കൃഷിമന്ത്രി അടിയന്തരമായി കുട്ടനാട് സന്ദര്‍ശിക്കണമെന്നു മാര്‍ ജോസഫ് പെരുന്തോട്ടം

03,  Dec   

ചങ്ങനാശേരി: വെള്ളപ്പൊക്കവും മടവീഴ്ചയുംമൂലം ദുരിതം നേരിട്ട കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടുകണ്ട് പരിഹാരം കാണാന്‍ കൃഷിമന്ത്രി അടിയന്തരമായി കുട്ടനാട് സന്ദര്‍ശിക്കണമെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കുട്ടനാട്ടിലെ മങ്കൊമ്പ്, ചമ്പക്കുളം, അറുനൂറ്റിന്‍പാടം, കുട്ടമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെ ദുരിതവും കഷ്ടപ്പാടുകളും കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്ക് അടുത്തദിവസം നിവേദനം നല്‍കുമെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു.

വിളവ് നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഉടന്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും 2017 മുതല്‍ നെല്ല്, പച്ചക്കറി, കന്നുകാലിവളര്‍ത്തല്‍ എന്നിവയ്ക്കായി കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ള കാര്‍ഷിക വായ്പകള്‍ മുഴുവന്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2017ലെ വരള്‍ച്ച, 2018ലെ മഹാപ്രളയം, 2019, 2020ലെ വെള്ളപ്പൊക്കം ഇങ്ങനെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ കുട്ടനാട്ടിലെ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിത കഴിഞ്ഞ് 60 ദിവസം മുതല്‍ 80 ദിവസം വരെ പ്രായമെത്തിയ നെല്‍ച്ചെടികളാണ് ഇത്തവണ വെള്ളത്തിനടിയിലായത്.

ഒരേക്കര്‍ നിലത്തിലെ കൃഷിക്ക് പാട്ടമുള്‍പ്പെടെ 60,000 രൂപവരെ കര്‍ഷകര്‍ മുടക്കിക്കഴിയുകയും ചെയ്തിരുന്നു. പാടശേഖരങ്ങളില്‍ വീണ മടകള്‍ കുത്തിയെടുക്കാന്‍ രണ്ടുലക്ഷം മുതല്‍ ആറുലക്ഷംവരെ രൂപ വേണ്ടിവരും. കര്‍ഷകന്റെ കൈയില്‍ അതിനുള്ള പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ നേരിട്ടു ചെലവുകള്‍ വഹിക്കണം. പാടശേഖരങ്ങളിലെ പന്പിംഗ് മോട്ടോറുകളും വെള്ളത്തിലാണ്. കര്‍ഷകര്‍ എല്ലാ പാടശേഖരങ്ങളിലും പുറത്തുനിന്നും കൂടിയ പലിശയ്ക്കു പണം വാങ്ങിയാണു കൃഷിയിറക്കിയിരിക്കുന്നത്.

തോടുകളിലേയും ആറുകളിലേയും ആഴം കൂട്ടാത്തതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമായതെന്നും ആഴംകൂട്ടാന്‍ അടിയന്തരമായി നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത കൃഷിക്കുള്ള വിത്തും വളവും സര്‍ക്കാര്‍ നല്‍കണം. മടവീഴ്ച മൂലം സമീപപ്രദേശങ്ങളിലെ ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടു.

ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, കത്തോലിക്കാ കോണ്ഗ്രആസ് അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ഫാ.ഏബ്രഹാം കാടാത്തുകളം, ഫാ.ജോര്‍ജ് പനക്കേഴം, ഫാ.തോമസ് പുത്തന്‍പുരയില്‍ എന്നിവര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു. കര്‍ഷക പ്രതിനിധികളായി ജോസി കുര്യന്‍, സി.റ്റി.തോമസ്, ഫിലിപ്പ് തോമസ് മുടന്താഞ്ഞലി, കുട്ടപ്പന്‍ പാലാത്ര, ജോസഫുകുട്ടി വളയത്തില്‍ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.


Related Articles

വചന ശ്രവണം | 18 – 10 – 2020

വിചിന്തിനം

Contact  : info@amalothbhava.in

Top