ഉയിര്പ്പ് പ്രത്യാശയുടെ ആഘോഷമാണ്. ഇനി ഒരു മടങ്ങിവരവില്ല എന്നു കരുതപ്പെടുന്ന മരണവും, ശരിയായ അര്ത്ഥത്തില് ഒരവസാനമല്ല; പ്രത്യാശയും, പ്രതീക്ഷയും അതിനു ശേഷവും ബാക്കി നില്ക്കുന്നു എന്ന ഒരോര്മ്മപ്പെടുത്തലാണ് അത്. ക്രിസ്തുവിന്റെ ഉയിര്പ്പിനെ, ബോക്സോഫീസ് വിജയത്തിനായുള്ള മൂന്നാംനാള് എന്ന് കവി സച്ചിദാനന്ദന് വിമര്ശിച്ചിട്ടുണ്ടെങ്കിലും, അതേ കവി തന്നെ 'എവിടെയീ യാത്രതന്നന്ത്യം മറുപുറം വേറെ നിലാവോ' എന്നും പറഞ്ഞു വച്ചിട്ടുണ്ട്. മറുപുറത്തെ നിലാവ് സൂചിപ്പിക്കുന്നത് തീര്ച്ചയായും മരണത്തോടെ അവസാനിക്കാത്ത ഒന്നിനെയല്ലേ? ഇരുട്ടു മൂടിയ അതിദീര്ഘതുരങ്കപാതയുടെ അങ്ങേയറ്റത്തു തെളിയുന്ന പ്രകാശത്തിന്റെതുണ്ട് ഉറപ്പായും ഒരു വിഭ്രമമല്ല. ചലച്ചിത്രങ്ങള് സംസാരിക്കുവാന് തുടങ്ങിയിട്ടും വാശിയോടെ നിശബ്ദചിത്രങ്ങള് നിര്മ്മിച്ചു പോന്ന ചാര്ളി ചാപ്ലിന്, തന്റെ സംസാരിക്കുന്ന ചലച്ചിത്രമായ 'മൊസ്യൂ വെര്ഡു'വില് ഇങ്ങനെ പറയുന്നുണ്ട്. 'മരണമല്ല, പ്രത്യുത മരണഭയമാണ് മനുഷ്യനെ കൊല്ലാതെ കൊല്ലുന്നത്' എന്ന്. ഈ മരണഭയത്തെ അതിജീവിക്കാതെ നമുക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകുവാനാവില്ല. ബാല്യത്തിന്റെ അറിവില്ലായ്മയിലും, യൗവ്വനത്തിന്റെ തിളപ്പിലും നാം തീരെ ഗൗനിക്കാത്ത മൃതഭയം, പക്ഷെ ജീവിതസായാഹ്നത്തോടെ വളര്ന്നു തിടം വയ്ക്കുന്നു. ഇതിനെ അവഗണിച്ച് മുന്നോട്ടു പോവുക അത്ര എളുപ്പമുള്ളതല്ല. എന്നാല് മരണാനന്തരവും ബാക്കിയാകുന്ന ജീവിതം എന്ന പ്രതീക്ഷ ഒരു പരിധിവരെ ഈ ഭയത്തെ കുറുകെക്കടക്കാന് നമ്മെ സഹായിക്കും. ലോകത്തെ ഏറ്റവും വലിയ അത്ഭുതം ഏത് എന്ന യക്ഷരൂപം ധരിച്ച യമധര്മ്മന്റെ ചോദ്യത്തിന് യുധിഷ്ഠിരന് കൊടുക്കുന്ന മറുപടി ഇതാണ്: ഈ ലോകത്തിലെ ആയിരമായിരം ജീവികള് നിത്യേന മരണത്തിന്റെ കയ്യിലകപ്പെടുന്ന കാഴ്ച എത്ര കണ്ടിട്ടും, തന്നെ ഇതൊന്നും ബാധിക്കുന്നതല്ല എന്ന മട്ടില് മറ്റുള്ളവര് അഹങ്കരിക്കുന്നതാണ് ആ അത്ഭുതം. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന് പ്രയാസമാകുന്ന തരത്തിലുള്ള മരണഭയം പോലെ തന്നെ പ്രശ്നകാരിയാണ് മരണം എന്ന ഉറപ്പുള്ള സത്യത്തെ അവഗണിച്ചു കൊണ്ടുള്ള ജീവിതവും. വാസ്തവത്തില് ഇതിനു രണ്ടിനുമിടയില് ഒരു സം തുലനമാണ് നമുക്കു വേണ്ടത്. ആനുപാതികമല്ലാത്ത മൃത്യുഭയവും, താന് ചിരംജീവിയല്ലേ എന്ന മട്ടിലുള്ള ജീവിതവും ഒരു പോലെ വിഡ്ഢിത്തമാണ്. ഈ രണ്ട് അറ്റങ്ങള്ക്കുമിടയില് ഒരിടം കണ്ടെത്താന് നമ്മെ സഹായിക്കുന്ന ഒന്നാണ് ഉയിര്പ്പിനെക്കുറിച്ചുള്ള പ്രത്യാശ. ഉയിര്പ്പ് ഒരേ സമയം നമ്മോട് നശ്വരതയെക്കുറിച്ചും, അനശ്വരതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഏതൊരു തകര്ച്ചയ്ക്കുശേഷവും ഉയര്ച്ചയിലേക്കൊരു വഴി ശേഷിക്കുന്നുണ്ട് എന്ന പ്രതീക്ഷ അതു നമുക്ക് തരുന്നു. എന്നാല് അതൊട്ട് മരണമെന്ന ആത്യന്തികസത്യത്തെ നിഷേധിക്കുന്നുമില്ല. ഒരു നീര്പ്പോളയെപ്പോലെ ക്ഷണികമാണ് ജീവിതം എന്നു നിരന്തരം അനുസ്മരിപ്പിക്കുമ്പോഴും, ആര്ക്കും വേല ചെയ്യുവാന് പറ്റാത്ത ആ രാത്രികാലത്തിനു ശേഷവും, നിത്യജീവന് എന്ന സുന്ദരസ്വപ്നം അതു നമുക്കു വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം ഉയിര്പ്പിന്റെ ഒരു രാഷ്ട്രീയമാനം കൂടിയുണ്ട്. മനുഷ്യകുലത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള് കണ്ട ഒരു യുവാവിന്റെ അപകടകരമായ ആശയങ്ങള്, തങ്ങളുടെ അധികാരത്തിനു വിലങ്ങുതടിയാകുമോ എന്നു ഭയന്ന അധികാരവൃന്ദവും, പൗരോഹിത്യവും ചേര്ന്ന് അവനെ ഇല്ലായ്മ ചെയ്തു. എന്നിട്ടും അവന് മുന്നോട്ടു വച്ച ആശയങ്ങള് എങ്ങനെ ശവക്കല്ലറയില് നിന്നു മൂന്നാം നാള് തന്നെ പുറത്തു കടന്നു എന്നും, അവ എങ്ങനെ ലോകത്തെ തന്നെ കീഴടക്കി എന്നും അതു നമ്മോട് പറയുന്നു. അവനെ ഇല്ലായ്മ ചെയ്യുവാന് പൗരോഹിത്യത്തിന്റെ ഒത്താശകള് ചെയ്ത റോം തന്നെ ഏതാനും നൂറ്റാണ്ടുകള്ക്കുള്ളില് അവന്റെ സഭയുടെ ആസ്ഥാനമായി എന്നതും ഉയിര്പ്പിനോട് ചേര്ത്തു വായിക്കാവുന്ന ഒന്നാണ്. ഒരു വ്യക്തിയെ വേണമെങ്കില് ഇല്ലാതാക്കാം, എന്നാല് അതുകൊണ്ട് അവന് പ്രതിനിധാ നം ചെയ്യുന്ന ആശയങ്ങളെ നിശ്ശബ്ദമാക്കാന് കഴിയുകയില്ല എന്ന ആത്യന്തികസത്യം ലോകത്തോട് വിളംബരം ചെയ്യുക കൂടിയാണ് ഉയിര്പ്പു തിരുനാളിന്റെ ആഘോഷത്തിലൂടെ നാം ചെയ്യുന്നത്. ലോകം കൊറോണവൈറസ് എന്ന സൂക്ഷ്മജീവിയുടെ ആക്രമണത്തിനു മുന്നില് വിറങ്ങലിച്ചു നില്ക്കുന്ന ഈ വേളയില് ഉയിര്പ്പു തിരുനാളിനു സാംഗത്യമേറുന്നു. ഇതും കടന്നുപോകും എന്ന ഉത്തമബോധ്യത്തോടെ നമുക്കിത്തവണത്തെ ഉയിര്പ്പാഘോഷിക്കാം. കടന്നുപോയ ലക്ഷക്കണക്കിനു സഹജീവികളും വെറും ഇരുട്ടിലേക്കല്ല പോയത് എന്ന ഉറപ്പും ഉയിര്പ്പു ഞായര് നമുക്കു തരുന്നുണ്ട്. എപ്പോഴും ഒരു തിരിച്ചുവരവിനുള്ള സാധ്യത നില നില്ക്കുന്നുണ്ട്. മരണത്തില് നിന്നു രക്ഷപ്പെട്ടിട്ടും, ഉപജീവനമാര്ഗ്ഗം നഷ്ടപ്പെട്ടും മറ്റും അതിജീവനത്തിന് പ്രയാസപ്പെടുന്നവരോടും ക്രിസ്തുവിന്റെ ഉയിര്പ്പ് പങ്കുവയ്ക്കുന്നത് ഒരു തിരിച്ചു വരവിനുള്ള സാധ്യതയാണ്, അതും സര്വ്വ മഹത്വത്തോടുമുള്ള ഒരു തിരിച്ചു വരവ്. മാനവരാശിയുടെ ചരിത്രമെടുത്താല് നമ്മുടെയെണ്ണം വെറും പതിനായിരങ്ങള് മാത്രമായി പരി മിതപ്പെട്ട ഒരു ഘട്ടം ഉണ്ടായിട്ടുണ്ടത്രേ. അതുകൊണ്ടാണ് മറ്റു ജീവ ജാതികളില് കാണുന്ന ജനിതക വൈവിധ്യം അത്രമേല് മനുഷ്യര്ക്കിടയില് കാണാത്തത്. ആ ചെറിയ എണ്ണത്തില് നിന്നും പൊട്ടിമുളച്ചവരാണ് നമ്മള്. എന്തായാലും അന്നത്തേക്കാള് എത്രയോ മെച്ചമാണു കാര്യങ്ങളിപ്പോള്. ആധുനിക വൈദ്യശാസ്ത്രവും, നൂതന സാങ്കേതികതകളും ഇന്നു നമ്മുടെ കൂട്ടിനുണ്ട്. തീര്ച്ചയായും നാമിതും കടന്നുകൂടും. ഇപ്പോള് തന്നെ ഹെര്ഡ് ഇമ്യൂണിറ്റിയുടെയും, പ്രതിരോധമരുന്നുകളുടെയും രൂപത്തില് വെള്ളരിപ്രാവുകള് ഉണക്കചുള്ളിക്കമ്പുകളുമായി മടങ്ങിയെത്തിത്തുടങ്ങിയിരിക്കുന്നു. ഒരു ചിത്രശലഭത്തിനു ചിറകുകള് മുളക്കണമെങ്കില് അതു സമാധിദശയിലൂടെ കടന്നുപോയേ പറ്റൂ. ക്രിസ്തുവിന്റെ മൂന്നു ദിവസത്തെ കല്ലറവാസക്കാലം ഒരു വേള ആ സമാധി ദശയായിരുന്നിരിക്കാം. അങ്ങനെയെങ്കില് നാമേവരും ഒരുപോലെ ഭയക്കുന്ന മരണമെന്ന അന്ത്യത്തെ കുറച്ചു കൂടി ധ്യാനാത്മകമായി കാണാന് ക്രിസ്തുവിന്റെ ഉയിര്പ്പു നമ്മെ സഹായിച്ചേക്കും. മരണമെന്ന ആത്യന്തികവും, അനിവാര്യവുമായ വിധിക്കു മുന്നില് ആയുധം വച്ചു കീഴടങ്ങുമ്പോള് ഇത്തരമൊരു ചിന്ത നമുക്കും സഹായകമാകും. ഉയിര്പ്പ് എന്ന ആത്യന്തികാത്ഭുതം ഇല്ലായിരുന്നു എങ്കിലും ക്രിസ്തുവിന്റെ ജീവിതം സമ്പൂര്ണ്ണമായിരിക്കും, ഉറപ്പ്. ലോകത്തെ ഒന്നു മാറ്റിപ്പണിയാന് ആശിച്ച ആ തച്ചയുവാവിന്റെ ആശയങ്ങള്ക്കും കോട്ടമൊന്നും തട്ടാന് സാധ്യതയുമില്ല. എങ്കിലും ഉയിര്ക്കാത്ത ക്രിസ്തുവിനേക്കാള് ഉയിര്ത്ത ക്രിസ്തുവാണ് നമുക്ക് പ്രത്യാശയുടെ സുവിശേഷം നല്കുന്നത്. ഒരു തസ്കരനെപ്പോലെ ഇരുട്ടില് നിന്ന് അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാത്ത ഒരു വിരുന്നുകാരനെപ്പോലെ കടന്നു വരാനിടയുള്ള മരണമെന്ന രംഗബോധമില്ലാത്ത ആ കോമാളിയെ ഭയമില്ലാതെ സ്വീകരിക്കുവാന് നമ്മെ പ്രാപതരാക്കുന്ന ഉയിര്പ്പ് എന്ന ആ സാധ്യതയ്ക്കു മുന്നില് പ്രണമിച്ചു കൊണ്ട് നമുക്കീ വര്ഷത്തെ ഉയിര്പ്പു തിരുനാള് ആഘോഷിക്കാം. ഏവര്ക്കും ഉയിര്പ്പു തിരുനാളിന്റെ സര്വ്വവിധമംഗളങ്ങളും നേരുന്നു. അമിതമായ ആത്മവിശ്വാസവും, അമിതാവേശവും മാറ്റിനിറുത്തിക്കൊണ്ട് സുരക്ഷിതമായി നമുക്ക് ക്രിസ്തുവിന്റെ ഉയിര്പ്പിനെ ഒരാഘോഷമാക്കാം.
വിശുദ്ധ എഫ്രേം - June 09
വചനവിചിന്തനം ഉയിർപ്പ് ഏഴാം ഞായർ
സെന്റ് ഫ്രാൻസിസ് അസീസി
വിശുദ്ധ ജസ്റ്റിന് - June 01
മനസമ്മതം | ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി