യേശു ശരീരത്തോടുകൂടിയാണ് ഉയിര്ത്തെഴുന്നേറ്റതെന്ന സത്യം ശൂന്യമായ കല്ലറ സ്ഥിരീകരിക്കുന്നു. ഉത്ഥാനമെന്നത് ആത്യന്തികമായി യേശുവിന്റെ ശിഷ്യന്മാര്ക്കുണ്ടായ മാറ്റമല്ല, യേശുവിനുണ്ടായ മാറ്റമാണ്. കുരിശില് മരിച്ച വ്യക്തിതന്നെയാണ് ഉയിര്ത്തെഴുന്നേറ്റത് എന്ന സത്യം ശൂന്യമായ കല്ലറ സമര്ത്ഥിക്കുന്നു. ക്രിസ്തു ഉയിര്പ്പിക്കപ്പെട്ടിട്ടില്ലെങ്കില് ഞങ്ങളുടെ പ്രസംഗം വ്യര്ത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യര്ത്ഥം (1 കോറി. 15:14). യേശുവിന്റെ ഉത്ഥാനം ക്രിസ്തീയ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ്. ക്രിസ്തുമാര്ഗ്ഗം ആരംഭിച്ചതുതന്നെ യേശുവിന്റെ ഉത്ഥാനം പ്രഘോഷിച്ചു കൊണ്ടാണ് (അപ്പ. 2:22-24). യേശുവിന്റെ ഉത്ഥാനം പുതിയനിയമത്തില് പുതിയനിയമം എഴുതപ്പെട്ടത് യേശുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ്. പുതിയ നിയമത്തിന്റെ കേന്ദ്ര ആശയവും യേശുവിന്റെ ഉത്ഥാനമാണ്. യേശു മരിച്ചവരില്നിന്ന് ഉത്ഥാനം ചെയ്തു എന്ന യാഥാര്ത്ഥ്യം പുതിയ നിയമഗ്രന്ഥങ്ങളില് മുഴുവന് നിറഞ്ഞുനില്ക്കുന്നു. വിവിധ രീതികളിലൂടെയാണ് പുതിയനിയമഗ്രന്ഥങ്ങള് ഈ സത്യം അവതരിപ്പിക്കുന്നത്. ആദിമസഭയുടെ വിശ്വാസ പ്രഖ്യാപനങ്ങളില് യേശുവിന്റെ ഉത്ഥാനത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട് (അപ്പ. 2:24-28; 3:15; 4:10; റോമാ 10:9). ദൈവം അവനെ മരിച്ചവരില്നിന്നും ഉയിര്പ്പിച്ചു (റോമാ 4:24; 8:11; 10:9; 1 കോറി. 6:14; 2 കോറി. 4:14; ഗലാ. 1:1; 1 തെസ. 1:10), അവന് മരിച്ചു, ഉയിര്ത്തെഴുന്നേറ്റു (1 കോറി. 15:4; 1 തെസ. 4:14; 1 പത്രോ. 3:18) എന്നീ വിശ്വാസപ്രഘോഷണങ്ങള് ഇവയില് സുപ്രധാനമാണ്. യേശുവിന്റെ മരണത്തിന്റെ രക്ഷാകരമൂല്യത്തെക്കുറിച്ചും (2 കോറി. 5:14) മാമ്മോദീസായെക്കുറിച്ചും (റോമാ 6:4; 1 പത്രോ. 1:4), യുഗാന്ത്യത്തിലുള്ള ക്രിസ്തീയ പ്രത്യാശയെക്കുറിച്ചും (റോമാ 14:17; 1 കോറി. 15:12-58) സഭയെക്കുറിച്ചുമുള്ള പ്രസ്താവനകളിലൂടെയും (എഫേ 1:20-23) ഉത്ഥാനരഹസ്യം വ്യക്തമാക്കപ്പെടുന്നു. 'മാറാനാത്ത' എന്ന പ്രാര്ത്ഥനയിലൂടെയും (1 കോറി. 16:22; വെളി. 22:20) ഗീതങ്ങളിലൂടെയും (ഫിലി. 2:6-11; 1 തിമോ. 3:16) ദര്ശനങ്ങളിലൂടെയും (വെളി. 1:12-20) യേശുവിന്റെ ഉത്ഥാനമാണ് അവതരിപ്പിക്കുന്നത്. യേശുവിന്റെ ഉത്ഥാനത്തെ പുതിയ ജീവനിലേക്കുള്ള തിരിച്ചുവരവായും പുതിയനിയമം അവതരിപ്പിക്കുന്നുണ്ട് (മര്ക്കോ. 16:11; ലൂക്കാ 24:23; യോഹ. 14:19; അപ്പ. 1:3; റോമാ 6:9-10; 1 കോറി. 15:45; 2 കോറി. 4:10). ഉത്ഥാനമാണ് യേശുവിന്റെ മഹത്വീകരണത്തിനടിസ്ഥാനം എന്ന് പുതിയനിയമം പഠിപ്പിക്കുന്നു (റോമാ 8:34; 1 പത്രോ. 1:21). ശൂന്യമായ കല്ലറയെക്കുറിച്ചുള്ള വിവരണങ്ങളും (മത്താ. 28:1-15; യോഹ. 20:1-10) ഉത്ഥിതനായ യേശുവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും (മത്താ. 28:16-20; ലൂക്കാ 24:13-53; മര്ക്കോ. 16:9-18; യോഹ. 20:11-31) യേശു ഉയിര്ത്തുവെന്നതിന്റെ തെളിവുകളായി സുവിശേഷകന്മാര് അവതരിപ്പിക്കുന്നു. ഉത്ഥിതനായ യേശുവുമായുള്ള കണ്ടുമുട്ടലുകളാണ് ഉത്ഥാനത്തില് വിശ്വസിക്കാന് അപ്പസ്തോലന്മാര്ക്ക് പ്രധാനകാരണമായത്. ഉത്ഥിതനായ യേശുവിന്റെ സാക്ഷികളാണ് തങ്ങളുടെ അനുഭവം മറ്റുള്ളവരോട് പങ്കുവച്ചത്. ഉയിര്ത്തെഴുന്നേറ്റ യേശു പലര്ക്കും പ്രത്യക്ഷപ്പെട്ടതായി പുതിയനിയമം വിവരിക്കുന്നു. ഉത്ഥിതനായ യേശുവിന്റെ പ്രത്യക്ഷീകരണങ്ങളെ സംബന്ധിച്ച് സുവിശേഷങ്ങളില് വിവിധ വിവരണങ്ങളുണ്ട് (മത്താ. 28:9-10; 28:16-20; ലൂക്കാ 24:13-31; യോഹ. 20:19-29; 21:1-14). കൂടാതെ, പൗലോസ്ശ്ലീഹായുടെ സാക്ഷ്യവുമുണ്ട് (1 കോറി. 15:8-9; 9:1; ഗലാ. 1:12-16; ഫിലി. 3:8-12). പൗലോസ്ശ്ലീഹായുടെ ഉത്ഥാനാനുഭവത്തെക്കുറിച്ച് അപ്പസ്തോല പ്രവര്ത്തനങ്ങളിലും വിവരിക്കുന്നുണ്ട് (അപ്പ. 9:3-9; 22:3-21; 26:1-23). ശൂന്യമായ കല്ലറയുടെ ഏക അടിസ്ഥാനത്തിലല്ല യേശുവിന്റെ ഉത്ഥാനത്തില് നാം വിശ്വസിക്കുന്നത്. കാരണം കല്ലറ പല കാരണ ങ്ങളാലും ശൂന്യമാകാം. എന്നാലും ശൂന്യമായ കല്ലറ എല്ലാവര്ക്കും സാരവത്തായ ഒരു അടയാളമായിരുന്നു. ശിഷ്യന്മാര് പുനരുത്ഥാനമെന്ന യാഥാര്ത്ഥ്യത്തെ തിരിച്ചറിയുന്നതിനുള്ള ഒന്നാമത്തെ പടിയായിരുന്നു അത് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 640). യേശു ശരീരത്തോടുകൂടിയാണ് ഉയിര്ത്തെഴുന്നേറ്റതെന്ന സത്യം ശൂന്യമായ കല്ലറ സ്ഥിരീകരിക്കുന്നു. ഉത്ഥാനമെന്നത് ആത്യന്തികമായി യേശുവിന്റെ ശിഷ്യന്മാര്ക്കുണ്ടായ മാറ്റമല്ല, യേശുവിനുണ്ടായ മാറ്റമാണ്. കുരിശില് മരിച്ച വ്യക്തിതന്നെയാണ് ഉയിര്ത്തെഴുന്നേറ്റത് എന്ന സത്യം ശൂന്യമായ കല്ലറ സമര്ത്ഥിക്കുന്നു. ക്രിസ്തീയ വിശ്വാസമനുസരിച്ച് ഉത്ഥാനമെന്നത് ആത്മാവിന്റെ അമര്ത്യത മാത്രമല്ലെന്ന കാര്യം ശൂന്യമായ കല്ലറ നമ്മെ ഓര്മ്മിപ്പിക്കുന്നു. യേശു ശരീരത്തോടെയാണ് ഉയിര്ത്തെഴുന്നേറ്റതെന്ന കാര്യം ശൂന്യമായ കല്ലറയില്നിന്ന് ഏവര്ക്കും വ്യക്തമാണ്. യേശുവിന്റെ ഉത്ഥാനം സഭാജീവിതത്തില് ആദിമസഭ യേശുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസം ഏറ്റവും വ്യക്തമായി പ്രകടമാക്കിയത് ആരാധനാക്രമത്തിലൂടെയായിരുന്നു. മാമ്മോദീസയിലൂടെ യേശുവിന്റെ മരണത്തിലും ഉത്ഥാനത്തിലും തങ്ങള് പങ്കുകാരാകുകയാണെന്ന ഉറച്ച ബോധ്യം ആദിമ ക്രൈസ്ത വര്ക്കുണ്ടായിരുന്നു (റോമാ 6:3-5). ആദിമക്രിസ്ത്യാനികള് യേശുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസം വ്യക്തമായി പ്രകടമാക്കിയത് ഞായറാഴ്ച ആചരണത്തിലൂടെയായിരുന്നു. അപ്പസ്തോലന്മാരുടെ കാലംമുതല് ക്രിസ്ത്യാനികള് ഞായറാഴ്ചദിവസം ഒന്നിച്ചു കൂടുകയും വിശുദ്ധ കുര്ബാനയര്പ്പിക്കുകയും ചെയ്തിരുന്നു (1 കോറി. 16:2; അപ്പ. 20:7-12). ഞായറാഴ്ചയെ 'കര്ത്താവിന്റെ ദിവസം' എന്നാണ് വിളിച്ചിരുന്നത് (വെളി 1:10). ഞായറാഴ്ച വിശുദ്ധ കുര്ബാനയര്പ്പണത്തിനു ഒന്നിച്ചുകൂടണമെന്ന് ആദിമസഭയില് ഒരു പ്രത്യേക നിയമംവഴി നിഷ്ക്കര്ഷിച്ചിരുന്നില്ല. എന്നാല് സഭാപിതാക്കന്മാര് ഞായറാഴ്ചകളിലെ ബലിയര്പ്പണത്തില് പങ്കെടുക്കണമെന്നു വിശ്വാസികളോട് പ്രത്യേകം നിര്ദ്ദേശിച്ചിരുന്നു. സഭയില് ഒരു പ്രത്യേകനിയമമായി അക്കാലത്ത് ഇല്ലായിരുന്നെങ്കിലും ഞായറാഴ്ച ബലിയര്പ്പണത്തില് പങ്കെടുക്കുക എന്നത് തങ്ങളുടെ കടമയായി ക്രൈസ്തവര് കണക്കാക്കിയിരുന്നു. മതപീഡനകാലത്ത് ഞായറാഴ്ചസമ്മേളനങ്ങള് നിരോധിക്കപ്പെട്ടപ്പോള്പോലും നിരോധനാജ്ഞ ലംഘിക്കാനും ഞായറാഴ്ചകുര്ബാന മുടക്കുന്നതിനേക്കാള് മരണം വരിക്കാനും ആദിമക്രൈസ്തവര് ധൈര്യം കാണിച്ചു. സഭയിലുണ്ടായിരുന്ന ഈ പാരമ്പര്യത്തെ 1917 ലെ കാനന്നിയമസംഹിത ആദ്യമായി ഒരു സാര്വ്വത്രികനിയമമാക്കി. ഇേപ്പാഴത്തെ കാനോനികനിയമസംഹിത ഇത് ആവര്ത്തിക്കുന്നു (പൗരസ്ത്യസഭകളുടെ കാനോനനിയമസംഹിത 881). യേശുവിന്റെ ഉത്ഥാനം വിശ്വാസികള്ക്ക് അവരുടെ ധാര്മ്മികതയുടെ പ്രചോദകസ്രോതസ്സായിവര്ത്തിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവുമായുള്ള വിശ്വാസികളുടെ ഐക്യമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമായി വര്ത്തിക്കുന്നത്. പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ, ഉന്നതത്തിലുള്ളവയെ അന്വേഷിക്കേണ്ടവരാണ് ക്രിസ്ത്യാനികള് (കൊളോ. 3:1). യേശുവിനെപ്പോലെ പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ച് ദൈവത്തിനു വേണ്ടി ജീവിക്കുന്നവരാണ് ക്രിസ്ത്യാനികള്. ''മരിച്ചവരില്നിന്ന് ഉത്ഥാനംചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കയില്ലെന്നും നമുക്കറിയാം. മരണത്തിന് അവന്റെമേല് ഇനി അധികാരമില്ല. അവന് മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവന് മരിച്ചു. അവന് ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന് ജീവിക്കുന്നു. അതുപോലെ നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില് ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്'' (റോമാ 6: 9-11). യേശുവിന്റെ ഉത്ഥാനം: നിഷേധങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും സഭയുടെ ആരംഭം മുതല് ഇന്നുവരെയും യേശുവിന്റെ ഉത്ഥാനത്തില് വിശ്വസിക്കാത്തവരും വ്യത്യസ്ത വ്യാഖ്യാനങ്ങള് നല്കിയവരുമുണ്ട്. ''വിശുദ്ധ പൗലോസ് ശ്ലീഹാ അരെയോപ്പാഗസില് ഉത്ഥാനത്തെക്കുറിച്ച് പ്രസംഗിച്ചപ്പോള് ചിലര് അവനെ പരിഹസിച്ചു. എന്നാല് ചിലര് പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്നിന്നു ഞങ്ങള് പിന്നീടൊരിക്കല് കേട്ടുകൊള്ളാം'' (അപ്പ. 17:32-33). ആദിമസഭയുടെ കാലം മുതല്തന്നെ യേശുവിന്റെ ഉത്ഥാനത്തില് വിശ്വാസിക്കാത്തവര് ഉണ്ടായിരുന്നു എന്ന് ഇതില്നിന്നും വ്യക്തമാണ്. ആധുനികകാലഘട്ടത്തിലും യേശുവിന്റെ ഉത്ഥാനത്തെ നിഷേധിക്കുന്നവരും തെറ്റായി വ്യാഖ്യാനിക്കുന്നവരുമുണ്ട്. യേശുവിന്റെ ഉത്ഥാനം നിരാശരായ ശിഷ്യന്മാരുടെ വ്യാഖ്യാനമാണെന്ന് വ്യാഖ്യാനിച്ച ജര്മ്മനിയിലെ ഹാംബുര്ഗ് സര്വ്വകലാശാലയിലെ അദ്ധ്യാപകനായിരുന്ന റൈമാരൂസ് (1694-1768), ശിഷ്യന്മാര്ക്കുണ്ടായ ഉത്ഥിതന്റെ പ്രത്യക്ഷീകരണം കേവലം മാനസികതലത്തില്മാത്രം സംഭവിച്ചതാണെന്ന് അവതരിപ്പിച്ച ഡി.എഫ്. സ്ട്രൗസ് (1808-1874), ചരിത്രപുരുഷനായ യേശുവിന് പ്രാധാന്യം കല്പ്പിക്കാതെ ശിഷ്യന്മാരുടെ പ്രഘോഷണത്തില് ഉയിര്ത്തെഴുന്നേറ്റ ക്രിസ്തുവിനു മാത്രം പ്രാധാന്യം നല്കിയ അസ്തിത്വാത്മക വ്യാഖ്യാനത്തിന്റെ മുഖ്യപ്രണേതാവ് റുഡോള്ഫ് ബുള്ട്ട്മാന് (1884-1976), യേശുവിന്റെ ഉത്ഥാനത്തെ യേശു ഇന്നും ജനങ്ങളുടെ ഹൃദയത്തില് ജീവിക്കുന്നു എന്നയര്ത്ഥത്തില് മാത്രം വ്യാഖ്യാനിച്ച വില്ലി മാര്ക്സന് (1919-1993) തുടങ്ങിയവര് അവരില് പ്രമുഖരാണ്. ഇപ്രകാരം യേശുവിന്റെ ഉത്ഥാനത്തെ നിഷേധിക്കുന്നവരും തെറ്റായി വ്യാഖ്യാനിക്കുന്നവരും വിശുദ്ധ ഗ്രന്ഥത്തെ മറ്റേതൊരു ചരിത്രഗ്രന്ഥത്തേയും പോലെയാണ് മനസ്സിലാക്കുന്നത്. എന്നാല് യേശുവിനെക്കുറിച്ചു കേവലം ചരിത്രപരമായ അറിവു പകര്ന്നുനല്കുക എന്നതല്ല പുതിയനിയമത്തിന്റെ ലക്ഷ്യം. യേശുവിനെ സംബന്ധിച്ച് സഭ എന്ത് വിശ്വസിക്കുന്നുവെന്നതാണ് പുതിയനിയമം നമുക്കു നല്കുന്നത്. സുവിശേഷങ്ങളില് യേശുവിനെക്കുറിച്ചുള്ള ചരിത്രം ഉള്ക്കൊള്ളുന്നുണ്ടെങ്കിലും അവ പ്രാഥമികമായി വിശ്വാസത്തിന്റെ ഗ്രന്ഥങ്ങളാണ്. യേശുവിനെ സംബന്ധിച്ച് സുവിശേഷങ്ങള് പകര്ന്നുനല്കുന്ന എല്ലാ കാര്യങ്ങളും ചരിത്രപരമായി മാത്രം തെളിയിക്കാവുന്നവയല്ല. യേശുവിന്റെ ഉത്ഥാനം ചരിത്രത്തില് സംഭവിച്ച കാര്യമാണെങ്കിലും അത് ചരിത്രത്തെ അതിശയിക്കുകയും അതിന് അതീതമായിരിക്കുകയും ചെയ്യുന്ന ഒരു യാഥാര്ത്ഥ്യമാണ്. അത് ഒരു വലിയ വിശ്വാസരഹസ്യമാണ്. ഉത്ഥിതനായ യേശുവിനെ ദര്ശിച്ച ശിഷ്യന്മാരുടെ അനുഭവങ്ങള് അനന്യമായതും ആവര്ത്തിക്കപ്പെടാനാവാത്തതുമാണ്. ഈ അനുഭവങ്ങളിലൂടെയാണ് യേശു മരണത്തെ തോല്പിച്ച് ഉയിര്ത്തെഴുന്നേറ്റെന്നുമുള്ള ബോധ്യം ശിഷ്യന്മാര്ക്കുണ്ടായത്. ചരിത്രപുരുഷനായ യേശുവിനെക്കുറിച്ചുളള വിശ്വാസികളുടെ സമൂഹത്തിന്റെ സാക്ഷ്യമാണ് സുവിശേഷങ്ങള്. യേശുവിന്റെ കാര്യത്തില് ചരിത്രവും വിശ്വാസവും ഒന്നുചേര്ന്നുകിടക്കുന്നു. പ്രഘോഷിക്കപ്പെട്ട ക്രിസ്തുവിനെ മാറ്റിനിര്ത്തി ചരിത്രപുരുഷനായ യേശുവിനെ മാത്രം പരിഗണിച്ചാല്, യേശു ചരിത്രത്തിലെ മറ്റു മഹദ്വ്യക്തികളെപ്പോലെ ഒരു വ്യക്തി മാത്രമാണെന്നാണ് നാം അവതരിപ്പിക്കുന്നത്. ചരിത്രപുരുഷനായ യേശുവിനെ മാറ്റിനിര്ത്തി, പ്രഘോഷിക്കപ്പെട്ട ക്രിസ്തുവിനെ മാത്രം സ്വീകരിച്ചാല് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ വെറുമൊരു കെട്ടുകഥ മാത്രമാണെന്ന് നാം സമ്മതിക്കുകയാണ്. ചരിത്രപുരുഷനായ യേശുവും പ്രഘോഷിക്കപ്പെട്ട ക്രിസ്തുവും ഒന്നുചേര്ന്ന യേശുക്രിസ്തുവാണ് ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനം. ചരിത്രപുരുഷനായ യേശുവും പ്രഘോഷിക്കപ്പെട്ട ക്രിസ്തുവും ഒരാള്തന്നെയാണ്. പ്രഘോഷിക്കപ്പെട്ട ക്രിസ്തുവിലൂടെ ചരിത്രപുരുഷനായ യേശുവിനെതന്നെയാണ് നാം അറിയുന്നത്. ചരിത്രപുരുഷനായ യേശുവിനെയും പ്രഘോഷിക്കപ്പെട്ട ക്രിസ്തുവിനെയും വേര്തിരിക്കാനാവില്ല. ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഇന്ന് അപ്പസ്തോലന്മാര്ക്കു പ്രത്യക്ഷപ്പെട്ട ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഇന്ന് സഭയിലും ദൈവവചനത്തിലും കൂദാശകളിലും പ്രത്യേകമായി വിശുദ്ധ കുര്ബാനയിലും ഉണ്ട്. എല്ലാ മനുഷ്യരിലും വിശേഷിച്ച് പാവപ്പെട്ടവരിലും ക്രിസ്തു സന്നിഹിതനാണ്. ഉത്ഥിതനായ ക്രിസ്തുവും സഭയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവശാസ്ത്രജ്ഞനായ ക്ലോപ്പന്ബര്ഗ് പ്രസ്താവിക്കുന്നതുപോലെ, മഹത്വീകൃതനായ ക്രിസ്തുവുമായി ബന്ധപ്പെടുത്തിമാത്രമേ നമുക്ക് സഭയെ മനസ്സിലാക്കാന് സാധിക്കുകയുള്ളൂ. ക്രിസ്തുവിനാലാണ് സഭ ജീവിക്കുന്നത്. ക്രിസ്തുവില്നിന്ന് വേര്പെടുത്തി സഭയെ മനസ്സിലാക്കിയാല് അത് ലോകത്തിലെ മറ്റേതൊരു മതസംവിധാനത്തെയോ സമൂഹത്തെയോ സംഘടനയെപ്പോലെയോ ആയിത്തീരുന്നു. അങ്ങനെ തരംതാഴുമ്പോള് സഭ നമ്മുടെ സവിശേഷപരിഗണനയോ സമ്പൂര്ണ്ണ സമര്പ്പണമോ അര്ഹിക്കുന്നില്ല. സഭ ക്രിസ്തുവിന്റെ കൂദാശയാണ്. ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുമ്പോള് മാത്രമാണ് സഭ സഭയായിത്തീരുന്നത്. ചുരുക്കിപ്പറഞ്ഞാല് സഭ പൂര്ണ്ണമായും ക്രിസ്തു കേന്ദ്രീകൃതമാണ്. സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ കാള്റാനര് പ്രസ്താവിക്കുന്നതുപോലെ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം ആന്തരികമായ ഒന്നാണ്. അത് പുറത്തുനിന്ന് കൂട്ടിച്ചേര്ക്കുന്ന ഒന്നല്ല. സഭ ലോകത്തിലുള്ള ക്രിസ്തുവിന്റെ സ്ഥിരമായ സാന്നിദ്ധ്യമാണ്. ഉത്ഥിതനായ ക്രിസ്തു ദൈവ വചനത്തില് സന്നിഹിതനാണ്. വചനപ്രഘോഷണത്തില് ക്രിസ്തുതന്നെയാണ് നമ്മോടു സംസാരിക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവിനെയാണ് അപ്പസ്തോലന്മാര് പ്രസംഗിച്ചത്. പ്രഘോഷണത്തിന്റെ ഉള്ളടക്കവും കേന്ദ്രവും ഉത്ഥിതനായ ക്രിസ്തുവായിരുന്നു. ദൈവത്തിന്റെ വചനം എല്ലാ കാലഘട്ടങ്ങളിലുമുള്ള എല്ലാ മനുഷ്യരോടും പ്രഘോഷിക്കപ്പെടണം. ഇതാണ് ആരാധനക്രമത്തിലൂടെയും സുവിശേഷവല്ക്കരണത്തിലൂടെയും മതബോധനത്തിലൂടെയും നിര്വ്വഹിക്കപ്പെടുന്നത്. വചനപ്രഘോഷണത്തില് ക്രിസ്തു തന്നെത്തന്നെ സന്നിഹിതനാക്കുന്നു. ഉത്ഥിതനായ യേശുവിന്റെ സ്നേഹസാന്നിദ്ധ്യം കൂദാശകളിലൂടെ സഭയില് തുടരുന്നു. കൂദാശകള് പരികര്മ്മം ചെയ്യപ്പെടുമ്പോഴെല്ലാം ഉത്ഥിതനായ ക്രിസ്തു സന്നിഹിതനാണ്. വി. ആഗസ്തിനോസ് യോഹന്നാന്റെ സുവിശേഷത്തിനെഴുതിയ വ്യാഖ്യാനത്തില് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പത്രോസ് മാമ്മോദീസ നല്കുമ്പോള് ക്രിസ്തുവാണ് മാമ്മോദീസ നല്കുന്നത്. വിശുദ്ധ കുര്ബാനയിലുള്ള ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തെ 'യഥാര്ത്ഥസാന്നിദ്ധ്യം' എന്നാണ് വിളിക്കുന്നത്. ഇത് ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ മറ്റുള്ള രീതികള് യഥാര്ത്ഥമല്ല എന്ന അര്ത്ഥത്തിലല്ല. പ്രത്യുത, വിശുദ്ധ കുര്ബാനയിലുള്ള ക്രിസ്തുവിന്റെ സാന്നിദ്ധ്യം സമുന്നതമായ രീതിയിലായതുകൊണ്ടാണ്. ദൈവവും മനുഷ്യനുമായ ക്രിസ്തു തന്നെതന്നെ സമഗ്രമായും പൂര്ണ്ണമായും സന്നിഹിതനാക്കുന്ന സത്താപരമായ സാന്നിദ്ധ്യമാണ് വിശുദ്ധ കുര്ബാനയിലേത്. ഉത്ഥിതനായ ക്രിസ്തു എല്ലാ മനുഷ്യരിലും പ്രത്യേകിച്ച് പാവപ്പെട്ടവരില് സന്നിഹിതനാണ്. ദൈവശാസ്ത്രജ്ഞനായ ജോണ് സൊബ്രീനോയുടെ (1938-) കാഴ്ചപ്പാടില് ഇന്നും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്ക്ക് യേശുവിന്റെ ഉത്ഥാനം പ്രത്യാശയുടെ സന്ദേശമാണ് നല്കുന്നത്. ക്രൂശിതനെപ്പോലെ മുഖം വികൃതമാക്കപ്പെടുന്നവര് ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. ഒരു വിധത്തിലല്ലെങ്കില് മറ്റൊരു വിധത്തില് ക്രൂശീകരണത്തിന്റെ അനുഭവങ്ങള് ഉള്ളവര് ധാരാളമുണ്ട്. നീതിക്കുവേണ്ടി ക്രൂശിക്കപ്പെടുന്നവരും പീഡനമേല്ക്കുന്നവരുമായ അനേകായിരങ്ങള്, സ്ഥാപനവല്ക്കരിക്കപ്പെട്ട അനീതിയുടെ വ്യവസ്ഥിതികളില് സാവകാശം ക്രൂശിക്കപ്പെടുന്നവര് ഇന്നത്തെ ലോകത്തിലുണ്ട്. യേശുവിന്റെ ഉത്ഥാനം അനീതിക്കും മരണത്തിനുമെതിരെ പ്രത്യാശയോടെ ജീവിക്കാന് നമ്മെ പ്രേരിപ്പിക്കുന്നു. അനീതിയും തിന്മയും മൂലമുണ്ടായ മരണത്തിനുമേല് യേശു നേടിയ വിജയമാണ് ഉത്ഥാനം. ദരിദ്രരുടെ പ്രശ്നങ്ങള് അടിസ്ഥാനപരമായി പരിഹരിക്കാത്തിടത്തോളം ഈ ലോകത്തിന്റെ പ്രശ്നങ്ങള്ക്ക് ഒരു പരിഹാരവും കാണാനാവില്ല എന്ന സത്യം ഫ്രാന്സിസ് പാപ്പ നമ്മെ ഓര്മിപ്പിക്കുന്നു. 'ദരിദ്രരെക്കുറിച്ച് മറക്കാമെന്ന് ഏതെങ്കിലും സഭാസമൂഹം വിശ്വസിക്കുന്നെങ്കില് അത് തകര്ച്ച വരുത്തിവയ്ക്കുന്നതാണ്.' കുരിശില് തറയ്ക്കപ്പെട്ട നസറായനായ യേശുതന്നെയാണ് ഉയിര്പ്പിക്കപ്പെട്ടിരിക്കുന്നത് (മര്ക്കോ 16:6) എന്ന് സുവിശേഷങ്ങള് വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു. ഈ സന്ദേശം ഇന്നും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനേകം മനുഷ്യര്ക്ക് സുവിശേഷമാണ്. സമൂഹത്തിലെ ക്രൂശിതരായ വ്യക്തികളുടെ വീക്ഷണകോണിലൂടെ നോക്കികാണുമ്പോഴാണ് യേശുവിന്റെ ഉത്ഥാനത്തിന്റെ പൂര്ണ്ണമായ അര്ത്ഥം നമുക്ക് വ്യക്തമാകുന്നത്.
ചുറ്റിലും കണ്ണോടിക്കു…
അനുദിന വിശുദ്ധർ |വി. സിസിലി | 22 – 11 – 2020
പ്രഭാത പ്രാർഥന | 30 – 11 – 2020 |
വചനമനസ്കാരം | എസ്. പാറേക്കാട്ടില്
വിഷം കലർന്ന ഭക്ഷണം