കഴിഞ്ഞ വർഷം ജനുവരിയിൽ മാർപാപ്പമാരുടെ വേനൽക്കാല വസതിയായിരുന്ന കാസൽ ഗണ്ടോൾഫോ സന്ദർശിച്ചപ്പോൾ മാർപാപ്പയുടെ മുറിയുടെ സൂക്ഷിപ്പിക്കാരൻ, ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപാപ്പയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നു. മാർപ്പാപ്പയുടെ ലാളിത്യത്തെക്കുറിച്ചും എളിമയെക്കുറിച്ചും സ്ഥാനത്യാഗത്തിന്റെ മുമ്പും, ശേഷവുമുളള വേനൽക്കാലവസതിയിലെ അദ്ദേഹത്തിന്റെ താമസത്തെപ്പറ്റിയെല്ലാം അദ്ദേഹം വാചാലനായി. എന്നാൽ, ഇതിനിടയിൽ തന്റെ ശബ്ദം ഇടറുന്നതും കണ്ണുകൾ ഈറനണിയുന്നതും അദ്ദേഹത്തിന് ഒളിപ്പിക്കാനായില്ല. സഭാദർശനങ്ങളിലൂടെയും പാണ്ഡ്യത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയത്തിൽ ഇടം നേടിയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ തൊണ്ണൂറ്റിനാലാം ജന്മദിനമാണിന്ന്. 1927ലെ ഈസ്റ്റർ രാത്രിയിലാണ് (ഏപ്രിൽ 16) ജർമ്മനിയിലെ മാർക്ടല് അം ഇന്നിലാണ് അദ്ദേഹം ജനിച്ചത്. ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ൽ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്സിങ്ങർ ആയി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജർമ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികൾ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ നിയമിച്ചു. പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ മ്യൂണിക്-ഫ്രൈസിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അദ്ധ്യക്ഷൻ, അന്തർദേശീയ ദൈവശാസ്ത്രകമ്മീഷൻ അദ്ധ്യക്ഷൻ, വിശ്വാസതിരുസംഘത്തിന്റെ തലവൻ, തുടങ്ങിയ ശ്രദ്ധേയമായ പദവികൾ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകൾ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് കർദ്ദിനാൾസംഘത്തിൻറെ ഡീനായും അദ്ദേഹം മൂന്നു വർഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു. കത്തോലിക്കാസഭയിലെ 265-)o മാർപാപ്പയായി, എഴുപത്തിയെട്ടാം വയസ്സിൽ ഉയർത്തപ്പെട്ട കാർഡിനൽ റാറ്റ്സിങ്ങർ, -ബനഡിക്ട്- എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിന്റെ അർത്ഥം ‘അനുഗ്രഹിക്കപ്പെട്ടവൻ’ എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാർസിയയിലെ വിശുദ്ധ ബനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികൾക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങൾതമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും, ദരിദ്രരരുടെ ഉന്നമനത്തിനും, സഭകൾ തമ്മിലുളള കൂട്ടായ്മയ്ക്കും, ബനഡിക്ട് പതിനാറാമൻ മാർപാപ്പ എട്ടു വർഷക്കാലം നീണ്ടുനിന്ന തന്റെ പേപ്പസിയുടെ സമയത്ത് നല്കിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നും ശൈലിയിൽ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം, ജീവിതത്തിൽ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബത്തെ ഭരമേല്പ്പിച്ചതുപോലെ യൗസേപ്പ് നാമധാരിയായ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ കൈകളിൽ ദൈവം തിരുസ്സഭയെ ഭരമേല്പിച്ചു. യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബം എപ്രകാരം ഭദ്രമായിരുന്നോ അപ്രകാരം തന്നെ ബനഡിക്ട് പതിനാറമൻ മാർപ്പാപ്പയുടെ കരങ്ങളിൽ കത്തോലിക്കാസഭയും ഭദ്രമായിരുന്നു. തിരുസ്സഭയ്ക്കുളളിലും പുറത്തും ഉടലെടുത്ത കാറും കോളുമെല്ലാം ദൈവാശ്രയത്തിലൂന്നി അദ്ദേഹം തരണം ചെയ്തു. വിശുദ്ധ യൗസേപ്പിനെപ്പോലെ, നീതിബോധവും ദൈവഹിതം തിരിച്ചറിയുവാനുളള കഴിവും സമ്മേളിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ബനഡിക്ട് പതിനാറമൻ മാർപ്പാപ്പ. അതിനാലായിരിക്കാം കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം, സഭയുടെ ഉപരിനന്മയ്ക്കായി ഏറ്റവും ഉചിതമായ സമയത്ത് ത്യജിച്ചുക്കുവാനും, അതുവഴി തിരുസ്സഭയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റാകുവാനും അദ്ദേഹത്തിന് സാധിച്ചത്. ഫെബ്രുവരി 11, 2013 തിങ്കളാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനയിലും കർദ്ദിനാൾമാരുടെ യോഗത്തിലും പങ്കെടുക്കാൻ ബനഡിക്ട് മാർപാപ്പ എത്തുന്നവരെ കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ ശാന്തമായിരുന്നു. ആ സമ്മേളനത്തിൽ ലത്തീൻ ഭാഷയിൽ സംസാരിച്ച മാർപാപ്പ, തൻറെ രാജിയുടെ കാര്യം അറിയിച്ചത് മനസ്സിലായത് കുറച്ചുപേർക്കുമാത്രമായിരുന്നു. അതിൽ ലത്തീൻ ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന ആൻസ വാർത്താ ഏജൻസിയിലെ ജൊവാന്ന, മാർപാപ്പയുടെ രാജിവാർത്ത റിപ്പോർട്ട് ചെയ്തതോടെ, അത് ലോകമെങ്ങും വ്യാപിക്കാൻ നിമിഷങ്ങളെ വേണ്ടിവന്നുളളു. 1294ൽ രാജിവെച്ച ചെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പക്കുശേഷം സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പയായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് അറിയപ്പെടുന്നു. സ്ഥാനത്യാഗത്തിനുശേഷം കാസൽ ഗണ്ടോൾഫോയിലേക്ക് ബനഡിക്ട് മാർപാപ്പ ഹെലികോപ്റ്ററിൽ പോകുന്ന കാഴ്ച ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രാർത്ഥനയുടെയും നീണ്ട വിചിന്തനത്തിന്റെയും പിൻബലത്തിൽ ബനഡിക്റ്റ് മാർപാപ്പയെടുത്ത തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് എന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു. തന്റെ പേരുപോലെ അനുഗ്രഹീതമായ ഒരു ജീവിതം നയിച്ചുകൊണ്ട് കത്തോലിക്കാസഭക്കുവേണ്ടിയും, അതിന്റെ ഇടയനും തന്റെ പിൻഗാമിയുമായ ഫ്രാൻസിസ് മാർപാപ്പക്കുവേണ്ടിയും പ്രാർത്ഥനയിൽ മുഴുകി വിശ്രമജീവിതം നയിക്കുകയാണ് ബനഡിക്ട് എമിരിത്തൂസ് മാർപാപ്പ
പ്രലോഭനങ്ങളേ വിട | ഫാദർ ജെൻസൺ ലാസലെറ്റ്
തുടികൊട്ട് | കരോൾ ഗാനങ്ങൾ | 12 – 12 – 2020 |