പൈശാചിക ഉപദ്രവങ്ങളിൽ നിന്നും ഭവനത്തെ സംരക്ഷിക്കുവാൻ ആറ് മാർഗ്ഗങ്ങൾ | പ്രാർത്ഥനാ പുസ്തകങ്ങളിൽനിന്ന്

29,  Sep   

നമ്മുടെ ഭവനങ്ങളിൽ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്പോൾ, തുടർച്ചയായി രോഗങ്ങൾ അലട്ടുമ്പോൾ സ്വഭാവികമായും ഉയരുന്ന നിർദ്ദേശമുണ്ട്. 'ഒരു വൈദികനെ വിളിച്ച് വീടും പരിസരവും വെഞ്ചിരിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായേക്കും'. എപ്പോഴും പുരോഹിതനെ കൊണ്ടുവന്ൻ വെഞ്ചരിക്കുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് താനും. ഇത്തരം സാഹചര്യങ്ങളിൽ പിശാചുമായുള്ള ആത്മീയ പോരാട്ടത്തിൽ ഉപയോഗിക്കുവാൻ പറ്റിയ നമുക്ക് ചെയ്യാവുന്ന ആറ് ആത്മീയ മാർഗ്ഗങ്ങളാണ് ഇവിടെ നിർദ്ദേശിക്കുന്നത്.

1) വെഞ്ചരിച്ച കുരിശുരൂപം: ‍ വെഞ്ചരിച്ച ഒരു കുരിശുരൂപം മുറിയിൽ പ്രതിഷ്ഠിക്കുന്നത് ഏറെ ഫലപ്രദമായ മാർഗ്ഗമാണ്. വെഞ്ചരിച്ച ക്രൂശിത രൂപം മറ്റേത് വസ്തുക്കളെക്കാളും ശക്തിയുള്ളതും, പൈശാചിക ഇടപെടലുകൾ നിർവ്വീര്യമാക്കാൻ ഏറെ ശക്തിയുള്ള ഒന്നുമാണ്. ക്രൂശിത രൂപം സാത്താൻ ഏറെ ഭയപ്പെടുന്നു. അതിനാൽ നമ്മൾ ആയിരിക്കുന്ന ഭവനം/ മുറിയിൽ ക്രൂശിത രൂപം പ്രതിഷ്ഠിക്കുക പിശാചിനെതിരെയുള്ള പോരാട്ടത്തിൽ ഏറെ ഫലപ്രദമായ മാർഗ്ഗമാണ്.

2) വെഞ്ചരിച്ച ഉപ്പും, വിശുദ്ധ ജലവും: ‍ വെഞ്ചരിച്ച ഉപ്പും, വിശുദ്ധ ജലവും നമ്മുടെ ഭവനത്തിൽ സൂക്ഷിക്കുന്നതും, തളിക്കുന്നതും നമ്മുടെ ഭവനത്തെ വിശുദ്ധീകരിക്കുകയും അശുദ്ധിയെ അകറ്റുകയും ചെയ്യുന്നു. അതിനാൽ ഏതെങ്കിലും വൈദികനെകൊണ്ട് ആശീർവദിച്ച ജലവും (ഹന്നാൻ വെള്ളം), ഉപ്പും ഭവനത്തിൽ സൂക്ഷിക്കുകയും മുറികളിലും ചുറ്റുപാടുകളിലും തളിക്കുകയും ചെയ്യുന്നത് അന്ധകാര ശക്തികളോടുള്ള പോരാട്ടത്തിൽ ഏറെ സഹായകരമാകും.

3) വിശുദ്ധ രൂപങ്ങൾ: ദിവ്യകാരുണ്യത്തിന്റേയോ, പരിശുദ്ധ കന്യകാമാതാവിന്റേയോ, യേശുവിന്റെ തിരുഹൃദയത്തിന്റേയോ ചിത്രങ്ങൾ ചുവരിൽ തൂക്കുന്നത് നമ്മുടെ ഭവനത്തിന്റെ ആത്മീയ സംരക്ഷണത്തിന് നല്ലതാണ്.

4) പ്രാർത്ഥന:‍ തിൻമയുടെ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും ശക്തമായ ആത്മീയ ആയുധമാണ് പ്രാർത്ഥന. നമ്മുടെ ഇഷ്ട്ടങ്ങൾക്കു അനുസരിച്ച് നമ്മൾ ഭവനങ്ങൾ പണിയുമെങ്കിലും പ്രാർത്ഥന മുറി പലരും ഒഴിവാക്കുന്ന കാര്യമാണ്. കൊച്ചു ഭവനമാണെങ്കിലും ഒരു പ്രാർത്ഥനാ മുറി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം തിന്മയുടെ ശക്തികൾക്ക് എതിരെയുള്ള യുദ്ധത്തിൽ പ്രാർത്ഥനയുടെ ആലയം ആ ഭവനത്തിന് എപ്പോഴും കരുത്തേകും.

ഭവന നിർമ്മാണത്തിന് ശ്രമിക്കുന്നവർ രൂപങ്ങൾ റൂമിൽ തൂക്കുന്നതിനോടൊപ്പം തന്നെ പ്രാർത്ഥനമുറി കൂടി ഉൾപ്പെടുത്തുന്നതാണ് ഏറെ ഉചിതമായ തീരുമാനം. ഹോസ്റ്റൽ സൌകര്യത്തിൽ കഴിയുന്നവർക്ക് ഇത് പ്രായോഗികമല്ലെങ്കിലും റൂമിന്റെ ഏതെങ്കിലും ഒരു സ്ഥലത്തു പ്രത്യേകമാം വിധത്തിൽ ക്രൂശിത രൂപം, വിശുദ്ധ ബൈബിൾ എന്നിവ ഭംഗിയായി ഒരുക്കിവെക്കുന്നതാണ് അഭികാമ്യം.

5) സ്തുതിഗീതങ്ങൾ കേൾക്കുക: ‍ ഗ്രിഗോറിയൻ സ്തുതിഗീതങ്ങൾ ആലപിക്കുന്നതും കേൾക്കുന്നതും നല്ലതാണ്. പ്രൊഫഷണൽ ഗായകസംഘത്തിൽ നിന്നുള്ള സിഡികൾക്ക് പകരം ഏതെങ്കിലും സന്യാസസഭകളിൽ നിന്നും ലഭിക്കുന്ന സിഡികൾ ഭവനത്തിൽ മുഴക്കുന്നതായിരിക്കും നല്ലതെന്ന് ഭൂതോച്ചാടന രംഗത്ത് പ്രവർത്തിക്കുന്ന ആദം ബ്ലായി പറയുന്നു.

6) യേശുവിന്റെ തിരുഹൃദയത്തിനും, കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനുമായി ഭവനം സമർപ്പിക്കുക:‍ യേശുവിന്റെ തിരുഹൃദയത്തിനും, കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനുമായി ഭവനം സമർപ്പിക്കുന്നതു പിശാചുമായുള്ള ആത്മീയ പോരാട്ടത്തിൽ ഏറെ ഫലപ്രദമാണ്. യേശുവിന്റെ തിരുഹൃദയത്തിന്റേയും, മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന്റേയും ചിത്രങ്ങൾ ഇതിനായി ആവശ്യമാണെങ്കിലും, അവ വിലകൂടിയതാകണമെന്നോ മറ്റോ മാനദണ്ഡങ്ങളില്ല. വൈദികൻ വീട് വെഞ്ചരിക്കുവാൻ വരുന്ന അവസരത്തിൽ ഇത്തരത്തിൽ സമർപ്പണം നടത്തുവാൻ ആവശ്യപ്പെടുന്നതും മാസാദ്യ വെള്ളിയാഴ്ചകളിൽ ഭവന പ്രതിഷ്ഠ നടത്തുന്നതും ഉചിതമാണ്.

പൈശാചിക ഉപദ്രവങ്ങളിൽ നിന്നും ഭവനത്തെ ആത്മീയമായി സംരക്ഷിക്കുവാൻ അധികം ബുദ്ധിമുട്ടുകളില്ലാത്ത ആറ് മാർഗ്ഗങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇവ നമ്മുക്ക് പ്രാവർത്തികമാക്കാൻ ശ്രമിക്കാം. ബന്ധന പ്രാർത്ഥനകൾ ആവർത്തിച്ചും യേശുവിന്റെ തിരുഹൃദയത്തിന് ഭവനത്തെ പ്രതിഷ്ഠിച്ചു കൊണ്ടും നമ്മുക്ക് ഭവനത്തിന് ചുറ്റും ആത്മീയ വേലികൾ സ്ഥാപിക്കാം. അപ്പോൾ ഉറപ്പായും പൈശാചിക ഇടപെടലുകൾ നിർവ്വീര്യമാകും.

പ്രാർത്ഥനാ പുസ്തകങ്ങളിൽനിന്ന്


Related Articles

Contact  : info@amalothbhava.in

Top