യേശുവിന്റെ അഞ്ചു തിരുമുറിവുകളോടുള്ള വണക്കം | ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്

23,  Sep   

പീഡാനുഭവ സമയത്തു ഈശോയ്ക്കുണ്ടായ അഞ്ചു തിരുമുറിവുകളുടെ വണക്കം നൂറ്റാണ്ടുകളായി സഭ ഭക്താദരപൂർവ്വം കൊണ്ടാടുന്നതാണ്. പല വിശുദ്ധരുടെയും ആത്മീയ ശീലമായിരുന്നു തിരുമുറിവുകളോടുള്ള വണക്കം. ഫ്രാൻസീസ് പാപ്പയ്ക്കും വളരെ പ്രിയപ്പെട്ടതാണ് ഈ വണക്കം. പത്രോസിന്റെ ഒന്നാം ലേഖനമാണു ഈ വണക്കത്തിന്റെ അടിസ്ഥാനം : “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്‌. അവന്‍െറ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു"(1 പത്രോസ് 2:24). പന്ത്രണ്ടു പതിമൂന്നു നൂറ്റാണ്ടുകളിൽ ക്രൈസ്തവർ വിശുദ്ധനാടു തിരിച്ചുപിടിക്കാൻ തുടങ്ങിയതോടെ ഈശോയുടെ പീഡാ സഹനങ്ങളോടും തിരുമുറിവുകളോടുള്ള ഭക്തിയും വർദ്ധിക്കാൻ തുടങ്ങി. ക്ലെയർവോയിലെ വി. ബർണാർഡ് ക്രിസ്തുവിന്റെ മുറിവുകളെക്കുറിച്ചു സുദീർഘമായ ഒരു പ്രഭാഷണങ്ങൾ നടത്തുവായിരുന്നു. തിരുമുറിവുകളുടെ വണക്കത്തിനു പ്രചുരപ്രചാരം നേടുന്നതിൽ വി. ബർണാർഡിന്റെ പ്രസംഗം മുഖ്യ പങ്കുവഹിച്ചു. രക്ഷകന്റെ മുറിവുകളിലല്ലാതെ എവിടെയാണു ബലഹീനരായ നമുക്കു ഉറപ്പുള്ള സുരക്ഷിതത്വവും സമാധാനവും ലഭിക്കുക? യഥാർത്ഥത്തിൽ എന്റെ സങ്കേതം കൂടുതൽ സുരക്ഷിതമാണ് കാരണം അവിടെ എന്നെ അവനു കൂടുതൽ സഹായിക്കാൻ കഴിയും. ഈശോയ്ക്കും അഞ്ചു വിശുദ്ധ മുറിവുകൾ ആണ് ഉള്ളത്: ഒന്നു വലതു കൈയിൽ രണ്ടാമത്തേത് ഇടതു കൈയിൽ, മറ്റു രണ്ടെണ്ണം വലുതുകാലിലും ഇടതുകാലിലും, അവശേഷിക്കുന്ന ഒരെണ്ണം പാർശ്വത്തും. ലത്തീൻ ആരാധനക്രമത്തിൽ ഈസ്റ്റർ രാത്രിയിൽ ഈസ്റ്റർ തിരി വെഞ്ചിരിക്കുമ്പോൾ വൈദീകൻ തിരിയിൽ അഞ്ചു കുരിശു മൊട്ടുകൾ കുത്താറുണ്ട്. തിരുമുറിവുകളോടുള്ള വണക്കം പ്രചരിപ്പിക്കുന്നതിൽ വി. ജെത്രൂദ് വലിയ പങ്കുവഹിച്ചു. ഒരിക്കൽ ഈശോയുടെ തിരുമുറിവുകളെപ്പറ്റി ധ്യാനിക്കുമ്പോൾ ഈശോ അവൾക്കു ദർശനമരുളി ഇപ്രകാരം പറഞ്ഞു , “ഞാൻ ഇപ്പോൾ നിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതു എത്ര മഹത്വത്തോടെയാണന്നു ജാഗ്രതയോടെ നീ നോക്കിക്കാണുക. ഇതുപോലെ തന്നെ നിന്റെ മരണസമയത്തും ഞാൻ പ്രത്യക്ഷപ്പെടുകയും നിന്റെ പാപങ്ങളുടെ കറമായ്ച്ചു കളയുകയും ചെയ്യും. എന്റെ മുറിവുകൾ വണങ്ങുന്നവരെയും ഞാൻ ഇപ്രകാരമാണു മരണ ശേഷം മാണ്സ്വീകരിക്കുക” ഫ്രാൻസീസ് പാപ്പ 2018 മാർച്ചു 18 നു നടത്തിയ ത്രികാല പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു : "കുരിശിലേക്കു നോക്കുക, അതിനുള്ളിലേക്കു നോക്കുക. അതിൽ ഈശോയുടെ അഞ്ചു തിരുമുറിവുകളെയും പ്രതി ഓരോ സർഗ്ഗസ്ഥനായ പിതാവേ ചൊല്ലി പ്രാർത്ഥിക്കുന്ന മനോഹരമായ ഒരു ഭക്തി ഒളിഞ്ഞിരിപ്പുണ്ട് . നമ്മൾ ഓരോ സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലുമ്പോഴും യേശുവിന്റെ മുറിവിലൂടെ നാം അകത്തുകയറി അവന്റെ ഹൃദയത്തിലെത്തുന്നു. അവിടെ ക്രിസ്തു രഹസ്യത്തിന്റെ വലിയ ജ്ഞാനം നമ്മൾ പഠിക്കുന്നു, കുരിശിന്റെ വലിയ ജ്ഞാനം". വലിയ ആഴ്ചയിൽ ക്രൂശിത രൂപത്തിനു മുമ്പിൽ നിന്നു ഈശോയുടെ അഞ്ചു തിരുമുറിവുകളെയും ഓർത്തു ഓരോ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചെല്ലി നമുക്കും ഈശോയുടെ ഹൃദയത്തിലെത്താം.


Related Articles

Contact  : info@amalothbhava.in

Top