുവാൻ തുടങ്ങി. ദേവാലയം വിപുലമായി പുനർനിർമിക്കാൻ 1730-ൽ അന്നത്തെ മുസ്ലിം ഭരണാധികാരിയായിരുന്ന ഷേക്ക് ധാബറിൽ നിന്ന് അനുമതി ലഭിച്ചു. പിന്നീട് 1877-ൽ ആ ദേവാലയം വീണ്ടും വിസ്തൃതമായി നവീകരിച്ചു. നസ്രത്തിലെ മംഗളവാർത്ത പള്ളി പൊളിച്ചുമാറ്റി വീണ്ടും പുനർനിർമ്മിക്കുകയും തുടർന്ന് 1969-ൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ദേവാലയമായി നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. വിശുദ്ധനാട് സന്ദർശിച്ച വിശുദ്ധ പോൾ ആറാമൻ മാർപാപ്പാ ഈ ദേവാലയം 1964 വിശ്വാസികൾക്കായി സമർപ്പിച്ചു. വിശുദ്ധ ഹെലനാ രജ്ഞിയുടെ കാലത്തും കുരിശുയുദ്ധ കാലഘട്ടത്തിലും നിർമ്മിച്ച ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ട അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഇപ്പോഴത്തെ ഇരുനില പള്ളി നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിലാണ് മറിയം താമസിച്ചിരുന്ന മംഗളവാർത്ത അനുസ്മരണ ഗ്രോട്ടോ സ്ഥിതിചെയ്യുന്നത്. ഈ ദേവാലയത്തിന് ദേവാലയത്തിന് താഴെയുള്ള അൾത്താരയിൽ വചനം ഇവിടെ മാംസമായി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. നാലാം നൂറ്റാണ്ടിലെ ബൈസൻ്റയിൻ കാലത്തിലെ കുരിശും ചിത്ര കലാരൂപങ്ങളും ഇവിടെ കാണാം. താഴ്‌വവരയിൽ വറ്റാത്ത ഒരു നീരുറവയും ഉണ്ട്. മാതാവിൻറെ പേരിൽ 'എയിൻ മറിയം' എന്നാണ് ഈ അരുവി അറിയപ്പെടുന്നത്. മറിയം വെള്ളം കോരിയിരുന്ന കിണർ അവിടെ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ കിണറ്റിൽ കിണറ്റിൻകരയിൽ വച്ചാണ് മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെട്ടത് എന്നും ഒരു പാരമ്പര്യമുണ്ട്.
മംഗളവാർത്ത പള്ളിയുടെ മുന്നിലാണ് നസ്രത്തിലെ തിരുകുടുംബം താമസിച്ചിരുന്ന ഭവനങ്ങൾ. അതിനടുത്താണ് ഔസേപ്പ് പിതാവ് മരപ്പണി ചെയ്തിരുന്ന സ്ഥലം. ആ ദേവാലയം ഔസേപ്പ് പിതാവിൻ്റെ നാമത്തിലാണ് സമർപ്പിച്ചിരിക്കുന്നത്. ഔസേപ്പ് പിതാവ് മരിച്ച സ്ഥലം അതിന് അടുത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. ഔസേപ്പ് പിതാവ് മരിക്കുമ്പോൾ യേശുവും മറിയവും അടുത്തിരിക്കുന്ന മനോഹരമായ ചിത്രം അവിടെ സ്ഥാപിച്ചിട്ടുണ്ട്. മംഗളവാർത്ത പള്ളിയിൽനിന്ന് നൂറടി മാറിയാണ് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ വിശുദ്ധ ഗബ്രിയേൽ പള്ളി സ്ഥിതി ചെയ്യുന്നത്.
തിരുകുടുംബം വഹിച്ചിരുന്ന നസ്രത്തിന് ആഗോള സഭയിൽ വലിയ ചരിത്രപ്രാധാന്യം ഉണ്ട്. ഗബ്രിയേൽ മാലാഖ വഴി വചനം മാംസമാകുന്നുവെന്ന മംഗളവാർത്ത പരിശുദ്ധ അമ്മ അറിഞ്ഞ ഈ കുഞ്ഞു ദേവാലയം സന്ദർശിച്ച അനുഗൃഹീതരാകാൻ ലോകമെമ്പാടുമുള്ള അനേകായിരം തീർഥാടകരാണ് അനുദിനം എത്തുന്നത്. യേശുവും പരിശുദ്ധ മറിയവും ജീവിച്ച നസ്രത്ത് വിശുദ്ധനാട് സന്ദർശകരുടെ പ്രധാന കേന്ദ്രമാണ്.
ദൈവമാതാവായ പരിശുദ്ധ മറിയം - പി.ഓ. ലൂയിസ്
സമാധാനത്തിൻ്റെ രാജ്ഞി - ജോഷി മാത്യു ആനപ്പാറ
ഫാത്തിമ മാതാ കാരുണ്യത്തിൻ്റെ അമ്മ - ജിതിൻ വേലിക്കകത്ത്
ധന്യാത്മൻ ജപമാല - ബിഷപ്പ് പീറ്റർ എം. ചേനപ്പറമ്പിൽ
വിശുദ്ധ നാട്ടിലെ വിശേഷങ്ങൾ - ആൻറണി കുടുംമ്പിലാൻ
ആഗോള സഭയിലെ മരിയൻ തീർത്ഥാടക കേന്ദ്രങ്ങൾ - ഫാ. പോൾ നായ്കരകുടിയിൽ
ഇതിഹാസ ഭൂമികളിൽ - ഡോ.ജോർജ്ജ് ഓണക്കൂർ
വെട്ടുകാട് പള്ളി സ്മരണിക - 92
ചിന്തിക്കുക..
തുടികൊട്ട് | കരോൾ ഗാനങ്ങൾ | 10 – 12 – 2020 |
പാപ്പാ പറയുന്നു