നോമ്പും ഉപവാസവും പുതുജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ്

30,  Sep   

"ഉരുവും', "കരുവും' ചേരുന്നതാണ് മനുഷ്യൻ. ബാഹ്യശരീരവും ആന്തരിക ശരീരവും. ബാഹ്യശരീരത്തെ ആന്തരിക ശരീരവും ആന്തരിക ശരീരത്തെ ബാഹ്യശരീരവും നിയന്ത്രിക്കുന്നു. ഇവയുടെ പരസ്പരമുള്ള ഗുരുത്വാകർഷണമാണ് ജീവിതം. ശരീരം മാത്രമാണ് നമുക്ക് വിധേയമായിട്ടുള്ളത്. അതിലൂടെയാണ് എല്ലാം ഉണ്ടാക്കിതീർക്കുന്നതും, അനുഭവിക്കുന്നതും. പഞ്ചേന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുന്നവയെ അനുഭൂതിയാക്കി മാറ്റുന്ന രാസപ്രവർത്തനമാണ് ഒാരോ ജീവിതവും. കടലിലെ തിരപോലെ അനുനിമിഷം നവനവങ്ങളാണ് അനുഭൂതികൾ. ശരീരത്തിന്റെ ഒാരോ കോശങ്ങളും അനുനിമിഷം പുതുതായിക്കൊണ്ടിരിക്കുന്നു.
എല്ലാ ജീവജാലങ്ങളും തങ്ങളുടെ ശരീരത്തെ പുതുക്കി പണിയാൻ ഉപവാസം അനുഷ്ഠിക്കുന്നുണ്ട്. അരികിൽ വസിക്കുന്നു എന്നൊക്കെയാണ് ഉപവാസം എന്ന് പദത്തിന് നൽകാവുന്ന അർത്ഥം. ആരുടെ അടുത്ത് എന്നതാണ് ചോദ്യം. ജീവന്റെ സമീപം എന്നാണ് എനിക്കു തോന്നുന്ന ഉത്തരം. ശരീരം ഏറ്റവും അധികം ഉൗർജ്ജം ചെലവഴിക്കുന്നത് ആഹാരം ദഹിപ്പിക്കുവാനാണ്. ആഹാരം ഒരു നേരമോ ഒരു ദിവസമോ ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് അത്രയും ഉൗർജ്ജം ലാഭമാകുന്നു. ഉൗർജ്ജം, ശരീരം കേടുവന്ന കോശങ്ങളെ നന്നാക്കാൻ ഉപയോഗിക്കുന്നു.
നോമ്പും, ഉപവാസവും എല്ലാ മതങ്ങളും തങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കിയിട്ടുണ്ട്. അതിന് ചില നിബന്ധനകളും ചിട്ടകളും നിശ്ചയിച്ചിട്ടുണ്ട്. അതൊരു ആചാരം തന്നെയായി വിധിച്ചിട്ടുമുണ്ട്. ഒരു മതത്തിലും വിശ്വസിക്കുന്നില്ലെങ്കിലും മൃഗങ്ങൾ അവയ്ക്കു ശരീരത്തിനു രോഗം വരുമ്പോൾ ഭക്ഷണം ഒഴിവാക്കി വിശ്രമിക്കുന്നു.

യേശുവിന്റെ ഉപവാസം ഏറെ പ്രശസ്തമാണല്ലോ? നാല്പത് രാവും നാല്പതു പകലും ഉപവസിച്ചതിനു ശേഷമാണ് യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്നത്. ശരീരത്തെയും ആത്മാവിനെയും ഒരു പോലെ ബലപ്പെടുത്തി എടുക്കുകയായിരുന്നു. നാല്പതു ദിവസം ഭക്ഷണം കഴിക്കാതിരുന്ന ഒരാൾ വിശന്നു വലഞ്ഞു കാണും; കണ്ണിൽ കണ്ടതെന്തും വാരിവലിച്ചു തിന്നും എന്നൊക്കെയാണല്ലോ നമ്മൾ കരുതുക. അതുകൊണ്ടാണ് യേശുവിന്റെ പ്രലോഭനത്തിൽ ഒന്ന് "കല്ലുകളെ അപ്പമാക്കി ഭക്ഷിക്കുക' എന്ന് സാത്താൻ തെരഞ്ഞടുത്തത്. ഏറെ സമചിത്തതയോടെയാണ് യേശു മറുപടി പറയുന്നത്. "കല്ല് കല്ലായിരിക്കാൻ സൃഷ്ടിക്കപ്പെട്ടതാണ്' എന്ന്. ഇൗ തിരിച്ചറിവാണ് ഉപവാസംഒരാൾക്ക് നല്കുന്നത്. ഉപവാസം ആത്മീയ ഉന്നതിയായി മാറുന്നത് അങ്ങനെയാണ്.

ദാരിദ്ര്യംകൊണ്ടുള്ള ഉപവാസമല്ല. എനിക്ക് ഉണ്ടായിട്ടും വേണ്ട എന്നുവയ്ക്കലാണത്. ഉപവാസത്തിന്റെ സൗന്ദര്യം ഞാൻ അറിഞ്ഞത് മലപ്പുറം തിരൂരിൽ ഉള്ള ഡോ. രാധാകൃഷ്ണന്റെ പ്രകൃതികേന്ദ്രത്തിൽ പത്തു ദിവസം കഴിഞ്ഞപ്പോഴാണ്. ഒരു ദിവസത്തെ ഉപവാസത്തോടെ തുടങ്ങാം എന്നാണ് ഡോക്ടർ പറഞ്ഞത്. വളരെ വിഷമിച്ചാണ് ഞാൻ അത് സമ്മതിച്ചത്. പച്ചവെള്ളം മാത്രം കുടിച്ച് കട്ടിലിൽ കിടന്ന് വിശ്രമിക്കുക. എഴുത്തോ, വായനയോ, സംഗീതമോ ഒന്നുമില്ല. പരിപൂർണ്ണവിശ്രമം. ആദ്യ ദിവസം ഒരു മടുപ്പ്, തലവേദന അങ്ങനെയൊക്കെ തോന്നി. രാത്രി നന്നായി ഉറങ്ങി. രാവിലെ ഉണർന്നപ്പോൾ നല്ല സുഖം. ശരീരത്തിന് ഒരു ഭാരക്കുറവ്.രണ്ടും മൂന്നും ദിവസങ്ങൾ അങ്ങനെ കടന്നു പോയപ്പോൾ വല്ലാത്തൊരു ഉൗർജ്ജം ശരീരത്തിൽ പരന്നു കിടക്കുന്നു. പച്ചവെള്ളത്തിന് എന്ത് രുചി എന്നറിഞ്ഞത് ആ ദിവസങ്ങളിലാണ്. കിണറ്റിൽ നിന്നു കോരിയ വെള്ളം ഒരു മൺകൂജ നിറയെ മുറിയിലുണ്ടാകും. ഒരു ചില്ല് ഗ്ലാസ്സും. ആവശ്യത്തിന് വെള്ളം കുടിക്കാം. പിന്നെ വിശ്രമം. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഉപവാസം അവസാനിപ്പിക്കണമെന്നല്ല തുടരണമെന്നാണ് തോന്നിയത്. വീണ്ടും മൂന്നു ദിവസത്തേക്ക് ഒരു ഗ്ലാസ്സ് കരിക്കിൻ വെള്ളം, ബാക്കി പച്ചവെള്ളം മാത്രം കുടിച്ചു. ആറു ദിവസം കഴിഞ്ഞ് രാവിലെ ഉദയസൂര്യനെ കാണുമ്പോൾ പൂപ്പയിൽ നിന്ന് പറന്നുയരുന്ന പൂമ്പാറ്റ പോലെയായിരുന്നു എന്റെ മനസ്സും ശരീരവും. കണ്ടു മുട്ടുന്ന മനുഷ്യരോടെല്ലാം എന്തു സ്നേഹം. പ്രപഞ്ചത്തോടു മുഴുവൻ അടങ്ങാത്ത പ്രണയം തോന്നുന്നു. പ്രവൃത്തികൾക്കെല്ലാം വല്ലാത്തൊരു അടുക്കും, ചിട്ടയും, സ്നേഹവും. കൂടുതൽ വേഗത്തിൽ നടക്കാനും ഒാടാനുമുള്ള ഒരു ഉൗർജ്ജം ഉള്ളിൽ നിന്നും തള്ളിതള്ളിവരുന്നു. അപ്പോൾ ഇതിനെക്കാൾ എത്രയോ അധികം ഉൗർജ്ജമായിരിക്കും പ്രാർത്ഥനയോടുകൂടി ഉപവസിക്കുന്ന ആൾക്ക് ലഭിക്കുന്നത്. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഉപവാസത്തിന്റെ ശക്തി തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് ഇന്ത്യ സ്വതന്ത്രമായതുതന്നെ.
"നോമ്പ്' പ്രധാനമായും ഭക്ഷണവസ്തുക്കളുടെ വർജ്ജനമാണ്. അമിത ഭക്ഷണം കൊണ്ട് ശരീരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യത്തെ പുറന്തള്ളാനുള്ള അവസരം. നോമ്പ് എടുത്താൽ പുണ്യം കിട്ടും എന്നു പറഞ്ഞാലേ മനുഷ്യൻ അവരുടെ ഇഷ്ട ഭക്ഷണം ഒഴിവാക്കൂ. ആ ബുദ്ധിയാണ് ഗുരുക്കന്മാർ ഉപയോഗിച്ചത്.
ഭക്ഷണം ജീവന് സമൃദ്ധമായി വളരാനുള്ള ഒൗഷധമാണ്. ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി; രണ്ടുനേരം കഴിക്കുന്നവൻ രോഗി; മൂന്നു നേരം കഴിക്കുന്നവൻ ഭോഗി എന്നാണല്ലോ? ഒരാൾ ശാരീരികമായും ആത്മീയമായും കരുത്തുനേടുന്നതാണല്ലോ യോഗി. വിശക്കുമ്പോൾ മാത്രം ആവശ്യത്തിന് ഭക്ഷണം കഴിക്കുക എന്നതാണ് അതിനർത്ഥം. ഇന്ന് നമുക്ക് പട്ടിണി മാറി. അമിത ഭക്ഷണംകൊണ്ടുള്ള ജീവിതശൈലി രോഗങ്ങൾ നിറഞ്ഞു. ശരീരത്തിന് ഇനി തീരെ പറ്റില്ല എന്നു തോന്നുമ്പോൾ രോഗിയായി തീരുമ്പോൾ ആശുപത്രിയിൽ എത്തുന്നു. അവർ നേരെ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റുന്നു. വലിയ വാടക കൊടുത്ത് അവിടെ വിശ്രമിക്കുന്നു. ശരീരം സ്വയം സുഖപ്പെടുത്താവുന്ന രോഗത്തെ ശരീരം തന്നെ സുഖപ്പെടുത്തുന്നു. പിന്നെ ധാരാളം പണം ചെലവഴിച്ച് മരുന്നുകളും. മൃഗങ്ങൾ ചെയ്യുന്നതുകണ്ടിട്ടില്ലേ. അവയ്ക്ക് അസുഖം വരുമ്പോൾ ഭക്ഷണമുപേക്ഷിച്ച് വിശ്രമിക്കും. പട്ടിയും പൂച്ചയും ഒക്കെ ചില പുല്ല് തിന്ന് ദഹിക്കാതെ കിടക്കുന്ന ഭക്ഷണം ഛർദ്ദിച്ച് പുറത്തു കളയും, പിന്നെ വിശ്രമിക്കും.
നോമ്പുകൊണ്ടും ഉപവാസം കൊണ്ടും ഞാൻ കാണുന്ന ഗുണം ഇതാണ്. ഒരാൾ മിതഭക്ഷണം കൊണ്ടും വിശ്രമം കൊണ്ടും ശരീരത്തെയും മനസ്സിനെയും ഒപ്പം ധാരാളം മാനുഷികമൂല്യങ്ങളും ഇതിനോട് ചേർക്കപ്പെടും. അമിതമായി ഭക്ഷണം കഴിക്കാൻ കഴിവുള്ളവർക്ക് ഭക്ഷണമില്ലാത്തവന്റെ വിശപ്പ് എന്തെന്നറിയാനാകും. താൻ അധികം കഴിക്കുന്ന ഒാരോ ഉരുളചോറും, മറ്റൊരാളുടെ ഭക്ഷണം തട്ടിയെടുത്തതാണ് എന്നറിവുണ്ടാകാൻ സഹായകരമാണ് നോമ്പ് കാലത്തെ പ്രാർത്ഥനകൾ. നോമ്പു കാലത്ത് മത്സ്യം, മാംസം, മദ്യം ഇവ ഒഴിവാക്കുകയും ആ പണം ദരിദ്രർക്ക് നല്കുകയും ചെയ്യുന്ന ഒരു ശീലം നമുക്കിടയിലുണ്ട്. അത് പുണ്യം കിട്ടാൻ വേണ്ടിയാണെങ്കിലും വിശക്കുന്ന ഒരു വയറിന് ആശ്വാസമാണ്. കൈ്രസ്തവർക്ക് 50 നോമ്പും 25 നോമ്പും മൂന്നു നോമ്പും എന്നിങ്ങനെയാണ്. ഇവ കൂടാതെ വെള്ളിയാഴ്ച മത്സ്യ മാംസങ്ങൾ ഒഴിവാക്കുന്ന ഒരു ശീലവും ഉണ്ട്. കുട്ടിക്കാലം മുതലേ അമ്പത് നോമ്പാണ് എനിക്കിഷ്ടം. അക്കാലത്ത് വീട്ടിൽ നിർബന്ധമായും മത്സ്യ മാംസാദികൾ കയറ്റില്ല. എങ്ങനെയോ സസ്യഭുക്കായിപ്പോയ എനിക്ക് അത് വലിയ ആശ്വാസമായിരുന്നു. എന്റെ മകൾ പറയും നോമ്പെടുക്കുന്നത് അത് വിടുമ്പോഴുള്ള രുചി അറിയാനാണെന്ന്. (എന്നും കഴിക്കുന്ന വസ്തുക്കൾക്ക് രുചി കുറഞ്ഞുപോകുമല്ലോ.) ഒരു സ്വയം പരിശീലനമാണത്. ഇഷ്ടമുള്ള ആഹാരം കുറച്ചു കാലത്തേക്ക് വേണ്ടെ ന്നു വെയ്ക്കും. ചിട്ടയായ ഒരു ജീവിതശൈലി പാലിക്കുക കൂടിയാണ് നോമ്പുകാലം. എല്ലാ മതങ്ങളിലും പ്രാർത്ഥന, ശരീരശുദ്ധി, ദൈവവിചാരം, പരസ്നേഹം ഇവയെല്ലാം എല്ലാ മതങ്ങളിലും നോമ്പുകാല വിശുദ്ധിയിൽ ഉൾപ്പെടുന്നു.

 

മണ്ഡലക്കാലത്ത് എന്റെ ഗ്രാമത്തിൽ ഹൈന്ദവ കുടുംബങ്ങളിലെല്ലാം മത്സ്യ-മാംസം വർജ്ജിക്കും, തണുത്ത ഭക്ഷ ണം ഒവിവാക്കും. വീടും പരിസരവും എപ്പോഴും ശുചിയാക്കിവെയ്ക്കും, രണ്ടു നേരവും കുളിക്കും. മുഷിയാത്ത വസ്ത്രം ധരിക്കും. മറ്റുള്ളവരോട് സൗമ്യമായി പെരുമാറും. മലയ്ക്ക് മാലയിട്ടാൽ, കാണുന്നവർ ബഹുമാനത്തോടെ സ്വാമി (ദൈവം) എന്നു വിളിക്കും. ഒരു മനുഷ്യൻ ദൈവമാകുന്നു. മനുഷ്യ പുത്രനെ ദൈവപുത്രനായി കാണുന്നു. അയാൾ ചീത്തവാക്കോ, പ്രവൃത്തിയോ ചെയ്യില്ല. കള്ളം പറയില്ല. രാവിലെ എഴുന്നേറ്റ് കുളിച്ച് ഇൗശ്വരനെ ധ്യാനിച്ചതിനുശേഷമേ ദൈനംദിനകാര്യത്തിലേക്കു കടക്കൂ. ആ വ്രതക്കാലം താൻ സ്വാമിയാണെന്നും സ്വാമി എങ്ങനെയാണോ മറ്റുള്ളവരോടു പെരുമാറുക അതുപോലെയെ ഞാനും പെരുമാറൂ എന്നും അയാൾക്കറിയാം. ആ ബോധ്യമാണ് മറ്റുള്ളവരും അയാളെ ബഹുമാനിക്കുന്നതിനു കാരണം. സ്വാമി അങ്ങനെയൊക്കെ ആയിരിക്കാനാണ് വ്രതം തെറ്റിച്ചാൽ പുലിപിടിക്കും എന്ന് പണ്ടുള്ളവർ പറഞ്ഞത്.
ഇസ്ലാംമിലും നോമ്പും ഉപവാസവും അതിപവിത്രമാണല്ലോ. ഉമിനീർ പോലും ഇറക്കാതെ പകൽ മുഴുവൻ അവർ കഴിച്ചു കൂട്ടുന്നു. ക്ലാസ്സിൽ ചില കുട്ടികൾ അവരുടെ നോമ്പാചരണത്തിൽ കാണിക്കുന്ന നിഷ്ഠകണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ആ ദിനങ്ങൾ ദാനധർമ്മങ്ങൾക്കുള്ളതാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങൽ കൂടിയാണ് നോമ്പുകാലം, സക്കാത്ത്. ഇല്ലാത്തവന്റെ വീട്ടിൽ ഉള്ളവർ കൊണ്ടു കൊടുക്കുന്ന ശീലമാണല്ലോ. അത് ധർമ്മമല്ല. ഇല്ലാത്തവന്റെ അവകാശവും ഉള്ളവന്റെ കടമയുമാണ്.

ധൂർത്ത് ഒഴിവാക്കിക്കൊ ണ്ട് അത്യാവശ്യവസ്തുക്കൾ ക്കൊണ്ട് ഒരു വ്യക്തിയെ ജീവിക്കാൻ പരിശീലിപ്പിക്കുകയാണ് നോമ്പുകാലം. നോമ്പും ഉപവാസവും ഒരാളെ സ്വയം ശുദ്ധീകരിക്കുകയും ഉയർത്തപ്പെടുത്തുകയും ചെയ്യുന്നു. പൊടി പിടിച്ച കണ്ണാടി തുടച്ചു വൃത്തിയാക്കും പോലെ നോമ്പും ഉപവാസവും നമ്മുടെ മനസ്സും ശരീരവും കഴുകി വൃത്തിയാക്കി കൂടുതൽ തെളിച്ചത്തോടെ നമ്മെ സ്വയം കാണാനും മറ്റുള്ളവരെ നമ്മിൽ പ്രതിഫലിപ്പിക്കാനും കാരണമാകുന്നു. അത് പുതുജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽ പ്പാണ്. പുതിയ മനുഷ്യന്റെ കാഴ്ചകളാണ്: ശരീരം മിതമായ ഭക്ഷണശീലം കൊണ്ട് അതിന് ശക്തി പ്രാപിക്കുകയാണ്.

നോമ്പുകാലം ഒരാളെ പരിശീലിപ്പിക്കേണ്ടത് അധികമായി ഉപയോഗിക്കുന്ന എന്തും അപരനിൽ നിന്നു നമ്മൾ മോഷ്ടിക്കുന്നതാണ് എന്നാണ്. ആ പാപത്തിന് പരിഹാരം ചെയ്യുന്നതാണ് നോമ്പുകാലത്തെ ദാനധർമ്മവും പരിത്യാഗപ്രവൃത്തികളും. കൂടുതൽ ഉദാരതയോടെ സഹജീവികളോടു ഇടപഴകാൻ ഒരാളെ പ്രാപ്തനാക്കുമ്പോൾ മാത്രമെ അതിന് അർത്ഥമുണ്ടാകുന്നുള്ളൂ. മനസ്സിന്റെ ഇൗ അന്തരത്തിന് സഹായകരമാകാനാണ് ശരീരം ഭക്ഷണം ഉപേക്ഷിച്ച് ആന്തരികാവയവങ്ങൾക്ക് വിശ്രമം കൊടുക്കാൻ പ്രേരിപ്പിക്കുന്നത്. അപ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഉൗർജ്ജം ശരീരത്തിന്റെയും മനസ്സിന്റെയും കേടുപാടുകൾ തീർക്കാൻ ഉപയോഗിക്കുന്നു. നോമ്പുകാലത്തെ ഇൗശ്വരവിചാരം നമ്മളും മറ്റുള്ള സഹജീവികളും ഇൗശ്വരസൃഷ്ടിയാണെന്ന ബോധം നമ്മിലുണ്ടാക്കുന്നു. പ്രാർത്ഥന അത്തരം ഒരു ബോധമാണ് നമ്മിൽ ഉണ്ടാക്കേണ്ടത്.

എപ്പോഴെങ്കിലും ഉപവാസത്തിലും പ്രാർത്ഥനയിലും ഒറ്റക്കിരുന്നവരാണ് പുതിയ വെളിച്ചത്തോടെ പുതുജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുന്നത്. അവർക്കാണ് കൂടുതൽ ശക്തിയോടെ സ്വയം സ്നേഹിക്കാനും മറ്റുള്ളവരെ സ്നേഹിക്കാനും കഴിയുന്നത്. അതുകൊണ്ട് നോമ്പും ഉപവാസവും ഒരു കാലമായി കണക്കാക്കാതെ സ്വയം ഇരുട്ടുകയറുന്നു ഉള്ളിൽ എന്നു തോന്നുമ്പോഴെ ല്ലാം ഒാരോരുത്തരും ശീലമാക്കേണ്ടത്.

മാസത്തിൽ ഒരു ദിവസ മെങ്കിലും ഒറ്റയ്ക്കിരിക്കാനും ഉപവസിക്കാനും കഴിയുക എന്നത് ഒരാവശ്യമാണ്. നമ്മൾ വീട് വൃത്തിയാക്കുംപോലെ വാഹനം വൃത്തിയാക്കുംപോലെ മാസത്തിലൊരിക്കലെങ്കിലും മനസ്സും ശരീരവും ഒന്നു വൃത്തിയാക്കണം. ഭക്ഷണം ഒഴിവാക്കിയുള്ള വിശ്രമമാണ് അതിനു ഏറ്റവും നല്ലത്. ശരീരത്തിനും പൂർണ്ണ വിശ്രമം നല്കി ശരീരകോശങ്ങളെ വൃത്തിയാക്കണം. അതിന് ഇത്രമാത്രം ചെയ്യുക, വീട്ടിലാണെങ്കിലും അവിടെ നിന്ന് അവധിയെടുത്ത് ഒരു മുറിയിൽ കയറി കതകടക്കുക. ഒരു കൂജവെള്ളം മാത്രം കൂടെ കരുതുക. ആവശ്യമുള്ളപ്പോൾ മാത്രം കുടിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ മനസ്സും ശരീരവും ആരോഗ്യമുള്ളതാകും. ഉൗർജ്ജമുള്ളതാകും. ഉൗർജ്ജമുള്ള ശരീര, മനസ്സുള്ള ഒരാൾക്കേ സ്വയം സ്നേഹിക്കാനും മറ്റുള്ളവരെ സ്നേഹിക്കാനും കഴിയൂ.
ഒഴുകുന്ന അരുവിയിൽ നിന്ന് ഒരു കുടം വെള്ളം എടുത്തുപോരുന്ന വീട്ടമ്മയെപ്പോലെ എനിക്കിതുമതി എന്ന് ലോകത്തോട് ഉറക്കെ പറയാൻ നമ്മെ ശക്തിപ്പെടുത്തുന്നതാണ് നോമ്പും ഉപവാസവും നൽ കുന്ന ശക്തി. അങ്ങനെ അല്ലാത്തത് വെറും കെട്ടുകാഴ്ചകളാണ്.

ഡോ. റോസി തമ്പി


Related Articles

സംരക്ഷണ പ്രാർത്ഥന

വിചിന്തിനം

Contact  : info@amalothbhava.in

Top