പരീക്ഷയുടെ തലേന്ന് പാടിയ പാട്ട് | ഫാദർ ജെൻസൺ ലാസലെറ്റ്

16,  Sep   

ക്രിസ്തീയ ഭക്തിഗാന രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു ഗായികയുടെ ഹൃദയസ്പർശിയായ അനുഭവം. "ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം. ഒരിക്കൽ പീറ്റർ ചേരാനല്ലൂർ എന്നെ പാട്ടുപാടാനായ് വിളിച്ചു. ആയിടെ പരീക്ഷാക്കാലമാണ്. അടുത്ത ദിവസം പരീക്ഷയുള്ളതിനാൽ പാട്ടുപാടാൻ പോകേണ്ട എന്നായിരുന്നു തീരുമാനം. ഇതറിഞ്ഞ അമ്മ പറഞ്ഞു: 'പീറ്റർ ചേട്ടൻ വിളിച്ചതല്ലേ, അതും ഈശോയുടെ പാട്ടു പാടാൻ. എന്തായാലും നീ പോകണം.' അമ്മയുടെ നിർബന്ധത്തിനു വഴങ്ങി കോട്ടയത്തുനിന്നും എറണാകുളത്തെ സ്റ്റുഡിയോയിലേക്ക് അമ്മയുടെ കൂടെ യാത്രയായി. ആ ഗാനം റെക്കോർഡ് ചെയ്യുവാൻ ഓർക്കസ്ട്ര അംഗങ്ങളും കോറസ് പാടുന്നവരുമായ് ഒരുപാട് പേർ വന്നിരുന്നു. പിറ്റേദിവസത്തെ പരീക്ഷയുടെ ചിന്തയായിരുന്നു മനംനിറയെ. സ്‌റ്റുഡിയോയുടെ പുറത്തുള്ള ചവിട്ടുപടിയിലിരുന്ന് പഠിക്കാൻ ശ്രമിച്ചിട്ടും ഒന്നും പഠിക്കാനായില്ല. നാലുമണിയ്ക്ക് റെക്കോഡിങ്ങിന് എത്തിയ എന്റെ പാട്ട് റെക്കോഡ് ചെയ്തത് രാത്രി പതിനൊന്നു മണിയ്ക്ക്! പിറ്റേദിവസം ഞാൻ പരീക്ഷയെഴുതി. ആ പരീക്ഷയ്ക്ക് ആദ്യത്തെ മൂന്നു റാങ്കിൽ ഒന്ന് എനിക്കായിരുന്നു. അന്ന് ഞാൻ പാടിയ പാട്ടാണ് ഇന്ന് ലോകമെമ്പാടും ഏറ്റു പാടുന്ന കരുണ കൊന്തയിലെ 'ഈശോയുടെ അതിദാരുണമാം പീഢാസഹനങ്ങളെ ഓർത്തെന്നും..' എന്ന ഗാനം. പരിപൂർണ്ണമായും ദൈവകൃപയിൽ ആശ്രയിക്കുമ്പോൾ ദൈവം നമ്മെ ഉയർത്തും എന്നതിന്റെ തെളിവായിരുന്നു ആ സംഭവം. അന്ന് ഞാൻ ആ പാട്ട് പാടിയില്ലായിരുന്നുവെങ്കിൽ എത്ര വലിയ നഷ്ടമായിരുന്നു എന്റെ ജീവിതത്തിൽ സംഭവിക്കുക എന്ന് പലയാവർത്തി ഞാൻ ചിന്തിച്ചിട്ടുണ്ട്." സിസിലി എന്ന ഗായികയുടെ ഈ സാക്ഷ്യം നമ്മുടെ മനസിനെയും ജ്വലിപ്പിക്കുന്നില്ലേ? 2015 ൽ വിദേശത്ത് നടന്ന ഒരു സ്റ്റേജ് പ്രോഗ്രാമിൽ വച്ച് പരിശുദ്ധാത്മ പ്രേരണയാൽ ഇനി ഈശോയ്ക്ക് വേണ്ടി മാത്രമേ പാടുകയുള്ളൂ എന്ന തീരുമാനവും സിസിലി എടുത്തു. നമ്മുടെയെല്ലാം ജീവിതത്തിൽ ദൈവ സ്വരം ശ്രവിക്കാനും അവിടുത്തെ ഹിതം നിറവേറ്റാനും എന്തുമാത്രം നാം പ്രാധാന്യം നൽകുന്നുണ്ട് എന്ന് ചിന്തിക്കുന്നതുചിതമാണ്. പ്രതിസന്ധികൾ മലപോലെ ഉയരുമ്പോൾ കൂടെയൊരു ദൈവമുണ്ടെന്ന കാര്യം പലപ്പോഴും നാം വിസ്മരിക്കുന്നു. ശിഷ്യരെ ഗ്രാമങ്ങളിലേക്ക് യാത്രയാക്കുമ്പോൾ ക്രിസ്തു നൽകിയ നിർദ്ദേശത്തിന്റെയും പൊരുൾ മറ്റൊന്നുമല്ല: "അവന്‍ പറഞ്ഞു: യാത്രയ്‌ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്‌. രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌" (ലൂക്കാ 9 : 3). എത്രമാത്രം ദൈവാശ്രയമുണ്ടോ അത്രമാത്രം ദൈവകൃപയുംലഭിക്കും. നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടുക്കഴിഞ്ഞാൽ പിന്നെ നാം എങ്ങനെയാണ് ദൈവത്തിൽ ആശ്രയിക്കുക? ചില സങ്കടങ്ങളും പോരായ്മകളും കുറവുകളുമെല്ലാം ദൈവം അനുവദിക്കുന്നത് മറ്റൊന്നിനുമല്ല; നാം അവിടുന്നിൽ ആശ്രയിക്കാൻ വേണ്ടിയാണ്. അവിടുന്ന് കൂടെയുണ്ടെന്ന് മറക്കാതിരിക്കാൻ.


Related Articles

Contact  : info@amalothbhava.in

Top