കുരിശിലെ ഏഴു മൊഴികളുടെ സാരാംശത്തെ ഏഴുവാരം നീളുന്ന നോമ്പിൽ ധ്യാനവിഷയമാക്കുന്ന രീതിയുണ്ട്. ഓരോ വാരത്തിലും ഓരോരോ വിചാരത്തെ കേന്ദ്രമാക്കി ചിന്തയുടേയും പ്രാർത്ഥനയുടേയും അനുദിനജീവിതത്തിൻറേയും ഭ്രമണപഥങ്ങളെ ഏകാഗ്രമാക്കിയാൽ അവനോടൊപ്പം ഉയിർക്കുവാനുള്ള ഒരു സാധ്യത നിലനിൽക്കുന്നുണ്ട്.
മാപ്പിൽനിന്നു തന്നെ ആരംഭിക്കുക. 'പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോടു പൊറുക്കേണമേ.' ബലി ആരംഭിക്കുവാൻ പോവുകയാണ്. ഒരാളോടു പോലും അനിഷ്ടമോ കയ്പ്പോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഏതൊരു അർപ്പണത്തിനും ശത്രു ഇല്ലാതിരിക്കുക എന്നതാണ് പ്രധാനം. എവിടെയോ ഒരാൾ നിങ്ങൾക്കെതിരാണെന്നുള്ള തോന്നൽ പോലും ജീവിതത്തിൻറെ അഭംഗികളെ ത്വരിതപ്പെടുത്തും. അതുകൊണ്ടാണ് 'എല്ലാത്തിനോടും നിരപ്പിലാകുക, അതിനുശേഷം ബലിയർപ്പിക്കുക' എന്നൊക്കെ അവിടുന്ന് അനുശാസിച്ചത്.
ഗാന്ധി ഹിറ്റ്ലറിനെഴുതിയ കത്തുണ്ട്. അഹിംസയുടെ ഇങ്ങേച്ചെരുവിൽ നിന്ന് ഹിംസയുടെ അങ്ങേയറ്റത്തെ ചെരുവിലേക്കു പോയ ആ ദൂത് "Dear Friend' എന്ന സംബോധനയിലാണ് ആരംഭിക്കുന്നത്. അലങ്കാരത്തിൻറെ ഭാഗമായോ, ശീലംകൊണ്ടോ ആയിരുന്നില്ല അത്. "That I address you as a friend is no formality. I own no foes.' ഗാന്ധിക്ക് അതൊരു വ്രതമായിരുന്നു – നിഘണ്ടുവിൽ 'ശത്രു' എന്ന പദം ഇല്ലാതിരിക്കുക. ഒരു ശത്രു ഉണ്ടായിരിക്കുക എന്നാൽ ഏകാഗ്രതയും സമഗ്രതയും ഇല്ലാതിരിക്കുക എന്നതല്ലാതെ വേറെ അർത്ഥമൊന്നുമില്ല.
ഇതിലും പഴക്കമുള്ള ഒരു ഓർമ്മയുണ്ട്. ഗത്സമൻ തോട്ടത്തിലേക്ക് – ഒലിവുചക്ക് എന്നാണ് ആ വാക്കിൻറെ അർത്ഥം, അവിടെയാണ് തിരികല്ലിലെന്ന പോലെ യേശുവിൻറെ പ്രാണൻ നുറുങ്ങിയത് – പട്ടാളക്കാരുമായി എത്തിയ ഒറ്റുകാരനെ യേശു വിളിച്ചതും അങ്ങനെയായിരുന്നു: 'സ്നേഹിതാ!' എന്തൊരു മുഴക്കമാണ് ആ വിളിക്ക്.
ഹജ്ജിനു പോകും മുൻപ് തീർത്ഥാടകർ ഓർമ്മയിലെത്തുന്ന എല്ലാ അകൽച്ചകൾക്കും പൊറുതിയും നിരപ്പും തേടി അലയുന്നതു കണ്ടിട്ടില്ലേ? വലിയ നോമ്പ് ആരംഭിക്കുന്നതിനു മുൻപ് കിഴക്കൻ സഭകൾ ശുബ്ക്കോനോ -Day of Forgiveness- ആചരിക്കുന്നു. ഒക്കെ, ആരും എതിരല്ലെന്നും ആർക്കും എതിരല്ലെന്നും അവനവനോടു തന്നെ സാക്ഷ്യപ്പെടുത്തുന്നതിൻറെ ഭാഗമാണ്. ശത്രു ഒരു അപകടം പിടിച്ച കളിയാണ്. അതൊരാളെ എത്രമാത്രം വൾനറബിൾ ആക്കും; അതൊരു തോന്നലോ സൂചനയോ ആണെങ്കിൽപ്പോലും. യഥാർത്ഥത്തിൽ അങ്ങനെയൊരാൾ ഉണ്ടാകണമെന്നു തന്നെയില്ല.
അവിടെയാണ് കൂടോത്രമെന്ന നാടൻകലയുടെ പിറവി. 'കൂടെയുള്ളവന്, മറ്റുള്ളവർക്ക് ദോഷകരമായ രീതിയിൽ മാന്ത്രികമായ പ്രവൃത്തികൾ ചെയ്യുകയാണ് കൂടോത്രം' എന്ന് ശബ്ദ താരാവലി. കുറച്ച് ചെത്തിപ്പൂവു കൊണ്ടോ ഒരു കോഴിത്തല കൊണ്ടോ പന്താടാവുന്നതാണ് നിങ്ങളുടെ ജീവനെങ്കിൽ അതെന്തൊരു കോമഡിയാണ്. എന്നിട്ടും അതുകൊണ്ട് ചില്ലറ ദോഷങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. 'എവിടെയോ ഒരു അദൃശ്യ ശത്രുവുണ്ട്. അയാൾ എൻറെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കാൻ തീരുമാനിച്ചിരിക്കുന്നു' ആ ഒരൊറ്റ വിചാരത്തിൽ, ഡോൺ കിഹോത്തയെപ്പോലെ ഇല്ലാത്ത ശത്രുവിനെതിരായി വാൾ ചുഴറ്റിച്ചുഴറ്റി ഒടുവിൽ ഊർദ്ധ്വൻ വലിക്കുക. ശത്രു ഭാവനയിൽപ്പോലും എത്ര ശക്തനാണ്!
ഏഴാം സ്വർഗത്തിൽ നിന്നിറങ്ങി ഓരോ രാവിലും 'ഇനിയുമാർക്കെങ്കിലും മാപ്പു വേണോ' എന്ന് അന്വേഷിക്കുന്ന അള്ളായേക്കുറിച്ച് ഒരു സൂഫി ഗ്രന്ഥത്തിലാണ് വായിച്ചത്. അത്രമേൽ മോഹിപ്പിക്കുന്നുണ്ട് ആ വാക്ക്.
അമ്പതുകളുടെ ആദ്യം വെനീസിൽ ആൽക്കഹോളിക് എന്ന കാരണം കൊണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട ഒരു വൈദികനുണ്ടായിരുന്നു. ഒരു ശിക്ഷയും അയാളിൽ കാര്യമായ വ്യതിയാനം ഉണ്ടാക്കിയില്ല. അങ്ങനെയൊരു സന്ധ്യക്ക് ബാറിൽ മിന്നിയിരിക്കുമ്പോൾ ആരോ വന്ന് തട്ടിവിളിച്ചു: 'പുതിയ മെത്രാൻ നിങ്ങളെ കാത്ത് പുറത്തുനിൽപ്പുണ്ട്.'
കാലു വാരുകയാണെന്നോർത്ത് അനങ്ങിയില്ല. പിന്നെയും പലരും വന്നത് പറഞ്ഞു. എല്ലാവരും കൂടി ഒത്തുകളിക്കുകയാണെന്നു പറഞ്ഞ് അയാൾ വീണ്ടും കോപ്പയിലേക്കു മുങ്ങി. തോളിൽ കൈ വീണപ്പോഴാണ് ഐസായത്. ശരിക്കും മെത്രാൻ തന്നെ – കാർഡിനൽ റോൺകലി.
പുറത്തേക്കു വരാൻ പറഞ്ഞു. തല കുനിച്ച് പിന്നാലെ നടക്കുമ്പോൾ പണി പാളിയെന്നുതന്നെ കരുതി. ആകെ മുങ്ങിയാൽ കുളിരൊന്ന്. മേടയിലേക്ക് അയാളെ കൂട്ടി കസേര നീക്കി ഇരിക്കാൻ പറഞ്ഞു. പിന്നെ മുട്ടിന്മേൽ നിന്ന് തൻറെ കുമ്പസാരം കേൾക്കാൻ ദയവുണ്ടാകുമോയെന്നു ചോദിച്ചു.
'എൻറെ പിഴ, എൻറെ പിഴ!' നെഞ്ചത്തടിച്ചു ചൊല്ലുന്ന ആ ജ്ഞാനവയോധികൻറെ മീതെ ചെറുപ്പക്കാരൻറെ കണ്ണീർ വീണു. ആശീർവാദം സ്വീകരിച്ച് എഴുന്നേറ്റപ്പോൾ അയാളെ തന്നോടു ചേർത്തുപിടിച്ച് അദ്ദേഹം ഇങ്ങനെ മന്ത്രിച്ചു: 'ഇതിനാണ് മകനേ ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.' നൊടിയിട കൊണ്ട് ഇങ്ങനെയൊക്കെയാണു മനുഷ്യർ കുലീനരാവുന്നത്.
മനുഷ്യർക്ക് മാപ്പു കൊടുക്കുകയെന്നാൽ എല്ലാം ആരംഭിക്കുവാൻ പുതുതായി ഒരു ഊഴം കൊടുക്കുക എന്നുതന്നെ സാരം. ഒരാളെ തകർക്കാനുള്ള ഏറ്റവും എളുപ്പവഴി അയാൾക്ക് മാപ്പു കൊടുത്തിട്ടില്ല എന്ന ശരീര ഭാഷ നിലനിർത്തുക തന്നെയാണ്. സാൻഡോർ മാറോയിയുടെ Embers ഒരു അനു ബന്ധവായനയ്ക്ക് നല്ലതാണ്. നിറയെ കുത്തിവരച്ച ചെറിയ കുട്ടികളുടെ സ്ലേറ്റു പോലെയാണ് ജീവിതം. മാപ്പിൻറെ മഷിത്തണ്ടു കൊണ്ട് ആരെങ്കിലുമത് തുടച്ചു കൊടുക്കാൻ മനസ്സു കാട്ടിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നമുക്ക് ആരംഭിക്കാൻ കഴിയുക.
ഉള്ളിൽ ഒന്നുമില്ലെന്നാണ് എല്ലാവരും അവത പറയുന്നത്. താങ്കളുടെ ഉള്ളിൽ ഒന്നുമില്ലെന്ന് എനിക്കെങ്ങനെയാണു പിടികിട്ടുന്നത്; ഒന്നു കരം നീട്ടാതെ, ആലിംഗനം ചെയ്യാതെ, ഒരു കാപ്പിക്കു ക്ഷണിക്കാതെ… Celebrate your forgiveness with signs അടയാളങ്ങൾകൊണ്ട് ഇനിയും ഘോഷിക്കപ്പെടേണ്ട മാപ്പ്!
വേദപുസ്തകം പറയുന്ന മാപ്പ് രണ്ടു തരത്തിലാണ്; ദൈവം നല്കുന്ന മാപ്പും നമ്മൾ അപരന് ഉറപ്പു വരുത്തേണ്ട മാപ്പും. അങ്ങനെയാണ് എല്ലാം resume ചെയ്യേണ്ടത്.
ങാ, ആ കാർഡിനൽ വലിയ മാർപ്പാപ്പയൊക്കെയായി – ജോൺ ഇരുപത്തി മൂന്നാമൻ. 2014-ൽ ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
ദൈവത്തേപ്പോലെ മാപ്പു വേണമോയെന്ന് അന്വേഷിച്ച് അലയുന്നവരുടെ കാലം ഇനിയും വരാനിരിക്കുന്നതേയുള്ളു.
അനുദിന വിശുദ്ധർ | ആഗസ്റ്റ് 26 , 2020
അനുദിന വിശുദ്ധർ സെപ്റ്റംബർ 11; 2020
ഓണാശംസകൾ
ഫാ. ജോസഫ് പുത്തൻപുരക്കൽ latest speech