"കുരിശില്‍നിന്ന് ഒരലര്‍ച്ച കേട്ടു. ആ മനുഷ്യന്‍റെ അന്തസ്ഥങ്ങളില്‍ നിന്നല്ല, മറിച്ചു ഭൂമിയുടെ അന്തസ്ഥങ്ങളില്‍ നിന്നു തന്നെ" – അഡോണായ്'! മനുഷ്യന്‍ അത് കേട്ടു. അത് അവരുടെ അന്തസ്ഥങ്ങളിലേക്കു തുളച്ചു കയറി. അവര്‍ തന്നെയായിരുന്നുവോ അലറിയത്? അതോ ഭൂമി ആയിരുന്നുവോ? അതോ ആദ്യത്തെ ആണി തറച്ചപ്പോള്‍ ആ മനുഷ്യനായിരുന്നോ? എല്ലാം ഒന്നായി, എല്ലാവരും കുരിശിലേറ്റപ്പെട്ടു' – നിക്കോസ് കസാന്‍ദ് സാക്കീസ്. ഞാനുയര്‍ത്തപ്പെട്ടു കഴിയുമ്പോള്‍ ഭൂമിയെ എന്നിലേയ്ക്ക് ആകര്‍ഷിക്കുമെന്നാണ് ആ ചെറുപ്പക്കാരന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. അയാളോളം ഭൂമിയെ ആകര്‍ഷിച്ച ഒരാളും ഉണ്ടാവില്ല. എന്തായിരിക്കും അതിന്‍റെ ഒരു പ്രധാന കാരണം? അടിമുടി സങ്കടങ്ങളുടെ മനുഷ്യനായി നമ്മളോടൊപ്പം പാര്‍ത്തു. ഇപ്പോഴും അങ്ങനെ തന്നെയാണ് നിലനില്‍ക്കുന്നത് എന്നത് തന്നെയാവണം. ഓര്‍ത്താല്‍ വലിയൊരു കരച്ചിലാണ് മനുഷ്യന്‍. ചാര്‍ളി ചാപ്ലിന്‍ നിരീക്ഷിക്കുന്നതുപോലെ ലോങ്ങ് ഷോട്ടില്‍ സന്തുഷ്ടരായി കാണപ്പെടുന്ന പല മനുഷ്യരും ക്ലോസപ്പില്‍ വെറും ദുഃഖിതനാണ്.
അടുത്തിടെ വന്ന ഒരു മലയാള ചലച്ചിത്രത്തിന്‍റെ പോസ്റ്ററിങ്ങനെയായിരുന്നു: ജോസഫ് 'a man with scar.' ഏതൊരാളിന്‍റെ പേരിനോടൊപ്പവും കൂട്ടിയെഴുതാവുന്ന ഒരു ടാഗ്ലൈന്‍ ആണത്. ഉള്ളില്‍ വ്രണങ്ങളും വടുക്കളുമായി ചില മനുഷ്യര്‍. സ്വാഭാവികമായി അവരുടെ പ്രതിസന്ധികളിലും വീണ്ടുവിചാരങ്ങളിലും സങ്കടങ്ങളുടെ ആ മഹാപ്രഭുവിനെ പരാമര്‍ശിക്കാതെ തരമില്ല. യേശു അയാളെ വിളിക്കുന്നത് സഹനദാസന്‍ എന്നാണ്. അവന്‍റെ നിലവിളിയെക്കുറിച്ചുള്ള ധ്യാനമില്ലാതെ കുരിശാരോഹണ ചരിത്രം അവസാനിച്ചു കൂടാ.
ചുറ്റിനും ഇരുട്ട് പടര്‍ന്നപ്പോഴാണ് ആ നിലവിളി സംഭവിച്ചതെന്ന് സുവിശേഷകര്‍ അടയാളപ്പെടുത്തുന്നുണ്ട്. ഇരുട്ട് എന്തൊരു കൊടിയ സൂചനയാണ്! ജൂഡാസിന്‍റെ ദുരന്തത്തെ ഒറ്റവാക്കിലാണ് പുതിയ നിയമം സംഗ്രഹിക്കുന്നത്. 'അയാള്‍ പുറത്തേയ്ക്കു പോയി. പുറത്തു ഇരുട്ടായിരുന്നു.' പത്രോസ് എഴുതിയ സുവിശേഷമെന്ന് കാനോനികമല്ലാത്ത ഗ്രന്ഥത്തില്‍ മധ്യാഹ്നത്തില്‍ സംഭവിച്ച ആ ഇരുട്ടിനെ ചിത്രീകരിച്ചിട്ടുണ്ട്. മനുഷ്യര്‍ കാലുതട്ടി വീഴുന്ന വിധത്തില്‍ അത്രയും പെട്ടന്നാണ് സൂര്യന്‍ കെട്ടുപോയത്. ആത്മാവിന്‍റെ ഇരുണ്ട രാത്രികളില്‍ ഈ ഇരുട്ടിന്‍റെ നിഴലുണ്ട്. ദൈവാസ്തിത്വത്തെപ്പോലും സംശയിക്കുന്ന മദര്‍ തെരേസയുടെ ആത്മരേഖയിലും അത് കാളുന്നുണ്ട്.
'ദൈവത്താല്‍ കൈ വിടപ്പെടുക' എന്നത് ദുരന്തത്തിന്‍റെ നെല്ലിപ്പലകയാണ്. മനുഷ്യനില്‍നിന്നു അത് anticipate ചെയ്യാവുന്നതേയുള്ളൂ. ഞാനൊറ്റയായി നില്‍ക്കേണ്ടിവരുമെന്ന് അടിവരയിട്ടു പറഞ്ഞാണ് തിരുവത്താഴമേശയിലെ യാത്രാ മൊഴി അവസാനിക്കുന്നത്. തോട്ടത്തിലെ പ്രാര്‍ത്ഥനയുടെ ഇടയില്‍ അത് വ്യക്തമാവുകയും ചെയ്തു. എന്നാല്‍ ദൈവം മുങ്ങിത്തുടങ്ങുന്നവരുടെ അവസാനത്തെ വൈക്കോല്‍ത്തുമ്പ്. അതുകൂടി അപഹരിക്കപ്പെട്ടിട്ടു വേണമോ ഈയൊരു ആത്മബലി പൂര്‍ണ്ണമാകുവാന്‍.
ജോവാന്‍ ഓഫ് ആര്‍ക്കിനെക്കുറിച്ചുള്ള ഒരു ചലച്ചിത്രത്തില്‍ കഠിനമായ ഒരു ഭാഗമുണ്ട്. വിചാരണക്ക് ശേഷം തടവറയില്‍പ്പെട്ട അവളുടെ അടുക്കല്‍ വീണ്ടും യേശു എത്തുന്നു. നീ പറഞ്ഞിട്ടായിരുന്നു ഓരോരോ കാര്യങ്ങളില്‍ ഞാനേര്‍പ്പെട്ടത്. എന്നിട്ട് എന്തുകൊണ്ടാണ് നീ എന്നെ സംരക്ഷിക്കാത്തത്? യേശുവാവട്ടെ ഞാന്‍ നിന്നോടൊന്നും പറഞ്ഞിരുന്നില്ല എന്ന നിര്‍മ്മമമായ ഉത്തരം നല്‍കി അവളെ അടിമുടി തകര്‍ക്കുന്നു. ആ നടുക്കത്തെ കുറഞ്ഞത് പതിനായിരം കൊണ്ട് ഗുണിക്കണം, യേശുവിന്‍റെ നിലവിളിയുടെ 'ആഴം' കാണാന്‍.
ആ കരച്ചിലിന്‍റെ യഥാര്‍ത്ഥ കാരണം നമുക്കറിയില്ല. അത് നേരിട്ടു കേട്ടവരില്‍ പോലും ആരംഭം തൊട്ടേ സന്ദേഹങ്ങള്‍ അവസാനിപ്പിച്ചിട്ടാണ് പൊളിഞ്ഞത്. അവന്‍ ഏലിയാവിനെ വിളിക്കുന്നു എന്നാണ് മരണത്തിന്‍റെ കങ്കാണിമാര്‍ പരസ്പരം പറഞ്ഞത്. പല കാരണങ്ങള്‍ ഈ കരച്ചിലിനോട് ചേര്‍ത്തു വയ്ക്കുന്നുണ്ട്. അതിലൊന്ന് 'പാപം' ചെയ്യാത്തവനെ പാപത്തിന്‍റെ പ്രതിഫലത്തിലൂടെ കടന്നുപോകാന്‍ 'ദൈവം' അനുവദിച്ചു എന്നതാണ്. പാപത്തിന്‍റെ ഫലം ഈശ്വരനുമായുള്ള വിയോഗമാണ്. കേവല മനുഷ്യരായ നമുക്കുപോലും അതാവശ്യത്തിലേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ അത് അവിടുത്തെ എത്രമാത്രം തകര്‍ത്തിട്ടുണ്ടാകും? ദുഃഖം മൂല്യമുള്ളതാണെന്ന് ധ്യാനിക്കാനായി യേശുവിന്‍റെ ഈ ആത്മഭാഷണം ഈ വാരത്തില്‍ എന്നെ സഹായിച്ചെന്നിരിക്കും. അത് അങ്ങനെയല്ല എന്നാണല്ലോ എല്ലാവരും പറയാന്‍ ശ്രമിക്കുന്നത്. ചുരുങ്ങിയ ആകാശമാണ് ദുഃഖം എന്നൊരു നിര്‍വചനമുണ്ട്. പെട്ടെന്നൊരാളുടെ മുഴുവന്‍ ശ്രദ്ധയും അയാളിലേക്കു തന്നെ ഏകാഗ്രമാകുന്നു. ഒരേ നേരത്ത് ഇതൊരു കെണിയും മോക്ഷവുമാണ്. ലോകമിപ്പോള്‍ ദൂരെ ദൂരെയാകുന്നു. അതിനും നിങ്ങള്‍ക്കുമിടയില്‍ ഇനിയെന്ത്? അവര്‍ ആരവം മുഴക്കുന്നു, പോപ്കോണ്‍ കൊറിക്കുന്നു, മാനിക്വിനുകളെക്കണക്ക് അണിഞ്ഞൊരുങ്ങുന്നു. ഒന്നും നിങ്ങളെ തൊടുന്നില്ല. ഉള്‍ത്തടം പരിണാമത്തിലെ ഗ്രേറ്റ് റിഫ്റ്റ് പോലെ പിളര്‍ന്നുപോകുമ്പോള്‍ ഉറ്റവരുടെ കുശലങ്ങള്‍ പോലും കഠിനാഘാതമായി മാറുന്നു. എന്തിനാണ് ഇത്രയും സങ്കടങ്ങളുമായി ഒരു നിലനില്പിനെ ദൈവം പടച്ചത്. കഥകളുടെയൊക്കെ പൊരുള്‍പിടുത്തം കിട്ടുന്നത് മധ്യവയസ്സിലാണ്. ദുഃഖിതനായ രാജാവിനോട് സന്തുഷ്ടനായൊരു മനുഷ്യന്‍റെ കുപ്പായം കണ്ടെത്തി ധരിക്കുക എന്ന പ്രതിവിധി കൊടുത്ത ഗുരു. ആരംഭത്തില്‍ സരളമായി അനുഭവപ്പെട്ട ഒരു കാര്യം പെട്ടെന്ന് ക്ലേശകരമായി. ഓരോരുത്തരും അവരവരുടെ തട്ടകങ്ങളില്‍ അതൃപ്തരും വിഷാദികളുമായിരുന്നു. ഒടുവില്‍ സന്തുഷ്ടനായ ഒരാളെ കണ്ടെത്തിയപ്പോള്‍ അയാള്‍ക്ക് കുപ്പായമില്ലായിരുന്നു! എന്തെങ്കിലും ഒരു ഭൗതികവ്യവഹാരം ഉള്ളൊരാള്‍ക്ക് വിഷാദത്തെ ബൈപാസ് ചെയ്യുക അസാധ്യമാണ്.
മനുഷ്യനായിരിക്കുന്നതിന് ഒരാള്‍ കൊടുക്കുന്ന കപ്പമാണ് ഈ കരച്ചില്‍. ഓര്‍മ്മകള്‍ തീവ്രവും അഗാധവുമാകുന്നതനുസരിച്ച് ദുഃഖത്തിന്‍റെ നിരപ്പു വര്‍ദ്ധിക്കുന്നു. മൃഗങ്ങള്‍ നാം മനസ്സിലാക്കുന്ന രീതിയില്‍ ദുഃഖിക്കാറില്ലെന്ന് നിരീക്ഷിച്ചിട്ടില്ലേ? അകിടു തേടിയെത്തിയ കിടാവിനെ തള്ളപ്പശു പുറംകാലു കൊണ്ട് തട്ടിമാറ്റിയതിന്‍റെ പേരില്‍ ഒരു കിടാവും കവിതയെഴുതിയിട്ടില്ല. മനുഷ്യനാണ് വാര്‍ദ്ധക്യത്തിലും അമ്മ പുരട്ടിയ ചെന്നിനായകത്തേക്കുറിച്ച് പതം പറയുന്നത്. ചുരുക്കത്തില്‍ ഓര്‍മ്മകള്‍ക്കു കൊടുക്കുന്ന വിലയാണ് ദുഃഖം.
ദൈവം പുലരിക്കിനാവില്‍ പ്രത്യക്ഷപ്പെട്ട്, 'നിനക്കെന്തു വേണം; ഈ കൈയില്‍ വിസ്മൃതിയുണ്ട്, മറ്റേ കൈയില്‍ വിഷാദവും?' 'എനിക്ക് ദുഃഖം മതി!'
സങ്കടങ്ങളില്‍ അത്ര സങ്കടപ്പെടാനൊന്നുമില്ല എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. പ്രവാചകന്മാര്‍ ആ നസ്രായനെ വിളിച്ചിരുന്നത് സങ്കടങ്ങളുടെ മനുഷ്യന്‍ എന്നാണ്. അയാളുടെ ഭാഗ്യവചനങ്ങളില്‍ ഇങ്ങനെയും ഒരു കാര്യമുണ്ട്: 'കരയുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, നിങ്ങള്‍ക്ക് സമാശ്വാസമുണ്ടാകും.' എന്തിനെയോര്‍ത്താണോ കരഞ്ഞത് അവയ്ക്കു പരിഹാരമുണ്ടാകും എന്ന അര്‍ത്ഥത്തില്‍ തന്നെയാവണമെന്നില്ല. കരച്ചില്‍ തന്നെയാണ് സമാശ്വാസം. അതിന്‍റെ ആനുകൂല്യമില്ലായിരുന്നുവെങ്കില്‍ സേഫ്റ്റി വാല്‍വ് അടഞ്ഞ പ്രഷര്‍ കുക്കര്‍ പോലെ എന്നേ നിങ്ങള്‍ ചിന്നി ചിതറിയേനെ. അതുകൊണ്ടാണല്ലോ, ഒരു ദുരന്തത്തെ അഭിമുഖീകരിച്ച മനുഷ്യന്‍ എന്തിനു കരഞ്ഞു എന്നതല്ല, എന്തുകൊണ്ട് കരഞ്ഞില്ല എന്ന് പരസ്പരം ആരാഞ്ഞ് നമ്മളിങ്ങനെ ഭാരപ്പെടുന്നത്. 'Life Is Like Licking Honey Off a Thorn: Reflections on the Joys and Pains of Life' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം വായിച്ചു. തലക്കെട്ടില്‍ ഭംഗിയുണ്ട്. സങ്കടങ്ങള്‍ വിരിഞ്ഞാലും ചിലപ്പോള്‍ ആനന്ദത്തിന്‍റെ ഒരു തേന്‍കണം കിട്ടിയെന്നിരിക്കും; വേദനിപ്പിക്കുന്ന ഏതൊരു മണല്‍ത്തരിയും മുത്തായി മാറുമെന്ന ലളിതമായ പ്രകൃതിപാഠം പോലെ.