വലിയവനാകാന് ആഗ്രഹിക്കുന്നവന് ചൂഷകനും ഒന്നാമനാകാന് ആഗ്രഹിക്കുന്നവന് കഠിന ഹൃദയനും ആയിരിക്കണമെന്ന ലോകതത്വത്തെ പൊളിച്ചെഴുതി വലിയവന് ശുശ്രൂഷകനും ഒന്നാമന് ദാസനുമായിരിക്കണമെന്ന സ്നേഹകല്പന നല്കിയ യേശു, അതെങ്ങനെ ജീവിതത്തില് പ്രാവര്ത്തികമാക്കി എന്ന് ആഴത്തില് ധ്യാനിക്കുന്ന സമയമാണല്ലോ നോമ്പ്. ഒരാള്ക്ക് എത്രത്തോളം ശുശ്രൂഷകനും ദാസനുമാകാന് സാധിക്കുമെന്നതിന്റെ ഏറ്റവും തീക്ഷ്ണമായ അവതരണമാണ് യേശുവിന്റെ കാല്വരിമലയിലെ ദിവ്യയാഗം. തന്റെ പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് രണ്ടുപേരെ വീതം അവന് അയയ്ക്കുകയാണ്. പോകുന്നതിനു മുന്പ് അവരോട് പറയുന്നു: "യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും-അപ്പമോ സഞ്ചിയോ അരപ്പട്ടയില് പണമോ-കരുതരുത്. ചെരിപ്പ് ധരിക്കാം, രണ്ട് ഉടുപ്പുകള് ധരിക്കരുത്' (മര്ക്കോ. 6:8-9). അതെ, ഉത്ഥാനമഹിമയെ ലക്ഷ്യം വയ്ക്കുന്നവര്ക്ക് ക്രിസ്തു വ്യക്തമായ നിര്ദ്ദേശങ്ങളും നല്കുന്നുണ്ട്. നിന്റെ കണ്ണുകള് ഉത്ഥിതനിലാണ് ഉടക്കിയിരിക്കുന്നതെങ്കില്, നീ അയയ്ക്കപ്പെട്ടവനാണെന്ന ബോധ്യത്തിന് ഇന്നും മങ്ങലേറ്റില്ല എങ്കില്, പാലിക്കേണ്ടതും ഗുരു നല്കിയ ഈ വാക്കുകള് തന്നെ. സമാന്തര സുവിശേഷങ്ങളെല്ലാം ഈശോ ശിഷ്യന്മാരെ അയയ്ക്കുന്ന സംഭവം ചെറിയ വ്യത്യാസങ്ങളോടെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഏറ്റവും ആദ്യമെഴുതപ്പെട്ട വി. മര്ക്കോസിന്റെ സുവിശേഷത്തിലെ വാക്കുകളാണ് നമ്മള് ഇവിടെ ധ്യാനിക്കുന്നത്. യാത്രയില് കൂടെ കരുതരുത് എന്നാവശ്യപ്പെടുന്നത് അപ്പം, സഞ്ചി, പണം, രണ്ട് ഉടുപ്പുകള് എന്നിവയാണ്. കൂടെക്കരുതാന് ആവശ്യപ്പെടുന്നത് വടിയും ചെരിപ്പും മാത്രം. കൂടെക്കരുതേണ്ടവയെക്കാള് കൂടെ കരുതേണ്ടാത്തവയാണ് കൂടുതല്. ശരിയാണ്, ഏതൊരു യാത്രയും നിരവധി ഉപേക്ഷകളുടെ ഫലമാണ്. സ്വന്തം ഭവനത്തിന്റെ നാല് ചുമരുകള്ക്കുള്ളില് ഞാന് വളരെ സുരക്ഷിതനാണ്. ആരും എന്നെ അവിടെ ശല്യപ്പെടുത്തുകയില്ല. എന്നാല് ചുമരുകള് ഉപേക്ഷിച്ചു ഞാന് പെരുവഴിയില് ഇറങ്ങുമ്പോള് അപായസാധ്യതകള് അതിന്റെ പാരമ്യത്തിലാണ്. അയയ്ക്കപ്പെട്ടവന്റെ ആദ്യ ചുവടുവയ്പുകള് തന്നെ ഉപേക്ഷിച്ചവയുടെ എതിര്ദിശയിലേക്കാണ്. ഉത്പത്തി പുസ്തകത്തിലെ (ഉത്പ.19), ഉപേക്ഷിച്ചവയെ തിരിഞ്ഞു നോക്കിയതുകൊണ്ടു മാത്രം ഉപ്പുതൂണായ ലോത്തിന്റെ ഭാര്യ, ഉപേക്ഷകളില് അയയ്ക്കപ്പെട്ടവനുണ്ടായിരിക്കേണ്ട ഗൗരവം സൂചിപ്പിക്കുന്നുണ്ട്. വെള്ളത്തിനു മുകളിലൂടെ ഗുരുവിനെപ്പോലെ നടക്കുവാന് ആഗ്രഹിച്ച പത്രോസും ആദ്യം ഉപേക്ഷിച്ചിരുന്നത് വഞ്ചിക്കുള്ളിലെ അവന്റെ സുരക്ഷിതത്വമുള്ള ഇടമായിരുന്നല്ലോ. അപ്പം സുവിശേഷത്താളുകളില് അപ്പം മുഴച്ചുനില്ക്കുന്ന പ്രതീകമാണ്. പശിയുമായി കടന്നുവന്നവരെയെല്ലാം പശിയകറ്റി വിട്ട കര്ത്താവ് പറയുന്നു, നിന്റെ യാത്രയില് അപ്പം ആവശ്യമില്ലെന്ന്. നീ യാത്ര ചെയ്യുന്നത് നിന്നെ അയച്ചവനുവേണ്ടിയെങ്കില് നിനക്കുവേണ്ട അപ്പം നല്കേണ്ടതും അവന് തന്നെയാണ്. യൂദയായില്, വയലില് ജോലി ചെയ്തിരുന്ന കൊയ്ത്തുകാര്ക്ക് അപ്പവുമായി പോവുകയായിരുന്ന ഹബക്കുക്ക് പ്രവാചകനെ, മുടിയില് പിടിച്ചു തൂക്കിയെടുത്ത് വായുവേഗത്തില്, ആയിരക്കണക്കിന് കിലോമീറ്ററുകള്ക്കപ്പുറം ബാബിലോണിലെ സിംഹക്കുഴിയില് കിടന്നിരുന്ന ദാനിയേലിനുമുന്നില് എത്തിച്ച ദൈവമാണ് നിന്നെ അയച്ചതെങ്കില് നീ അപ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല (ദാനിയേല് 14:33-39). വിശന്നപ്പോള് കല്ലുകള് അപ്പമാക്കി ഭക്ഷിക്കാന് പ്രലോഭകനാല് വെല്ലുവിളിക്കപ്പെട്ടവന്, വിശപ്പില്ലാതെ നാല്പതു ദിവസം കൂടെയിരിക്കാന് അനുഗ്രഹിച്ച പിതാവിന്റെ അനന്തപരിപാലനയില് ആശ്രയംവച്ചാണ് ആ പ്രലോഭനത്തെ അതിജീവിച്ചത്. നാല്പതുദിവസം കാത്തുപരിപാലിച്ച തന്റെ പിതാവിന് ഒരു നേരത്തെ ഭക്ഷണം തരാനും കഴിയുമെന്ന് ദൈവപു ത്രന് വിശ്വാസമുണ്ടായിരുന്നു (മത്താ. 4:1-11). സഞ്ചി Less luggage, more comfort എന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. ഭാണ്ഡക്കെട്ടുകള് യാത്രയുടെ ആസ്വാദ്യത നഷ്ടപ്പെടുത്തും എന്നതാണ് സത്യം. ജ്ഞാനമുള്ളവന് ആവശ്യവും അത്യാവശ്യവും തിരിച്ചറിയുന്നു. അവന് ആവശ്യങ്ങളായി പ്രത്യക്ഷപ്പെടുന്നതിനെ ഒഴിവാക്കുകയും അത്യാവശ്യമായത് മാത്രം കൂടെ കരുതുകയും ചെയ്യുന്നു. ആവശ്യവും അത്യാവശ്യവും ആവശ്യമില്ലാത്തതും ആപേക്ഷികമാണെന്നതാണ് വലിയൊരു വെല്ലുവിളി. എന്റെ അത്യാവശ്യങ്ങള്, എന്റെ വസ്ത്രങ്ങള് എന്റെ കൂടെ, എന്റെ ശരീരത്തിലുണ്ട്. ഇപ്പോള് എനിക്കാവശ്യമുള്ളത് എന്റെ അത്യാവശ്യവും നാളെയെനിക്കു വേണ്ടത് എന്റെ ആവശ്യവും ആണെന്ന് വിവക്ഷിക്കാം. എന്റെ ആവശ്യങ്ങള് ഞാന് എന്റെ ബാഗില് കരുതുന്നവയാണ്. അവയെനിക്ക് ഇപ്പോള് ആവശ്യമുള്ളതല്ല. നാളെ എനിക്കുപയോഗിക്കാനുള്ളതാണ്. എന്റെ സഞ്ചികളില് ഞാന് കുത്തിനിറച്ചവയെല്ലാം എന്റെ നാളെയെക്കുറിച്ചുള്ള ആകുലതകളുടെ ആകെത്തുകയാണെന്ന സത്യം എന്ന് ഞാന് മനസ്സിലാക്കും? കര്ത്താവിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവര്ക്ക് സഞ്ചികള് ആവശ്യമില്ല. പണം മരണക്കിടക്കയില് ഡോണ് ബോസ്കോ തന്റെ കൂടെയുള്ളവരോട് തന്റെ പോക്കറ്റില് പണമെന്തെങ്കിലും ഉണ്ടോ എന്ന് നോക്കുവാനായി പറയുന്നുണ്ട്. അതിന് അദ്ദേഹം പറയുന്ന കാരണം "ഞാന് ജനിച്ചത് ദരിദ്രനായാണ്. ഇക്കാലമത്രയും ഞാന് ജീവിച്ചതും ദരിദ്രനായിത്തന്നെ. എനിക്ക് ദരിദ്രനായിത്തന്നെ മരിക്കണം." എന്റെ കയ്യിലുള്ളത് എന്റെ സഹോദരനും അര്ഹതയുള്ളതാണെന്ന ആദിമക്രൈസ്തവ മനോഭാവം ഉണ്ടെങ്കില് ഒരിക്കലും ആരും ദരിദ്രര് ആവുകയില്ല. ആരും പണക്കാര് ആവുകയില്ല. പ്രളയദുരന്തകാലത്ത് ഒരു സന്ന്യാസസഭ വലിയൊരു തുക ജീവകാരു ണ്യപ്രവര്ത്തനങ്ങള്ക്കായി ചിലവഴിച്ചു എന്ന കാര്യം പത്രങ്ങളില് നിന്നു വായിച്ചറിഞ്ഞ ഒരു സുഹൃ ത്ത് പറഞ്ഞു: "ഈ പൈസ ചെലവഴിക്കുവാനായി ഒരു പ്രളയം വരേണ്ടി വന്നു." ഈ മൂന്ന് വസ്തുക്കളും കൂടെ കരുതരുത് എന്ന് പറയുന്ന ക്രിസ്തു ദൈവപരിപാലനയില് ആഴമായ വിശ്വാസമുള്ളവരായിരിക്കുക എന്നൊരു വലിയ പാഠം പഠിപ്പിക്കുന്നുണ്ട്. നീ അയയ്ക്കപ്പെട്ടത് ക്രിസ്തുവിനാല് ആണെങ്കില് അവനറിയാം നിന്റെ ആവശ്യങ്ങള്. അവന് അതെല്ലാം സമയത്തിന്റെ തികവില് നിനക്ക് നല്കിക്കൊള്ളും. രണ്ടുടുപ്പുകള് ധരിക്കരുതെന്ന ഗുരുവിന്റെ മൊഴികള്ക്കു പിന്നില് നീ ദ്വിമുഖമുള്ളവനായിരിക്കരുതെന്ന് വിവക്ഷ. സുതാര്യമായ, ഉറച്ച നിലപാടുകളുള്ള, സത്യത്തിന്റെ മുഖം മാത്രം പ്രശോഭിക്കുന്ന വ്യക്തിയായിരിക്കണം എന്നാണ് ഉദ്ദേശ്യം. കാലങ്ങള്ക്കനുസരിച്ച് നിലപാടുകള് മാറുന്ന, പലയിടത്തും പല മുഖങ്ങള് കാണിക്കുന്ന, പലപ്പോഴും സത്യത്തിനു നേരെ മുഖം തിരിക്കുന്ന ഒരാള്ക്ക് അയയ്ക്കപ്പെട്ടവന്റെ ജോലികള് ഒരു ഭാരമായിരിക്കും. നീ യാത്രയില് കൂടെക്കരുതണം എന്നു ഗുരുവാഗ്രഹിക്കുന്ന രണ്ട് വസ്തുക്കളില് ആദ്യത്തേത് വടിയാണ്. അന്നത്തെ കാലത്ത് യാത്രകളില് വടിയുപയോഗിക്കുന്നത് വളരെ സാധാരണമാണ്. വഴി മുന്നേറുന്നത് ഉയര്ന്ന മലകളും കുത്തനെയുള്ള ഇറക്കങ്ങളും കടന്നാകാം. വഴിയില് വന്യജീവികളുടെ ആക്രമണം ഉണ്ടായേക്കാം. വയറുനിറയ്ക്കാനുള്ള ഫലങ്ങള് പറിക്കാനും വടി ഉപയോഗിക്കാം. രണ്ടാമത്തെ വസ്തുവായ ചെരിപ്പ് യാത്രയിലെ അവിഭാജ്യമായ ഘടകമാണ്. കല്ലുകളും മുള്ളുകളും നിറഞ്ഞ വഴിയിലൂടെ മുമ്പോട്ട് പോകുവാന് പാദരക്ഷകള് കൂടിയേ തീരൂ. വടിയും ചെരിപ്പും ധരിക്കണമെന്ന് പറയുന്ന ഗുരു അതുവഴി ഓര്മ്മപ്പെടുത്തുന്ന ഏതാനും കാര്യങ്ങളുണ്ട്. നിന്റെ യാത്ര കയറ്റിറങ്ങളിലൂടെയാണ്. പാതയില് നിന്റെ യാത്ര തടസ്സപ്പെടുത്തുന്ന വന്യമൃഗങ്ങളേ കണ്ടേക്കാം. വഴിയില് പാദങ്ങളെ മുറിപ്പെടുത്തുന്ന മുള്ളുകളുണ്ടാകാം. ഏതൊരു യാത്രയിലും ഏറ്റവും ആരോഗ്യത്തോടെയിരിക്കേണ്ടത് പാദങ്ങളാണല്ലോ? പാദത്തിനേല്ക്കുന്ന മുറിവുകള്, യാത്രതന്നെ ഇല്ലാതാക്കും. വടി പ്രാര്ത്ഥനയും ചെരിപ്പ് വിശുദ്ധിയും പ്രതിനിധാനം ചെയ്യുന്ന രണ്ടു സത്യങ്ങളാണ്. ഇവ കൂടാതെ കര്ത്താവിനാല് അയയ്ക്കപ്പെടുന്ന യാത്രകള് പൂര്ണ്ണമാകില്ല എന്നു ചുരുക്കം. എന്റെ ജീവിതത്തിലുമുണ്ട് അപ്രതീക്ഷിതമായ കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും. ഇന്ന് ഞാന് സന്തോഷത്തിന്റെ തിരത്തള്ളലിലെങ്കില് നാളെ ഞാന് ദുഃഖത്തിന്റെ പടുകുഴിയില് ആയിരിക്കാം. എവിടെയായിരുന്നാലും പ്രാര്ത്ഥനയാകുന്ന വടിയാണ് എന്നെ മുമ്പോട്ട് നയിക്കുക. വിശുദ്ധിയുടെ ചെരുപ്പില്ലാതെ എന്റെ വഴികളിലെ അപകടങ്ങളെ ഞാന് എങ്ങനെ തരണം ചെയ്യും. എന്റെ ആത്മാവിനെ വിശുദ്ധിയാല് പൊതിഞ്ഞില്ലെങ്കില് എങ്ങനെയാണ് പ്രലോഭനങ്ങളാകുന്ന കല്ലുകളെയും മുള്ളുകളെയും പ്രതിരോധിക്കുക? രണ്ടു തിരുവചനങ്ങള് ഓര്മ്മിപ്പിക്കുന്നു. വിശുദ്ധി കൂടാതെ ആര്ക്കും കര്ത്താവിനെ ദര്ശിക്കുവാന് സാധിക്കുകയില്ല (ഹെബ്രാ. 12:14). ജഡിക പ്രവണതകളനുസരിച്ചു ജീവിക്കുന്നവര്ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല (റോമാ 8:8). സുവിശേഷത്തില്, അല്പം കഴിഞ്ഞു ഗുരുവിന്റെ പാദങ്ങളിലേക്ക് മടങ്ങിവരുന്നുണ്ട് ഈ അയയ്ക്കപ്പെട്ടവര്. അവര്ക്ക് പറയാന് ഒത്തിരി അത്ഭുതകഥകളും സാക്ഷ്യങ്ങളും ഉണ്ടായിരുന്നു. കാരണം ഉപേക്ഷിക്കേണ്ടവ ഉപേക്ഷിച്ചും കരുതേണ്ടവ കയ്യില് കരുതിയും അവര് പോയി. ഇന്ന് അയയ്ക്കപ്പെടുന്നവര്ക്ക് പറയാന് അത്ഭുതങ്ങളോ കൊടുക്കാന് സാക്ഷ്യങ്ങളോ ഇല്ലെങ്കില് മനസ്സിലാക്കുക, നമ്മള് കൂടെ കൊണ്ടുപോകേണ്ടവ തിരക്കില് മറക്കുകയും ഉപേക്ഷിക്കേണ്ടവ സ്വന്തമാക്കുകയും ചെയ്തവരാണ്. ഈ നോമ്പും നമ്മുടെ ഭൂമിയിലെ യാത്രയുടെ ഒരു ചെറുപതിപ്പാണ്. കര്ത്താവിനാല് അയയ്ക്കപ്പെട്ടവരാണെന്ന യാഥാര്ത്ഥ്യം മറന്നുപോകാതെ, ഗുരുനല്കിയ ഉള്വെളിച്ചങ്ങള് കെടാതെ സൂക്ഷിച്ച് നമുക്ക് യാത്ര തുടരാം.,
അനുദിന വിശുദ്ധർ | ആഗസ്റ്റ് 28 , 2020
വചനവിചിന്തനം - എസ്. പാറേക്കാട്ടിൽ