ആത്മാവിന്റെ തേങ്ങി കരച്ചിൽ കാണാതെ പോകരുത് | ബ്രദർ. സോജൻ പാറയ്ക്കൽ

17,  Sep   

കൊറോണ വരുന്നതിന് മുമ്പ് ഒരു ശുശ്രൂഷാകേന്ദ്രത്തിലെ ഒരു ആന്റി ഒരു സംഭവം പങ്കുവെച്ചു. ആ സംഭവം ഇങ്ങനെയാണ്. ആന്റിയുടെ മകൾ അന്യസംസ്ഥാനത്ത് നിന്നാണ് പഠിക്കുന്നത്. ഒരു ദിവസം തന്റെ മകൾക്ക് എന്തോ ആപത്ത് സംഭവിക്കുന്നതായി ഒരു തോന്നൽ ആ ആന്റിക്കുണ്ടായി. അപ്പോൾ തന്നെ ആ ചിന്ത ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിച്ചു. കോളേജ് സമയം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് വിളിച്ച് സംസാരിച്ചപ്പോൾ ആ ആന്റിക്കുണ്ടായ ആ തോന്നൽ പോലെ ഒരു സംഭവം മകൾക്കുണ്ടായി എങ്കിലും ആപത്തൊന്നും സംഭവിച്ചില്ലെന്ന് മകൾ പറഞ്ഞപ്പോൾ ആന്റിക്ക് സമാധാനമായി. ദൈവകരുതലോർത്ത് നന്ദി പറയുകയും ചെയ്തു. പ്രിയരേ, ഇതുപോലെ വ്യത്യസ്തമായ അനുഭവങ്ങൾ നിങ്ങൾക്കും സംഭവിച്ചിരിക്കാം! രക്തബന്ധത്തിൽപ്പെട്ട ഒരു വ്യക്തിക്ക് വിദൂരത്ത് ഒരു ആപത്ത് സംഭവിക്കും മുമ്പ് നമുക്ക് ഒരു തോന്നലായി വെളിപ്പെടുന്നെങ്കിൽ ഓർക്കണം കൂദാശ വഴിയായി നമ്മിലേക്ക് നിവേശിക്കപ്പെട്ട ആത്മാവിന്റെ സ്ഥിതി എത്രയോ കൂടുതലായി നാം അറിയണം. നമ്മുടെ ഉള്ളിലെ ആത്മാവിന്റെ തേങ്ങി കരച്ചിൽ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല! യേശു ഫരിസേയരോട് ചോദിച്ചില്ലേ, രാവിലെ നിങ്ങൾ പറയുന്നു: ആകാശം ചെമന്നിരിക്കുന്നു; ഇന്ന് കാറ്റും കോളും ഉണ്ടാകും. ആകാശത്തിന്റെ ഭാവഭേദങ്ങൾ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നെങ്കിൽ, കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാൻ കഴിയുകയില്ലേ? (മത്തായി. 16/3) പലരും പരിശുദ്ധാത്മാവിനെ മനസ്സിലാക്കിയിരിക്കുന്നത് വിശ്വാസജീവിതത്തിൽ ഇടപ്പെടുന്ന ഒരു ശക്തി മാത്രമായിട്ടാണ്. എന്നാൽ പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്ന് നാം അറിഞ്ഞിരിക്കണം. വ്യക്തി ആയതിനാൽ, ആത്മാവിന് വികാരങ്ങളും ഉണ്ട്. ഉദാഹരണം: വെള്ളച്ചാട്ടം നമുക്ക് കാണാൻ കൗതുകമുണ്ട്. വെള്ളത്തിന് ശക്തിയുണ്ട്; പക്ഷേ, വികാരമുണ്ടോ? ആരെങ്കിലും ആ വെള്ളച്ചാട്ടത്തിൽ പോയി മരിച്ചാൽ, വെള്ളം ദു:ഖിക്കുമോ? കറണ്ടിന്റെ ശക്തി എല്ലാവർക്കും അറിവുള്ളതല്ലേ! കറണ്ട് ഒരുപാട് നമ്മെ സഹായിക്കുന്നുവെങ്കിലും അതിന് വികാരമില്ല. ആരെങ്കിലും ഷോക്കേറ്റ് മരിച്ചാൽ കറണ്ട് ദു:ഖിക്കില്ല. കാരണം, അതിന് ശക്തി മാത്രമുള്ളൂ. വികാരങ്ങളില്ല. എന്നാൽ പ്രിയപ്പെട്ടവരേ, പരിശുദ്ധാത്മാവ് ഒരു വ്യക്തിയായതിനാൽ ആത്മാവിന് വികാരങ്ങളുമുണ്ട്. ഇതു പറയുമ്പോൾ മനുഷ്യന്റെ വികാരത്തെ ചേർത്ത് താരതമ്യം ചെയ്യരുത്. ഞാനുദ്ദേശിച്ചത്, ആത്മാവിനോട് സഹകരിക്കാതെ വരുമ്പോൾ ആത്മാവ് ദു:ഖിക്കുന്നു എന്നാണ്. "നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തിൽ എന്റെ ആത്മാവ് കരയും. കർത്താവിന്റെ അജഗണത്തെ അടിമത്തത്തിലേക്കു കൊണ്ടുപോകയാൽ ഞാൻ ഉള്ളുനൊന്തുക്കരയും; കണ്ണീർ ധാരധാരയായി ഒഴുകും. (ജറെമിയാ 13/17) പ്രിയരേ, പെന്തകോസ്തയിൽ ആത്മാവ് തീനാവായ് ഇറങ്ങിയതുപ്പോലെ ഒരു അനുഭവമാണ്, ഞാനും നിങ്ങളും കൂദാശകളിലൂടെ ആത്മാവിനെ സ്വീകരിച്ചപ്പോൾ ഉണ്ടായത്. ആദിമസമൂഹത്തെ നയിച്ച് ശക്തിയും ധൈര്യവും കൊടുത്ത ആത്മാവുതന്നെയാണ്, കൂദാശാ സ്വീകരണത്തിലൂടെ നമ്മുടെ ഉള്ളിൽ വന്നിരിക്കുന്നത്. എന്നിട്ടും ഇനിയും ആത്മാവ് പുറത്തുനിന്ന് വന്ന് നിറയാൻ പ്രാർത്ഥിക്കുമ്പോൾ, കാത്തിരിക്കുമ്പോൾ ഉള്ളിലെ ആത്മാവ് നിസഹായതയോടെ നമ്മെ നോക്കുന്നുണ്ട്. കൂദാശ വഴി നാം ആത്മാവിന്റെ ഓഹരി നേടിയിരിക്കുന്നതിനാൽ ആ ആത്മാവ് മരണം വരെ നമ്മെ മൂലക്കല്ലായ യേശുവിൽ ഉറപ്പിച്ച് നിർത്തി, സ്വർഗ്ഗം നേടാൻ നമ്മെ സഹായിക്കുന്നു. ഒരു ധ്യാനകേന്ദ്രത്തിന്റെ ചാപ്പലിലിരുന്ന് ബൈബിൾ വായിച്ചുക്കൊണ്ടിരിക്കുമ്പോൾ, ഒരു പ്രേഷിതൻ ഉച്ചത്തിൽ ഇങ്ങനെ പ്രാർത്ഥിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആ പ്രാർത്ഥന ഇങ്ങനെ ആയിരുന്നു. പരിശുദ്ധാത്മാവേ സ്നേഹം തരണേ, പരിശുദ്ധാത്മാവേ ക്ഷമ തരണേ, പരിശുദ്ധാത്മാവേ വരദാനം തരണേ, പരിശുദ്ധാത്മാവേ... ഇങ്ങനെ ഏറെ നേരം ആ ചേട്ടായി പ്രാർത്ഥിക്കുകയായിരുന്നു. അപ്പോൾ എന്റെ ഉള്ളിൽ ഒരു ചിന്ത വന്നു. ആ ചേട്ടായി പ്രാർത്ഥിക്കുന്ന പ്രാർത്ഥന കുറച്ചുകൂടി പൂർണ്ണമാകാനുണ്ടല്ലോ എന്ന്. അപ്പോൾത്തന്നെ ആ പ്രാർത്ഥന പൂർത്തീകരിക്കാൻ ആത്മാവ് എന്നെ സഹായിച്ചു. ഞാൻ ഉള്ളിൽ ഇങ്ങനെ പ്രാർത്ഥിച്ചു. എന്റെ ഉള്ളിൽ വഹിക്കുന്ന പരിശുദ്ധാത്മാവേ, സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ. ക്ഷമിക്കാൻ എന്നെ പഠിപ്പിക്കണമേ, കൃപയിൽ വളരാൻ എന്നെ സഹായിക്കണമേ!. പ്രിയപ്പെട്ടവരേ, ഇങ്ങനെയല്ലേ നാം ശരിക്കും പ്രാർത്ഥിക്കേണ്ടത്. സ്നേഹിക്കാനും സ്നേഹം നൽകാനും, ക്ഷമിക്കാനും ക്ഷമ നൽകാനും, സൗമ്യനാകാനും, കരുണ കാണിക്കാനും കൃപയിൽ വളർത്താനും കഴിവുള്ള ഒരു ആത്മശക്തി നമ്മുടെ ഉള്ളിൽ വസിക്കുന്നു. ഇനി ഇതൊന്നും പുറത്തുനിന്നല്ല. ഉള്ളിൽ നിന്ന്, നമ്മുടെ ഹൃദയത്തിൽ നിന്ന് വരണം. ഈ സത്യമാണ് നാം തിരിച്ചറിയേണ്ടത്. എല്ലാ കൃപകളും ദാനങ്ങളും നൽകാൻ കഴിവുള്ള ഒരു ആത്മാവ് സ്വന്തമായി ഉണ്ടായിട്ടും ആ ആത്മാവിന് പ്രവർത്തിക്കാൻ ജീവിതത്തിൽ ഇടം കൊടുക്കാത്ത് എത്രയോ ശോചനീയമാണ്. "നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? (1 കോറിന്തോസ് 3 : 16) പ്രിയപ്പെട്ടവരേ! ജീവിതത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഓരോ കൂദാശകളും സ്വീകരിച്ചപ്പോൾ ആത്മാവ് നമ്മളിൽ നിവേശിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, കൂടെ കൂടെ സ്വീകരിക്കുന്ന കൂദാശകളായ കുമ്പസാരം, കുർബ്ബാന വഴി ലഭിച്ച ആത്മാവിനെ ഉജ്ജ്വലിപ്പിച്ച് വിശുദ്ധിയിൽ ജീവിച്ചാൽ മാത്രം മതി. പിരിയാൻ കഴിയാത്ത ഒരു ആത്മബന്ധം ഇതിനാൽ നമ്മിൽ സ്ഥാപിക്കപ്പെട്ടു. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല എന്ന ഈശോയുടെ വാഗ്ദാനം അവിടുന്ന് പൂർത്തീകരിച്ചിരിക്കുന്നു. ഇനി നമുക്ക് വേണ്ട എന്നു പറഞ്ഞാൽപോലും ആത്മാവിന് നിന്നെ വിട്ടു പോകാൻ കഴിയില്ല. പൗലോസ് ശ്ലീഹായുടെ ഒരു വാക്കില്ലേ, "ക്രിസ്തുവിനെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ." (കൊളോസോസ് 2 : 6) ആത്മാവിൽ ജീവിക്കാൻ ആർക്കാണ് കൊതിയില്ലാത്തത്? പക്ഷേ, നമ്മൾ പലരും പരാജയപ്പെടുന്നത് ഇവിടെയാണ്. നിധി കയ്യിലുണ്ടായിട്ടും നിധി തേടിപ്പോയ ഒരു രാജാവിന്റെ കഥ കേട്ടിട്ടില്ലേ. കൂദാശ സ്വീകരിച്ച എല്ലാവരിലും ഈ ആത്മസമ്പത്ത് ഉണ്ട്. അത് തിരിച്ചറിഞ്ഞ് കൃപയിൽ വളരാൻ ശ്രമിക്കാം. ഉള്ളിൽ നിന്നാണ് ശക്തി പുറപ്പെടേണ്ടതെന്ന് യോഹന്നാൻ ശ്ലീഹയും നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. (യോഹന്നാൻ 7 : 38) പുറത്തുനിന്ന് ഉള്ളിലേക്ക് ഒഴുകും എന്നല്ല, ഉള്ളിൽ നിന്ന് പുറത്തേക്ക് ഒഴുകും എന്നാണ് യോഹന്നാൻ ശ്ലീഹ പഠിപ്പിച്ചത്. പഴയനിയമം വായിച്ചു ധ്യാനിച്ച പശ്ചാത്തലത്തിൽ നിന്നാണ് യോഹന്നാൻ ശ്ലീഹ ഈ ഭാഗം എഴുതിയത്. കാരണം, സോളമൻ രാജാവ് ജറുസലേം ദേവാലയം പണി കഴിപ്പിച്ചപ്പോൾ ഒരുപാട് സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. അതിൽ ഒരു സജ്ജീകരണമാണ് ദേവാലയത്തിൽ പ്രവേശിക്കുന്നവർക്ക് കാലുകൾ കഴുകി ശുദ്ധി വരുത്താൻ പന്ത്രണ്ട് കാളയുടെ പുറത്തായി വലിയൊരു ജലസംഭരണി പണിക്കഴിപ്പിച്ചു. ജലസംഭരണിയും പന്ത്രണ്ടു കാളയുടെ പുറകുഭാഗവും തമ്മിൽ യോജിപ്പിച്ചതിനാൽ ജലസംഭരണിയിൽ നിന്ന് വെള്ളം കാളയുടെ ഉള്ളിലൂടെ ഒഴുകി കാളയുടെ വായിലൂടെ പുറത്തു വരും. ആ വെള്ളം കൊണ്ട് പാദക്ഷാളനം നടത്തി ദേവാലയത്തിൽ പ്രവേശിക്കും. (1.രാജാക്കന്മാർ 7:2327) ഈ പഴയനിയമ പശ്ചാത്തലം അനുസ്മരിച്ചാണ് യോഹന്നാൻ ശ്ലീഹ പറഞ്ഞത്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നപ്പോലെ എന്ന്. ഇതെഴുതുമ്പോൾ ഒരു കാര്യം കൂടി എഴുതട്ടെ. ആത്മാവിന് പുറത്തു നിന്ന് പ്രവർത്തിക്കാൻ കഴിയില്ല എന്നതല്ല പറഞ്ഞതിനർത്ഥം. ഒരു വിശ്വാസി കൂദാശ വഴി ആത്മാവിനെ സ്വീകരിച്ചിരിക്കുന്നതിനാൽ അവന്റെ ഉള്ളിൽ നിന്ന്, സ്നേഹവും, ക്ഷമയും, കരുണയും ഒഴുക്കാൻ ആത്മാവിന് കഴിയും എന്ന ഒരു ഓർമ്മപ്പെടുത്തൽ മാത്രമായി ഇതിനെ കാണുക. പ്രിയരേ, നമുക്ക് ഈ ആത്മസമ്പത്തായ ഓഹരി ലഭിച്ചിട്ടും അത് ഉപയോഗിക്കാതെ, അതിൽ ആശ്രയിക്കാതെ അനുസരണക്കേടിൽ ജീവിച്ചപ്പോൾ ആത്മാവ് ഉള്ളുനൊന്ത് കരഞ്ഞിട്ടുണ്ടാകില്ലേ? അങ്ങനെ ചിന്തിച്ചാൽ എത്രക്കാലമായി ആത്മാവിനെ കരയിക്കുന്നവരാ ഞാനും നിങ്ങളും. എന്നാൽ ഇനിയുള്ള കാലം ആത്മാവിനോട് സഹകരിച്ച് ജീവിക്കാം. "അപ്പോൾ, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും."(ഫിലിപ്പി 4 : 7) അങ്ങനെ നമ്മുടെ ആത്മാവ് ഉള്ളിൽ സന്തോഷിക്കാനിടയാകും. അതിനാൽ പ്രിയരേ! നമുക്ക് ലഭിച്ച കൃപാവരത്തെ നിർവീര്യമാക്കാതിരിക്കാൻ ശ്രമിക്കാം. (1തെസലോനിക്ക 5:19) മറിച്ച് നമുക്ക് ലഭിച്ച സ്വർഗ്ഗീയ സമ്പത്തായ കൃപാവരത്തെ ഉജ്ജ്വലിപ്പിക്കാൻ ശ്രമിക്കാം. പൗലോസ് ശ്ലീഹാ പറയുന്നില്ലേ, "എന്റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച കൃപാവരത്തെ ഉജ്ജ്വലിപ്പിക്കണം" എന്ന് (2 തിമോത്തേയോസ് 1 : 6). തുടർന്നുള്ള വിശ്വാസപാതയിൽ തളരാതെ, തകരാതെ ആത്മാവിന്റെ കൈപ്പിടിക്കാം. ബ്രദർ. സോജൻ പാറയ്ക്കൽ


Related Articles

Covid-in-churches-page-002

വിചിന്തിനം

Contact  : info@amalothbhava.in

Top