അഭിവന്ദ്യ കണ്ടത്തില്‍ പിതാവിന്റെ സന്ന്യാസപ്പൂക്കള്‍അഭിവന്ദ്യ കണ്ടത്തില്‍ പിതാവിന്റെ സന്ന്യാസപ്പൂക്കള്‍ | ഫാ. അഗസ്റ്റിന്‍ തേനായന്‍

27,  Sep   

നസറത്തു സന്യാസിനീസഭ 1948 മാര്‍ച്ച് 19-ാം തീയതി സ്ഥാപിതമായതിന്റെ 75-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ജൂബിലി വര്‍ഷാരംഭമാണല്ലൊ ഇത്. അന്നത്തെ സ്ഥാപനകര്‍മ്മം സീറോ- മലബാര്‍ വൈദിക മേലദ്ധ്യക്ഷന്മാരുടേയും എറണാകുളം അതി രൂപതയിലെ വൈദിക-സന്യാസി-സന്യാസിനീ-അല്മായ പ്രതിനിധികളുടേയും അഭൂതപൂര്‍വ്വമായ സാന്നിധ്യത്തില്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവ് സാഘോഷം നിര്‍വഹിച്ചു. നസ്രത്തു സന്യാസിനീസഭയുടെ ഈ ജൂബിലിവര്‍ഷത്തില്‍ വളരെ പ്രത്യേകം സ്മരിക്കപ്പെടേണ്ടവരാണ് നസ്രത്തു സഭയുടെ സ്ഥാപക പിതാക്കളായ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത, ബഹു. ജോണ്‍ പിണക്കാട്ടച്ചന്‍, ബഹു. മോണ്‍. മാത്യു മങ്കുഴിക്കരിയച്ചന്‍ എന്നീ മഹാരഥന്മാര്‍. അവരുടെ ആത്മീയചൈതന്യം, ദര്‍ശനങ്ങള്‍, ലക്ഷ്യങ്ങള്‍, അവര്‍ സഭയ്ക്കു വേണ്ടി നടത്തിയ ത്യാഗങ്ങള്‍ എന്നിവ സഭാംഗങ്ങള്‍ക്ക് എന്നും മാതൃകയും പ്രചോദനവും ആവേശവും ആകേണ്ടതാണ്. കണ്ടത്തില്‍ പിതാവ് ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശീയ മെത്രാപ്പോലീത്തയും സീറോ മലബാര്‍ ഹയരാര്‍ക്കിയുടെ പ്രഥമാദ്ധ്യക്ഷനുമായിരുന്നു. അദ്ദേഹം 44 വര്‍ഷം മെത്രാനായും അതില്‍ 32 വര്‍ഷം മെത്രാപ്പോലീത്തയായും സഭയെ ശുശ്രൂഷിച്ചു. ഈ നീണ്ട ഭരണകാലത്തിനിടയ്ക്ക് അദ്ദേഹം രണ്ട് സന്യാസസഭകള്‍ സ്ഥാപിച്ചു. ആദ്യത്തേത് 1931 മാര്‍ച്ച് 19-ന് മൂക്കന്നൂരില്‍ സ്ഥാപിച്ച സി.എസ്.ടി. സന്യാസസഹോദരന്മാരുടെ സഭ. മറ്റേത് ആരംഭത്തില്‍ സൂചിപ്പിച്ചതു പോലെ 1948 മാര്‍ച്ച് 19-ന് എടക്കുന്നില്‍ സ്ഥാപിച്ച സി.എസ്. എന്‍. സന്യാസിനീസഭ. അഭിവന്ദ്യ കണ്ടത്തില്‍ പിതാവ് തന്റെ റോമാ സന്ദര്‍ശനവേളയില്‍ 1925 മേയ് 17-ന് നടന്ന വി. കൊച്ചുത്രേസ്യായുടെ നാമകരണച്ചടങ്ങില്‍ സംബന്ധിക്കുകയും താ മസിയാതെ ഡബ്‌ളിനിലെ ഐറിഷ് ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിന്റെ സ്ഥാപനം സന്ദര്‍ശിക്കുകയും ചെയ്തതില്‍നിന്ന് കിട്ടിയ പ്രചോദനം 6 വര്‍ഷത്തോളം മനസ്സില്‍ രൂപപ്പെടുത്തി വളര്‍ത്തിയാണ് ബ്രദേഴ്‌സിനു വേണ്ടി 1931 മാര്‍ച്ച് 19-ന് ലിസ്യൂവിലെ വി. ത്രേസ്യായുടെ നാമത്തില്‍ സഹോദരന്മാര്‍ക്കായി ഒരു സന്യാസസഭ സ്ഥാപിച്ചത്. അത് ഇന്ത്യയിലെ സീറോമലബാര്‍ സഭയിലെ ആദ്യത്തെ സന്യാസസഹോദരന്മാരുടെ സഭയായിത്തീര്‍ന്നു. ഒപ്പം ലിസ്യൂവിലെ വി. ത്രേസ്യായുടെ നാമത്തില്‍ ഇന്ത്യയിലുണ്ടായ ആദ്യത്തെ സന്യാസസഭയുമായി അത്. കണ്ടത്തില്‍ പിതാവ് സ്ഥാനമേല്‍ക്കുമ്പോള്‍ അന്നത്തെ അവിഭക്ത എറണാകുളം അതിരൂപതയില്‍ സന്യാസിനികളുടേതായി കര്‍മ്മലീത്ത മഠങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ 1928 ല്‍ ക്ലാരസഭയുടേയും 1930-ല്‍ ആരാധനസഭയുടേയും ശാഖകള്‍ അതിരൂപതയില്‍ തുടങ്ങി. മാത്രമല്ല പുതിയ സന്യാസിനീസഭകള്‍ അതിരൂപതയില്‍ ആരംഭിക്കാന്‍ അഭി വന്ദ്യപിതാവ് ഉദാരമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ ഫലങ്ങളാണ് 1927 മാര്‍ച്ച് 19ന് ഫാ. വര്‍ഗ്ഗീസ് പയ്യപ്പിള്ളി ചുണങ്ങംവേലിയില്‍ ആരംഭിച്ച അഗതികളുടെ സഹോദരീ സഭ (ട.ഉ.), 1944 ഒക്‌ടോബര്‍ 31-ന് ഫാ. ജോസഫ് പഞ്ഞിക്കാരന്‍ കോതമംഗലത്ത് ആരംഭിച്ച ആശുപത്രീ സഹോദരികളുടെ സഭ (ങ.ട.ഖ.), 1949 ഏപ്രില്‍ 2-ന് ഫാ. ജോസഫ് തോമസ് കണ്ടത്തില്‍ ചേര്‍ത്തലയില്‍ സ്ഥാപിച്ച അസ്സീസ്സി സഹോദരീ സഭ (അ.ട.ങ.ക.) എന്നിവ. സന്യാസിസഹോദരന്മാര്‍ക്കായി ഒരു സഭ സ്ഥാപിച്ച അഭിവന്ദ്യ കണ്ടത്തില്‍ പിതാവ് അനേക വര്‍ഷക്കാലത്തെ ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണത്തിന്റേയും അതിസൂക്ഷ്മമായ പഠനത്തിന്റേയും ഗഹനമായ ചിന്തയുടേയും തീവ്രമായ പ്രാര്‍ത്ഥനയുടേയും ശേഷം സ്ഥാപിച്ചതാണ് നസ്രത്തു സന്യാസിനീസഭ. ഈ മഹത്തായ സംരംഭത്തിന് സഹായികളായും കൂട്ടുത്തരവാദികളായും തനിക്ക് ഏറ്റവും ബോദ്ധ്യവും പ്രതീക്ഷയുമുണ്ടായിരുന്ന ഫാ. ജോണ്‍ പിണക്കാട്ടിനേയും മോണ്‍. മാത്യു മങ്കുഴിക്കരിയേയും നസ്രത്തുസഭയുടെ സഹ സ്ഥാപകരായി പങ്കുചേര്‍ക്കാന്‍ പിതാവ് തീരുമാനിച്ചു. ഇതിനുള്ള ഒരുക്കമായിട്ടാണ് അവരെ കൂടുതല്‍ പഠിക്കാനും വളരെ കഴിവുകളുണ്ടായിരുന്ന അവരുമായി കൂടുതല്‍ ആശയവിനിമയം നടത്താനുമായി അവരുടെ സേവനം അതിമെത്രാസന മന്ദിരത്തില്‍ തന്നെ താമസിച്ചാകണമെന്ന് കണ്ടത്തില്‍ പിതാവ് തീരുമാനിച്ചത്. അതനുസരിച്ച് 1934 ഡിസംബര്‍ 22-ന് ഒരുമിച്ച് വൈദിക പട്ടം സ്വീകരിച്ചവരായ പിണക്കാട്ടച്ചനെ 1936-ലും മങ്കുഴിക്കരിയച്ചനെ, സേവനം ചെയ്തിരുന്ന ചെറായി ഇടവകക്കാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ, 1939-ലും അരമനയില്‍ വരുത്തി അവിടെ താമസിച്ചുള്ള ദൗത്യം നല്‍കിയത്. ചെങ്ങല്‍ അബലാസങ്കേതത്തിലെ ഹതഭാഗ്യരായവര്‍ തുടങ്ങി അന്നത്തെ വിശാലമായ എറണാകുളം അതിരൂപതയിലെ പ്രത്യേക സഹായവും ശ്രദ്ധയും ലഭിക്കേണ്ട പല വിഭാഗങ്ങളും പിണക്കാട്ടച്ചന്റെ മനസ്സിലുണ്ടായിരുന്നു. പ്രശസ്ത ധ്യാനഗുരുവായിരുന്ന മങ്കുഴിക്കരിയച്ചനാകട്ടെ കുടുംബങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ നിരന്തരം അറിഞ്ഞുകൊണ്ടിരുന്നു. ഇവയൊക്കെ കണ്ടത്തില്‍ പിതാവുമായി നിരന്തരം ചര്‍ച്ച ചെയ്താണ് നസ്രത്തുസഭയുടെ ആശയത്തിലേക്ക് അവര്‍ മൂവരും എത്തിയത്. നസ്രത്ത് എന്ന പേര് തന്നെ മങ്കഴിക്കരിയച്ചന് ലഭിച്ച വെളിപാടാണത്രെ. നസ്രത്തു സന്യാസിനീസഭയുടെ മൂന്നു സ്ഥാപകപിതാക്കളുമായും എനിക്ക് മറ്റ് പലരേയും കാള്‍ കൂടുതല്‍ വ്യക്തിപരമായി വളരെ അടുത്ത പരിചയമുണ്ടായിരുന്നു. എന്റെ കാലത്ത് എല്ലാ മൈനര്‍ സെമിനാരി കുട്ടികള്‍ക്കും കണ്ടത്തില്‍ പിതാവിനെ പരിചയപ്പെടാന്‍ കിട്ടിയിരുന്ന അവസരങ്ങള്‍ രണ്ട് വിധം: 1) എല്ലാ ഞായറാഴ്ചകളിലും എല്ലാ സെമിനാരി കുട്ടികളും പിതാവിന്റെ മുറിയില്‍ ഒന്നിച്ചുച്ചെന്ന് നിലത്തിരുന്ന് ശ്രദ്ധിക്കുന്ന പിതാവിന്റെ ക്ലാസ്. 2) ഓരോ ദിവസവും മാറിമാറിയുള്ള ക്രമമനുസരിച്ച് പിതാവിന്റെ കുര്‍ബാനയുടെ ശുശ്രൂഷികളാവുന്നവര്‍ ചെന്ന് പിതാവിനെ കാണുന്നത്. ഇവയ്ക്ക് പുറമെ മൈനര്‍ സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കേ പിതാവിനെ വ്യക്തിപരമായി വളരെ അടുത്തറിയാന്‍ മറ്റാര്‍ക്കും കിട്ടാതെ എനിക്കു മാത്രം കിട്ടിയ അവസരങ്ങള്‍ രണ്ട് വിധമാണ്; 1) പില്‍ക്കാലത്ത് റിന്യൂവല്‍ സെന്ററിലേക്ക് മാറ്റപ്പെട്ട അതിരൂപതാ ലൈബ്രറി അന്ന് പിതാവ് താമസിച്ചിരുന്ന മുറിയോടു ചേര്‍ന്ന് വടക്കുഭാഗത്ത് ഇപ്പോള്‍ മെത്രാപ്പോലീത്ത അതിഥികളെ സ്വീകരിക്കുന്ന മുറിയിലായിരുന്നു. എന്റെ മൈനര്‍ സെമിനാരി കാലത്ത് ഞാന്‍ അതിന്റെ ലൈബ്രേറിയനായിരുന്നു. പിതാവിന് ആവശ്യമായ ഗ്രന്ഥങ്ങളും രേഖകളും ഞാന്‍ നിരന്തരമെന്നോണം എടുത്തുകൊടുക്കാറുമുണ്ടായിരുന്നു. 2) എന്റെ മൈനര്‍ സെമിനാരികാലമായിരുന്ന 1953 മുതല്‍ 1955 വരെയുള്ള പിതാവിന്റെ അവസാന നാളുകളില്‍ പിതാവിന് എഴുതാന്‍ വിഷമമായിരുന്നതിനാല്‍ എന്നെ പിതാവ് തന്റെ ഒരു എഴുത്തുകാരനായി ഉപയോഗിച്ചിരുന്നു. നാലു മണിക്കുള്ള കാപ്പി കഴിഞ്ഞാല്‍ ഞാന്‍ പേനയുമായി പിതാവിനെ സമീപിക്കണമായിരുന്നു. അന്നത്തെ അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും എല്ലാ മാസത്തിലും കര്‍ശനമായും വരുത്തിയിരുന്ന മാസാന്ത്യ റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പിതാവ് എടുത്ത് അതില്‍ എണ്ണമിട്ട് നല്‍കിയിട്ടുളള ഉത്തരങ്ങള്‍ പരിശോധിച്ച് ഓരോന്നിനും പിതാവ് പറയുന്ന ഹൃസ്വമായ വിലയിരുത്തലുകള്‍ ഇന്‍ലന്റില്‍ എഴുതിക്കൊടുക്കുന്ന ജോലിയായിരുന്നു എന്റേത്. ഈ വലിയ അടുപ്പത്തില്‍നിന്ന് എനിക്ക് പിതാവിനെപ്പറ്റി ലഭിച്ച ധാരണ ഏറ്റം ചുരുക്കി സൂചിപ്പിക്കാം; എന്നോടുണ്ടായിരുന്ന പിതാവിന്റെ സമീപനം ഏറ്റം വലിയ സൗഹൃദത്തിന്റേതായിരുന്നു. മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ഒരിക്കലും നോക്കാതെ, എപ്പോഴും പരമാവധി ദൈവഹിതവും ദൈവജനത്തിന്റെ നന്മയും സഭയുടെ വളര്‍ച്ചയും വേദനിക്കുന്നവരുടെ ആശ്വാസവുമായിരുന്നു പിതാവിന്റെ ലക്ഷ്യം. ഈ ലക്ഷ്യങ്ങളോടെ നസ്രത്തു സന്യാസിനീ സഭ സ്ഥാപിക്കപ്പെട്ടതിന്റെ ഈ തുടങ്ങുന്ന 75-ാം വര്‍ഷം ഏറ്റം ഫലപ്രദമാക്കാന്‍ നമുക്ക് പരിശ്രമിക്കാം.


Related Articles

Covid-in-churches-page-003

വിചിന്തിനം

ചെറുതായി വലുതാകുക

വിചിന്തിനം

Contact  : info@amalothbhava.in

Top