വിശുദ്ധ കുർബാനക്കും മറ്റ് തിരുകർമ്മങ്ങൾക്കുമായി നമ്മൾ ദേവാലയത്തിലായിരിക്കുമ്പോൾ IHS എന്ന മുദ്ര നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്നു ഉറപ്പാണ്. മദ്ബഹയിലെ വിരിയിലും തിരുവോസ്തിയിലും ഈ മൂന്നു അക്ഷരം വ്യക്തമായി നാം കാണുന്നു. ഒപ്പം ലോകമാകമാനമുള്ള കത്തോലിക്കാ ദേവാലയങ്ങളിലെ ചിത്രകലകളിലും, രൂപങ്ങളിലും IHS എന്ന ചുരുക്കെഴുത്തിനെ നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ ഇതിനെക്കുറിച്ച് കൂടുതലായി ആലോചിക്കുവാൻ നമ്മിൽ പലരും ശ്രമിച്ചിട്ടില്ലായെന്നതാണ് സത്യം. ഈ മൂന്ന് അക്ഷരങ്ങൾക്ക് ക്രൈസ്തവരുടെ ഇടയിൽ വളരെയേറെ പ്രാധാന്യമുണ്ട്. എന്താണ് IHS ന്റെ ശരിയായ അർത്ഥം. നമ്മളിൽ ചിലരെങ്കിലും ധരിച്ചിരുന്നത് പോലെ "I have suffered", "Jesus Hominum Salvator" (രക്ഷകനായ യേശു), "In Hoc Signo " (ഈ അടയാളം വഴി നീ വിജയിക്കും) എന്നീ വാചകങ്ങളുടെ ചുരുക്കെഴുത്തല്ല IHS. ഇതിനെ ഒരു ക്രിസ്ത്യൻ ചിത്രാക്ഷരമുദ്ര (Christogram) എന്ന് വിളിക്കുന്നതായിരിക്കും കൂടുതൽ ശരി. വാസ്തവത്തിൽ ‘ജീസസ് ക്രൈസ്റ്റ്’ (യേശു ക്രിസ്തു) എന്നെഴുതുവാനുള്ള പഴയകാലത്തെ ഒരു മാർഗ്ഗമായിരുന്നു IHS. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ നമുക്ക് മൂന്നാം നൂറ്റാണ്ടിലേക്ക് പോകേണ്ടി വരും. അക്കാലത്തെ ക്രിസ്ത്യാനികൾക്ക്, യേശുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള പേരിന്റെ ആദ്യ മൂന്നക്ഷരങ്ങൾ അവിടുത്തെ ചുരുക്കപ്പേരായി എഴുതുന്ന ഒരു പതിവുണ്ടായിരുന്നു. ഗ്രീക്ക് ഭാഷയിൽ യേശുവിന്റെ പേര് ΙΗΣΟΥΣ എന്നാണ് എഴുതിയിരുന്നത്. ഇതിന്റെ ആദ്യത്തെ മൂന്നക്ഷരങ്ങൾ ΙΗΣ ചേരുമ്പോൾ യേശുവിന്റെ ചുരുക്കെഴുത്തായി. അക്കാലത്തു Σ (Sigma) എന്ന ഗ്രീക്ക് അക്ഷരത്തിനു സമമായ ലാറ്റിൻ അക്ഷരമാലയിലെ അക്ഷരം S ആയിരുന്നു. ഇപ്രകാരമാണ് IHS എന്നത് യേശുവിന്റെ പേരിന്റെ ചിത്രാക്ഷരമുദ്രയായത്. എട്ടാം നൂറ്റാണ്ടിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ച് കാണുന്നത്. 'കർത്താവായ യേശു ക്രിസ്തു രാജാക്കൻമാരുടെ രാജാവ്' എന്നർത്ഥം വരുന്ന DIN IHS CHS REX REGNANTIUM എന്നതായിരിന്നു ആ വാചകം. റോമൻ ചക്രവർത്തിയായിരുന്ന ജെസ്റ്റീനിയൻ രണ്ടാമന്റെ നാണയങ്ങളിലും ഈ മുദ്രയുണ്ടായിരുന്നു. തിരുസഭയുടെ ആദ്യകാലങ്ങളിൽ തന്നെ ഈ ചിഹ്നം ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 'യേശുവിന്റെ നാമം മഹത്വപ്പെടുത്തുക' എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം നൂറ്റാണ്ടിൽ സിയന്നായിലെ വിശുദ്ധ ബെർണാഡിൻ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായി തങ്ങളുടെ വീടുകളുടെ വാതിക്കൽ IHS എന്നെഴുതിവെക്കുവാൻ അദ്ദേഹം ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചിരിന്നു. 1541-ൽ വിശുദ്ധ ഇഗ്നേഷ്യസ് ലയോള 'ഈശോ സഭ' (ജെസ്യൂട്ട്) എന്നറിയപ്പെടുന്ന താൻ സ്ഥാപിച്ച പുതിയ സന്യാസ സഭയുടെ മുദ്രയായി IHS-നെ സ്വീകരിച്ചു. കാലക്രമേണ ഈ അടയാളം ക്രൈസ്തവ ലോകത്തിന്റെ പ്രസിദ്ധമായ പ്രതീകങ്ങളിൽ ഒന്നായി മാറി. ചുരുക്കത്തിൽ യേശുവിന്റെ വിശുദ്ധ നാമത്തെ കുറിക്കുന്നതാണ് ഈ ചിത്രാക്ഷരമുദ്ര. ഇനി IHS എന്ന പ്രതീകം നാം കാണുമ്പോൾ ചിന്തിക്കേണ്ടത് പ്രധാനമായും ഒരു കാര്യമാണ്. 'ആകാശത്തിന് കീഴെ മനുഷ്യ രക്ഷയ്ക്കായി യേശുനാമം അല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല' എന്ന വചനവാക്യമായിരിക്കണം നമ്മുടെ മനസ്സിൽ വരേണ്ടത്.
അപ്പനെന്ന അപ്പം - ഫാ തോമസ് പാട്ടത്തിൽചിറ CMF
നമ്മുടെ ദിവ്യരക്ഷകന്റെ പീഢാനുഭവ സ്മരണ
സ്നേഹിതാ എന്റെ സ്നേഹിതാ...