ഒരാൾ വൃത്തിയുള്ള വസ്ത്രം ധരിച്ചു അതിരാവിലെ കുർബാനക്കായി പള്ളിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് കാല്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള്‍ വീണ്ടും പള്ളിയിലേക്ക് നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും ചളിയില്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ പോയി ഒരിക്കല്‍ കൂടി വസ്ത്രം മാറ്റി ശരീരം വൃത്തിയാക്കി പിന്നെയും പള്ളിയിലേക്ക് നടന്നു. മൂന്നാം തവണ പള്ളിയിലേക്കുള്ള യാത്രയില്‍ അയാള്‍ തെന്നി വീണ സ്ഥലത്ത് ഒരാള്‍ ഒരു വിളക്കുമായി നില്‍പ്പുണ്ടായിരുന്നു. അതിനെ കുറിച്ച് തിരക്കിയപ്പോള്‍ അപരിചിതന്‍ പറഞ്ഞു താങ്കള്‍ രണ്ടു തവണ ഇവിടെ വീഴുന്നത് ഞാന്‍ കണ്ടിരുന്നു. മൂന്നാമതും വീഴാതിരിക്കാന്‍ ഒരു വിളക്ക് കൊണ്ട് വന്നതാണ്. അപരിചിതനോട് നന്ദി പറഞ്ഞു രണ്ടുപേരും പള്ളിയിലേക്ക് പോയി. പള്ളിയില്‍ പ്രവേശിക്കാതെ പുറത്തു നിന്ന അപരിചിതനോട് പലവട്ടം അകത്തേക്ക് ക്ഷണിച്ചെങ്കിലും അയാള്‍ വിസമ്മതിച്ചു പുറത്തു തന്നെ നിന്നു. ഒടുവില്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. എനിക്ക് അകത്തു പ്രവേശിക്കാന്‍ കഴിയില്ല . ഞാന്‍ പിശാചാണ്. ഇത് കേട്ട് വിശ്വാസി അമ്പരന്നു പോയി. സാത്താന്‍ കഥ വിവരിച്ചു. താങ്കള്‍ ആദ്യ തവണ വീഴുകയും വീട്ടിലേക്കു മടങ്ങി പോയി വസ്ത്രം മാറി തിരിച്ചു വരികയും ചെയ്തപ്പോള്‍ താങ്കളുടെ സകല പാപങ്ങളും ദൈവം പൊറുത്തു തന്നു. താങ്കള്‍ രണ്ടാമത് വീഴുകയും അത് താങ്കളെ വീട്ടില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കാതിരിക്കയും വീണ്ടും വസ്ത്രം മാറി ശരീരം വൃത്തിയാക്കി പള്ളിയിലേക്ക് തപ്പി തടഞ്ഞു വരികയും ചെയ്തപ്പോള്‍ താങ്കളുടെ ഉറ്റവരുടെ പാപങ്ങളും ദൈവം പൊറുത്തു തന്നു. മൂന്നാമത്തെ തവണയും താങ്കള്‍ വെളിച്ചം ഇല്ലാത്തതിനാല്‍ വീഴുകയും അങ്ങിനെ തിരികെ പോയി വീണ്ടും പള്ളിയില്‍ വരികയും ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ദൈവം സകല മനുഷ്യരുടെയും പാപങ്ങള്‍ പൊറുത്ത് കൊടുക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അത് ഒഴിവാക്കാനാണ് ഞാന്‍ താങ്കള്‍ക്ക് വെളിച്ചം കാണിച്ചു തന്നത്. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തിയിൽ ദൈവം എത്ര മാത്രം അനുഗ്രഹം ചൊരിയുന്നുണ്ട് എന്ന് നാം അറിയാതെ പോകുന്നു. (നാം ബൈബിൾ എടുക്കുമ്പോള്‍ പിശാച് വിറക്കുന്നു. ബൈബിൾ തുറക്കുമ്പോള്‍ പിശാച് നിരാശയോടെ അകലുന്നു. ബൈബിൾ വായിക്കുമ്പോള്‍ പിശാച് ഭയത്തോടെ ഓടിമറയുന്നു).