ദൈവമെന്തിനാണ് മലമുകളിൽ വസിക്കുന്നതെന്നു ചോദിക്കാൻ തോന്നും ബൈബിൾ വായിക്കുമ്പോൾ. മോറിയാ, ഹോറെബ്, സീനായ്, താബോർ, അവസാനം മരിക്കാൻ പോലുമൊരു മല, കാൽവരി!
ഒൗന്നത്യവും നിഗൂഢതയും ഭയഭക്തിയുമുണർത്തുന്ന ഏതൊക്കെയോ അനിർവചനീയ ഭാവങ്ങളും കൊണ്ട് മലനിരകൾ ദൈവികതയെ ഒാർമപ്പെടുത്തുന്നു. പ്രവാചകന്മാരുടെ ജീവിതത്തിലും യേശുവിന്റെ ജീവിതത്തിലും പ്രാർത്ഥനയുടെയും ബലിയുടെയും ഉടമ്പടിയുടെയും വളരെ നിർണായകമായ തീരുമാനങ്ങളുടെയും പശ്ചാത്തലം പർവതങ്ങളാണ്. അബ്രാഹാമിന്റെ മോറിയായും മോശയുടെ സീനായും ഏലിയായുടെ ഹോറെബും ക്രിസ്തുവിന്റെ കാൽവരിയും.
"മലമുകൾ' ഒരു കാഴ്ചപ്പാടിന്റെ പ്രതീകമാണ്-ദൈവികമായ കാഴ്ചപ്പാടിന്റെ. അത് ഭാഗികമായ കാഴ്ചയല്ല, പൂർണ്ണമായ കാഴ്ചയാണ്. നാമൊരു താഴ്വരയിലാണെന്നു സങ്കൽപ്പിക്കുക. താഴെ നിന്നു നോക്കുമ്പോൾ നാമൊരു പുഴയുടെ ചില ഭാഗങ്ങൾ മാത്രം കാണുന്നു, ചില മരങ്ങളും ചില വീടുകളും ചില വഴികളും മാത്രം. ഇതാണ് നമ്മൾ - മനുഷ്യരുടെ - കാഴ്ചകൾ. ഇനി മല കയറുക. മലമുകളിൽ നിന്ന് താഴ്വാരം മുഴുവൻ കാണാം. പുഴയുടെ ഉത്ഭവം മുതൽ ലക്ഷ്യസ്ഥാനം വരെ കാണാം. മരങ്ങളുടെ സമൃദ്ധി വനമായി നിറയുന്നതും, പുൽമേടുകളുടെ പൂർണ്ണവിന്യാസവും, വഴി തുടങ്ങുന്നിടം മുതൽ അവസാനിക്കുന്നിടംവരെയും നമുക്കു കാണാം. വീടുകൾ മാത്രമല്ല, ഗ്രാമങ്ങളും പട്ടണങ്ങളും നമ്മുടെ കൺമുന്നിൽ അനാവൃതമാകുന്നു.
"താഴ്വാരം' കാലത്തിന്റെ ഒരു നിശ്ചലബിന്ദുവിൽ നിന്നുള്ള കാഴ്ചയാണ്. പർവതശൃംഗങ്ങൾ നിത്യതയുടെ കാഴ്ചപ്പാടാണ്. പുഴയുടെ ഉത്ഭവം മുതൽ അവസാനം വരെ ഒരുമിച്ചു കാണുന്ന കാഴ്ചപ്പാട്.
ഇനിമേൽ ഇൗ ചെറിയ ജീവിതത്തിന്റെ ഇത്തിരി ദുഃഖങ്ങൾ നമ്മെ കരയിപ്പിക്കില്ല. മരുഭൂമികൾക്കുശേഷം പുഴകളും, കാടുകൾക്കുമപ്പുറം ഗ്രാമോത്സവങ്ങളും മലമുകളിൽനിന്ന് നമ്മൾ കണ്ടതാണല്ലോ!
അഭിലാഷ് ഫ്രേസർ
വിശുദ്ധ എഫ്രേം - June 09
സഭാ വാർത്തകൾ | സെപ്റ്റംബർ 17;2020
വചന വിചിന്തിനം | മത്തായിയെ വിളിക്കുന്നു |
cropped-looo-3.png