ഒരു മോസ്കിന് ഒരു ക്രൈസ്തവ ദേവാലയം': പുതിയ നഗര കേന്ദ്രങ്ങളിൽ ക്രിസ്ത്യൻ ദേവാലയവും വേണമെന്ന് നിർദ്ദേശവുമായി ഈജിപ്ഷ്യൻ പ്രസിഡന്റ്

27,  Sep   

കെയ്റോ: വടക്ക് - കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഈജിപ്തിൽ ആധുനിക നഗരവൽക്കരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന നഗരങ്ങളുടെ രൂപകൽപ്പനയിലും, പ്ലാനിലും ഒരു ക്രിസ്ത്യൻ ദേവാലയം കൂടി ഉണ്ടായിരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച് ക്കൊണ്ട് ഈജിപ്ത്യൻ പ്രസിഡന്റ് അബ്ദേൽ ഫത്ത അൽ സിസി. ഈജിപ്ത്യൻ ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്ന ആധുനിക നഗരവൽക്കരണ പദ്ധതിയുടെ ഉത്തരവാദിത്തപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് സിസി തന്റെ നിർദ്ദേശം ആവർത്തിച്ചത്. പുതിയ നഗരജില്ലകളിൽ ഓരോന്നിലും ഒരു ക്രിസ്ത്യൻ ദേവാലയം വീതം ഉണ്ടായിരിക്കണമെന്നാണ് സിസിയുടെ നിർദ്ദേശം. എവിടെ മുസ്ലീം പള്ളിയുണ്ടോ അവിടെ ഒരു ക്രിസ്ത്യൻ ദേവാലയവും ഉണ്ടായിരിക്കണമെന്നാണ് തന്റെ നിർദ്ദേശത്തെ അദ്ദേഹം ചുരുക്കി പറഞ്ഞത്. ദേവാലയത്തിൽ വരുന്നവർ 100 പേർ മാത്രമാണെങ്കിൽ പോലും ദേവാലയം നിർമ്മിച്ചിരിക്കണമെന്ൻ സിസി അസന്നിഗ്ദമായി വ്യക്തമാക്കി. ഓരോ നഗരജില്ലക്കും അതിന്റേതായ ഒരു ദേവാലയം ഉണ്ടായിരിക്കണമെന്നു ആധുനിക നഗരാസൂത്രണത്തിന്റെ മാസ്റ്റർ പ്ലാനിൽ പറയുന്നുണ്ട്. മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള എല്ലാ പൗരൻമാർക്കും തങ്ങളുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കണമെന്നും പ്രസിഡന്റിന്റെ നിർദ്ദേശത്തിൽ പറയുന്നു. അതേസമയം ഈജിപ്ത്യൻ പ്രസിഡന്റിന്റെ നിർദ്ദേശത്തെ അഭിനന്ദിച്ചുകൊണ്ട് വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളും സംഘടനകളും രംഗത്തെത്തി. പ്രസിഡന്റ് അബ്ദേൽ ഫത്ത അൽ സിസിയുടെ കാലത്ത് ഈജിപ്തിൽ ക്രിസ്ത്യൻ ദേവാലയ നിർമ്മാണത്തിന് ദേശീയ പ്രാധാന്യം ലഭിച്ചുവെന്നും, ആധുനിക ഈജിപ്തിന്റെ ചരിത്രത്തിൽ ഇതൊരിക്കലും വിസ്മരിക്കപ്പെടില്ലെന്നും ഈജിപ്തിലെ ഇവാഞ്ചലിക്കൽ കമ്മ്യൂണിറ്റി പ്രസിഡന്റായ ആൻഡ്രിയ സാകി പറഞ്ഞു. 2016-വരെ പുതിയ ദേവാലയ നിർമ്മാണം ഈജിപ്തിൽ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. നിലവിലിരുന്ന ഒട്ടോമൻ നിയമസംഹിതയോടൊപ്പം 1934-ൽ കൂട്ടിച്ചേർത്ത10 നിയമങ്ങൾ അനുസരിച്ച്, സ്കൂളുകൾ, കനാലുകൾ, സർക്കാർ കെട്ടിടങ്ങൾ, റെയിൽവേസ്, പാർപ്പിട മേഖലകൾ എന്നിവിടങ്ങളിൽ ദേവാലയം നിർമ്മിക്കുവാൻ അനുമതിയില്ലായിരുന്നു. 2016 ഓഗസ്റ്റിലാണ് നിയമപരമല്ലാതെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന മുറക്ക് നിയമപരമായ അനുവാദം നൽകുവാൻ ഈജിപ്ഷ്യൻ പാർലമെന്റ് തീരുമാനിച്ചത്. പുതിയ നിയമമനുസരിച്ച് ഇതുവരെ അനുബന്ധ കെട്ടിടങ്ങൾ ഉൾപ്പെടെ 1,958 ക്രൈസ്തവ ദേവാലയങ്ങൾക്കാണ് സർക്കാർ അനുമതി ലഭിച്ചിരിക്കുന്നത്.


Related Articles

ഒരു വലിയ കുഴി

വിചിന്തിനം

Contact  : info@amalothbhava.in

Top