പാദുവായിലെ വിശുദ്ധ അന്തോനീസ്: അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍

28,  Jan   

"ലോകത്തിന്റെ വിശുദ്ധൻ " എന്നു പന്ത്രണ്ടാം ലിയോൺ മാർപാപ്പ വിശേഷിപ്പിച്ച പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ദിനമാണ് ജൂൺ 13. 827 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസബണിൽ ജനിച്ച വിശുദ്ധ അന്തോനീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ പരിഗണിക്കുന്നു. പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മധ്യസ്ഥനാണ് വി. അന്തോനീസ്. വിശുദ്ധനെക്കുറിച്ചുള്ള ചില നുറുങ്ങ് അറിവുകൾ കുറിക്കട്ടെ. 1) ഫെർണാണ്ടോ മാർട്ടിനസ് ‍ പോർച്ചുഗലിലെ ലിസ്ബണിൽ 1195 ഒരു കുലീന കുടുംബത്തിലാണ് അന്തോണീസ് ജനിച്ചത് .ഫെർണാണ്ടോ മാർട്ടിനസ് എന്നായിരുന്നു ആദ്യത്തെ നാമം. പതിനഞ്ചാം വയസ്സിൽ അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേർന്നു.പത്തു വർഷക്കാലം അഗസ്റ്റീനിയൻ സഭയിൽ ജീവിച്ച ഫെർണാണ്ടോ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നപ്പോഴാണ് അന്തോനീ എന്ന പേര് സ്വീകരിച്ചത്. 2) ഫ്രാൻസിസ്ക്കൻ സഭയിലേക്കടുപ്പിച്ച രക്തസാക്ഷിത്വം ‍ പോർച്ചുഗലിലെ കോയിമ്പ്രയിലുള്ള അഗസ്റ്റീനിയൻ ആബിയിലായിരുന്നു ഫെർണാണ്ടോ ദൈവശാസ്ത്രവും ലത്തീനും പഠിച്ചത്. കോയിമ്പ്രയിൽ വിവിധ സന്യാസസമൂഹങ്ങൾ ഉണ്ടായിരുന്നു. 1220 ൽ മൊറോക്കോയിലെ മുസ്‌ലിംകളോട് വിശ്വാസം പ്രസംഗിച്ചതിൻ്റെ പേരിൽ രക്തസാക്ഷികളായ അഞ്ച് ഫ്രാൻസിസ്‌ക്കൻ സന്യാസിമാരുടെ മൃതദേഹങ്ങൾ കോയിമ്പ്രയിൽ തിരികെ കൊണ്ടുവന്നപ്പോൾ വിശ്വാസത്തിനു വേണ്ടി രക്തം ചിന്തിയ രക്തസാക്ഷികളുടെ മൃതശരീരം സ്വീകരിക്കാൻ രാജ്ഞി പോലും സന്നിഹിതയായിരുന്നു. രക്തസാക്ഷികളുടെ മൃതദേഹങ്ങളുമായി കോയിമ്പ്ര നഗരത്തിലൂടെ ഒരു വിലാപയാത്ര നടത്തുകയുണ്ടായി. അവരുടെ വിശ്വാസ തീക്ഷ്ണണതയും ത്യാഗവും ഫെർണാണ്ടോയെ സ്വാധീനിക്കുകയും മൊറോക്കയിൽ പോയി സുവിശേഷം പ്രസംഗിക്കുവാനും രക്തസാക്ഷിത്വം വരിക്കുവാനും ഫ്രാൻസിസ്കൻ സഭയിൽ ചേരാൻ ഫെർണാണ്ടോ അനുവാദം ചോദിക്കുകയും ചെയ്തു. ഒടുവിൽ ഫെർണാണ്ടോയെ അഗസ്തീനിയൻ ക്രമത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുകയും ഫ്രാൻസിസ്കൻ സഭയിൽ ചേരാൻ അനുവദിക്കുകയും ചെയ്തു. ഫ്രാൻസിസ്കൻ സഭയിൽ പ്രവേശിച്ചപ്പോഴാണ് അന്തോനീസ് എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. 3) വ്യത്യസ്തമായ ദൈവിക പദ്ധതി ‍ ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന അന്തോനിസിനെ അദേഹത്തിൻ്റെ താൽപര്യപ്രകാരം സുവിശേഷം പ്രസംഗിക്കുവാൻ മൊറോക്കോയിലേക്ക് അധികാരികൾ അയച്ചു, പക്ഷേ ദൈവത്തിൻ്റെ പദ്ധതികൾ വിഭിന്നങ്ങളായിരുന്നു. രക്തസാക്ഷിയാകാൻ പോയ അന്തോണിസ് യാത്രാമധ്യേ രോഗബാധിതനായതിനെ തുടർന്ന് കോമ്പ്രായിലേക്കു തിരികെ അയച്ചു. സഞ്ചരിച്ച കപ്പൽ കാറ്റും കൊടുങ്കാറ്റും നിമിത്തം ഇറ്റലിയിലെ സിസിലിയിൽ എത്തിച്ചേർന്നു. വളരെ രോഗിയായിരുന്ന അന്തോണി സഹ സന്യാസിമാരുടെ പരിചരണം മൂലം ആരോഗ്യം വീണ്ടെടുത്തു. അങ്ങനെ ഇറ്റലി അദ്ദേഹത്തിൻ്റെ പ്രേഷിത ഭൂമിയായി 4) പ്രസംഗം കേൾക്കുന്ന മത്സ്യകൂട്ടം ‍ ഒരിക്കൽ ഇറ്റലിയിലെ ജനങ്ങൾ അന്തോനീസിൻ്റെ പ്രസംഗം കേൾക്കാൻ വിസമ്മതിച്ചു. നിരാശനാകാതെ സമുദ്രത്തിലേക്കു തിരിഞ്ഞ് അന്തോനീസ് പ്രസംഗിക്കാൻ തുടങ്ങി, അധികം വൈകാതെ അദ്ദേഹത്തിൻ്റെ വാക്കുകൾ കേൾക്കാൻ വെള്ളത്തിൽ നിന്നു ഒരു മത്സ്യകൂട്ടം ഉയർന്നു വന്നു എന്നാണ് ഐതീഹ്യം. 5) പാഷണ്ഡികളുടെ ചുറ്റിക ‍ ഫ്രാൻസിസ്കൻ സന്യാസിമാരെ പരിശീലിപ്പിക്കുക എന്ന ദൗത്യം സഭ അദ്ദേഹത്തെ ഭരമേല്പിച്ചിരുന്നു. 227 ഫ്രാൻസിസ്കൻ വടക്കേ ഇറ്റലി പ്രവശ്യയുടെ തലവനും ആയി .അഗാധമായ പാണ്ഡ്യത്യവും ജീവിത വിശുദ്ധിയും നിറഞ്ഞിരുന്ന അന്തോനീസിനു വിശ്വസ സത്യങ്ങളും ദൈവീക രഹസ്യങ്ങളും ലളിതമായും ആകർഷകമായും അവതരിപ്പിക്കാനുള്ള സർഗ്ഗശേഷിയുണ്ടായിരുന്നു. അബദ്ധ സിദ്ധാന്തങ്ങളെയും പാഷണ്ഡതകളെയും നഖശിഖാന്തം എതിർത്തിരുന്ന അന്തോനീസിനെ പാഷണ്ഡികളുടെ ചുറ്റിക എന്നാണ് വിളിച്ചിരുന്നത്. 6) യുവത്വത്തിൽ പിതൃസന്നിധിയിലേക്ക് ‍ 36-ാം വയസ്സിൽ ദൈവസന്നിധിയിലേക്കു തിരികെപോയ വിശുദ്ധനാണ് അന്തോനീസ്. സുവിശേഷം പ്രഘോഷിക്കുവാനായി പതിമൂന്നാം നൂറ്റാണ്ടിൽ ഇറ്റലിക്ക് അകത്തും പുറത്തുമായി 400-ലധികം യാത്രകൾ അദ്ദേഹം നടത്തുകയുണ്ടായി. മാർപാപ്പായ്ക്കു പകരക്കാരനായി പോലും അദ്ദേഹം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴേ അന്തോനീസിനെ വിശുദ്ധനായി കരുതിയിരുന്നതിനാൽ തിരുശേഷിപ്പായി സൂക്ഷിക്കാൻ ജനങ്ങൾ അദ്ദേഹത്തിൻ്റെ വസ്ത്രത്തിൻ്റെ ഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിൽ നിന്നു ആളുകളെ തടയാനായി അദ്ദേഹത്തിന്റെ അവസാനകാല പ്രഭാഷണങ്ങളിൽ പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു എന്നു പാരമ്പര്യം പറയുന്നു. അന്തോണിസിനു പ്രിയപ്പെട്ട പട്ടണമായ പാദുവായിയിൽ പോയി മരിക്കാൻ ആഗ്രഹിച്ചുവെങ്കിലും , അവസാന നാളുകളിൽ യാത്ര ചെയ്യാൻ കഴിയാത്തതിനാൽ , അടുത്തുള്ള പട്ടണമായ ആർസെല്ലയിൽ നിന്ന് പാദുവാ നഗരത്തിനു അദ്ദേഹം അന്തിമ അനുഗ്രഹം നൽകി ."ഞാൻ എന്റെ ദൈവത്തെ കാണുന്നു” എന്ന അന്ത്യ മൊഴിയോടെ 1231 ജൂൺ മാസം പതിമൂന്നാം തീയതി വിശുദ്ധൻ ദൈവസന്നിധിയിലേക്കു യാത്രയായി. 7) ഏറ്റവും വേഗത്തിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തി ‍ കത്തോലിക്കാ സഭയിൽ വിശുദ്ധനായി പ്രഖ്യപിക്കാനുള്ള നടപടി ക്രമങ്ങൾ സാധാരണ ഗതയിൽ മന്ദഗതിയിലാണ്. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ വിശുദ്ധനാണ് പാദുവയിലെ വിശുദ്ധ അന്തോനീസ്. മരണത്തിനു 352 ദിവസങ്ങൾക്കു ശേഷം അന്തോനീസിനെ ഗ്രിഗറി ഒൻപതാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. അന്തോനീസ് ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാൻ ഭാഗ്യം സിദ്ധിച്ച വ്യക്തിയായിരുന്നു ഗ്രിഗറി മാർപാപ്പ. ചരിത്രത്തിൻ ഏറ്റവും വേഗം വിശുദ്ധനായ വ്യക്തി വെറോണയിലെ വിശുദ്ധ പിറ്ററാണ്. അദേഹത്തിൻ്റെ മരണത്തിനു 337 ദിവസങ്ങൾക്കു ശേഷം 1253 ൽ ഇന്നസെൻ്റ് നാലാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. 8) തിരുശേഷിപ്പ് ‍ അന്തോനീസിൻ്റെ മരണത്തിനു 340 വർഷങ്ങൾക്കു ശേഷം ശവകുടീരം തുറന്നപ്പോഴും അദ്ദേഹത്തിൻ്റെ നാവ് അഴുകാതെ ഇരിപ്പുണ്ടായിരുന്നു. വിശുദ്ധൻ്റെ നാവ് അടങ്ങുന്ന സുവർണ്ണ പേടകം പാദുവായിലെ ബസിലിക്കയിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു 9 ) വാഗ്ദാന പേടകം ‍ ഗ്രിഗറി ഒൻപതാം മാർപാപ്പ അന്തോനിസിൻ്റെ വിശുദ്ധ വചനത്തിലുള്ള അഗാധ പാണ്ഡ്യത്യം നിമിത്തം "വാഗ്ദാന പേടകം" എന്നാണ് വിളിച്ചിരുന്നത്. 1946 ജനുവരി പതിനാറാം ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ അന്തോനീസിനെ വേദപാരംഗതനായി പ്രഖ്യാപിച്ചു 10) ആദ്യ മധ്യസ്ഥ പ്രാർത്ഥന ‍ ജീവിച്ചിരിക്കുമ്പോഴേ ദൈവ തിരുമുമ്പിലെ ശക്തനായ മധ്യസ്ഥനായി അന്തോനീസിനെ കണ്ട ജനങ്ങൾ മരണശേഷം അവൻ്റെ കബറിടത്തിലേക്ക് ഒഴുകിയെത്തി. ഇതു മനസ്സിലാക്കിയ ഫ്രാൻസിസ്കൻ സന്യാസി ജൂലിയാൻ 1233 ൽ ഒരു മധ്യസ്ഥ പ്രാർത്ഥന രൂപപ്പെടുത്തി: "നിങ്ങൾ അവനോടു അത്ഭുതങ്ങൾ ചോദിക്കുവാണങ്കിൽ, കുഷ്ഠരോഗവും പിശാചുക്കളും നിൻ്റെ മുന്നിൽ ഓടിയകലുന്നു. ബലഹീനതകളിൽ നീ ആരോഗ്യം സമ്മാനിക്കുന്നു. കടൽ നിന്നെ അനുസരിക്കുകയും ചങ്ങലകൾ തകർക്കുകയും ചെയ്യുന്നു, നിർജീവമായ അവയവങ്ങൾ നീ വീണ്ടും പുനസ്ഥാപിക്കുന്നു; നഷ്ടപ്പെട്ട നിധികൾ വീണ്ടും കണ്ടെത്തുമ്പോൾ, ചെറുപ്പക്കാരും പ്രായമായവരും നിൻ്റെ സഹായം അഭ്യർത്ഥിക്കുന്നു. വാഴ്ത്തപ്പെട്ട അന്തോനീസേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങളെ യോഗ്യരാക്കേണമേ." 11) അന്തോനീസ് ജപമാല ‍ മൂന്നു മുത്തുകളുടെ പതിമൂന്ന് സെറ്റുകൾ ചേർന്നതാണ് അന്തോനീസ് ജപമാല. സാധാരണ രീതിയിൽ ഉണ്ണീശോയെ കരങ്ങളിൽ വഹിക്കുന്ന വിശുദ്ധ അന്തോനീസിൻ്റെ മെഡലിനോടു ചേർന്നാണ് ഈ ജപമണികൾ ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കുരിശിൻ്റെ അടയാളത്താൽ ജപമാല ആരംഭിക്കുന്നു. മൂന്നു ജപമണികളിൽ യഥാക്രമം ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, ഒരു നന്മ നിറഞ്ഞ മറിയമേ, ഒരു ത്രിത്വ സ്തുതി എന്നിവയക്കായി മാറ്റിയിരിക്കുന്നു. 1. മരിച്ചവരെ ഉയിർപ്പിച്ച വിശുദ്ധ അന്തോനീസേ, മരിച്ചവർക്കു വേണ്ടിയും അവരുടെ വേർപാടിൽ ദു:ഖിക്കുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. 1സ്വർഗ്ഗ, 1 നന്മ നിറഞ്ഞ മറിയം, 1 ത്രിത്വ സ്തുതി. 2. സുവിശേഷത്തിന്റെ തീക്ഷ്ണതുള്ള പ്രസംഗകനായ വിശുദ്ധ അന്തോനീസേ, ദൈവത്തിന്റെ ശത്രുക്കളുടെ തെറ്റുകൾക്കെതിരെ ഞങ്ങളെ ശക്തിപ്പെടുത്തുകയും പരിശുദ്ധപിതാവിനും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ. 3. ഈശോയുടെ ഹൃദയത്താൽ ശക്തനായ വിശുദ്ധ അന്തോനീസേ, നമ്മുടെ പാപങ്ങൾ നിമിത്തം നമ്മെ ഭീഷണിപ്പെടുത്തുന്ന വിപത്തുകളിൽ നിന്ന് ഞങ്ങള സംരക്ഷിക്കണേ. 4. പിശാചുക്കളെ ഓടിച്ച വിശുദ്ധ അന്തോനീസേ, പിശാചിൻ്റെ കെണികളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. 5. വിശുദ്ധ അന്തോനീസേ, സ്വർഗ്ഗീയ വിശുദ്ധിയുടെ നിർമ്മല പുഷ്പമേ, പാപ കറകളിൽ നിന്ന് ഞങ്ങളുടെ ആത്മാക്കളെ ശുദ്ധീകരിക്കുകയും എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളുട ശരീരങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ. 6. വിശുദ്ധ അന്തോനീസേ, രോഗികളെ സുഖപ്പെടുത്തുവാൻ ശക്തിയുള്ള മധ്യസ്ഥനേ, ഞങ്ങളുടെ രോഗങ്ങൾ ഭേദമാക്കുകയും ആരോഗ്യത്തിൽ ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ. 7. യാത്രക്കാരുടെ വഴികാട്ടിയായ വിശുദ്ധ അന്തോനീസേ, ഞങ്ങുടെ ആത്മാക്കളെ പ്രക്ഷുബ്ധമാക്കുന്ന വികാരാധീനമായ തിരമാലകളെ നശിപ്പിക്കുകയും ശാന്തവും സുരക്ഷിതവുമായ തുറമുഖത്തേക്ക് അടുപ്പിക്കുകയും ചെയ്യണമേ. 8. ബന്ദികളുടെ വിമോചകനായ വിശുദ്ധ അന്തോനീസേ, തിന്മയുടെ അടിമത്തത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ. 9. ചെറുപ്പക്കാരെയും പ്രായമായവരെയും ആശ്വസിപ്പിക്കുന്ന അന്തോനീസേ, ഞങ്ങളുടെ ശരീരത്തിന്റെ ഇന്ദ്രിയങ്ങളെയും ആത്മാവിന്റെ കഴിവുകളുടെയും ദൈവഹിതപ്രകാരം ഉപയോഗിക്കാൻ സഹായിക്കണമേ. 10. നഷ്ടപ്പെട്ടവയെ കണ്ടെത്തുന്ന വിശുദ്ധ അന്തോനീസേ, ആത്മീയവും ഭൗതികവവുമായി ഞങ്ങൾക്കു നഷ്ടപ്പെട്ടതെല്ലാം കണ്ടെത്താൻ ഞങ്ങളെ സഹായിക്കണമേ. 11. പരിശുദ്ധ മറിയം സംരക്ഷിച്ച വിശുദ്ധ അന്തോനീസേ, ഞങ്ങളുടെ ശരീരത്തെയും ആത്മാവിനെയും അപകടപ്പെടുത്തുന്ന അപകടങ്ങളെ ഒഴിവാക്കണമേ. 12. പാവപ്പെട്ടവരുടെ സഹായിയായ വിശുദ്ധ അന്തോനീസേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കുകയും ആവശ്യപ്പെടുന്നവർക്ക് അപ്പവും ജോലിയും നൽകുകയും ചെയ്യണമേ. 13. വിശുദ്ധ അന്തോനീസേ, നിന്റെ അത്ഭുതശക്തി ഞങ്ങൾ നന്ദിയോടെ പ്രഖ്യാപിക്കുന്നു, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ നിന്നോടു അഭ്യർത്ഥിക്കുന്നു. ആമ്മേൻ.


Related Articles

Contact  : info@amalothbhava.in

Top