ഈ ദിനങ്ങളിൽ ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണ്. ശരിയായ ഒരുക്കത്തോടും നല്ല തീരുമാനങ്ങളോടും കൂടെ നമ്മുടെ കർത്താവീശോമിശിഹായുടെ പെസഹാരഹസ്യങ്ങളുടെ വാർഷികസ്മരണയിലേക്ക് പ്രവേശിക്കാൻ നമുക്കൊരുങ്ങാം. ഫലപ്രദമായ ഒരുക്കത്തിന് സഹായകമായ ചില ചിന്തകൾ പങ്കുവക്കട്ടെ.
ഓർമ്മ
വലിയ നോമ്പിൻറെ ദിവസങ്ങൾ നമ്മിലുണർത്തേണ്ട ചില ഓർമ്മകളെക്കുറിച്ച് ആദ്യമേ സൂചിപ്പിക്കാം. നോമ്പിനെക്കുറിച്ച് ഓർമ്മിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. തിരക്കുകളും ജീവിതഭാരവും നമ്മെ പലപ്പോഴും നോമ്പ്, ഉപവാസം, പരിത്യാഗം, ആശയടക്കം എന്നിങ്ങനെയുള്ള ആത്മീയപ്രവൃത്തികളിൽ നിന്ന് അകറ്റാറുണ്ട്. സ്വയം തിരിച്ചറിയാനും പരിശീലിപ്പിക്കാനും മെരുക്കിയെടുക്കാനും അങ്ങനെ ആത്മീയമായ സ്വസ്ഥതയും ദൈവവുമായുള്ള ബന്ധവും ആഴപ്പെടുത്തിയെടുക്കാനും ഇവ ഏറെ സഹായകരമാണ്. വലിയ നോമ്പിൻറെ പ്രാധാന്യവും അത് നമ്മുടെ ആത്മീയചിന്തകളെ ഓർമ്മിപ്പിക്കുന്നതും എന്താണെന്ന് അനുസ്മരിക്കുന്നത് അർത്ഥവത്തായ നോമ്പാചരണത്തിന് അനിവാര്യമാണ്.
1. മിശിഹായുടെ രക്ഷകരകർമ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവുമാണ് വലിയ നോമ്പിൻറെ ഉള്ളടക്കം.
2. ഈശോയുടെ മരുഭൂമിയിലെ 40 ദിവസത്തെ ഉപവാസമാണ് ഈ നോന്പാചരണത്തിൻറെ അടിസ്ഥാനമായി നാം കാണുന്നത്. പരീക്ഷകളെ അതിജീവിക്കാനുള്ള മാർഗ്ഗം മിശിഹാ മരുഭൂമിയിൽ പഠിപ്പിച്ചുതരികയായിരുന്നു.
3. മാമ്മോദീസായിൽ നാം ദൈവമക്കളും പുതിയ മനുഷ്യരുമായിരുന്നു എന്നതും പാപം വഴി അവിടുത്തെ പരിത്യജിച്ചു എന്നതും ഈ കാലഘട്ടത്തിൻറെ സവിശേഷ ഓർമ്മയായി നാം സൂക്ഷിക്കണം.
4. അനുതാപത്തിൻറെ ആവശ്യകതയെക്കുറിച്ച് പ്രത്യേകമാംവിധം ചിന്തിക്കണം.
5. അനുതപിക്കുന്നവരോടുള്ള ദൈവത്തിൻറെ സവിശേഷമായ കാരുണ്യത്തെയും സ്നേഹത്തെയും പറ്റി സമയമെടുത്ത് ധ്യാനിക്കണം.
6. ദൈവത്തോടും സഹോദരങ്ങളോടും അനുരജ്ഞനത്തിലെത്തേണ്ടത് നോന്പിൻറെ ചൈതന്യത്തിനും ആത്മീയതക്കും അനിവാര്യമാണെന്നതും മറക്കരുത്.
ഒരുക്കം
സവിശേഷമായ ഒരുക്കങ്ങൾ വലിയനോമ്പിനു മുൻപും നോമ്പുകാലത്തും നടത്തുന്നത് നല്ലതാണ്. നോമ്പുകാലം തന്നെ ഒരുക്കമല്ലേ എന്നു ചിന്ത പ്രസക്തമാണ്. എന്നാൽ നോമ്പുകാലം തന്നെ ഒരുക്കത്തോടെ അനുഷ്ഠിക്കുമ്പോൾ അത് ആത്മീയജീവിതത്തിന് വലിയ ഉണർവ്വ് നല്കാൻ പ്രാപ്തമായിത്തീരും. നഷ്ടമായിപ്പോയ ആത്മവിശ്വാസത്തെ വീണ്ടെടുക്കാനും കരിന്തിരി കത്തുന്ന ദൈവാനുഭവത്തെ ജ്വലിപ്പിക്കാനും തേഞ്ഞുപോയ പ്രാർത്ഥനാനുഭവത്തെ മൂർച്ചപ്പെടുത്താനും നിസംഗമായ ബന്ധങ്ങളെ ജീവനുള്ളതാക്കാനും ഒരുക്കത്തോടുകൂടിയ നോമ്പാചരണത്തിന് കഴിയും.
1. കുമ്പസാരം എന്ന കൂദാശയുടെ സ്വീകരണത്തോടെ നോമ്പിലേക്ക് പ്രവേശിക്കുന്നത് നല്ലതാണ്. നോമ്പുകാലം മുഴുവൻ തന്നെ അനുതാപത്തിൻറെയും പ്രായ്ശ്ചിത്തത്തിൻറെയും ഓർമ്മയാണെങ്കിലും കളങ്കമില്ലാത്ത മനസ്സോടെ കണ്ണീരിൻറെ ദിനരാത്രങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ലോകത്തിനു മുഴുവൻ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് കർത്താവിൻറെ കുരിശിനോട് ചേർന്ന് സഹിക്കാൻ നമുക്ക് കരുത്ത് ലഭിക്കും.
2. കൈകാര്യം ചെയ്യുന്ന വസ്തുക്കൾ വൃത്തിയാക്കുക, മുറി ക്രമീകരിക്കുക, വസ്ത്രങ്ങൾ അലക്കിത്തേച്ച് വൃത്തിയായി മടക്കി വെക്കുക. മൊത്തത്തിൽ ഒരു വൃത്തി വരുത്തുന്നത് വിശുദ്ധമായ ദിനങ്ങളിലേക്ക് ഞാൻ പ്രവേശിച്ചിരിക്കുന്നു എന്നും എൻറെ പരിസരങ്ങൾ പോലെ ജീവിതവും വിശുദ്ധവും ക്രമീകൃതവുമായിരിക്കണമെന്ന് സ്വയം ഓർമ്മപ്പെടുത്തുന്നതിനും ഉതകുന്നതാണ്.
3. വലിയ നോമ്പിൻറെ ദിനങ്ങളിൽ പ്രത്യേകസമയക്രമീകരണം നടത്തുന്നത് നല്ല ഒരുക്കത്തിൻറെ ഭാഗമാണ്. എല്ലാ ദിനവും തന്നെ വിശുദ്ധബലിയിൽ സംബന്ധിക്കാൻ പരിശ്രമിക്കുക. സാധിക്കുന്നിടത്തോളം കുടുംബപ്രാർത്ഥനയിൽ പങ്കെടുക്കാനും അല്പസമയം സ്വയം പ്രാർത്ഥിക്കാനും വിശുദ്ധ ഗ്രന്ഥം വായിക്കാനും സമയം ലഭിക്കുംവിധം അനുദിന ജീവിതകൃത്യങ്ങളെ ക്രമീകരിക്കാൻ സാധിച്ചാൽ നല്ലത്.
4. ഈ ദിവസങ്ങൾ പാപത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുക. തെറ്റിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളിൽ നിന്ന് അകലം പാലിക്കാൻ മതിയായ കാരണങ്ങൾ കണ്ടുപിടിക്കുക. ഈ അൻപതുദിവസങ്ങൾ സ്വയം നിയന്ത്രിക്കാൻ സാധിച്ചാൽ തീർച്ചയായും അതിലൂടെ ലഭിക്കുന്ന ആത്മീയശക്തിയിലൂടെ തുടർന്നും വിശുദ്ധിയിൽത്തന്നെ നിലനിൽക്കാൻ നമുക്ക് കഴിയും.
5. ഉപവാസവും നോമ്പും ശരീരത്തിൻറെ ദുഷിപ്പുകൾ ഇല്ലാതാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള ഡയറ്റിൻറെ സമയമല്ലെന്ന് അത് ആത്മീയവളർച്ചക്ക് വേണ്ടിയുള്ളതാണെന്നും സ്വയം ഓർമ്മപ്പെടുത്താനും ഈ ഒരുക്കം സഹായകമാകും.
പരിഹാരം
വലിയ നോമ്പ് പരിഹാരപ്രവൃത്തികളുടെ കൂടെ കാലമാണ്. ദൈവത്തെ മറന്നും ആത്മീയജീവിതം ഉപേക്ഷിച്ചും ചെയ്തുപോയ പാപങ്ങൾക്കും തെറ്റുകൾക്കും പാപപ്പൊറുതി കുന്പസാരം എന്ന കൂദാശയിലൂടെ ലഭിക്കുമ്പോഴും നമ്മുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും നിമിത്തം രൂപപ്പെട്ട മുറിവുകളെയും അസ്വസ്ഥമായ ബന്ധങ്ങളെയും പ്രപഞ്ചത്തെയും പ്രതി പരിഹാരപ്രവർത്തികൾ ചെയ്യാനും നാം കടപ്പെട്ടിരിക്കുന്നു. നമ്മുടെയും ലോകം മുഴുവൻറെയും പാപങ്ങൾക്കുവേണ്ടി പീഡകളേറ്റു കുരിശിൽ മരിച്ച ഈശോയെയാണ് പരിഹാര പ്രവർത്തികളിലൂടെ നാം അനുകരിക്കുന്നത്. ഈശോ തനിക്കുവേണ്ടിയല്ല സഹനങ്ങളേറ്റെടുത്തതെങ്കിൽ നാം പരിഹാരപ്രവർത്തികളിലൂടെ സഹനങ്ങളേറ്റെടുക്കുന്നത് നമുക്കുവേണ്ടിയും ഒപ്പം ലോകം മുഴുവന് വേണ്ടിയും കൂടെയാണ്.
1. ഉപവാസം - നോമ്പിൻറെ ദിനങ്ങളിൽ സഭ ആവശ്യപ്പെടുന്ന ദിനങ്ങളിൽ മാത്രമല്ല (വിഭൂതി, ദുഖവെള്ളി) മറ്റ് ദിനങ്ങളിലും കഴിയുമെങ്കിൽ എല്ലാ വെള്ളിയാഴ്ചകളും ഉപവാസ ദിനങ്ങളായി ആചരിക്കുന്നത് നല്ലതാണ്.
2. മാംസവർജ്ജനം അല്ലെങ്കിൽ ഇഷ്ടഭക്ഷണത്തിൻറെ വർജ്ജനം - ഭക്ഷണം നമ്മുടെ ജീവിതത്തിൻറെ അവിഭാജ്യഘടകമാണ്. അതേസമയം തന്നെ അതൊരു ആസക്തിയായും മാറുന്നത് നാം കാണുന്നുണ്ട്. മാംസമോ അതുപോലുള്ള ഇഷ്ടഭക്ഷണങ്ങളോ നോമ്പിൻറെ ദിനങ്ങളിൽ വർജ്ജിക്കുന്നത് നല്ലതാണ്.
3. തഴക്കദോഷങ്ങളോട് വിട പറയുക - ശീലംകൊണ്ട് പലവിധ തിന്മകളുടെ പിടിയിൽ അകപ്പെട്ടവരാണ് നാം. മറുശീലങ്ങൾ, തീർച്ചയുള്ള തീരുമാനങ്ങൾ, പ്രത്യേക ആത്മശോധന എന്നിവ വഴി അവയിൽ നിന്ന് അകലം പാലിക്കുന്നത് നോമ്പിന് ഉചിതമായ പരിഹാരപ്രവൃത്തിയിൽപ്പെടുന്ന കാര്യമാണ്.
4. ആശയടക്കം - ഇഷ്ടമുള്ള കാര്യങ്ങൾ വേണ്ടെന്നുവക്കുന്നത് സ്വയം നിയന്ത്രണം ശീലമാക്കാനും തെറ്റിലേക്ക് വഴുതിവീഴുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കാനും സഹായകരമാണ്.
5. വിശുദ്ധ കുർബാന, യാമപ്രാർത്ഥനകൾ, കുടുംബപ്രാർത്ഥന, വിശുദ്ധ ഗ്രന്ഥ പാരായണം, വ്യക്തിപരമായ പ്രാർത്ഥന, ആത്മീയഗ്രന്ഥങ്ങളുടെ പാരായണം - ഇവ ശീലമാക്കുന്നതും ഇവക്ക് പ്രത്യേക സമയം നിശ്ചയിക്കുന്നതും നല്ലത്.
6. കുരിശിൻറെ വഴി പ്രാർത്ഥന - കഴിയുമെങ്കിൽ എല്ലാ ദിവസവും അല്ലെങ്കിൽ വെള്ളിയാഴ്ചകളിൽ കുരിശിൻറെ വഴി പ്രാർത്ഥന ചൊല്ലുന്നത് നോന്പുകാലത്തിൻറെ ചൈതന്യത്തിൽ നിലനിൽക്കുന്നതിന് ഏറെ സഹായകമാണ്. പരിഹാരപ്രവർത്തിയാണ്.
7. തീർത്ഥാടനങ്ങൾ, വാർഷികധ്യാനങ്ങൾ - തീർത്ഥാടനങ്ങളും വാർഷികധ്യാനങ്ങളും നടത്തുന്നതും ദിവ്യകാരുണ്യ ആരാധനാകേന്ദ്രങ്ങൾ സന്ദർശിക്കുന്നതും നിശബ്ദതയിൽ അവിടെ സമയം ചിലവഴിക്കുന്നതും നോന്പുകാലചൈതന്യത്തിന് തികച്ചും ഉചിതമാണ്.
8. സംസാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നതും തീർച്ചയില്ലാത്ത കാര്യങ്ങൾ സംസാരിക്കാതിരിക്കുന്നതും വാക്കുകൾ ശ്രദ്ധിച്ചുപയോഗിക്കുന്നതും കൂടുതൽ സമയം നിശബ്ദതയിലായിരിക്കാൻ ശ്രമിക്കുന്നതും ഫോൺ, ഇൻറർനെറ്റ്, ടെലിവിഷൻ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും നോന്പുകാലചൈതന്യത്തിൽ നിലനിൽക്കാൻ അത്യുത്തമം.
പ്രിയമുള്ളവരെ, ഏവർക്കും വലിയ നോമ്പിൻറെ ആത്മീയനന്മകൾ നേരുന്നു. ഈ അൻപതു ദിവസത്തെ ആത്മീയയാത്രയിൽ നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. . . അവനൊടൊപ്പം ഉണർന്നിരിക്കാം. . . അവൻറെ സഹനങ്ങളെ പ്രതി കൂടുതൽ നിശബ്ദരാകാം . . .
പ്രഭാത പ്രാർഥന | 17 – 11 – 2020 |
Sequence 01
ഉയിർപ്പ് ഏഴാം ഞായർ
പ്രഭാത പ്രാർത്ഥന ; 10 -10 -2020