മാർപാപ്പയ്ക്ക് അപ്രമാദിത്വം ഉണ്ടോ?

12,  May   

മാർപാപ്പയ്ക്ക് അപ്രമാദിത്വം ഉണ്ടോ?

മാർപാപ്പയുടെ അപ്രമാദിത്വം എന്നാൽ മാർപാപ്പ തെറ്റിന് അതീതനാണെന്നല്ല കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ഇത് മാർപാപ്പ എന്ന വ്യക്തിയുടെ ജീവിതത്തോടു ബന്ധപ്പെട്ടതല്ല. മാർപാപ്പാ ഒരു മനുഷ്യനായതുകൊണ്ടു തെറ്റുകൾക്കോ കുറ്റങ്ങൾക്കോ അതീതനല്ല. മാർപാപ്പ മാനുഷിക ബലഹീനതകളിൽ നിന്നു മോചിതനാണെന്ന സൂചനയുമില്ല. മാർപാപ്പയുടെ ജീവിതത്തിൽ തെറ്റ് സംഭവിക്കാം. അത് സ്വാഭാവികമാണ്.

എന്താണ് മാർപാപ്പയുടെ അപ്രമാദിത്വം? വിശ്വാസത്തെയോ സൻമാർഗത്തെയോ സംബന്ധിക്കുന്ന ഒരു പ്രബോധനം സഭ മുഴുവൻ സ്വീകരിക്കുന്നതിനായി ഔദ്യോഗികമായി പഠിപ്പിക്കുമ്പോൾ അതിൽ തെറ്റ് വരാതെ പരിശുദ്ധാത്മാവ് സംരക്ഷിക്കുന്നു എന്നതാണ് മാർപാപ്പയുടെ അപ്രമാദിത്വം എന്നതുകൊണ്ട് കത്തോലിക്കാ സഭ ഉദ്ദേശിക്കുന്നത്. ഈ വിശ്വാസം തികച്ചും തിരുവചനാധിഷ്ഠിതമാണ്.

കർത്താവ് സ്വന്തം രക്തത്താൽ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാൻ അജപാലകരായി അപ്പസ്തോലന്മാരെ നിയമിച്ച പരിശുദ്ധാത്മാവ് (അപ്പ. 20:28) വിശ്വാസ സത്യങ്ങൾ തെറ്റുകൂടാതെ പഠിപ്പിക്കാനുള്ള വരം അപ്പസ്തോല പ്രമുഖനായ പത്രോസിനും അദ്ദേഹത്തിന്റെ പിൻഗാമികളായ മാർപാപ്പമാർക്കും നല്കിയിരിക്കുന്നു. ലോകാവസാനംവരെ തന്റെ സഭയെ തെറ്റുകൂടാതെ നയിക്കുവാൻ പത്രോസിനു നല്കിയ ഈ വിശിഷ്ടാധികാരമാണ് ഇന്നും തിരുസഭയിലൂടെ തുടരുന്നത്. “നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും" (മത്തായി 16:19). മാർപാപ്പയുടെ അപ്രമാദിത്വം മാനുഷിക വിജ്ഞാനത്തെയോ ശാസ്ത്രത്തെയോ സംബന്ധിക്കുന്ന കാര്യങ്ങളിൽ പ്രസക്തമല്ല. സഭ മുഴുവനും സ്വീകരിക്കേണ്ട വിശ്വാസത്തെയോ സന്മാർഗ്ഗത്തെയോ സംബന്ധിക്കുന്ന കാര്യങ്ങളിലാണ് അപ്രമാദിത്വം പ്രസക്തമാകുന്നത്. മാർപാപ്പ പ്രഖ്യാപിക്കുന്ന വിശ്വാസസത്യങ്ങൾ തിരുവചനത്തിലും വിശുദ്ധ പാരമ്പര്യത്തിലും അധിഷ്ഠിതമാകണം. വിശ്വാസ സംരക്ഷണത്തിനും സഭയുടെ പൊതു നന്മയ്ക്കും ഉറച്ച തീരുമാനം ആവശ്യമായി വരുമ്പോഴാണ് മാർപാപ്പ ഈ ഉന്നതാധികാരം ഉപയോഗിക്കുന്നത്.

കത്തോലിക്കാസഭയ്ക്കു തെറ്റു പറ്റില്ലെങ്കിൽ പിന്നെയെന്തിനാണു ജോൺ പോൾ രണ്ടാമൻ മാർപാപ്പാ ലോകത്തോട് ക്ഷമായാചനം നടത്തിയതെന്നു പലരും ചോദിക്കാറുണ്ട്. കത്തോലിക്കാ സഭ വിശ്വാസസത്യങ്ങൾ പ്രഖ്യാപിച്ചതിൽ തെറ്റുപറ്റി എന്നല്ല മാർപാപ്പ ക്ഷമായാചനം നടത്തിയപ്പോൾ ലോകത്തോടു പറഞ്ഞത്. സഭയുടെ അംഗങ്ങൾ വഴി വന്നുപോയ മാനുഷികമായ തെറ്റുകൾക്കു മാർപാപ്പാ ലോകത്തോടു ക്ഷമ ചോദിക്കുകയായിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹാ തന്റെ അനുയായികൾവഴി വന്നുപോയ തെറ്റുകൾക്ക് അന്ത്യോക്യയിലേയും സിറിയായിലേയും സഭാംഗങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നതായി വിശുദ്ധ ഗ്രന്ഥത്തിൽ കാണാം. “അപ്പസ്തോലന്മാരും ശ്രേഷ്ഠന്മാരുമായ സഹോദരന്മാർ, അന്ത്യോക്യയിലെയും സിറിയായിലേയും കിലിക്യായിലേയും വിജാതിയരിൽ നിന്നുള്ള സഹോദരരായ നിങ്ങൾക്ക് അഭിവാദനം അർപ്പിക്കുന്നു. ഞങ്ങളിൽ ചിലർ പ്രസംഗങ്ങൾ മുഖേന നിങ്ങൾക്ക് മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ട് നിങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങൾ കേട്ടു. ഞങ്ങൾ അവർക്ക് യാതൊരു നിർദേശവും നല്കിയിരുന്നില്ല" (അപ്പ. 15 : 23, 24). വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ മാർപാപ്പ കഴിഞ്ഞ കാലഘട്ടങ്ങളിൽ തീരുസഭയ്ക്ക് വന്നുപോയ മാനുഷിക പോരായ്മകൾക്ക് ക്ഷമചോദിച്ചപ്പോൾ തിരുസഭ കൂടുതൽ ക്രൈസ്തവവോന്മുഖമായി ലോകത്തിനുമുൻപിൽ മാതൃകയായി. ഈ സംഭവവും കത്തോലിക്കാ സഭയിലെ മാർപാപ്പായുടെ അപ്രമാദിത്വവും തമ്മിൽ യാതൊരു ബന്ധവുമില്ല.


Related Articles

Portiuncula Indulgence

വാർത്തകൾ

Contact  : info@amalothbhava.in

Top