നോമ്പ് ഉറക്കം വിട്ടുണരാനുള്ള സമയം

27,  Sep   

യേശുവിന്റെ രൂപാന്തരീകരണത്തിനു മുമ്പായി ശ്ലീഹാമാരായ പത്രോസും യോഹന്നാനും യാക്കോബും ഉറക്കത്തിലേയ്ക്കു വീഴുന്നു. ഗത്സെമനിയിലെ രക്തം വിയര്‍ത്തുള്ള പ്രാര്‍ത്ഥനാവേളയിലും ഇതു തന്നെ സംഭവിക്കുന്നു. ഈ ബലഹീനത നമുക്കും സംഭവിക്കാനിടയുള്ളതാണ്. നമ്മുടെ ജീവിതങ്ങളിലെ സുപ്രധാന നിമിഷങ്ങളില്‍ ദൈവവുമായി സംസാരിക്കുന്നതിനുള്ള അവസരം നാം പലപ്പോഴും നഷ്ടപ്പെടുത്തുന്നു.

ഒരുപക്ഷേ പകലിന്റെ തിരക്കുകള്‍ക്കു ശേഷം നാം പ്രാര്‍ത്ഥിക്കാനും യേശുവുമൊത്തു സമയം ചിലവഴിക്കാനും താത്പര്യപ്പെടുന്നു. അതുപോലെ കുടുംബവുമൊത്തും. പക്ഷേ അപ്പോഴേയ്ക്കും നാം ക്ഷീണിതരായിട്ടുണ്ടാകും. ഇത്തരം അമൂല്യ നിമിഷങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ നാം കൂടുതല്‍ ഉണര്‍വും ശ്രദ്ധയും ഉള്ളവരായിരിക്കേണ്ടതുണ്ട്. പക്ഷേ പലപ്പോഴും നമുക്കതു കഴിയാറില്ല.

നോമ്പ് ഇക്കാര്യത്തില്‍ ഒരു നല്ല അവസരമാണ്. നമ്മുടെ ആന്തരീക ആലസ്യത്തില്‍ നിന്ന് നമ്മെ ഉണര്‍ത്താന്‍ ദൈവമാഗ്രഹിക്കുന്ന ഒരു കാലഘട്ടമാണിത്. ഹൃദയം ഉണര്‍വോടെ സൂക്ഷിക്കുക എന്നത് നമുക്കു തനിച്ചു സാദ്ധ്യമാകുന്ന കാര്യമല്ല. അതിനുള്ള കൃപയ്ക്കായി നാം പ്രാര്‍ത്ഥിക്കണം. മൂന്നു ശിഷ്യരും നല്ലവരായിരുന്നു. യേശുവിനെ മലമുകള്‍ വരെ അനുഗമിച്ചവരാണ് അവര്‍. എന്നാല്‍ ഉണര്‍ന്നിരിക്കാന്‍ സ്വന്തം ശക്തി അവര്‍ക്കു പോരാതെ വന്നു. നമുക്കും ഇതു സംഭവിക്കും. ദൈവത്തിന്റെ പ്രകാശം നമുക്കും ആവശ്യമാണ്. അതു നമ്മെ ഉണര്‍ത്തുകയും പ്രാര്‍ത്ഥിക്കാനും ആത്മപരിശോധന നടത്താനും മറ്റുള്ളവര്‍ക്കായി സമയം ചിലവഴിക്കാനും ഉള്ള ആഗ്രഹം നമ്മില്‍ ജനിപ്പിക്കുകയും ചെയ്യുന്നു. ദൈവാത്മാവിന്റെ ശക്തി കൊണ്ടു ശരീരത്തിന്റെ ക്ഷീണത്തെ നമുക്കു മറികടക്കാം. ഈ നോമ്പുകാലത്ത് ഓരോ ദിവസവും ഉറങ്ങുന്നതിനു മുമ്പ് അല്‍പനേരം പ്രാര്‍ത്ഥിക്കാന്‍ മറക്കാതിരിക്കുക. നമ്മുടെ ഹൃദയങ്ങളെ ഉണര്‍ത്താന്‍ കര്‍ത്താവിന് അവസരം നല്‍കുക.

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കു ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്)


Related Articles

Contact  : info@amalothbhava.in

Top