ശ്രീരാമകൃഷ്ണപരമഹംസർ തന്റെ ചെറുപ്പത്തിൽ നടന്ന ദർശന സമാനമായ ഒരു സംഭവത്തെപ്പറ്റി വിവരിക്കുന്നുണ്ട്. അദ്ദേഹം ഒരു ദിവസം ഒരു പുഴക്കരയിലൂടെ നടന്നുപോവുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടത്, തളർന്നു വിവശയായ ഒരു തവളയ്ക്ക് ഒരു സർപ്പം കാവലിരിക്കുന്നു. ക്ഷതമേറ്റ തവളയെ സൂര്യതാപത്തിൽ നിന്ന് രക്ഷിക്കാൻ സർപ്പം പത്തിവിടർത്തി ഒരു കുടപോലെ നില്ക്കുന്നു. പരമഹംസർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. നിമിഷനേരം കൊണ്ട് വെട്ടിവിഴുങ്ങി വിശപ്പു ശമിപ്പിക്കേണ്ട സർപ്പം തവളയുടെ കാവലാളായി മാറുന്ന ദൃശ്യം. അദ്ദേഹത്തിന് ഒരു എത്തും പിടിയും കിട്ടിയില്ല. ഇവിടെയെന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നു. മൃഗീയതയെയും ക്രൗര്യത്തെയും സ്‌നേഹവും അനുകമ്പയും കരുതലുമായി പരിണമിപ്പിക്കുന്ന ഒരു ദിവ്യപ്രതിഭാസം ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അടുത്ത് നടന്നുപോയ വേടനോട് അദ്ദേഹം ചോദിച്ചു: 'ഇവിടെയടുത്ത് ആരെങ്കിലും തപസ്സിരുന്ന് പ്രാർത്ഥിക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോ?' ഒരു മരത്തിന്റെ ചുവട്ടിൽ ഒരു വൃദ്ധൻ വെറുതെ ഇരിക്കുന്നതായി കണ്ടതായി വേടൻ പറഞ്ഞു. പരമഹംസർ അടുത്തുള്ള കാട്ടിൽചെന്ന് നോക്കുമ്പോൾ വയോധികനായ ഒരു യോഗി പ്രാർത്ഥനാനിരതനായി കണ്ണുമടച്ചിരിക്കുന്നു. ധ്യാനനിമഗ്നനായിരിക്കുന്ന ആ യോഗീവര്യന് ചുറ്റും അനിർവചനീയമായ ഒരു പ്രകാശസ്രോതസ്സ്. മൃഗീയതയെയും ക്രൗര്യത്തെയും ക്രോധത്തെയും സ്‌നേഹവും കരുതലുമായി മാറ്റിയ അദൃശ്യശക്തി ഇവിടെ നിന്നുറവെടുത്തതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈശ്വരധ്യാനത്തിന്റെ പ്രാർത്ഥനയുടെ ഭാവനാതീതമായ ശക്തി! അവധാനപൂർവ്വവും സമ്പൂർണ്ണവുമായ ഈശ്വരസമർപ്പണത്തിന്റെ പരിണിതഫലമായുറവെടുക്കുന്ന അവാച്യമായ കരദൃശ്യശക്തി! ആ പ്രഭാവം ശത്രുവിനെ മിത്രവും മൃഗീയതയെ മനുഷ്യത്വപരവും തിന്മയെ നന്മയുമാക്കുന്നു.
നിത്യരക്ഷയും പരിത്രാണവും മോക്ഷവും സുരക്ഷിതമാക്കുന്ന ഏറ്റവും ശക്തമായ കവചം പ്രാർത്ഥനയാണെന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അടിവരയിട്ടു പറയുന്നു. സ്രഷ്ടാവിലുള്ള ആഴമേറിയ വിശ്വാസം പ്രകടമാകുന്ന അവസ്ഥയാണ് പ്രാർത്ഥനയും ആരാധനയും. പ്രാർത്ഥനയുടെ പ്രസക്തി നിർവ്വചിക്കുമ്പോൾ മാർപാപ്പ രണ്ടു വിശുദ്ധരുടെ പ്രബോധനങ്ങളെയാണ് ഉദ്ധരിക്കുന്നത്. റിഡംപ്‌റ്റോറിസ്റ്റ് സഭയുടെ സ്ഥാപകനായ വിശുദ്ധ അൽഫോൻസസ് ലിഗോരിയും ഡൊമിനിക്കൻ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡൊമിനിക് ഗുഡ്മാനും. ഇവർ ബെനഡിക്ട് പതിനാറാൻ പാപ്പയുടെ പ്രാർത്ഥനാജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളാണ്. വത്തിക്കാനിൽ പ്രാർത്ഥനയുടെ പ്രസക്തി ഉദ്ദീപിപ്പിക്കുന്ന പ്രഭാഷണങ്ങളിലും പാപ്പ ഈ രണ്ടു വിശുദ്ധരുടെയും ഉപേദശങ്ങളെയാണ് ഉദ്ധരിച്ചത്. 'അൽഫോൻസിയൻ' മാതൃകയിലുള്ള പ്രാർത്ഥനയെന്നാണ് പാപ്പ പലപ്പോഴും ഉദ്‌ഘോഷിച്ചത്.
ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച അൽഫോൻസസ് ലിഗോരി (1696-1787) പരി. മറിയത്തെ സ്തിച്ചുകൊണ്ടും കുരിശിന്റെ വഴിയുടെ അപരിമേയമായ പ്രാധാന്യം പ്രഘോഷിച്ചുകൊണ്ടും എഴുതിയ പ്രാർത്ഥനകൾ സഭയുടെ ആധികാരിക സ്‌തോത്രഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 1839-ൽ ഗ്രിഗറി പതിനാറാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയിലെ അദ്വിതീയനായ ദൈവശാസ്ത്രകാരൻ എന്ന സ്ഥാനമേകി ആദരിച്ചുകൊണ്ട് 1871-ൽ പയസ് ഒമ്പതാമൻ പാപ്പ അേദ്ദഹത്തിന് സഭയുടെ ഡോക്ടർ എന്ന പദവി നല്കി. 1732-ലാണ് വിശുദ്ധ അൽഫോൻസസ് റിഡംപ്‌റ്റോറിസ്റ്റ് സഭ സ്ഥാപിക്കുന്നത്. നിത്യേന പ്രാർത്ഥിക്കുന്നവന് മോക്ഷം ലഭിക്കുമെന്നും, പ്രാർത്ഥിക്കാത്തവന് നിത്യരക്ഷ അസാധ്യമാണെന്നും അൽഫോൻസസ് പ്രസ്താവിച്ചു. വിശുദ്ധ അൽഫോൻസസ് ലിഗോരിയെ ഉദ്ധരിച്ചുകൊണ്ട് ബെനഡിക്ട് പാപ്പ പറയുന്നു, പ്രാർത്ഥനയിലൂടെ മാത്രമേ ദൈവത്തോടടുക്കാനും സത്യത്തെ ഗ്രഹിക്കാനുള്ള ശക്തി ലഭിക്കാനും സാധിക്കൂ. യേശുപോലും അശുദ്ധാത്മാക്കളിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം പിതാവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു.
വിശുദ്ധ ഡൊമിനിക് കാണിച്ചുതന്ന പ്രാർത്ഥനയുടെ ഒമ്പതു വഴികളാണ് ബെനഡിക്റ്റ് പാപ്പയുടെ പ്രാർത്ഥനാജീവിതത്തെ സ്വാധീനിച്ച മറ്റു മാതൃകകൾ. ആത്മാക്കളുടെ നിത്യരക്ഷ മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നു വിശുദ്ധ ഡൊമിനിക്കിന്റെ പ്രാർത്ഥനാവഴികൾ. സ്‌പെയിനിലെ കലേരുഗായിൽ ജനിച്ച ഡൊമിനിക് ഗുഡ്മാൻ (1170-1221) 1215-ലാണ് ഡൊമിനിക്കൻ സന്യാസസഭ സ്ഥാപിക്കുന്നത്. ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ 1234-ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഒരു ഡൊമിനിക്കൻ സന്യാസി 'വിശുദ്ധ ഡൊമിനിക്കിന്റെ പ്രാർത്ഥനയുടെ ഒമ്പത് വഴികൾ' പ്രസിദ്ധീകരിച്ചത്. നിന്നും തലകുനിച്ചും മുട്ടുകുത്തിയും കമഴ്ന്നു കിടന്നും വിശുദ്ധ ഡൊമിനിക്ക് നടത്തിയ പ്രാർത്ഥനകൾ ബെനഡിക്ട് പാപ്പയ്ക്കു പിന്നീട് മാതൃകയായി. 2000-ൽ ബെനഡിക്റ്റ് പാപ്പ പ്രസിദ്ധീകരിച്ച 'ആരാധനാക്രമത്തിന്റെ ആത്മാവ്' (Der Geist der Liturgie) എന്ന ഗ്രന്ഥത്തിൽ വിശുദ്ധ ഡൊമിനിക് കാണിച്ച പ്രാർത്ഥനാക്രമത്തിന്റെ പ്രാധാന്യം അടിവരയിട്ടു പറയുന്നു.
ഇന്നത്തെ അതിസാങ്കേതിക മികവുള്ള വൈദ്യപരിപാലനരംഗത്ത് ഡോക്ടർമാർ പലപ്പോഴും മെഡിക്കൽ ടെക്‌നീഷ്യന്മാരാണ് എന്ന് തോന്നുംവിധമാണ് ചികിത്സ നടത്തുന്നത്. പ്രത്യേകിച്ച് പ്രബലമായിക്കൊണ്ടിരിക്കുന്ന നിർമ്മിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കുതിപ്പുകൾ ചികിത്സാ രംഗത്തെയും കീഴടക്കിക്കൊണ്ടിരിക്കുന്ന കാലം.
പ്രാർത്ഥനയ്ക്ക് തക്കതായ നിർവചനമുണ്ടോ? അത് ഹൃദയത്തിന്റെ ആന്തരികവിലാപമോ യാചനയോ ആണ്. ദാതാവും രക്ഷകനുമായ ഒരു അദൃശ്യശക്തി, അത് പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ദൈവവുമാകുന്നു, ആ ദൈവത്തോടുള്ള ഗാഢമായ ബന്ധപ്പെടലാണ് പ്രാർത്ഥന. ദുരിതങ്ങൾ അനുഭവിക്കുമ്പോൾ മാത്രമല്ല സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കുമ്പോഴും ദൈവവുമായി ബന്ധപ്പെടണം. ദൈവത്തെ അനുഭവിക്കാത്ത ഒരുവന് യഥാർത്ഥത്തിൽ അവിടുത്തെപ്പറ്റി പറയാൻ സാധിക്കുമോ? ദൈവത്തെ മുഖാമുഖം കണ്ടവര് ആരെങ്കിലുമുണ്ടോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ! എന്നാൽ യഥാർത്ഥ ദൈവഭക്തന്റെ പ്രാർത്ഥനയിൽ ലാഭേച്ഛയുണ്ടാവരുതെന്നാണ് തത്ത്വം. അനുഗ്രഹങ്ങളും കഷ്ടതകളും സ്വർഗ്ഗവും നരകവും ഒന്നും ഒരു സാക്ഷാൽ ദൈവഭക്തന് വിഷയമാകരുത്. അവന് ഒന്നുമാത്രം മതി, ദൈവകൃപ. എന്നാൽ അഴുക്കും മാലിന്യവും കുമിഞ്ഞു കൂടികിടക്കുന്ന ഒരു ഹൃദയത്തിലേക്കും ദൈവകൃപ അങ്ങനെ കടന്നുവരില്ല. മാലിന്യമുക്തമായി ഹൃദയം ശൂന്യവത്ക്കരിക്കപ്പെടുമ്പോൾ ദൈവകൃപ താനേ വന്നു കൊള്ളും. അർത്ഥം, കാമം, ധർമ്മം, മോക്ഷം എന്ന ലക്ഷ്യങ്ങളിലൂന്നിയാണ് പ്രാർത്ഥന നടക്കുക. ഭൗതിക സമ്പത്തും ശരീരവും ലക്ഷ്യംവച്ചുള്ള കാമവും പരസ്‌നേഹം മുറുകെപിടിച്ചുള്ള നി സ്വാർത്ഥമായ പ്രവൃത്തിയിലൂന്നിയ ധർമ്മവും നിത്യരക്ഷ പ്രാപ്തമാക്കുന്ന മോക്ഷവും എല്ലാം പ്രാർത്ഥനയുടെ വിവിധ തലങ്ങളിൽ നടക്കുന്നു. പ്രാർത്ഥനയുടെ അപരിമേയമായ വിതാനത്തിലെത്തുമ്പോൾ ഒരുവൻ സ്വന്തം ലാഭങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനു പകരം മറ്റുള്ളവരുടെ നന്മയ്ക്കായി മാത്രം പ്രാർത്ഥനയർപ്പിക്കുന്നു. സ്വാർത്ഥ ലാഭത്തിൽ മാത്രം അധിഷ്ഠിതമായ പ്രാർത്ഥന ദൈവം കൈക്കൊള്ളുമോ?
ശരീരനാശം സൃഷ്ടിക്കുകയും മരണഭീതിയുളവാക്കുകയും ചെയ്തു മൃതിഭീകരതയുടെ സം വേദനത്തെ കോർത്തിണക്കുന്ന രോഗത്തെ അത്ഭുതകരമായി പിടിയിലൊതുക്കുവാൻ പ്രാർത്ഥനയ്ക്കും തപസ്സിനും സാധിക്കുമെന്ന് നാം തിരിച്ചറിയണം - ശരീരത്തിന്റെ ഊർജ്ജസ്രോതസ്സുകളിൽ ലീനമായി കിടക്കുന്ന ആന്തരികശക്തികളാണ് രോഗാതുരതയെ തടയുന്നതും ശമിപ്പിക്കുന്നതുമെന്ന് നാം മനസ്സിലാക്കണം. ഇവകളുടെ സന്തുലിതാവസ്ഥ പതറുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നത്. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ ശക്തിക്കുള്ള ഉത്തേജനം മാത്രമാണ് വിവിധ ചികിത്സാരീതികൾ. അല്ലാതെ ഒരു ഔഷധചികിത്സയ്ക്കും ഒരു രോഗത്തെയും പൂർണ്ണമായി ഉന്മൂലനം ചെയ്യാനാവില്ല.
ഡോക്ടർമാരിൽ പലരും തങ്ങൾ ചികിത്സിക്കുന്ന രോഗികൾ സുഖം പ്രാപിക്കുമ്പോൾ അത് തങ്ങളുടെ മാത്രം കഴിവുകൊണ്ടാണെന്ന് കരുതി ലഹരികൊള്ളുകയോ അഹങ്കരിക്കുകയോ ചെയ്യുന്നു. യൂണിവേഴ്‌സിറ്റിയിൽ പഠിച്ചവിജ്ഞാനമെല്ലാം രോഗിക്കുമേൽ പ്രയോഗിച്ചപ്പോൾ രോഗം അപ്രത്യക്ഷമായി. അപ്പോൾ രോഗീചികിത്സ വൈദ്യശാസ്ത്ര അറിവുകളുടെ ഒരു പ്രകടനമാണെന്നു കരുതുന്നു. ശാസ്ത്രത്തിനു മാത്രമേ എന്തിനും പരിഹാരം കാണാൻ സാധിക്കുകയുള്ളൂവെന്ന ധാർഷ്ട്യം ഡോക്ടർമാർക്കിടയിൽ വ്യാപകമാണ്. അതവരുടെ കരുത്തായി കരുതുന്നു. എന്നാൽ ഈ മനോഭാവം ശരിയാണോ? അല്ല തന്നെ. ദൈവത്തിന്റെ രോഗശാന്തി പ്രക്രിയ ഇഹലോകത്ത് പ്രാവർത്തികമാക്കാൻ നിയുക്തരായ വെറും ഉപകരണങ്ങൾ മാത്രമാണ് ഡോക്ടർമാർ എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ് രോഗീശുശ്രൂഷ പൂർണ്ണവും സമഗ്രവുമാകുന്നത്.
1912-ൽ വൈദ്യശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനും ഒരുമിച്ച് നോബേൽ പുരസ്‌കാരം ലഭിച്ച അലക്‌സിസ് കാരൽ (1873-1944) എന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞന്റെ ജീവിതവീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. നാസ്തികനും യുക്തിവാദിയുമായിരുന്ന ഡോ. അലക്‌സിസ് കാരൽ എങ്ങനെ ഒരു തികഞ്ഞ ദൈവവിശ്വാസിയായിത്തീർന്നു? ദൈവത്തെയും അത്ഭുതരോഗസൗഖ്യത്തെയും എപ്പോഴും തള്ളിപ്പറഞ്ഞിരുന്ന അലക്‌സിസ് കാരൽ, ഫ്രാൻസിലെ ലൂർദ്ദ് തീർത്ഥാടക കേന്ദ്രത്തിൽ വച്ച് അത്ഭുതകരമായി രോഗവിമുക്തി നേടിയ ബർണദീത്ത എന്ന യുവതിയുടെ ശാരീരിക പരിവർത്തനങ്ങൾ നേരിൽകണ്ടറിഞ്ഞ് ഒരു ദൈവവിശ്വാസിയായി മാറി. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും അവിടത്തോടുള്ള നിരന്തരമായ പ്രാർത്ഥനയും മനുഷ്യശരീരത്തിൽ വിസ്മയകരമായ രാസപരിവർത്തനങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം അസന്നിഗ്ദ്ധം പ്രസ്താവിച്ചു. അവയവ മാറ്റ ശസ്ത്രക്രിയാരംഗത്ത് ശ്ലാഘനീയമായ സംഭാവനകൾ നല്കിയ ശാസ്ത്രജ്ഞനാണദ്ദേഹം. 1947-ൽ പ്രസിദ്ധീകരിച്ച 'പ്രാർത്ഥന' എന്ന തന്റെ പുസ്തകത്തിന്റെ പുറംച്ചട്ടയിൽ അദ്ദേഹം ഇപ്രകാരം എഴുതി: ''പ്രാർത്ഥനയിലൂടെയാണ് മനുഷ്യൻ ദൈവത്തിലെത്തിച്ചേരുന്നതും ദൈവം മനുഷ്യനിൽ പ്രവേശിക്കുന്നതും. പ്രാണവായുവും ജലവും ആവശ്യമാകുന്നതുപോലെ ദൈവത്തെയും മനുഷ്യനാവശ്യമാണ്!''
കൺമുമ്പിൽ കാണുന്ന ഗവേഷണ നിരീക്ഷണങ്ങളുടെ ഫലങ്ങളെ മാത്രം തൊട്ടറിഞ്ഞ് വിശ്വസിക്കുന്ന ശാസ്ത്രജ്ഞർ സ്പർശനാതീതവും പ്രകൃത്യാതീതവുമായ പ്രതിഭാസങ്ങളോട് അവിശ്വാസം പുലർത്തുന്നത് തികച്ചും യാദൃശ്ചികമല്ല. ഇനി വിശ്വാസമുണ്ടെങ്കിൽത്തന്നെ അത് പുറത്തുപറയാൻ മടിക്കുന്നവരാണ് പലരും, കാരണം തങ്ങൾ മതഭ്രാന്തന്മാരും വിഡ്ഢികളുമായി മുദ്രകുത്തപ്പെടുമോ എന്ന ഭയം. ധൈഷണിക സിദ്ധാന്തങ്ങളെ മാത്രം വാരിപ്പുണരുന്ന ശാസ്ത്രജ്ഞർ, തനിക്ക് പഞ്ചേന്ദ്രിയങ്ങൾക്കുള്ളിൽ ഒതുങ്ങുന്ന അറിവുകൾ മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിയുന്നില്ല. ലോകത്തിലെ എന്തും മനസ്സിലാക്കാൻ ഈ അഞ്ച് ഇന്ദ്രിയങ്ങൾ മതിയാവുമെന്നാണ് മനുഷ്യന്റെ കണക്കുകൂട്ടൽ. എന്നാൽ വാസ്തവമതാണോ? പ്രപഞ്ചനിയന്താവായ ദൈവത്തിന്റെ ലക്ഷ്യങ്ങ ളും സൃഷ്ടിപരിപാലന രഹസ്യങ്ങളും മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ് എന്ന് ജോബിന്റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. നീതിമാൻ അനുഭവിക്കുന്ന ദുഃഖവും സഹനവും അവന്റെ വിശ്വാസം പരീക്ഷിക്കുവാനാണെന്നു നാം മനസ്സിലാക്കുന്നു. ദൈവത്തെ പഴിക്കുകയും ശപിക്കുകയും ചെയ്യുവാൻ തുനിയുന്ന ജോബിനോട് ദൈവം പറയുന്നത് മനുഷ്യന്റെ അറിവിന്റെ അതിരുകൾ വ്യക്തമാക്കുവാൻ പര്യാപ്തമാകുന്നു.
'അപ്പോൾ കർത്താവ്, ചുഴലിക്കാറ്റിൽ നിന്ന് ജോബിന് ഉത്തരം നല്കി. അറിവില്ലാത്ത വാക്കുകളാൽ ഉപദേശത്തെ ഇരുളാക്കുന്ന ഇവൻ ആരാണ്? പൗരുഷത്തോടെ നീ അരമുറുക്കുക; ഞാൻ നിന്നെ ചോദ്യം ചെയ്യും; നീ ഉത്തരം പറയുക. ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കിൽ പറയുക. അതിന്റെ അളവുകൾ നിശ്ചയിച്ചതാരാണ്? (ജോബ് 38:1-5)
ജോബ് കർത്താവിനോട് പറഞ്ഞു: എനിക്കു മനസ്സിലാകാത്ത അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുപോയി. അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാൻ പശ്ചാത്തപിക്കുന്നു. (ജോബ് 42:3,5,6)
മതം കേവല വിശ്വാസങ്ങളിലധിഷ്ഠിതമായിട്ടാണ് അല്ലാതെ തെളിവുകളുടെ ബലത്തിലല്ല അതിന്റെ പ്രമാണങ്ങളും തത്ത്വസംഹിതകളും എഴുതിവച്ചിരിക്കുന്നത് എന്ന് വിമർശിക്കുന്ന നാസ്തികരും യുക്തിവാദികളുമുണ്ട്. എന്നാൽ ലോകം കണ്ട ബുദ്ധിജീവികൾ പലരും ഈ വിഭാഗീയതയെ ഖണ്ഡിച്ചിട്ടുണ്ട്.
നിരന്തരമായ പ്രാർത്ഥനയും ധ്യാനവും ശരീരത്തിലുളവാക്കുന്ന ജൈവശാസ്ത്രപരവും രാസഘടനാപരവുമായ വ്യതിയാനങ്ങളെ അപഗ്രഥിച്ചുകൊണ്ട് ഗവേഷണ നിരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. അവ കണ്ടെത്തിയ ഗുണകരമായ ഫലങ്ങൾ താഴെ പറയുന്നു:
- രക്തസമ്മർദ്ദം കുറക്കുന്നു.
- ഹൃദയസ്പന്ദന വേഗത കുറയ്ക്കുകയും സന്തുലിതമാക്കുകയും ചെയ്യുന്നു.
- ഹൃദയ-ശ്വാസകോശ ഏകകാലീകരണം സംഭവിക്കുന്നു.
- ഹോർമോണുകളായ സെറോട്ടോങിന്റെയും മെലാട്ടോണിന്റെയും അളവുകൾ വർദ്ധിപ്പിക്കുന്നു.
- നാഡികളുടെ സംവേദന ക്ഷമത ക്രമീകരിക്കുന്നു.
- പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു.
- സ്‌ട്രെസ് കുറയ്ക്കുകയും ശുഭകരമായ മാനസ്സികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.സ്‌ട്രെസ് ഹോർമോണുകളുടെ അളവ് കുറക്കുന്നു; ഉന്മാദഹോർ മോണുകളുടെ തോത് വർദ്ധിപ്പിക്കുന്നു.
- നിഷേധാത്മകമല്ലാത്ത, സുനിശ്ചിതവും ദൃഢവുമായ മാനസ്സിക നില സംജാതമാകുന്നു.
ചുരുക്കത്തിൽ, ശാസ്ത്രഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള മേല്പറഞ്ഞ അനുകൂല ഘടകങ്ങളെല്ലാം ഒരുവന്റെ മാനസ്സിക-ശാരീരിക പ്രതിഭാസങ്ങ ളെ ആരോഗ്യപൂർണ്ണമാക്കുവാൻ പര്യാപ്തമാകുന്നു.
താരാശങ്കർ ബന്ദോപാദ്ധ്യായയെ (1879-1971) നാം അറിയണം. ബംഗാളിലെ ലാബ്പൂർ ഗ്രാമത്തിൽ ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ച താരാശങ്കർ 65 നോവലുകളും 53 കഥാപുസ്തകങ്ങളും 12 നാടകങ്ങളും തുടങ്ങി ആകെ 140 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ജ്ഞാനപീഠവും പത്മഭൂഷനും ലഭിച്ച അദ്ദേഹം ഭാരതം കണ്ട ഏറ്റവും വലിയ സാഹിത്യകാരൻ തന്നെ. അദ്ദേഹം 1953-ൽ എഴുതിയ 'ആരോഗ്യനികേതനം' എന്ന ഗ്രന്ഥങ്ങത്തിലൂടെയാണ് ഞാൻ നിങ്ങളെ കൈ പിടിച്ചുകൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്. ഗദ്ഗദം കൊള്ളുന്ന മനോവേദനയുടെ നനുത്ത ഇതളുകൾ വിടരുന്ന മനോഹരമായ വാക്കുകൾ ചേർത്തുവച്ച വരികളിലൂടെ അദ്ദേഹം വായനക്കാരെ കൂടെ കൊണ്ടുപോകുന്നു.
ആരോഗ്യനികേതനത്തിലെ ജീവൻ മശായിയാണ് കഥാപുരുഷൻ. കൊടുക്കുന്ന ഔഷധങ്ങൾക്കുപരിയായി സ്‌നേഹവും സാന്ത്വനവും അനുകമ്പയും നല്കി നിരാലംബരെ ചികിത്സിച്ചു ഭേദമാക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഭിഷഗ്വരൻ. പാരമ്പര്യ വൈദ്യപരിജ്ഞാനം കൈമുതലായുള്ള ജീവൻ മശായി പുതിയ തലമുറയിലെ ഡോക്ടർമാരുടെ ചികിത്സാ ശൈലിയിൽ തികച്ചും അസ്വസ്ഥനാണ്. രോഗങ്ങളേക്കാളുപരി രോഗിയാവണം ആതുരചികിത്സയുടെ കേന്ദ്ര ബിന്ദുവെന്ന് വാദിക്കുന്നു ജീവൻ മശായിക്ക്, രോഗികളുടെ ഖിന്നവും വിഷണ്ണവുമായ മാനസ്സികവ്യാപാരങ്ങൾക്ക് പ്രാമുഖ്യം കൊടുക്കാതെ ചികിത്സിക്കുന്ന ആധുനിക ഡോക്ടർമാരോട് ഭയമാണ്. വഴിയിൽ കാണുന്ന ഓരോരുത്തരോടും ജീവൻമശായി ചോദിക്കും, 'സുഖമല്ലേ?' സുഖമായിരിക്കണം, എങ്കിലേ സ്വർഗ്ഗത്തിലുള്ള ഈശ്വരനും സുഖമുണ്ടാകയുള്ളൂ!'
ഇന്നത്തെ അതിസാങ്കേതിക മികവുള്ള വൈദ്യപരിപാലനരംഗത്ത് ഡോക്ടർമാർ പലപ്പോഴും മെഡിക്കൽ ടെക്‌നീഷ്യന്മാരാണ് എന്ന് തോന്നുംവിധമാണ് ചികിത്സ നടത്തുന്നത്. പ്രത്യേകിച്ച് പ്രബലമായിക്കൊണ്ടിരിക്കുന്ന നിർമ്മിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കുതിപ്പുകൾ ചികിത്സാ രംഗത്തെയും കീഴടക്കിക്കൊണ്ടിരിക്കുന്ന കാലം. ജീവൻ മശായി പറയുന്നതുപോലെ രോഗിയുടെ കഥകൾ ശ്രവിച്ച്, അവരുടെ നിസ്വനങ്ങളും പരിദേവനങ്ങളും അനുഭവിച്ച്, അവരുടെ വികാര വിചാരങ്ങളാൽ അലിഞ്ഞുചേർന്ന് രോഗനിർണ്ണയവും ചികിത്സയും സംവിധാനം ചെയ്യുന്ന എത്ര ഡോക്ടർമാർ ഉണ്ട് ഇന്ന് നമ്മൾക്ക്? യൂണിവേഴ്‌സിറ്റിയിൽ പഠിച്ച അറിവുകളെല്ലാം പ്രയോഗിക്കാൻ പറ്റിയൊരിടമായി രോഗിയെ കാണുന്നു. സ്‌കാനുകളുടെയും സ്‌കോപ്പികളുടെയും കത്തീറ്റർ പരിശോധനകളുടെയും ലോകത്ത് നട്ടം തിരിയുന്ന രോഗികളെയാണ് നാം കാണുന്നത്. അല്പ സമയം രോഗിയോടൊപ്പമിരുന്നു സംസാരിച്ചാൽ തീരുന്ന അസ്വാസ്ഥ്യങ്ങൾക്കു പോലും ചെയ്യേണ്ടി വരുന്ന പരിശോധനകളുടെ എണ്ണം കൂടുന്നു. പരിശോധനകളിൽ രോഗം കണ്ടുപിടിക്കപ്പെടുന്നതുവരെ അവ തുടർന്നുകൊണ്ടിരിക്കും. എന്നാൽ സ്‌കാനിങ്ങുകളിൽ കാണാത്ത രോഗങ്ങളുണ്ടെന്നും അവ കണ്ടുപിടിച്ചു ചികിത്സിക്കാനുള്ള മാർഗ്ഗങ്ങൾ വേറെയാണെന്നും മനസ്സിലാക്കാൻ പുതുയുഗ ഡോക്ർമാർ തയ്യാറല്ല. തന്മൂലം കഷ്ടപ്പെടുന്നതു രോഗികൾ തന്നെ. ഇതാണ് നമ്മുടെ ആതുരചികിത്സാരംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. രോഗസൗഖ്യത്തിനായുള്ള നിരന്തരമായ പ്രാർത്ഥനയുടെ പ്രസക്തിയെപ്പറ്റി പറഞ്ഞാൽ ആ ഡോക്ടർ പഴഞ്ചനാകും. മറ്റു ഡോക്ടർമാർ എഴുതിത്തള്ളുകയോ തഴയുകയോ ചെയ്ത എത്രയെത്ര രോഗികൾ എന്റെയടുത്ത് ചികിത്സക്കായി എത്തുന്നു. ആയുസ്സ് ഏതാനും മാസങ്ങൾ മാത്രം കല്പിക്കപ്പെട്ട രോഗികൾ, കർശനമായ ജീവിതക്രമീകരണത്തിലൂടെയും ഔഷധചികിത്സയിലൂടെയും എത്ര പതിറ്റാണ്ടുകൾ ജീവിക്കുന്നു. അവരോട് ഞാൻ പ്രത്യേകിച്ച് പറയുന്നത് ഒരു കാര്യം മാത്രമാണ്, നിങ്ങൾ നിരന്തരമായി പ്രാർത്ഥിക്കണം! പ്രാർത്ഥനയുടെ ശക്തിയെപ്പറ്റി അവർക്ക് പറഞ്ഞു കൊടുക്കും.
'കർത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്. ജീവന്റെയും മരണത്തിന്റെയും മേൽ അങ്ങേയ്ക്ക് അധികാരമുണ്ട്' (ജ്ഞാനം 16:12).
ലൂർദ്ദ് ആശുത്രിയിൽ എന്റെ ഒരു ദിനം തുടങ്ങുന്നത് പ്രാർത്ഥനയോടെയാണ്. ആ പ്രാർത്ഥനയിൽ അന്നവിടെയുള്ള ജൂനിയർ ഡോക്ടർമാരും നേഴ്‌സുമാരും ഫാർമസി വിദ്യാർത്ഥികളും പങ്കുകൊള്ളും. മിക്ക ദിവസങ്ങളിലും വായിക്കുന്ന ബൈബിൾ വചനങ്ങൾ സങ്കീർത്തനങ്ങൾ 23, 25, 27, 91 തുടങ്ങിയവയാണ്. അന്നത്തെ ചെയ്തികളിൽ കർത്താവിന്റെ സംരക്ഷണം യാചിച്ചുകൊണ്ട് പരിശോധനയും ചികിത്സയും നടത്തും. പാളിച്ചകൾ ഉണ്ടാവരുതെയെന്നും കാത്തരുളേണമേയെന്നും മുട്ടിപ്പായി പ്രാർത്ഥിക്കും.
അതെ, ഭിഷഗ്വരനാരാണ്, അവൻ ദൈവത്തിന്റ വെറുമൊരു ഉപകരണം മാത്രം. 'മനുഷ്യന്റെ അത്ഭുതകൃത്യങ്ങളിൽ മഹത്വപ്പെടേണ്ടതിന് അവിടുന്ന് മനുഷ്യർക്ക് സിദ്ധികൾ നല്കി. അതു മുഖേന അവൻ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു' (പ്രഭാഷകൻ 38:6,7).
5/10
വചന വിചിന്തിനം
എന്റെ സ്വരം: നോമ്പും ഉപവാസവും
വി : മത്തായി ശ്ലീഹയോടുള്ള നൊവേന പ്രാർത്ഥന
അനുദിന വിശുദ്ധർ |വി. ബിബിയാന | 02– 12 – 2020