വചനവിചിന്തനം - എസ്. പാറേക്കാട്ടിൽ

16,  Sep   

(യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.) യോഹന്നാന്‍ 14:23 ആരാണ് ഞങ്ങള്‍? പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവം തന്നെ. ദൈവം വസിക്കുന്നിടമാണ് ദേവാലയമെങ്കില്‍ യേശുവിനെ സ്‌നേഹിക്കുകയും യേശുവിന്റെ വചനം പാലിക്കുകയും ചെയ്യുന്നവരോളം ഉത്തമവും ഉദാത്തവുമായ ദേവാലയമില്ല. 'പിതാവു തന്നെ നിങ്ങളെ സ്‌നേഹിക്കുന്നു' എന്ന യേശു വചനവും (യോഹ. 16:27) 'നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെ ന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?' എന്ന അപ്പസ്‌തോലന്റെ വാക്കുകളുമെല്ലാം (1 കോറി. 3:16) സ്പഷ്ടമാക്കുന്നത് മഹനീയമായ ഈ സത്യമാണ് - നമ്മള്‍ ത്രിയേക ദൈവത്തിന്റെ വാസസ്ഥലങ്ങള്‍ തന്നെ. a union of three in one; state of being three; a union of three person എന്നൊക്കെയാണ് trinity എന്ന വാക്കിന് ആംഗലേയ നിഘണ്ടു നല്‍കുന്ന അര്‍ത്ഥം. ഈശ്വരനില്‍ പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്നീ ഭാവങ്ങള്‍ മൂന്നും ഉണ്ടെന്നുള്ള അവസ്ഥ എന്ന് ത്രിത്വം എന്ന പദത്തെ ശബ്ദതാരാവലിയും അടയാളപ്പെടുത്തുന്നുണ്ട്. ഭാവമോ അവസ്ഥയോ അല്ല; ആളത്തങ്ങള്‍ തന്നെയാണ് പരമ പരിശുദ്ധത്രിത്വം അഥവാ ത്രികം എന്ന് പഠിപ്പിക്കാന്‍ സഭയ്ക്ക് സ ന്ദേഹമില്ല. 'ദൈവമേ, ഏകമായ ത്രിത്വമേ, ത്രിത്വമായ ഏകത്വമേ, ആകാശവും ഭൂമിയും നിര്‍മ്മിക്കാന്‍ നീ അല്ലാതെ യാതൊന്നും ഇല്ലായിരുന്നു' എന്ന് വിശുദ്ധ അഗസ്റ്റിന്‍ തേങ്ങലോടെ പറയുന്ന യാഥാര്‍ത്ഥ്യത്തിന്റെ പൊരുള്‍ നിഘണ്ടുകാരന്മാര്‍ക്ക് അപ്രാപ്യമായതില്‍ അത്ഭുതമില്ലല്ലോ! നമ്മുടെ ദൈവം ഏകാകിയല്ല; പിന്നെയോ സഹവസിക്കുന്ന കൂട്ടായ്മയാണ്. അഥവാ സ്‌നേഹത്തില്‍ ലയിച്ചിരിക്കുന്ന ഒരു 'സൂനഹദോസ്' ആണ്. നമ്മള്‍ ഇപ്പോള്‍ പരിചിന്തിക്കുന്ന സിനഡാത്മകത തന്നെയും പ്രവഹിക്കുന്നത് പരിശുദ്ധ ത്രിത്വത്തില്‍ നിന്നാണ്. 'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി' എന്ന് ക്രിസ്ത്യാനികള്‍ ആവര്‍ത്തിക്കുന്നത് കൈകള്‍ക്കുള്ള വ്യായാമം എന്ന നിലയിലല്ല; അവരുടെ ജീവിതം തന്നെ ത്രിത്വസ്തുതിയുടെ ലയവിന്യാസമാണ്. ഇഹ-പര-ലോക ജീവിതത്തെയാകെ സമാശ്ലേഷിക്കുന്നതും അവസാനമില്ലാത്തതുമായ പരിശുദ്ധത്രിത്വത്തിന്റെ തിരുനാളാഘോഷത്തിലേക്കാണ് ആത്മാവില്‍ പതിഞ്ഞ നിത്യമുദ്രകള്‍ അവരെ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.


Related Articles

Contact  : info@amalothbhava.in

Top