കൊച്ചിയുടെ ചരിത്രവർത്തമാനങ്ങൾ | എൻ.എസ്. മാധവൻ

23,  Sep   

അന്നത്തെ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും മലമ്പ്രദേശങ്ങളിലും പാവങ്ങളുടെ ചേരിയിലും ചെന്നു പഠിപ്പിക്കാനോ അവിടെ പള്ളിക്കൂടങ്ങള്‍ ഒരുക്കുന്നതിനോ ഉള്ള കഴിവ് രാജഭരണങ്ങള്‍ക്കില്ലാതിരുന്നപ്പോള്‍, ആ ചുമതല ഏറ്റെടുത്തതും കേരളത്തില്‍ വിദ്യാഭ്യാസം പരത്തുന്നതിനു മുഖ്യ പങ്കു വഹിച്ചതും ക്രിസ്തീയ പുരോഹിതരാണ്. ആ ദീര്‍ഘപാരമ്പര്യത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ തിരുമേനി. ഇന്ന് മലയാളി എന്ന നിലയില്‍ ഇന്ത്യയുടെ ഏതു ഭാഗത്തു പോയാലും ഞാന്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന്, കേരളത്തിലെ വിദ്യാഭ്യാസരംഗം. മറ്റൊന്ന്, കേരളത്തിലെ പൊതുജനാരോഗ്യം. ഈ രണ്ടു പ്രമുഖ അടിസ്ഥാന സൗകര്യങ്ങളിലേയ്ക്ക് കേരളത്തെ നയിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടങ്ങളിലും കേരളത്തിലെമ്പാടും നടന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ്. വിദ്യാഭ്യാസത്തില്‍ കേരളം വളരെ പിന്നോട്ടായിരുന്നു. അന്നത്തെ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും മലമ്പ്രദേശങ്ങളിലും പാവങ്ങളുടെ ചേരിയിലും ചെന്നു പഠിപ്പിക്കാനോ അവിടെ പള്ളിക്കൂടങ്ങള്‍ ഒരുക്കുന്നതിനോ ഉള്ള കഴിവ് രാജഭരണങ്ങള്‍ക്കില്ലാതിരുന്നപ്പോള്‍, ആ ചുമതല ഏറ്റെടുത്തതും കേരളത്തില്‍ വിദ്യാഭ്യാസം പരത്തുന്നതിനു മുഖ്യപങ്കു വഹിച്ചതും ക്രിസ്തീയ പുരോഹിതരാണ്. ആ ദീര്‍ഘപാരമ്പര്യത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ തിരുമേനി. വിദ്യാഭ്യാസരംഗത്തില്‍ എന്ന പോലെ തന്നെ, ആയുരാരോഗ്യരംഗങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു. ഇത്തരത്തിലുള്ള മഹദ്‌വ്യക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും നേതൃത്വത്തിന്റെയും ഫലമായിട്ടാണ് ഇന്ന് വിശ്വപ്രസിദ്ധമായ കേരള മോഡല്‍ നിലവില്‍ വന്നത്. അതുകൊണ്ട്, ഏറ്റവും കൃതജ്ഞതയോടെ പാറേക്കാട്ടില്‍ സ്മാരക പ്രഭാഷണത്തില്‍ പങ്കെടുക്കുകയാണ്. കൊച്ചിയുടെ ചരിത്രവര്‍ത്തമാനങ്ങള്‍ കൊച്ചി ഒരു രൂപകമാണ്, ബിംബമാണ്. സഹസ്രാബ്ദങ്ങള്‍ നീണ്ട മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുകളിലൊന്നായിരുന്നു നഗരങ്ങളുടെ രൂപീകരണങ്ങള്‍. നാട്ടിന്‍പുറത്തെ പല സ്ഥലങ്ങളിലും ഒരേ ഗോത്രത്തിലുള്ളവര്‍ മാത്രം പരസ്പരബന്ധമില്ലാതെ ജീവിച്ചിരുന്ന ജനസമൂഹങ്ങള്‍, ഒത്തൊരുമിക്കാന്‍ തുടങ്ങിയത് നഗരങ്ങളില്‍ വച്ചാണ്. അന്നത്തെ പല പഴയ ജനപഥങ്ങളും ഇന്നുവരെ അഭംഗുരം തുടരുന്നുണ്ട്. മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യത്തിന്റെയും പരസ്പരമുള്ള പെരുമാറ്റത്തിന്റെയും ചൂളകളായിരുന്നു ഇത്തരം നഗരകേന്ദ്രങ്ങള്‍. ഒരു ജനനതീയതിയുള്ള നഗരമാണ് കൊച്ചി. 1341 ജൂണ്‍ മാസത്തില്‍ കാലവര്‍ഷം കേരളത്തില്‍ അതിശക്തമായിരുന്നു. ഏഴു ദിവസം നീണ്ടു നിന്ന മഴ ആകാശത്തില്‍ നിന്ന് പെയ്യുമ്പോള്‍ വേമ്പനാട് കായലില്‍ ഏഴോ എട്ടോ നദികള്‍ കൊണ്ടു നിക്ഷേപിച്ച ജലം ഉയര്‍ന്നുയര്‍ന്നു വന്നു. കിഴക്കു വശത്തു നിന്നു പുഴകള്‍, ആകാശത്തു നിന്നു മഴ, പടിഞ്ഞാറു വശത്ത് അറബിക്കടലില്‍ വേലിയേറ്റം - ഈ മൂന്നു ജലപ്രവാഹങ്ങളുടെ ശക്തിയില്‍ അന്നത്തെ ഒരു മണല്‍ത്തിട്ടായ കൊച്ചി അഴി പൊട്ടുകയും മുസിരീസ് എന്ന സ്ഥലം കേരളത്തിനു നഷ്ടപ്പെടുകയും അതിനു പകരം കൊച്ചി എന്ന നഗരം രൂപപ്പെടുകയും ചെയ്തു. ഏതാണ്ട് എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്. നഗരമായിട്ടല്ല, ഒരു തുറമുഖമായിട്ടാണു രൂപപ്പെട്ടത്. അതിനു മുമ്പും കൊച്ചിയില്‍ കപ്പലുകള്‍ വന്നിട്ടുണ്ട്. പക്ഷേ പുറകടലില്‍, ഏഴോ എട്ടോ മൈലുകള്‍ക്കകലെ ആണു കപ്പലുകള്‍ നങ്കൂരമിട്ടിരുന്നത്. 1341-ല്‍ ഉണ്ടായ കൊച്ചിയുടെ ജനനത്തിനു ശേഷം, ഏതാണ്ട് മുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അതിനു ചരിത്രപ്രാധാന്യം വരുന്നത്. ഞാനെപ്പോഴും കൊച്ചിയുടെ പൊതുബിംബമായി കാണുന്നത് മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ ഘടികാരമാണ്. ആ ഘടികാര മാളികയ്ക്കു നാലു വശങ്ങളുണ്ട്. ഈ നാലു വശങ്ങളില്‍ വടക്കോട്ടു നോക്കുന്ന ഘടികാരമുഖപ്പില്‍ മലയാള അക്കങ്ങളിലാണ് ഒന്നു മുതല്‍ പന്ത്രണ്ടു വരെ രേഖപ്പെടുത്തിയിരിക്കുന്നത്. കാരണം, വടക്കായിരുന്നു അന്നു കൊച്ചി രാജാവിന്റെ കൊട്ടാരം. അതിനപ്പുറം കേരളക്കര, അതിനപ്പുറം സാമൂതിരി എന്നിങ്ങനെ പോകുന്നു. പടിഞ്ഞാറേ മുഖപ്പില്‍ ഹീബ്രൂ ഭാഷയിലുള്ള ലിപികളായിരുന്നു. സോളമന്റെ ദേവാലയത്തിന്റെ തകര്‍ച്ച മുതല്‍ അഭയം തേടി കേരളത്തിലേയ്ക്ക് എത്തിയ ജൂതന്മാരെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. കിഴക്കേ മുഖത്ത് അക്കങ്ങളില്ല. കാലത്തിന്റെ ആക്രമണത്തില്‍ അവ കൊഴിഞ്ഞു പോയി. അത് അറബി ഭാഷയിലെ അക്കങ്ങളായിരുന്നു എന്നാണ് ഉന്നയിക്കപ്പെടുന്നത്. ജൂതപ്പള്ളിയുടെ കിഴക്കോട്ടു നോക്കിയാല്‍ ഇന്നത്തെ എറണാകുളം കാണാം. മുന്നൂറോ നാനൂറോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള എറണാകുളം ഇന്നത്തെ എറണാകുളം പോലെയല്ല. കായല്‍തീരത്തു മുഴുവന്‍ മുക്കുവ കുടുംബങ്ങളും അതീവദരിദ്രരായ മറ്റു സമുദായങ്ങളും താമസിക്കുന്ന സ്ഥലങ്ങളായിരുന്നു. ഇവരെ അത്യന്തം അടിച്ചമര്‍ത്തിയ ഒരു സാമന്ത വ്യവസ്ഥ കേരളത്തില്‍ നിലനിന്നിരുന്നു. ഒരു പക്ഷേ ഈ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ജാതിവെറിയുടെ ഇരകളുടെയും മൗനത്തെയായിരി ക്കാം അക്കങ്ങളില്ലാതെ ശൂന്യമായ ഘടികാരത്തിന്റെ കിഴക്കേ മുഖം സൂചിപ്പിക്കുന്നത്. തെക്കെ മുഖപ്പില്‍ റോമന്‍ അക്ഷരങ്ങളാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതൊരുപക്ഷേ സൂചിപ്പിക്കുന്നത് ഏതാണ്ട് അഞ്ഞൂറു വര്‍ഷത്തോളം നീണ്ടു നിന്ന കൊച്ചിയുടെ യൂറോപ്യന്മാരുമായുള്ള സംസര്‍ഗ്ഗത്തെയാണ്. പിന്നീടുള്ള നാനൂറ്റമ്പതു വര്‍ഷത്തെ കൊച്ചി ചരിത്രത്തെ ഒരു കേക്കിന്റെ മാതൃകയില്‍ സങ്കല്‍പിച്ചാല്‍, ഈ കേക്കിനെ തുല്യവലിപ്പമുള്ള മൂന്നു കഷണങ്ങളായി മുറിക്കാം. ആദ്യത്തെ 150 വര്‍ഷങ്ങളില്‍ പോര്‍ട്ടുഗീസുകാരാണ് കൊച്ചി ഭരിച്ചത്. പിന്നീടു വന്നത് ഡച്ചുകാര്‍. 1947-ല്‍ അവസാനിച്ച അവസാനത്തെ നൂറ്റമ്പതു വര്‍ഷങ്ങളില്‍ ഇംഗ്ലീഷുകാരും. സമുദ്രത്തിന്റെ രാജാവ് എന്നറിയപ്പെട്ടിരുന്ന സാമൂതിരിയില്‍ നിന്ന് നിത്യേന വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരുന്ന അതീവദുര്‍ബലമായ ഒരു നാട്ടുരാജ്യമായിരുന്നു അന്നു കൊച്ചി. ആ കാലത്ത്, കേരളത്തില്‍ താമസിച്ച ഒരു പോര്‍ട്ടുഗീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. ദ്യുവാര്‍ത്തെ ബാര്‍ബോസ. ബാര്‍ബോസ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്, കൊച്ചി അതീവ ദുര്‍ബലനായ ഒരു രാജാവാണു ഭരിക്കുന്നത്, സാമൂതിരിയുടെ സാമന്തനായി തട്ടിയും മുട്ടിയുമൊക്കെയാണു ജീവിക്കുന്നത് എന്ന്. 1498-ല്‍ വാസ്‌കോഡഗാമ കോഴിക്കോട് വന്നു. ഇന്നു ഹോങ്കോംഗും സിംഗപ്പൂരും ദുബായിയും പോലെ അന്നു ലോകത്തെ വളരെ പ്രസിദ്ധമായ ഒരു തുറമുഖ നഗരമായിരുന്നു കോഴിക്കോട്. അവിടെ ശക്തനായ സാമൂതിരിയുണ്ടായിരുന്നു, അദ്ദേഹത്തെ സഹായിക്കുന്ന ശക്തമായ വ്യാപാരിവര്‍ഗമുണ്ടായിരുന്നു, അവര്‍ മുസ്ലീങ്ങളായിരുന്നു. കിഴക്കന്‍ മലകളില്‍, അതായത് പശ്ചിമഘട്ടത്തില്‍ സമൃദ്ധമായി വിളയുന്ന ഏലവും കുരുമുളകുമുണ്ടായിരുന്നു. ഇങ്ങനെ കടല്‍ വഴി തന്റെ സമ്പത്തു വര്‍ദ്ധിപ്പിച്ചിരിക്കുന്ന ഒരു ചക്രവര്‍ത്തിയെയാണു പോര്‍ട്ടുഗീസുകാര്‍ കാണാനിടയായത്. അവര്‍ക്കാദ്യം വേണ്ടത് അറബികളുടെ വ്യാപാരക്കുത്തക തകര്‍ക്കുക എന്നതാണ്. അതിനു വേണ്ടി നിരന്തരമായ സമരമാരംഭിച്ചു. കൊച്ചിയില്‍ സംഭവിച്ചത് അതിവിചിത്രമായ ഒരു കാര്യമാണ്. കൊച്ചി രാജകുടുംബത്തിലെ രണ്ട് വിഭാഗക്കാരായ മൂപ്പു കൂടിയവരും ഇളമക്കാരും തമ്മില്‍ ശക്തമായ വഴക്കുണ്ടായി. 1495-ലാണ് ഈ വഴക്കു മൂര്‍ച്ഛിക്കുന്നത്. അതായത് വാസ്‌കോഡഗാമ വരുന്നതിനു മൂന്നു വര്‍ഷം മുമ്പ്. ഈ വഴക്കിനു കാരണമായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്, തമാശയുള്ള കാര്യമാണ്. രാജകുടുംബത്തിന് ഒരു ചെറുനാരകത്തോട്ടം ഉണ്ടായിരുന്നു പോലും. ഇതില്‍ നിന്നു മൂത്ത താവഴിക്കാര്‍ ഇളയ താവഴിക്കാര്‍ക്കു നല്‍കാതെ നാരങ്ങ വിളവെടുത്തതില്‍ ക്രുദ്ധരായ ഇളയ താവഴിക്കാര്‍ മൂത്തവര്‍ക്കെതിരെ തിരിഞ്ഞു. ഈ ഇളയ താവഴിക്കാരാണ് സാമൂതിരിയുമായി ബന്ധപ്പെട്ട്, കൊച്ചിയുടെ ഭരണം പോര്‍ട്ടുഗീസുകാര്‍ക്കു കൈമാറാം എന്ന നിലയില്‍ ഒരു രഹസ്യസംഭാഷണം നടത്തിയത്. വാസ്‌കോഡഗാമ വന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1500 ലാണ് കബ്രാള്‍ കൊച്ചിയില്‍ വരുന്നത്, ആദ്യമായി ഒരു വിദേശശക്തി വരികയാണ്. പിന്നീടു കബ്രാളും കൊച്ചി രാജാവുമായി സന്ധികളുണ്ടായി. കേരളത്തിന്റെ ചരിത്രത്തെയാകെ മാറ്റിയ ഒരു സംഭവമായിരുന്നു പോര്‍ട്ടുഗീസുകാരുടെ വരവ്. അവര്‍ നമ്മുടെ ജീവിതരീതിയെ തന്നെ സ്വാധീനിച്ചു. നമ്മളിന്നു നിത്യം കാണുന്ന മേശ, കസേര, ജനല തുടങ്ങിയ പല കാര്യങ്ങള്‍ക്കും പോര്‍ട്ടുഗീസ് വാക്കുകളാണ്. ഇതിനിടയില്‍ പോര്‍ട്ടുഗീസുകാര്‍ അവരുടെ ശ്രദ്ധാകേന്ദ്രം കൊച്ചിയില്‍ നിന്നു ഗോവയിലേയ്ക്കു മാറ്റിയപ്പോള്‍, ഇന്നത്തെ ഇന്‍ഡനേഷ്യയില്‍ താവളമുറപ്പിച്ചിരുന്ന ഡച്ചുകാര്‍ കേരളത്തെ ലാക്കാക്കി വരികയും കൊച്ചി കീഴടക്കുകയും ചെയ്തു. ഒരു പക്ഷേ കൊച്ചിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷം. കാരണം, ഡച്ചുകാര്‍ അന്ന് മൂവായിരത്തോളം മനുഷ്യരെ നിര്‍ദ്ദാക്ഷിണ്യം കൊലപ്പെടുത്തി. മാനുവല്‍ കോട്ടയായിരുന്നു പോര്‍ട്ടുഗീസുകാരുടെ ആ സ്ഥാനം. അവിടെ അവര്‍ വെള്ളക്കൊടി ഉയര്‍ത്തി. കപ്പലുകളില്‍ പോര്‍ട്ടുഗീസുകാര്‍ മടങ്ങി. പിന്നെ ഡച്ചുകാരുടെ ഭരണമായിരുന്നു. ഡച്ചുകാരും കേരളത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഡച്ചു ശൈലിയിലുള്ള കെട്ടിടങ്ങള്‍ കേരളത്തില്‍ പല ഭാഗത്തുമുണ്ടായി. അവര്‍ ഹോളണ്ടില്‍ നിന്നു കൊണ്ടു വന്ന ഒരു ആശയമാണ് പ്ലാന്റേഷന്‍. കാര്‍ഷികവിളകളെ എസ്റ്റേറ്റ് രൂപത്തില്‍ മാനേജ് ചെയ്യുക എന്നത് ഒരു ഡച്ച് ആശയമാണ്. അവര്‍ക്ക് സസ്യശാസ്ത്രത്തോടു വലിയ ആഭിമുഖ്യമായിരുന്നു. അവരുടെ അന്നത്തെ വൈസ്രോയ് ആയിരുന്ന വാന്‍ റീഡ് മലയാളികളായ രണ്ട് ആയുര്‍വേദവൈദ്യന്മാരുടെ സഹായത്തോടുകൂടി കേരളത്തിലെ എല്ലാ സസ്യങ്ങളുടെയും ഒരു സെന്‍സസ് നടത്തി, ഹോര്‍ത്തൂസ് മലബാറിക്കൂസ് രചിച്ചു. ഡച്ചുകാര്‍ പ്രൊട്ടസ്റ്റന്റുകാരായിരുന്നു. അതുകൊണ്ട്, അന്നു കേരളത്തിലുണ്ടായിരുന്ന കത്തോലിക്കാ മിഷണറിമാരോട് അവര്‍ക്കു വൈരാഗ്യവും ഉണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചുകൊണ്ട്, ഒരുപക്ഷേ സസ്യശാസ്ത്രത്തോടുണ്ടായ ബന്ധത്തിലൂടെയാകാം എറണാകുളം ചാത്യാത്ത് പോലുള്ള സ്ഥലങ്ങളില്‍, പള്ളി നിര്‍മ്മിക്കാനുള്ള അനുവാദം ഡച്ചുകാരില്‍ നിന്നു നേടിയെടുത്തത് ഫാ. മത്തേവൂസ് എന്ന കര്‍മ്മലീത്താ പുരോഹിതന്‍ ആയിരുന്നു. ഡച്ചുകാരുടെ കാലത്തിനു ശേഷം ടിപ്പുവിന്റെ അക്രമമുണ്ടായി. 1799-ല്‍ ടിപ്പു വധിക്കപ്പെട്ടു. തിരുവിതാംകൂറും കൊച്ചിയും മലബാറും ബ്രിട്ടീഷുകാരുടെ അധീനതയിലായി. മലബാര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ലയിച്ചു. തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് മേല്‍ക്കോയ്മയെ അംഗീകരിക്കുന്ന നാട്ടുരാജ്യങ്ങളായി തീര്‍ന്നു. പിന്നെ കൊച്ചിയുടെ ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാകുന്നത് 1930 കളിലാണ്. ബ്രിട്ടന്റെ എന്‍ജിനീയറായ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഒരു തുറമുഖം കൊച്ചിയില്‍ ഒരുക്കി. അതിനു ശേഷമാണ് ആധുനിക കൊച്ചിയുടെ വളര്‍ച്ച. സംഭവബഹുലമായ ആയിരത്തോളം വര്‍ഷങ്ങളിലെ കൊച്ചിയുടെ ജീവിതത്തെ നാം നോക്കുകയാണെങ്കില്‍, ഏറ്റവും ഹൃദയസ്പര്‍ശിയായ സംഭവമെന്നത്, ഇത്രയധികം ജാതികളും മതങ്ങളും ഒരുമിച്ചു താമസിക്കുന്ന കൊച്ചിയില്‍ ആയിരത്തോളം വര്‍ഷങ്ങളായി ഒരു ആഭ്യന്തര കലഹവും ഉണ്ടായിട്ടില്ല എന്നതാണ്. വിദേശശക്തികളും നാട്ടുരാജാക്കന്മാരും തമ്മിലുള്ള പോരുകളല്ലാതെ. ഇതു വളരെ വലിയ കാര്യമാണ്. പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യയില്‍. ധ്രുവീകരണവും മതസ്പര്‍ദ്ധയും വളരുന്ന ഒരു കാലഘട്ടത്തില്‍ ഈ കൊച്ചി എന്ന മഹത്തായ ബിംബത്തിന്റെ പ്രാധാന്യം അതെന്നും സാഹോദര്യത്തിനു വേണ്ടി നിലനിന്നു എന്നതാണ്. മനുഷ്യര്‍ മനുഷ്യരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അഭയം നല്‍കിയ നഗരമാണു കൊച്ചി. സ്‌പെയിനില്‍ വേരുകളുള്ളവരായിരുന്നു കൊച്ചിയിലെ വെളുത്ത ജൂതന്മാര്‍. പോര്‍ട്ടുഗീസുകാരില്‍ നിന്നു രക്ഷപ്പെടാന്‍ ഗോവയില്‍ നിന്ന് ഓടിയെത്തിയവരുടെ കൂട്ടക്കാരാണ് ഇന്നു കൊച്ചിയില്‍ കാണുന്ന കൊങ്ങിണികള്‍. കൊച്ചിയിലെ മുസ്ലീങ്ങള്‍ പത്ത് അവാന്തര വിഭാഗങ്ങളില്‍ പെടുന്നു. തെലുങ്കു സംസാരിക്കുന്ന തെക്കിനിക്കാരും കച്ചികളും തമിഴ് സംസാരിക്കുന്ന റാവുത്തര്‍മാരും കേരളീയരായ സുന്നികളും ഷിയാക്കളും ഒക്കെയുണ്ട്. പല ഭാഷകള്‍ കൊച്ചിയിലുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ മുനിസിപ്പാലിറ്റികളിലൊന്നാണ് ഫോര്‍ട്ട്‌കൊച്ചി മുനിസിപ്പാലിറ്റി. ഫോര്‍ട്ട്‌കൊച്ചി മുനിസിപ്പാലിറ്റിയില്‍ സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ആദ്യത്തെ ചെയര്‍മാന്‍ ഒരു മറാത്തി ആയിരുന്നു, ശിരോദ്കര്‍. ഫോര്‍ട്ട്‌കൊച്ചിയില്‍ ദീര്‍ഘകാലം ചെയര്‍മാനായിരുന്ന വ്യക്തിയാണ് കൊച്ചിയുടെ നാഗരീകജീവിതത്തിന്റെ പരിവര്‍ത്തനത്തില്‍ ഒരു പ്രധാന പങ്കുവഹിച്ച എസ് കോഡര്‍. ഇങ്ങനെ ജാതിമതഭേദമെന്യേ എല്ലാ സമൂഹങ്ങളെയും സ്വീകരിക്കാനുള്ള കോസ്‌മോപൊളിറ്റനിസം കാണിച്ച ഒരു ബിംബമാണ് കൊച്ചിയുടെ ആത്മാവ്. കൊച്ചി പ്രതിഫലിപ്പിക്കുന്ന ആശയങ്ങള്‍ ഇന്ത്യയില്‍ എങ്ങും പരക്കേണ്ടതാണ്. അതു പരത്തേണ്ട സമയവും ഇതാണ്.


Related Articles

Contact  : info@amalothbhava.in

Top