കച്ചവടക്കാരിയും ആശാനും

16,  Sep   

സിൽബാരിപുരംചന്തയിൽ നാണിയമ്മ എന്നൊരു പഴക്കച്ചവടക്കാരി ഉണ്ടായിരുന്നു. ഓറഞ്ചും മുന്തിരിയും മാമ്പഴവും പേരയ്ക്കയും കൈതച്ചക്കയും മാതളനാരങ്ങയുമൊക്കെ അവർ ഭംഗിയായി അടുക്കിവച്ചിരിക്കുന്നതു കണ്ടാൽത്തന്നെ അവിടുന്നു വാങ്ങാൻ ആളുകൾക്കു തോന്നിപ്പോകും. അടുത്തുള്ള ആശ്രമത്തിലെ ആശാൻ കുട്ടികൾക്കായി എന്നും പഴങ്ങൾ വാങ്ങുന്നത് നാണിയമ്മയുടെ കടയിൽ നിന്നാണ്. പക്ഷേ, ആശാന് ഒരു കുഴപ്പമുണ്ട്. അല്പം മുൻശുണ്ഠി കൂടുതലാണ്. പഴം വാങ്ങി ഇറങ്ങുന്ന സമയത്ത് ഏതെങ്കിലും ഒരെണ്ണം അല്പം കിള്ളിയെടുത്ത് വായിൽ വയ്ക്കും. "ത്ഫൂ.. ഇതിനൊന്നും രുചി ഒട്ടുമില്ല, പിന്നെ പ്രായമായ സ്ത്രീയല്ലേ എന്നോർത്ത് മേടിക്കുന്നതാ" അങ്ങനെ കുറ്റം പറഞ്ഞിട്ട് കടയുടെ മുന്നിലിരുന്ന് പിച്ച യാചിക്കുന്നവന്റെ വിരിച്ച തുണിയിലേക്ക് ഇടും! അന്നേരം, നാണിയമ്മ മറുത്തൊന്നും പറയാറുമില്ല. ഇത് മറ്റൊരാൾ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ നാണിയമ്മയോട് ചോദിച്ചു - "നിങ്ങളെയും ഈ പഴങ്ങളെയും നിന്ദിച്ചിട്ടാണല്ലോ ആശാൻ പഴങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നത്. നാണിയമ്മ ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണ്?" നാണിയമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു - "ആശാന്റെ ദേഷ്യമൊക്കെ ചുമ്മാ വേലയാണ്. എന്നും പിച്ചക്കാരന് ഓരോ പഴം കൊടുക്കാനുള്ള സൂത്രവിദ്യയാണ്! എനിക്ക് അതു മനസ്സിലാകില്ലെന്നാണ് ആശാന്റെ വിചാരം. ഞാൻ അന്നേരം മറ്റൊരു വേല പ്രയോഗിക്കാറുണ്ട്. എന്നും ഒരു പഴം ആശാന്റെ പൊതിയില്‍ കൂടുതൽ വയ്ക്കും. എന്റടുത്താ ആശാന്റെ കളി!" ചിന്തിക്കുക..നന്മയുടെ ശൈലികൾ പലർക്കും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാവുന്നതാണ് അല്ലെങ്കില്‍ രൂപകല്‍പന ചെയ്യാവുന്നതാണ്. മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ ആനന്ദിക്കുന്നതെന്ന് ഹാർവാഡ് സർവകലാശാലയുടെ ( യു. എസ്.എ) പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


Related Articles

നിലവിളി |

വിചിന്തിനം

ytthursday audio

വിചിന്തിനം

Contact  : info@amalothbhava.in

Top