അല്ഫായുടെ മകൻ യാക്കോബ്

21,  Nov   

ജനനം : ബി. സി. 1
ജനന സ്ഥലം : ഗലീലി
പേരിന്റെ അർത്ഥം : ദൈവം പരിരക്ഷിക്കുന്നവൻ
വിളിപ്പേര് : ചെറിയ യാക്കോബ്
മാതാപിതാക്കൾ : ഹൽപൈ-മറിയം
ജോലി : വൈദ്യൻ ആയിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു (വ്യക്തതയില്ല).
പ്രതീകങ്ങൾ : അർക്കവാൾ
തിരുനാൾ : മദ്ധ്യസ്ഥൻ : മരണം : അടക്കം ചെയ്തിരിക്കുന്ന സ്ഥലം : ജറുസലേം

അല്ഫായുടെ മകൻ യാക്കോബ് എന്ന് അപ്പസ്തോലന്മാരുടെ പട്ടികയിൽ പേരുള്ളതല്ലാതെ യാക്കോബിനെപ്പറ്റി അധി |കമൊന്നും പുതിയ നിയമത്തിലില്ല (മത്താ: 13:3, മർക്കോ 3:18, ലൂക്ക 5:15, അപ്പ.പ്ര 1:13) അപ്പസ്തോലനായ മത്തായി അല്ഫായുടെ മകനായിരുന്നു. അതുകൊണ്ട് മത്തായിയും ചെറിയ യാക്കോബും സഹോദരന്മാരായിരുന്നെന്ന് കരുതുന്നു. അല്ഫായിക്ക് ക്ലെയോപ്പാസ് എന്ന പേരും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. യാക്കോബിന്റെ അമ്മയുടെ പേര് മറിയം എന്നായിരുന്നു. യേശുവിന്റെ കല്ലറയിൽ പോയ സ്ത്രീകളുടെ കൂട്ടത്തിൽ യാക്കോബിന്റെ അമ്മ മറിയവും ഉണ്ടായിരുന്നു. (മർക്കോ 16:1, ലൂക്ക 24 : 9-10)

യാക്കോബ് യേശുവിന്റെ സഹോദരനാണ് എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അത് തെറ്റാണ്. അപ്പസ്തോലനായ യാക്കോബും മർക്കോസ് 6:3 ൽ പറയുന്ന യാക്കോബും തമ്മിൽ വ്യത്യാസമുണ്ട്. യേശുവിന്റെ സഹോദരനായ യാക്കോബിനെ പന്ത്രണ്ടു പേരിൽ ഒരുവനായ ശിഷ്യനായി തിരുവെഴുത്തിൽ കാണുന്നില്ല. അതു പോലെ പരസ്യ ശുശ്രൂഷക്കാലത്ത് യേശുവിന്റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചിരുന്നില്ല (യോഹ 7:5)

കുടുംബ പശ്ചാത്തലം

യാക്കോബിന്റെ പിതാവ് അല്‌ഫായും അമ്മ മറിയവും ആയിരുന്നു. യാക്കോബിന്റെ സഹോദരനാണ് മത്തായി എന്ന നിഗമനത്തിൽ എത്തിയാൽ അല്പായുടെ മക്കളാണ് മത്തായിയും യാക്കോബും എന്ന് കാണാം. അപ്പസ്തോലന്മാരുടെ പട്ടികയിൽ യാക്കോബിന്റെ സഹോദരനായ യൂദ എന്ന് കാണുന്നു (ലൂക്ക 6:16) ഇതിൽ നിന്നും മത്തായിയും യാക്കോബും യൂദായും ഒരേ കുടുംബത്തിലുള്ളവരാണെന്ന വിശ്വാസം കാത്തുസൂക്ഷിക്കുന്നവരുണ്ട്.

യാക്കോബ് ജനിച്ചത് കഫർണാമിലാണ് യാക്കോബും മത്തായിയെ പോലെ ചുങ്കം പിരിവുകാരനായിരുന്നു എന്നാണ് വിശ്വാസം. സഹോദരൻ ചുങ്കം പിരിക്കുന്നതും ധനികനാകുന്നതും എന്നാൽ സമൂഹത്തിൽ സ്ഥാനമില്ലാത്തതും യൂദാ മനസ്സിലാക്കി. മത്തായിയുടെ സമുദായിക ഭ്രഷ്ടിന്റെ ഫലം ആ കുടുംബം അനുഭവിച്ചിരിക്കണം. വരുമാനമുള്ള തൊഴിലായതു കൊണ്ട് യാക്കോബും സഹോദരന്റെ തൊഴിൽതന്നെ തിരഞ്ഞെടുത്തിരിക്കണം.

എന്നാൽ യാക്കോബ് തീവ്രവാദിയായിരുന്നു എന്നൊരു പ്രബലമായ അഭിപ്രായം നിലവിലുണ്ട്. അതിനു കാരണം അപ്പസ്തോലന്മാരുടെ പട്ടികയിലെ ഒടുവിലത്തെ നാലുപേരുടെ പശ്ചാത്തലവും സ്വഭാവവുമാണ്. അപ്പസ്തോലന്മാരുടെ പട്ടികയിൽ എല്ലായിടത്തും അവസാനത്തെ നാല് പേരുകൾ ഒരു പോലെയാണ് (മത്താ.10:3-4, മർക്കോ 3:1-19 , ലൂക്ക 6:15-16, അപ്പ.പ്ര 1:13) ഇതിൽ ശിമയോൻ തീവ്രവാദിയായിരുന്നു എന്ന് എഴുത്തിൽ നിന്നും തന്നെ മനസ്സിലാക്കാം. യൂദാസിന്റെ സ്വഭാവത്തിൽ നിന്നും അവൻ തീവ്രവാദിയാണ് എന്ന സത്യം മനസ്സിലാക്കാം, ചില പുരാതന എഴുത്തുകളിൽ തീവ്രവാദിയായ യൂദാ എന്നാണ് എഴുതിയിരിക്കുന്നത്. അപ്പസ്തോല പട്ടികയിലെ ഈ അവസാന നാലു പേരുകളും തീവ്രവാദികളുടേതാണ് എന്നാണ് ചില പണ്ഡിതാഭിപ്രായം. അങ്ങനെയെങ്കിൽ മത്തായി റോമൻ ഗവൺമെന്റിനു വേണ്ടി ചുങ്കം പിരിക്കുമ്പോൾ, ആ ഗവൺമെന്റിനെതിരെ പോരാടി സ്വതന്ത്യ ഇസ്രായേലിനു വേണ്ടി പരിശ്രമിച്ചവനാണ് യാക്കോബ് . പരസ്പരം എതിർത്തും വൈരുദ്ധ്യത്തിലും കഴിഞ്ഞിരുന്ന സഹോദരങ്ങളെ യേശുവിന്റെ വിളി ദൈവരാജ്യമെന്ന ഏക ലക്ഷ്യത്തിനു വേണ്ടി പോരാടുവാൻ കെല്പുള്ളവരാക്കി.

യാക്കോബിന്റെ വിളി

യാക്കോബിന്റെ വിളിയെക്കുറിച്ച് ഒന്നും തന്നെ വിശുദ്ധ ഗ്രന്ഥം പറയുന്നില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കൾ യേശുവിൽ വിശ്വസിച്ചിരുന്നു. തന്റെ സഹോദരനായ മത്തായി മാനസാന്തരപ്പെട്ട് യേശുവിനെ സ്വീകരിച്ച് അവഗണിക്കപ്പെട്ടവർക്ക് വലിയ വിരുന്നൊരുക്കിയ സംഭവം യാക്കോബിനെ സ്വാധീനിച്ചിട്ടുണ്ടാവാം. അവനു കിട്ടിയ സന്തോഷവും, മാറ്റവും യാക്കോബിനെ ചിന്തിപ്പിച്ചു. താമസിക്കാതെ യേശുവിന്റെ വിളി കിട്ടുവാനുള്ള ഭാഗ്യം അവനും ഉണ്ടായി.

യാക്കോബിന്റെ പ്രവർത്തനങ്ങൾ

പുരാതന സഭയുടെ വിശ്വാസം അനുസരിച്ച് ജറുസലേമിലും പേർഷ്യയിലുമാണ് യാക്കോബ് പ്രവർത്തിച്ചത്. ആധുനിക ചരിത്രകാരന്മാർ യാക്കോബ് സിറിയായിലെ ആദ്യ മെത്രാനായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നു. അപ്പസ്തോലന്മാരുടെ സഹന സമരങ്ങൾ എന്ന കൃതിയനുസരിച്ച് യാക്കോബ് ജറുസലെമിൽ ശുശ്രൂഷിക്കുകയും പിശാചുക്കളെ ഓടിക്കുകയും ശുശ്രൂഷകരെ നിയോഗിക്കുകയും ചെയ്തു എന്ന് പറയുന്നു. യാക്കോബിനെക്കുറിച്ച് അധികം വിവരണങ്ങൾ നമുക്ക് ലഭ്യമല്ല. യാക്കോബിനെക്കുറിച്ചുള്ള വിവരണങ്ങളുടെ അഭാവം മൂലം ' പേരില്ലാത്തവരുടെ വിശുദ്ധൻ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

യാക്കോബിന്റെ രക്തസാക്ഷിത്വം

വിശ്വാസമനുസരിച്ച് യാക്കോബ് ഈർച്ചവാളാൽ ജറുസലേമിൽ വച്ച് മരണം വരിച്ചു.
യാക്കോബിന്റെ അപ്പസ്തോലിക ചിഹ്നം ഈർച്ചവാൾ ആണ്. പൗരത്യ സഭകൾ ഒക്ടോബർ 9 - നും പാശ്ചാത്യസഭകൾ മെയ് 1-നും ഈ വിശുദ്ധനെ അനുസ്മരിക്കുന്നു. 


Related Articles

നോഹയും പെട്ടകവും

വിചിന്തിനം

Contact  : info@amalothbhava.in

Top