ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും. അവിടേക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും.കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല.
അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല. ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ ഞാൻ എന്റെ ചിറകുകൾ ദൈവമേ. ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം.
ചിറകുകൾ നനഞ്ഞു, പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെല്ലാം മനസ്സിലൂടെ ഇടിമിന്നൽ പോലെ മിന്നിമറഞ്ഞു. ഇനിയവരെ ഒരിക്കലും കാണാൻ പറ്റില്ലല്ലോ.
അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു. ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി. തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു. അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു.
ആകാശം വെള്ള കീറി, കറുത്ത കാർമേഘങ്ങൾ അപ്രത്യക്ഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി. സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു. ചിറകിന്റെ തളർച്ച പൂർണ്ണമായും മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം ആ ദ്വീപിനടുത്തെത്തിയിരുന്നു. ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി. അത് മനസ്സിലാക്കിയ തിമിംഗലത്തിന് രോമാഞ്ചമായി. സ്നേഹത്തിന്റെ, കനിവിന്റെ , ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം.
തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു. കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു. പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി.
കേവലം ഒരു കഥ എന്നതിലുപരി ഇതില്‍ ഒരുപാട് സന്ദേശമുണ്ട്. പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നാമറിയാതെ തന്നെ നമ്മേ ഒരത്ഭുതം തേടിയെത്തും. ദൈവം എന്ന അത്ഭുതം. ബൈബിളിൽ നാം കണ്ടുമുട്ടുന്ന ദൈവം അത്ഭുതം പ്രവർത്തിക്കുന്ന ദൈവമാണ്. ഈ അത്ഭുതങ്ങൾ മുഴുവനും നിസ്സഹായരായി നിൽക്കുന്ന മനുഷ്യരെ രക്ഷിക്കുന്ന അത്ഭുതങ്ങളാണ്. ഇത് നമ്മുടെ ജീവിതത്തിലും സംഭവിക്കണമെങ്കിൽ ഒന്നു മാത്രമേ ചെയ്യേണ്ടൂ- ദൈവത്തിൽ ആശ്രയിക്കുക.
ഇനി മുന്നോട്ട് ഒരു വഴിയുമില്ലാ, മുന്‍പില്‍ മരണം മാത്രം- ഇങ്ങനെ നീ ചിന്തിച്ചിട്ടുണ്ടെങ്കില്‍ ഓര്‍ത്തുകൊള്ളൂ. നിന്നെ പരിഹസിച്ചവർ, പിന്നിൽ നിന്ന്‍ തള്ളിയവർ, നിനക്കു ദുഃഖം സമ്മാനിച്ചവര്‍ -അവരെത്തും മുന്നേ നീ ലക്ഷ്യസ്ഥാനത്തെത്തും. നിന്നെ പരിഹസിച്ചവര്‍ നിന്റെ വിജയം കണ്ടു അത്ഭുതപ്പെടും. കാരണം നിന്നെ അറിയുന്ന ജീവിക്കുന്ന ദൈവം നിന്റെ മുകളില്‍ഉണ്ട്
8 നോമ്പിൻറെ ചരിത്രം
സഭാവാർത്തകൾ 12|10|2020
എന്നും ഈസ്റ്റർ ആയിരുന്നെങ്കിൽ
മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ