പരിശുദ്ധ ത്രിത്വത്തിന്റെ ആഘോഷം ഒരു ദൈവശാസ്ത്ര അഭ്യാസം എന്നതിനേക്കാള്‍ നമ്മുടെ ജീവിതശൈലിയിലെ ഒരു വിപ്ലവമാണ്. ദൈവത്തില്‍ ഓരോ ആളും തനിക്കു വേണ്ടിയല്ലാതെ മറ്റുള്ളവനു വേണ്ടി ജീവിക്കുന്നു. മറ്റുള്ളവരോടൊപ്പവും മറ്റുള്ളവര്‍ക്കുവേണ്ടിയും ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയാണ് ത്രിത്വം. എല്ലാത്തിന്റെയും ഉറവിടമായ പിതാവായ ദൈവം എല്ലാം പുത്രനു നല്കുന്നു. ഒന്നും തനിക്കു വേണ്ടി മാറ്റി വയ്ക്കുന്നില്ല. പരിശുദ്ധാത്മാവാകട്ടെ തന്നെ കുറിച്ചല്ല പുത്രനെ കുറിച്ചാണു സംസാരിക്കുന്നത്. ഇത് തുറന്ന ഔദാര്യമാണ്. സ്വയം മറ്റുള്ളവര്‍ക്കായി തുറക്കുന്നു. നാമാകട്ടെ, സംസാരിക്കുമ്പോഴൊക്കെ നമുക്കു വേണ്ടി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. പലപ്പോഴും നാം നമ്മെക്കുറിച്ചു മാത്രം സംസാരിക്കുന്നു. നമുക്കുള്ളതു മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുക ദുഷ്കരമാണ്. നമ്മുടെ ജീവിതം നാം വിശ്വസിക്കുന്ന ദൈവത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യേണ്ടതുണ്ട്. ത്രിതൈ്വക ദൈവം വാക്കുകളിലല്ല, പ്രവൃത്തികളില്‍ ആവിഷ്കരിക്കപ്പെടണം. ജീവന്റെ സ്രോതസ്സായ ദൈവം ഗ്രന്ഥങ്ങളിലൂടെയല്ല മറിച്ച് സ്നേഹത്തിലൂടെയാണ് സ്വയം വെളിപ്പെടുത്തുന്നത്. നാം കണ്ടിട്ടുള്ള നന്മയും ഉദാരതയും മാന്യതയും ഉള്ള വ്യക്തികളെ കുറിച്ചും അവരുടെ ചിന്താശൈലിയെയും പ്രവൃത്തികളെയും കുറിച്ചും നാം വിചിന്തനം ചെയ്യണം. ഇതുവഴിയായി, ദൈവസ്നേഹത്തെ കുറിച്ചും നമുക്കു ചെറിയ വിചിന്തനം നടത്താനാകും. മറ്റുള്ളവരെ സ്വീകരിക്കുക, തുറവിയുള്ളവരാകുക, അവര്‍ക്കായി ഇടമൊരുക്കുക. ഇതാണു സ്നേഹം. ദിവസവും കുരിശു വരയ്ക്കുമ്പോഴൊക്കെയും ചൊല്ലുന്ന ത്രിത്വത്തിന്റെ നാമത്തെ ധ്യാനിക്കുക. പുത്രനെ കൂടാതെ പിതാവിനു പിതാവാകാന്‍ സാധിക്കില്ല. പിതാവില്ലാതെ പുത്രനില്ല. പരിശുദ്ധാത്മാവ് പിതാവിന്റെയും പുത്രന്റെയും ആത്മാവാണ്. ചുരുക്കത്തില്‍, അപരനെ കൂടാതെ നമുക്കു നിലനില്പില്ലെന്നാണു ത്രിത്വം നമ്മെ പഠിപ്പിക്കുന്നത്. നാം ഒറ്റപ്പെട്ട ദ്വീപുകളല്ല. മറ്റുള്ളവരെ നമുക്കാവശ്യമുണ്ട്, മറ്റുള്ളവരെ സഹായിക്കുകയും നമ്മുടെ ആവശ്യമാണ്.
Blessed Virgin Mary & Independence Day.
പ്രഭാത പ്രാർത്ഥന ; 06 -10 -2020