ദൈവാലയത്തിൽ കുർബാനയില്ലാതിരുന്ന ദിവസം. തനിയെ കുർബാനയർപ്പിക്കാൻ ദൈവാലയത്തിലേക്ക് പോവുകയായിരുന്നു. "അച്ചാ...."
പിന്നിൽ നിന്ന് ആരോ വിളിച്ചു. ഒരു യുവാവും യുവതിയും.
"ഇന്നിവിടെ കുർബാനയില്ലേ?"
"ഇല്ല ... "
"അടുത്ത് വേറെ പള്ളികളിലോ?"
"ഇപ്പോൾ ഏഴുമണി കഴിഞ്ഞില്ലെ? എല്ലായിടത്തും വിശുദ്ധ ബലി ആരംഭിച്ചു കാണും." ഞാൻ പറഞ്ഞു. "ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്. വീട്ടിൽ നിന്നിറങ്ങാൻ അല്പം വൈകി. ഇനി വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ പറ്റാത്തതിനാൽ ഞങ്ങൾ പള്ളിയിലിരുന്ന് അൽപസമയം പ്രാർത്ഥിച്ചോട്ടെ!" അവർ പള്ളിയിലേക്ക് കയറി.
ഞാൻ സങ്കീർത്തിയിൽ ചെന്ന് തനിയെ ബലിയർപ്പിക്കാൻ ബലിപീഠമൊരുക്കി. കുർബാനയർപ്പണം ആരംഭിക്കുന്നതിനു മുമ്പ് അകതാരിൽ നിന്നൊരു സ്വരം. "ആ ദമ്പതികളെക്കൂടി വിശുദ്ധ ബലിയ്ക്ക് വിളിച്ചു കൂടെ?"
"പക്ഷേ .... പുറമെ നിന്ന് ആരെയും കുർബാനയ്ക്ക് ഇന്നേ ദിവസം പങ്കെടുപ്പിക്കരുതെന്നല്ലെ നിയമം?" മനസിൽ ചോദ്യമുയർന്നു.
ഉള്ളിൽ നിന്നുള്ള ശക്തമായ പ്രേരണയാൽ ഞാൻ ദൈവാലയത്തിനകത്തേക്ക് പ്രവേശിച്ചു. അവിടെയിരുന്ന് പ്രാർത്ഥിച്ച ദമ്പതികളോട് പറഞ്ഞു: "ഞാനിപ്പോൾ വ്യക്തിപരമായി വിശുദ്ധ ബലിയർപ്പിക്കുന്നുണ്ട്. നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ പങ്കെടുക്കാം."
എന്നോടൊപ്പം അവരും ആ ബലിയിൽ പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് അവർ ഇങ്ങനെ പറഞ്ഞു: "വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ എങ്ങനെയെങ്കിലും അവസരം ഒരുക്കണേ എന്ന് ഈ പള്ളിയിലിരുന്നും ഞങ്ങൾ പ്രാർത്ഥിക്കുകയായിരുന്നു. എന്തായാലും ഞങ്ങൾക്കു വേണ്ടി മാത്രം ദൈവം അച്ചനിലൂടെ അദ്ഭുതം പ്രവർത്തിച്ചു. ദൈവത്തിനും അച്ചനും എങ്ങനെ നന്ദി പറയണമെന്നറിഞ്ഞു കൂടാ...."
"തന്നെ വിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്‌ഥനാണ്" (സങ്കീ 145 : 18) എന്ന വചനം ഇവിടെ അനുസ്മരണീയമാണ്.
ഇന്നീ സംഭവം ഓർത്തെടുക്കാൻ കാരണം ഉയരക്കുറവുള്ള സക്കേവൂസിനെക്കുറിച്ചുള്ള ധ്യാനമാണ്. ക്രിസ്തുവിനെ ഒരു നോക്കു കാണണം എന്ന ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടി അയാൾ നടത്തുന്ന ശ്രമങ്ങളെ ചെറുതാക്കി കാണരുത്. ആത്മാർത്ഥമായ ആഗ്രഹവുമായി സിക്കമൂർ മരം കയറിയവന്റെ ഭവനത്തിൽ പ്രവേശിച്ച ക്രിസ്തു അവന്റെ ജീവിതത്തെ സ്വന്തമാക്കി (ലൂക്ക 19:1-10).
നമ്മുടെ കുറവുകൾ പരിഗണിക്കാതെ സ്നേഹിക്കുന്നവനാണ് ദൈവമെന്നും അവിടുത്തെ സ്വന്തമാക്കാനുള്ള അതിയായ ദാഹം നമ്മെ കൃപയുടെ വാഹകരാക്കുമെന്നും മനസിൽ സൂക്ഷിക്കാം.