പന്തക്കുസ്ത തിരുനാൾ യഹൂദരുടെ തിരുനാളുകളിൽ ഒന്നായിരുന്നു. ഈ തിരുനാളിനെ "വിളവെടുപ്പ് തിരുനാൾ" എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ തിരുന്നാൾ ആഘോഷിക്കാൻ ദൈവം തന്നെയാണ് കൽപ്പന നൽകുന്നത്. "വയലിൽ നിന്നും ആദ്യഫലങ്ങൾ കൊയ്തെടുക്കുമ്പോൾ പുത്തിരിപെരുന്നാളും വർഷാവസാനം പ്രയത്നഫലങ്ങൾ ശേഖരിച്ച് കഴിയുമ്പോൾ സംഭരണതിരുന്നാളും ആഘോഷിക്കണം." (പുറ. 3:16) ആഴ്ചകളുടെ തിരുനാൾ എന്നാണ് ഈ തിരുനാളിനെ സൂചിപ്പിക്കുന്ന മറ്റൊരു പദം (പുറ. 34:22) സംഖ്യയുടെ പുസ്തകത്തിൽ ആദ്യഫലങ്ങളുടെ തിരുനാൾ എന്നാണ് ഈ തിരുനാൾ അറിയപ്പെടുന്നത്. "വാരോത്സവത്തിൽ കർത്താവിനു നവധാന്യബലിയായി പ്രഥമ ഫലങ്ങൾ അർപ്പിക്കുന്ന ദിവസം വിശുദ്ധ സമ്മേളനങ്ങൾ ഉണ്ടായിരിക്കണം. അന്ന് ശ്രമകരമായ ജോലികളൊന്നും ചെയ്യരുത്." (സംഖ്യ 28:26) പഴയ നിയമത്തിൽ ഈ തിരുനാൾ ആഘോഷിച്ചിരുന്നത് പെസഹാതിരുനാൾ ആഘോഷിക്കുന്ന ആഴ്ചയിലെ സാബത്തു ഏഴ് ആഴ്ചകൾക്കുശേഷമുള്ള സാബത്ത് ദിനത്തിലാണ്. പന്തക്കുസ്താ എന്ന വാക്കിന് അമ്പതാം ദിവസം എന്നാണ് അർത്ഥം. ഒരു വർഷം പ്രായമായ ഏഴ് കുഞ്ഞാടുകളെയും, ഒരു കാളയേയും, രണ്ട് മുട്ടാടുകളെയും ഈ തിരുനാളിന് ദൈവത്തിന് ബലിയർപ്പിച്ചിരുന്നു. ഈ തിരുനാൾ ദിനത്തിൽ എല്ലാവിധ ജോലികളും നിഷിദ്ധമായിരുന്നു. ഒരു വിളവെടുപ്പുത്സവമായിട്ടാണ് ഇത് ആഘോഷിച്ചു തുടങ്ങിയതെങ്കിലും കാലക്രമത്തിൽ ഇതിന് പുതിയ വിശദീകരണം നല്കപ്പെട്ടു. റബ്ബിമാരുടെ വ്യാഖ്യാനമനുസരിച്ച് സീനായ് മലയിൽ വച്ച് മോശക്ക് കല്പനകൾ നൽകിയതിന്റെ അനുസ്മരണമായിട്ടാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്. പഴയനിയമത്തിൽ ഈ തിരുനാൾ ആഘോഷത്തെകുറിച്ച് ഫരിസേയരും, സദുക്കായരും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഫരിസേയരുടെ അഭിപ്രായത്തിൽ പെസഹാതിരുനാളിന്റെ തൊട്ടടുത്ത ദിനം മുതൽ ഏഴ് ആഴ്ചകൾക്ക് ശേഷം വരുന്ന ദിവസമാണ് പന്തക്കുസ്താ തിരുനാൾ ആഘോഷിക്കേണ്ടത്. ഈ വീക്ഷണമനുസരിച്ച് തിരുനാൾ ആഴ്ചയിലെ ഏതു ദിനത്തിലുമാകാം. അതായത് സാബത്തിൽ വേണമെന്ന് നിർബന്ധമില്ല. എന്നാൽ സദുക്കായരുടെ വീക്ഷണത്തിൽ സാബത്ത് ദിനത്തിൽ മാത്രമേ ഈ തിരുനാൾ ആചരിക്കാൻ പാടുള്ളൂ. പെസഹാതിരുനാൾ കഴിഞ്ഞുവരുന്ന സാബത്ത് ദിനം മുതലുള്ള ഏഴാഴ്ചകളാണ് അവർ കണക്കു കൂട്ടിയിരുന്നത്. ഏറ്റവും പുരാതനകാലത്ത് ഈ തിരുനാൾ ആഘോഷിച്ചിരുന്നത് ആദ്യത്തെ ധാന്യകതിർ മുറിക്കുന്നതുമുതൽ കണക്കുകൂട്ടി അമ്പതാം ദിവസമാണ്. വിളവെടുപ്പിന്റെ ആദ്യ കറ്റ വൈദികന്റെ പക്കൽ കൊണ്ടു വരണമെന്നും അദ്ദേഹം അത് ശാബതം കഴിഞ്ഞുവരുന്ന ദിവസം ദൈവത്തിന് കാഴ്ച വയ്ക്കണമെന്നുമായിരുന്നു നിയമം. (ലേവ്യ 23:1011) അതുകഴിഞ്ഞ് അമ്പതുദിവസം കണക്കുകൂട്ടി അന്ന് പുതിയ ഒരു കാഴ്ച ദൈവത്തിന് അർപ്പിക്കണമെന്ന് വീണ്ടും കാണുന്നു (ലേവ്യ 23:17) പിന്നീടാണ് പെസഹായുമായി ഇതിനെ ബന്ധപ്പെടുത്തിയത്. ക്രിസ്ത്യാനികളുടെ പന്തക്കുസ്ത പേരിലുള്ള ഐക്യമൊഴിച്ചാൽ ക്രിസ്ത്യാനികളുടെ പന്തക്കുസ്താ തിരുനാളിന് യഹൂദരുടെ പന്തക്കുസ്താ തിരുനാളുമായി യാതൊരു ബന്ധവും ഇല്ല. ആദ്യകാലത്ത് പന്തക്കുസ്താ തിരുനാൾ, ഉയിർപ്പുതിരുന്നാളിന്റെ ഒരു ഭാഗം മാത്രമായിരുന്നു. പന്തക്കുസ്തായെ ഉയിർപ്പ് കാലമായി പരിഗണിച്ചിരുന്നു. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പന്തക്കുസ്താ എന്ന വാക്കിന് ഉയിർപ്പു കാലത്തിന്റെ അവസാനദിവസം എന്ന അർത്ഥം ലഭിച്ചു. അതോടെ അത് പരിശുദ്ധാത്മാവിന്റെ വരവിനെ സൂചിപ്പിക്കുന്ന ദിനമായി മാറി. സഭയുടെ പിറവിയും ശ്ലീഹന്മാരുടെ പ്രവർത്തനവും ഇക്കാലത്ത് ഓർമ്മിക്കുന്നതിനാൽ ഇത് ശ്ലീഹാകാലത്തിന്റെ ഭാഗമായി മാറി. പന്തക്കുസ്തായുടെ ദൗത്യം തന്റെ ശാരീരിക സാന്നിദ്ധ്യം അവസാനിപ്പിച്ചശേഷം തൽസ്ഥാനത്ത് ശ്ലീഹന്മാരേയും സഭയേയും നയിക്കുവാനായി പരിശുദ്ധാത്മാവിനെ അയച്ചു. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ കർത്താവിന്റെ പഠനങ്ങളോട് വിശ്വസ്തത പാലിച്ച് ക്രിസ്തീയ ജീവിതം നയിക്കുവാനുള്ള ചുമതല ശ്ലീഹന്മാരെയും അവരുടെ കാലശേഷം പിൻതലമുറകളെയും ഏൽപ്പിച്ചിരിക്കുകയാണ്. ഈ ചുമതല കൃത്യമായി നിർവഹിക്കുന്നതിന് ദൈവീക കൃപ കൂടിയേ തീരൂ. ഈ കൃപയാണ് പരിശുദ്ധാത്മാവ് പ്രദാനം ചെയ്യുന്നത്. ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ പോലെ ശിഷ്യന്മാരെ അയച്ചു കൊണ്ട് യേശു പറഞ്ഞത് ഇപ്രകാരമാണ്. "അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എങ്ങനെ അല്ലെങ്കിൽ എന്തുപറയണമെന്ന് നിങ്ങൾ ആകുലപ്പെടേണ്ട..... എന്തെന്നാൽ, നിങ്ങൾ നിങ്ങൾ പറയേണ്ടത് പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരും. ഭീരുവും വിദ്യാഹീനനുമായ പത്രോസിന് പന്തക്കുസ്താ മുതൽ ലഭിച്ച ധൈര്യവും വാക്ചാതുരിയും ഇതിന് തെളിവാണ്. ജീവഭയം മൂലം ഗുരുവിനെ തള്ളിപ്പറഞ്ഞവന് "മനുഷ്യരേക്കാൾ അധികമായി ദൈവത്തെ അനുസരിക്കേണ്ടിയിരിക്കുന്നു" എന്ന് തുറന്നു പറയാനുള്ള തന്റേടം നൽകിയത് പരിശുദ്ധാത്മാവാണ്. ആ തന്റേടം മരണംവരെ നിലനിൽക്കുകയുണ്ടായി.
പ്രഭാത പ്രാർഥന | 19 – 11 – 2020 |