മനുഷ്യൻ ദൈവിക സായൂജ്യം നേടാൻ പലപ്പോഴും മലകളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. സീനായ് മല, താബോർ മല, കാൽവരി മല എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇൗ പ്രതീകങ്ങൾ ഉപയോഗിച്ചുകൊണ്ട് വി. അന്തോണീസ് ഇപ്രകാരം പറയുന്നു: ""പുണ്യങ്ങളുടെ പ്രതീകങ്ങളായി നിലകൊള്ളുന്ന ഇൗ പർവ്വതങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുവാൻ യേശുവിന്റെ ജീവിതത്തെ നാം അനുധാവനം ചെയ്യേണ്ടതാണ്.''
""യേശു ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി'' (മത്താ. 17:1).
ഇൗ വചനഭാഗത്ത് നാം കാണുന്ന പത്രോസും യാക്കോബും യോഹന്നാനും ആത്മീയ പുണ്യങ്ങൾ നേടുന്നതിൽ നാം സ്വീകരിക്കേണ്ട മൂന്ന് പടികളാണ്. യേശുവിന്റെ സ്നേഹിതരായ ഇൗ ശിഷ്യന്മാർ യഥാക്രമം ഏറ്റുപറച്ചിലിന്റെയും, വിജയത്തിന്റെയും, ദൈവകൃപയുടെയും പ്രതീകങ്ങളാണ്.
ദൈവിക പുണ്യങ്ങൾക്കുവേണ്ടി പ്രയത്നിക്കുന്ന ഒരുവൻ പത്രോസിനെപ്പോലെ സ്വന്തം കുറവുകൾ ഏറ്റുപറയുവാൻ സാധിക്കുന്നവനായിരിക്കണം. ആത്മീയതയെ നശിപ്പിക്കുന്ന അഹങ്കാരം, ശരീരത്തിന്റെ ദുഷ്പ്രവണതകൾ, ഭൗതികവസ്തുക്കളോടുള്ള അമിതമായ താല്പര്യം എന്നിവയെല്ലാം തെറ്റാണെന്ന് മനസ്സിലാക്കി പത്രോസിനെപ്പോലെ അവയെല്ലാം ഏറ്റുപറയുമ്പോഴാണ് ആത്മീയ പുണ്യങ്ങളുടെ ഒന്നാമത്തെ പടി കയറുവാൻ നമുക്ക് സാധിക്കുന്നത്. രണ്ടാമതായി, യാക്കോബിനെപ്പോലെ ഒരുവൻ തന്റെ ആത്മാവിനെയും ശരീരത്തെയും കീഴടക്കുന്ന പാപങ്ങളെ ഉപേക്ഷിച്ച് തന്നെത്തന്നെ നിയന്ത്രിക്കുന്നവനായി മാറണം. മൂന്നാമതായി, അയാൾ യോഹന്നാനെപ്പോലെ ഹൃദയകവാടത്തിൽ മുട്ടുന്ന (വെളി. 3:20) യേശുവിനായ് വാതിൽ തുറന്നു കൊടുക്കണം. അപ്പോഴാണ് ആത്മീയ പുണ്യങ്ങൾ ഒരാൾക്ക് സ്വായത്തമാക്കുവാൻ സാധിക്കുന്നത്.
അപ്പസ്തോലന്മാർ: പഴയനിയമ പ്രതീകങ്ങളിൽ
മുകളിൽ പ്രതിപാദിച്ച മൂന്ന് അപ്പസ്തോലന്മാരും സാമുവൽ പ്രവാചകൻ സാവൂളിനോട് സംസാരിക്കുമ്പോൾ ഉപയോഗിച്ച മൂന്ന് കാര്യങ്ങളുടെ പൂർത്തീകരണമാണ്. സാവൂളിനോട് പ്രവാചകൻ ഇപ്രകാരം പറയുന്നു: ""അവിടെ നിന്നു താബോറിലെ ഒാക്കു വൃക്ഷത്തിനു സമീപമെത്തുമ്പോൾ ബഥേലിൽ ദൈവത്തിനു ബലി യർപ്പിക്കുവാൻ പോകുന്ന മൂന്നുപേരെ നീ കണ്ടുമുട്ടും. ഒരുവൻ മൂന്ന് ആട്ടിൻകുട്ടികളെ എടുത്തിരിക്കും; രണ്ടാമൻ മൂന്നപ്പവും; മൂന്നാമൻ ഒരു തോൽക്കുടം വീഞ്ഞും'' (1 സാമു. 10:3).
ഉത്തമമായ പുണ്യജീവിതത്തെ സൂചിപ്പിക്കാൻ ഏറ്റവും നല്ല പദമാണ് ഒാക്കുമരവും, മലയും. പുണ്യത്തിൽ അധിഷ്ഠിതമായ ജീവിതം ഒാക്കുമരംപോലെ ഉറപ്പും ദൃഢതയും ഉള്ളതാണ്. ഇതിനെ മാമലയോടും ഉപമിക്കാം. മല എപ്പോഴും ശ്രേഷ്ഠമായ ദൈവചിന്ത ഉണർത്തുന്ന ഇടമാണ്. താബോർ മലയിൽ പതിക്കുന്ന സൂര്യപ്രകാശം പുണ്യങ്ങൾക്ക് സദൃശ്യമാണ്. പുണ്യജീവിതത്തിലുള്ള താല്പര്യം, നിരന്തരമായ ദൈവികചിന്ത, സത്പ്രവൃത്തികൾ എന്നിവ പുണ്യജീവിതത്തിന്റെ സവിശേഷതയാണ്.
പുണ്യത്തിന്റെ പ്രതീകമായ ഇൗ മല കയറുമ്പോൾ ""ദൈവത്തിനു ബലിയർപ്പിക്കുവാൻ പോകുന്ന മൂന്നുപേരെ നീ കാണും'' എന്നാണ് സാമുവൽ പ്രവാചകൻ പറയുന്നത്. ഇവിടെ കാണുന്ന ആദ്യ ആൾ, അതായത് മൂന്നു ആട്ടിൻകുട്ടികളെ കൊണ്ടുവരുന്നവൻ പശ്ചാത്തപിച്ച പത്രോസിന്റെയും, മൂന്നപ്പം കൊണ്ടുവരുന്നവൻ വിജയം നേടിയ യാക്കോബിന്റെയും, ഒരു തോൽകുടം വീഞ്ഞ് കൊണ്ടുവരുന്നവൻ ദൈവകൃപയുടെ പ്രതീകമായ യോഹന്നാന്റെയും പ്രതീകങ്ങളാണ്.
മൂന്ന് ആടുകളെ വഹിച്ചുകൊണ്ടു വരുന്ന പത്രോസിന്റെ കൈകളിലെ ആടുകൾ മൂന്ന് പാപങ്ങളെയാണ് പ്രതിനിധീകരിക്കുക. ആത്മാവിനെ നശിപ്പിക്കുന്ന അഹങ്കാരവും, കുത്തഴിഞ്ഞ ശാരീരിക ഇച്ഛകളും, ഭൗതിക വസ്തുക്കളോടുള്ള തീവ്രമായ ആഗ്രഹങ്ങളുമാണ് ഇൗ പാപങ്ങൾ. ജീവിതപ്രത്യാശ പരത്തുന്ന പുണ്യജീവിതത്തിന്റെ മല കയറാനാഗ്രഹിക്കുന്നവർ താനൊരു പാപിയാണെന്ന ബോധ്യത്തോടെ ഇൗ വിധത്തിലുള്ള മൂന്ന് പാപസന്താനങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിക്കുവാൻ തന്നോടൊപ്പം എടുക്കേണ്ടതാണ്. പാപങ്ങളെ കീഴടക്കുന്നതിന്റെ പ്രതീകമായി നിലകൊള്ളുന്ന രണ്ടാമൻ അഥവാ യാക്കോബ് വഹിക്കുന്ന മൂന്നപ്പം ഹൃദയവിശുദ്ധിയേയും, ശാരീരികപുണ്യങ്ങളേയും, എളിമയേയും ആണ് സൂചിപ്പിക്കുന്നത്. മൂന്നപ്പങ്ങളാകുന്ന ഇൗ മൂന്ന് പുണ്യങ്ങൾ അനുഭവിക്കണമെങ്കിൽ പാപങ്ങളാകുന്ന ആട്ടിൻകുട്ടികളെ ദൈവസ്നേഹത്തെപ്രതി ഉപേക്ഷിക്കുവാൻ സാധിക്കണം.
ദൈവകൃപയുടെ പ്രതീകമായ യോഹന്നാൻ വഹിക്കുന്നത് ഒരു കുടം വീഞ്ഞാണ്. ആത്മാവിനെ ദൈവിക ലഹരിയിലാഴ്ത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രതീകമാണ് ഇൗ വീഞ്ഞ്. പാപങ്ങളെ ഉപേക്ഷിച്ച് യാക്കോബിന്റെ അപ്പത്തിന്റെ സൂചനകളായ ഹൃദയ, ശാരീരിക വിശുദ്ധിയും എളിമയും അഭ്യസിക്കുമ്പോൾ ദൈവം തന്റെ കൃപാകടാക്ഷത്താൽ ദാനമായി നൽകുന്നതാണ് അവിടുത്തെ പരിശുദ്ധാത്മാവ്. യേശുവിന്റെ രൂപാന്തരീകരണ മലയിലേക്കുള്ള യാത്രയിൽ പത്രോസും യാക്കോബും യോഹന്നാനും അവനെ അനുഗമിച്ചതുപോലെ പുണ്യത്തിലേക്കുള്ള യാത്രയിൽ ഇൗ മൂന്നു തലങ്ങളും നമ്മുടെ ഒാർമ്മയിലും ചിന്തയിലുമുണ്ടാകട്ടെ.
പുണ്യത്തിന്റെ ഗോവണി
മല ചെങ്കുത്തായതിനാൽ മലകയറുക പ്രയാസകരമാണ്. പുണ്യത്തിലേക്കുള്ള കൊടുമുടി ആരോഹണം എളുപ്പമുള്ളതാക്കുവാൻ വിശുദ്ധ ഗ്രന്ഥം ഒരു ഗോവണിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഉത്പത്തി പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു; ""അവന് ഒരു ദർശനം ഉണ്ടായി: ഭൂമിയിൽ ഉറപ്പിച്ചിരുന്ന ഒരു ഗോവണി - അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്മാർ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു'' (ഉത്പ. 28:12-13).
ഇതിലെ ഒാരോ വാക്കും പുണ്യത്തെക്കുറിച്ചുള്ള നമ്മുടെ ചർച്ചയുമായി ഒത്തുപോകുന്നതാണ്. തെറ്റുകൾ കണ്ടെത്തുന്നത് പുണ്യത്തിലേക്കുള്ള ആദ്യ പടിയാണ്. ഇതേക്കുറിച്ച് ബർണാഡ് പുണ്യവാൻ ഇപ്രകാരമാണ് പറയുന്നത്: ""എന്റെ പാപങ്ങൾ നോക്കി കാണുക എന്നതിനേക്കാൾ ദൈവമേ മറ്റൊരു ദർശനവും ഞാൻ ആഗ്രഹിക്കുന്നില്ല.'' ഇൗ വചനഭാഗത്ത് കാണുന്ന പൂർവ്വപിതാവായ യാക്കോബ് ഇവിടെ പാപങ്ങളെ കീഴടക്കിയ പുതിയ നിയമത്തിലെ യാക്കോബിന്റെ പ്രതീകമാണ്.
ദർശനം അഥവാ സ്വപ്നം ദൈവകൃപയേയും സൂചിപ്പിക്കുന്നുണ്ട്. ഒരുവന് തന്നെത്തന്നെ നോക്കി കാണുവാൻ ദൈവം നൽകുന്ന മാർഗ്ഗമാണ് സ്വപ്നം. നിദ്രാവസ്ഥയിൽ ശാരീരിക തിന്മയോടുള്ള ആസക്തികൾ ഇല്ലായ്മ ചെയ്യപ്പെടുകയാണല്ലോ. അപ്പോഴാണ് ദൈവത്തിന്റെ ദർശനങ്ങൾ നമുക്കുണ്ടാകുന്നത്. ഉത്പത്തി പുസ്തകം ഇപ്രകാരം പറയുന്നു, സൂര്യൻ അസ്തമിച്ചുകൊണ്ടിരുന്നപ്പോൾ അബ്രാഹം ഗാഢനിദ്രയിലാണ്ടു. ഭീമാകാരമായ അന്ധകാരം അവനെ ആവരണം ചെയ്തു (15:12). ഇവിടെ സൂര്യൻ എന്നത് ഇന്ദ്രിയ ആഗ്രഹങ്ങളും അതിന്റെ അസ്തമയം എന്നത് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ ദൈവിക ദർശനം ലഭിക്കുന്നതിന്റെയും പ്രതീകമാണ്. അന്ത്യനിദ്രയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് നമുക്ക് നിരന്തരം ഉണ്ടാകണം.
നമ്മുടെ ആത്മീയ ഉന്നമനത്തെ തകർക്കുന്ന ചിന്തകളും ആഗ്രഹങ്ങളും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? എങ്കിൽ ഉത്തമഗീതം പറയുന്നത് കേൾക്കൂ: ""ഞാനുറങ്ങി; പക്ഷേ, എന്റെ ഹൃദയം ഉണർന്നിരുന്നു. അതാ, എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു'' (5:2). യാക്കോബിന്റെ ദർശനം അവന്റെ ഉറക്കത്തിൽ പോലും കർത്താവിനുവേണ്ടി ഉണർന്നിരിക്കുന്ന ഹൃദയത്തിലാണുണ്ടായത്. ഉത്തമഗീതത്തിൽ കാണുന്ന യാക്കോബിനെപ്പോലുള്ള ഹൃദയത്തിന്റെ ഉണർവ്വാണ് പുണ്യത്തിന്റെ മലയായ താബോർ കയറുവാൻ നമുക്ക് വേണ്ടത്.
യേശുവാകുന്ന ഗോവണി
യാക്കോബ് സ്വപ്നത്തിൽ കണ്ട ഗോവണിക്ക് ഏതൊരു ഗോവണിയേയും പോലെ നീളത്തിലുള്ള രണ്ടു കാലുകളും കുറുകെയുള്ള ആറ് പടികളുമാണുള്ളത്. ഇൗ ഗോവണി ദൈവപുത്രനായ യേശുവിന്റെ പ്രതീകമാണ്. നീളത്തിലുള്ള രണ്ടുകാലുകൾ യേശുവിലുള്ള ദൈവിക, മാനുഷിക വശങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്. കുറുകെയുള്ള ആറ് പടികൾ യേശുവിൽ വിളങ്ങിയിരിക്കുന്ന അല്ലെങ്കിൽ അവിടുന്ന് നമുക്ക് നൽകുന്ന ആറ് പുണ്യങ്ങളാണ്. എളിമ, ദാരിദ്ര്യം, ജ്ഞാനം, അനുകമ്പ, ക്ഷമ, അനുസരണം എന്നിവയാണ് ഇൗ പുണ്യങ്ങൾ.
മനുഷ്യാവതാരത്തിലൂടെ ഇൗശോ എളിമയുടെ ഉത്തമ മാതൃകയായി തന്നെത്തന്നെ വെളിപ്പെടുത്തി. പിള്ളക്കച്ചകൾകൊണ്ട് പൊതിഞ്ഞ, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ശിശുവായ ഇൗശോ ദാരിദ്ര്യത്തിന്റെ ഉദാത്ത മാതൃകയാണ്. ഇൗശോ ജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും ക്ഷമയുടെയും മഹനീയ മാതൃകയാണ്. അവൻ ദൈവിക രഹസ്യങ്ങൾ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നു. രോഗികളോടും പാപികളോടും അവിടുന്ന് കരുണ കാണിക്കുന്നു. ""നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നിരിക്കുന്നത്'' (മത്താ. 9:13) എന്ന വചനത്തിൽ നിന്നും പാപികളോടുള്ള അവിടുത്തെ കാരുണ്യം നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ചമ്മട്ടി കൊണ്ടടിക്കപ്പെട്ടപ്പോഴും, നിന്ദിക്കപ്പെട്ടപ്പോഴും ശാന്തമായി നിന്ന ഇൗശോ ക്ഷമയുടെ മൂർത്തീഭാവമാണ്. തകർക്കാനായി അടിക്കുമ്പോഴും പ്രതികരിക്കാത്ത, കഷ്ണം കഷ്ണമാക്കുമ്പോഴും യാതൊരു പരാതികളുമില്ലാത്ത ഉറപ്പുള്ള പാറയാണവിടുന്ന്. ""നിന്ദിക്കപ്പെട്ടപ്പോൾ അവൻ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോൾ ഭീഷണിപ്പെടുത്തിയില്ല'' (1 പത്രോ. 2:23). ""കുരിശുമരണം വരെ അവിടുന്ന് അനുസരണമുള്ളവനായിരുന്നു'' (ഫിലി. 2:8).
യാക്കോബ് സ്വപ്നത്തിൽ കണ്ട ഗോവണി ഭൂമിയിൽ ഉറപ്പിച്ചിരുന്നതായിട്ടാണ് കണ്ടത്. ക്രിസ്തുവാകുന്ന ഗോവണി ഉറപ്പിക്കപ്പെട്ടിരിക്കുന്നത് അവന്റെ വചനങ്ങളിലാണ്. അവന്റെ അത്ഭുതങ്ങളും, പഠിപ്പിക്കലുമെല്ലാം അവനാകുന്ന ഗോവണിയെ താങ്ങിനിറുത്തുന്നു. ഇൗ ഗോവണിയുടെ അറ്റം ആകാശത്ത് മുട്ടിയിരിക്കുന്നു എന്നു പറയുമ്പോൾ യേശു പ്രാർത്ഥനയിലും മറ്റും ദൈവവുമായി പുലർ ത്തിയ ബന്ധത്തെയും അവന്റെ പുത്രത്വത്തേയുമാണ് സൂചിപ്പിക്കുന്നത്.
ഇതാ, യേശുവാകുന്ന ഗോവണി തയ്യാറായി നിൽക്കുന്നു. നാം എന്തുകൊണ്ടാണ് അതിൽ കയറാൻ മടിക്കുന്നത്? എന്തുകൊണ്ട് ഉരഗങ്ങളെപ്പോലെ നാം ഇഴയുന്നു? യാക്കോബ് ദൈവത്തിന്റെ മാലാഖമാർ ഗോവണിയിൽകൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കണ്ടില്ലേ. ഇത് നമുക്ക് തീർച്ചയായും പ്രചോദനമേകണം. സഭയെ നയിക്കുന്ന ദൈവത്തിന്റെ സഭയിൽ അംഗങ്ങളായിരിക്കുന്ന മാലാഖമാരെ, യേശുവാകുന്ന ഗോവണിയിലൂടെ കയറിച്ചെന്ന് ദൈവിക ദർശനം നേടൂ. അവനിലുടെ കടന്നു ചെന്ന് ""കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ'' (സങ്കീ. 34:8). പ്രാർത്ഥനയാലും സത്പ്രവൃത്തികളാലും എപ്പോഴും യേശുവാകുന്ന ഗോവണിയിൽ കയറേണ്ട നിങ്ങൾ എപ്പോഴെങ്കിലും ഇറങ്ങി വരുമ്പോൾ സഹായം ആവശ്യമുള്ള അയൽക്കാരനിൽനിന്നും മുഖം തിരിക്കരുത്. ഭോഷന്മാരും, പ്രവാചകന്മാർ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരുമായ (ലൂക്കാ. 24:25) നാം പലപ്പോഴും മറ്റ് എളുപ്പവഴികൾ തേടുവാനാണ് ശ്രമിക്കുന്നത്. അതാകട്ടെ, വീഴാൻ സാദ്ധ്യതയുള്ള ആപത്ക്കരമായ പാതയാണ്.
കോവിഡ്, നമ്മെ ഭയപ്പെടുത്തുന്നത് ആര്?.
അനുദിന വിശുദ്ധർ
കുരിശുകളുടെ ദൈവശാസ്ത്രം
അപ്പനെന്ന അപ്പം - ഫാ തോമസ് പാട്ടത്തിൽചിറ CMF
പ്രഭാത പ്രാർഥന |22 – 11 – 2020 |