വി. കുർബാനയിൽ നിന്നു ശക്തി സ്വീകരിച്ച് മുന്നേറുന്നവരുടെ ജീവിതത്തിൽ യാതൊരു പ്രതിസന്ധികളും ഉണ്ടാവുകയില്ല എന്ന തെറ്റായ ധാരണ പലരിലും ഉണ്ട്. എന്നാൽ ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ച് മുന്നേറുന്നവരുടെ ജീവിതത്തിൽ ഏത് പ്രതിസന്ധികളുണ്ടായാലും അതിനെ തരണം ചെയ്ത് മുന്നേറാനുള്ള ശക്തി ലഭിക്കും എന്നതാണ് വാസ്തവം. അണയുന്നു ഞങ്ങൾ അഖിലേശ്വരാ... ഒരിക്കൽ കുർബ്ബാന കഴിഞ്ഞ് അന്നത്തെ എൻറെ എല്ലാ ജോലികളും സമർപ്പിച്ച് പ്രാർത്ഥിച്ചു. അന്നു ഞാൻ പതിവിലും കൂടുതൽ പ്രാർത്ഥിച്ചു. കാരണം അന്ൻ എനിക്ക് പല വീടുകളിലും പണികൾ തീർത്ത് കൊടുക്കേണ്ടതുണ്ടായിരുന്നു. ഞാൻ പോകുന്ന വീടുകളെയും എവിടെ തുടങ്ങണം. എവിടെ അവസാനിപ്പിക്കണം ഇവയൊക്കെ ഈശോയുടെ മുൻപിൽ അവതരിപ്പിച്ചു. അവസാനത്തെ വീട്ടിൽ ചെന്നപ്പോൾ പണി തീരാറായപ്പോൾ അപകടമുണ്ടായി. തെങ്ങിൽ കയറി പകുതിയായപ്പോൾ മുകളിലേക്ക് ഒന്നു നോക്കി. ആ നിമിഷം എൻറെ നെറ്റിയിലേക്ക് ഒരു കല്ലു വന്നു വീണു രക്തം ചീറ്റിയൊഴുകി. ഞാൻ സാവകാശം താഴെയിറങ്ങി. (ആൾ താമസം ഇല്ലാത്ത പറമ്പായതിനാൽ കല്ലെറിഞ്ഞ് തേങ്ങ പറിക്കാൻ ശ്രമിച്ചതു വഴി മുകളിൽ തങ്ങിയിരുന്ന കല്ല് തെങ്ങു കുലുങ്ങിയപ്പോൾ താഴേക്ക് വീണതാണ്). ഇവിടെ പലരും പറഞ്ഞു. ദൈവാനുഗ്രഹമുള്ള ആളായതിനാലാണ് താഴെ വീഴാതിരുന്നതെന്ന്. തന്നെയുമല്ല കല്ല് അൽപം മാറിയിരുന്നെങ്കിൽ എന്തും സംഭവിക്കുമായിരുന്നു. എന്നാൽ ഇങ്ങനെ ചോദിക്കുന്നവരും ഉണ്ട്-എന്നും പള്ളിയിൽ പോകുന്ന ആൾക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? എന്നാൽ കല്ല് വീഴ്ചയും മുറിവും വച്ചു നോക്കിയാൽ ഓർക്കാപ്പുറത്തുള്ള ആഘാതത്താൽ തെങ്ങിൽ നിന്നും കൈവിട്ടാൽ അല്ലെങ്കിൽ കാൽ അൽപം സ്ഥാനം മാറിയാൽ, ഇവിടെയാണ് അപകടങ്ങളിൽ നമ്മെ സംരക്ഷിക്കുന്ന ദൈവത്തിൻറെ ശക്തി നാം മനസ്സിലാക്കേണ്ടത്. അനർത്ഥങ്ങളുണ്ടാകുമ്പോൾ ദൈവം നമ്മെ കൈവിട്ടതായി കാണുന്ന പലരുമുണ്ട്. എന്നാൽ ദൈവത്തിനു അത് നമ്മുടെ നന്മയ്ക്കായി മാറ്റുവാൻ സാധിക്കും. നമ്മുടെ ഓരോ അനുഭവവും ദൈവിക കാഴ്ചപ്പാടിൽ നോക്കിയാലേ ഇത് മനസ്സിലാകൂ. മറ്റൊരു സംഭവത്തിലൂടെ അത് വ്യക്തമാക്കാം. വർഷങ്ങൾക്കു മുൻപ് എൻറെ വീടിന് ഇടിമിന്നലേറ്റൂ. വീടിൻറെ പല മുറികളും തകർന്നു. വയറിംഗ് കത്തി നശിച്ചു. വൈകുന്നേരം 5.30 നാണ് സംഭവം. ഞാൻ ആ സമയം ആത്മാവിൻറെ പ്രേരണയനുസരിച്ച് ജപമാല ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്കൊന്നും സംഭവിച്ചില്ല. ബാക്കിയുള്ളവർക്ക് നിസ്സാര പരിക്കുകളേറ്റു. ആളുകൾ ഓടിക്കൂടി. പ്രാർത്ഥിച്ചു കൊണ്ടിരുന്ന എൻറെ തൊട്ടടുത്തുള്ള കോൺക്രീറ്റ് തകർന്നിട്ടും എനിക്കൊന്നും സംഭവിച്ചില്ല. ഇവിടെ നടന്നത് യഥാർത്ഥത്തിൽ അപകടമോ സംരക്ഷണമോ. പലരും പല രീതിയിൽ ഇതിനെ വിലയിരുത്തി. ദൈവത്തിൻറെ പ്രത്യേക സംരക്ഷണമെന്ന് പലരും പറഞ്ഞപ്പോൾ, ചിലർ ഇപ്രകാരം ചോദിച്ചു, എന്നും പള്ളിയിൽ പോകുകയും നന്നായി പ്രാർത്ഥിക്കുകയും വചനം പ്രഘോഷിക്കുകയും കർത്താവിനു വേണ്ടി ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നവൻറെ ജീവിതത്തിൽ എന്തുകൊണ്ട് ഇത് സംഭവിച്ചു? എന്നാൽ ഒരു സത്യം ഞാൻ തുറന്നെഴുതട്ടെ. വേദനകളുടെയും നഷ്ടങ്ങളുടെയും ദിവസങ്ങളായിരുന്നു അതെങ്കിലും എനിക്കേറ്റവും സന്തോഷവും ആനന്ദവും നിറഞ്ഞ ദിവസങ്ങളാക്കി കർത്താവ് അതിനെ മാറ്റി. യഥാർത്ഥത്തിൽ എനിക്ക് എഴുതാൻ പോലും അടിസ്ഥാനപരമായി ഒരു സൗകര്യ വുമില്ലാത്ത അവസ്ഥകൾ. ആ നാളുകളിലായിരുന്നു ഞാൻ ഈശോയോടിപ്രകാരം ചോദിച്ചത്. "ഈശോ എനിക്ക് എഴുതാൻ ഒരു മുറിയും മേശയും തരണം." ഒരു മുറിയും മേശയും ചോദിച്ചപ്പോൾ നിലവിലുള്ള മുറികളുടെ പോലും പലഭാഗങ്ങളും തകർക്കപ്പെടുകയും എഴുതാൻ കൂടുതൽ സൗകര്യങ്ങൾ ചോദിച്ചപ്പോൾ ഒരു മാസത്തോളം വെളിച്ചം പോലും ഇല്ലാത്ത അവസ്ഥകൾ. തിരിവെളിച്ചത്തിലും എൻറെ എഴുത്തുകൾ തുടർന്നു. പല പ്രാർത്ഥനകളുടെയും അർത്ഥങ്ങൾ ഞാൻ അതിനോടടുത്ത ദിവസങ്ങളിലാണ് കൂടുതലായി മനസ്സിലാക്കിയത്. ബലിയർപ്പണം പോലെ ഒരിക്കലും സപ്രാ പ്രാർത്ഥനയും മുടക്കാറില്ലായിരുന്നു. അന്നു ഞാൻ സപ്രാപ്രാർത്ഥന ചൊല്ലിയപ്പോൾ അതിലെ രണ്ടു വായനകൾ എന്നെ കരയിപ്പിച്ചു. "അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ഉത്തരമരുളും; അവന്റെ കഷ്ടതയിൽഞാൻ അവനോടു ചേർന്നുനിൽക്കും" (സങ്കീ. 91:15). "എന്റെ രക്ഷ ഞാൻ അവനുകാണിച്ചുകൊടുക്കും" (സങ്കീ. 91:16). പ്രശ്നങ്ങളും വേദനകളും ഉണ്ടാകുമ്പോൾ ഈ ലോകത്തിലേക്ക് നോക്കി വിലപിക്കേണ്ടവരല്ല നാം. ഇതെല്ലാം അറിയുന്നവൻറെ, അനുവദിച്ചവൻറെ മുഖത്തേക്ക് നാം നോക്കണം. അപ്പോൾ നിരാശ മാറി പ്രത്യാശ വരും. അന്നു ബലിയർപ്പണത്തിനു മുൻപുള്ള ഗാനമിതായിരുന്നു. "സമ്പൂർണ്ണമായ് നൽകാൻ ബലിവേദി മുൻപിൽ അൾത്താരയിൽ വയ്ക്കാൻ ആത്മാവിലൊരുപിടി കാഴ്ചകളുണ്ടല്ലോ സർവ്വേശ്വരാ ബലിവേദിയിൽ ഉയരുന്ന യാഗത്തിൽ കൃപമാരിയായ് പെയ്യും നിമിഷങ്ങളിൽ നിൻകരവേലയാം ഈ പുണ്യമണ്ണിലെ പരമാണുപോലും തുടിച്ചുയരും". കുർബ്ബാന കഴിഞ്ഞപ്പോൾ ഈ പരമാണുവിൻറെ അർത്ഥമെന്തെന്നു ഒരു സിസ്റ്ററിനോട് ചോദിച്ചു. സിസ്റ്റർ പറഞ്ഞു, പരമാണു എന്ൻ പറഞ്ഞാൽ ഈ ഭൂമിയിലെ ഏറ്റവും ചെറിയ പൊടി പോലും ഉൾപ്പെടും. ആ പാട്ടിൻറെ തുടർന്നുള്ള ഭാഗമിതാണ്. "സൃഷ്ടപ്രപഞ്ചത്തിൻ മകുടമായ് നീ തീർത്ത മാനവരെല്ലാം സ്തുതിച്ചു പാടും." ചുരുക്കത്തിൽ ബലിവേദിയിൽ സംഭവിക്കേണ്ട ചില കാര്യങ്ങളാണ് ഗാനത്തിലൂടെ വ്യക്തമാകുന്നത്. ദിവ്യബലിയിലെ ഓരോ കാര്യവും നാം അർത്ഥമറിഞ്ഞ് ഗ്രഹിക്കണം. ദിവ്യബലിയിൽ ജനങ്ങൾ മൂകരായ പ്രേക്ഷകരല്ല. പ്രത്യുത സജ്ജീവമായി പങ്കെടുക്കുന്ന അർപ്പകരും കൂടിയാണ്. എത്താൻ ഈ നവോത്ഥാനത്തിൻറെയെല്ലാം സന്ദേശം. ആരാധനാക്രമത്തിലെ ക്രിയാത്മകതയുടെ ലക്ഷ്യം രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ ഈ വരികളിലൂടെ വ്യക്തമാണ്. "വി. കുർബ്ബാനയുടെ യഥാർത്ഥ അർത്ഥമറിഞ്ഞിരുന്നെങ്കിൽ സന്തോഷം കൊണ്ട് നാം മരിക്കുമായിരുന്നു" (വി.ജോൺ വിയാനി).
പ്രഭാത പ്രാർത്ഥന ; 31– 10 – 2020
മൈത്രി | ബോബി ജോസ് കട്ടികാട്
വചനവിചിന്തനം - എസ്. പാറേക്കാട്ടിൽ
പ്രഭാത പ്രാർഥന |23 – 11 – 2020 |
അപ്പസ്തോലനായ കാനാൻകാരൻ ശിമയോൻ