ആത്മീയ ഉണർവ്വിന്റെ നോമ്പുകാലം

30,  Sep   

""പേത്തുർത്താ'' - ഒരു സുറിയാനി പദമാണ്. ""അവസാനിച്ചു, മുഴുവനായി'' എന്നൊക്കെയാണ് ഇൗ പദത്തിനർത്ഥം. സുഭിക്ഷമായ ഭക്ഷണത്തിന്റെയും ആഘോഷങ്ങളുടെയും ദിനങ്ങളവസാനിച്ചു എന്നാണ് പദംകൊണ്ട് ഉദ്ദേശിക്കുന്നത്.

മാർത്തോമ്മാ ക്രിസ്ത്യാനികൾ പേത്തൂർത്താ ഞായർ മുതൽ ഉയിർപ്പു തിരുനാൾ വരെ ഈ അമ്പതു ദിവസം നോമ്പു നോക്കിയിരുന്നു. അങ്ങനെ ഇതിനെ ""അമ്പതു നോമ്പുകാലം'' എന്നു വിളിച്ചിരുന്നു.

മനുഷ്യന്റെ പാപവും അതിന്റെ അനന്തര ഫലങ്ങളും അനുതാപത്തിന്റെയും മന:പരിവർത്തനത്തിന്റെയും ആവശ്യകതയും അനുതപിക്കുന്നവരോടു ദൈവം കാണിക്കുന്ന അനന്തമായ സ്നേഹവും കാരുണ്യവും യേശുക്രിസ്തുവിന്റെ പീഡാനുഭവവും മരണവും ഉയിർപ്പുമൊക്കെ ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണ്.
നോമ്പുകാലം എല്ലാ മതങ്ങളിലും ആചരിക്കുന്ന കാലമാണ്. ഹിന്ദു മതവിശ്വാസികൾ നോമ്പു നോറ്റ് ഇരുമുടിക്കെട്ടുമായി "സ്വാമിശരണം' വിളിച്ചു ശബരിമല കയറുന്നു. മുസ്ലീം മതവിശ്വാസികൾ നോമ്പു നോക്കുന്നു. ഹജ്ജ് യാത്ര നടത്തുന്നു. ക്രിസ്തു മതവിശ്വാസികൾ ""നെറ്റിയിൽ ചാരം പൂശി'' നോമ്പു ദിനങ്ങളിലേക്കു കടക്കുന്നു. മത്സ്യമാംസാദികൾ വേണ്ടായെന്നു വയ്ക്കുന്നു. ആർഭാടങ്ങളും ആഘോഷങ്ങളും ആ നാളുകളില്ല. മനസ്സമ്മതം, മാമ്മോദീസാ, വിവാഹം എന്നിവയൊക്കെ നോമ്പു തുടങ്ങിയാൽ ഇല്ല. പാപപരിഹാരത്തിനായി യാത്ര ചെയ്യുന്നു. മലയാറ്റൂർ മലകയറ്റം, അറുനൂറ്റി മംഗലം മലകയറ്റം ഇതൊക്കെ ഏതാനും തീർത്ഥസ്ഥലങ്ങൾ മാത്രം.

ആത്മീയമായ ഉയിർത്തെഴുന്നേൽപ്പിന്റെ കാലഘട്ടമാണ് നോമ്പുകാലം. ജീവിതത്തിൽ ചെയ്തുപോയ തെറ്റുകളെ ഒാർത്തു പശ്ചാത്തപിക്കേണ്ട കാലം. വചനം ഒാർമ്മിപ്പിക്കുന്നു: കർത്താവ് അരുളിചെയ്തു; ""ഏഴാം മാസം പത്താം ദിവസം പാപപരിഹാരദിനമായിരിക്കും. അന്ന് ഉപവസിക്കാത്തവൻ സമൂഹത്തിൽനിന്നും വിച്ഛേദിക്കപ്പെടണം.''

ഹൃദയം കീറലിന്റെ കാലഘട്ടമാണ് നോമ്പുകാലം. വസ്ത്രം കീറി അനുതാപം കാണിക്കുന്നതിനെ പ്രവാചകൻ എതിർത്തു. വസ്ത്രമല്ല കീറേണ്ടത്, ഹൃദയമാണ് കീറേണ്ടത്. ഹൃദയത്തിലും മനസ്സിലും നിറഞ്ഞുനിൽക്കുന്ന വിദ്വേഷ വൈ രാഗ്യങ്ങൾ, പ്രതികാരചിന്തകൾ എന്നിവയെ പറിച്ചുമാറ്റി ഹൃദയം ശുദ്ധമാക്കണം. വഴക്കുകൾ പറഞ്ഞു തീർക്കണം, വസ്തുതർക്കം അവസാനിപ്പിക്കണം; അയൽവാസികൾ അനുരഞ്ജനപ്പെടണം.

സാമുവൽ പ്രവാചകൻ പറയുന്നു: ""മാത്സര്യം മന്ത്ര വാദം പോലെ പാപമാണ്; മർക്കടമുഷ്ടി വിഗ്രഹാരാധനപോലെയും. കർത്താവിന്റെ വചനം തിരസ്കരിച്ചതിനാൽ അവിടുന്ന് രാജത്വത്തിൽനിന്ന് നിന്നെയും തിരസ്കരിച്ചിരിക്കുന്നു'' (1 സാമു. 15:23).

ചാരം പൂശിക്കൊണ്ടാണല്ലോ നമ്മൾ അമ്പതു നോമ്പിലേക്കു കടക്കുക. എന്തിനാണാവോ ചാരം പൂശുന്നത്? ബൈബിളിന്റെ കാഴ്ചപ്പാടിൽ ബലിവസ്തുക്കൾ ദഹിപ്പിച്ചു കഴിയുമ്പോൾ അവശേഷിക്കുന്ന ഭാഗം സൂചിപ്പിക്കുവാനാണ് ചാരം എന്ന പദം കൊണ്ട് ഉദ്ദേശിക്കുക. പൊടി, ചാക്കു വസ്ത്രം എന്നിവയോട് ബന്ധപ്പെടുത്തി വിലാപത്തിന്റെയും പശ്ചാത്താപത്തിന്റെയും അടയാളമായും ചാരം പൂശലിനെ കണക്കാക്കാറുണ്ട്. മനുഷ്യന്റെ ക്ഷണികതയും നശ്വരതയും വ്യക്തമാക്കുന്നു. ചാരം പൂശലിലൂടെ ""മനുഷ്യാ, നീ മണ്ണാകുന്നു. മണ്ണിലേക്കു മടങ്ങും. ഒാർത്തു കൊൾക.'' ഭയപ്പെടുത്താനല്ല, ഇൗ പദം ഒാർത്ത് ധ്യാനിച്ച് അഹങ്കരിക്കാതിരി ക്കാൻ ദൈവം തന്ന ദൂതാണിത്.

നോമ്പുകാല പ്രാർത്ഥനകളും ശുശ്രൂഷകളും ഉപവാസവുമൊക്കെ വെറും അനുഷ്ഠാനങ്ങളായി മാറരുത്. ജീവിതത്തെ മാറ്റിമറിക്കണം. ""പഴയ മനുഷ്യനെ ഉരിഞ്ഞു കളയണം, അതിന്റെ ചെയ്തികളോടെ. പുതിയ മനുഷ്യനെ ധരിക്കണം.

നോമ്പുകാലം നോവിന്റെ കാലമായിരിക്കണം. ഹൃദയത്തിന്റെ നോവ്, മനസ്സിന്റെ നോവ്. കർത്താവിന്റെ ഉയിർപ്പിൽ സന്തോഷിക്കുന്നവരാകാൻ… പുതുമനുഷ്യനായി നമ്മളും ഉയിർത്തെഴുന്നേൽക്കുക.

റവ. ഫാ. ജോബ് കൂട്ടുങ്കൽ


Related Articles

Contact  : info@amalothbhava.in

Top