ആനുകാലിക വിശ്വാസ ജീവിതപ്പരിസരത്ത് നാം തുടര്‍ച്ചയായി കേള്‍ക്കുന്ന രോദനമാണ് വിശ്വാസം അപകടത്തില്‍ പെട്ടിരിക്കുന്നു എന്നത്. അതിന്റെ കാരണം അപരത്വത്തില്‍ ആരോപിക്കുകയും അതിനെക്കുറിച്ച് ജാഗ്രതയും പ്രതിരോധിക്കാന്‍ സുസജ്ജതയും നമുക്കുണ്ടാകണമെന്ന ആഹ്വാനം മുന്‍പില്ലാത്ത വിധത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുമുണ്ട്. ലോക ചരിത്രത്തില്‍ ഇത്തരം സമീപനമെടുത്തിട്ടുള്ളവരെല്ലാം മതമൗലികവാദികളും അപരവിദ്വേഷത്തിലൂടെ മതവര്‍ഗ്ഗീയതയെ പോഷിപ്പിക്കുന്നവരുമാണ് എന്ന സത്യം തിരിച്ചറിയുമ്പോഴാണ് ഇതിന്റെ പിന്നിലെ അപകടം വ്യക്തമാവുക. സാര്‍വ്വത്രിക സ്നേഹത്തിന്റെ പതാകയായ തിരുസഭ ഇതിലൂടെ വാസ്തവത്തില്‍ അപമാനിതയാവുകയാണ്. തിരുസഭയുടെ ചരിത്രജീവിതം പരിശോധിച്ചാല്‍ ക്രിസ്തുവിശ്വാസം എല്ലാക്കാലത്തും വെല്ലുവിളികളെ നേരിട്ടിട്ടുള്ളത് നമുക്കു കാണാനാകും. അത് പ്രധാനമായും സാമ്രാജ്യാധികാരത്തില്‍ നിന്നു മായിരുന്നു. ലോകത്തുള്ള മതങ്ങളുമായി ശത്രുതയില്‍ വളരാന്‍ സഭ ഒരിക്കലും മതമായിരുന്നിട്ടില്ല. അധികാരികളുടെ പീഢനമേല്ക്കുന്തോറും ശക്തിപ്രാപിക്കും വിധമുള്ള രക്തസാക്ഷിത്വത്തിന്റെ കരുത്തായിരുന്നു തിരുസഭ. ഏല്ക്കുന്ന പീഡകള്‍ സഭയെ ക്രിസ്തുവായി കൂടുതല്‍ കൂടുതല്‍ വെളിപ്പെടുത്തുകയാണ് ചെയ്തത്. അവനെ പ്രതി മരിക്കാനുറച്ചതും അപരനുവേണ്ടി നിലകൊണ്ടതുമായിരുന്നു സഭയുടെ ശക്തി. തിരുസഭ പ്രഖ്യാപിച്ചില്ലെങ്കിലും അന്നുവരെ പീഡിപ്പിച്ച റോമാ സാമ്രാജ്യം ഔദ്യോഗിക മതമായി സഭയെ പ്രഖ്യാപിക്കുകയും അന്യമതദ്വേഷത്തിന്റെ കാലൂഷ്യത്തിലേക്ക് സഭയെ തിരിച്ചുവിടുകയും ചെയ്തതോടെയാണ് സഹനമാകുന്ന കുരിശിലെ സ്നേഹം പ്രതിരോധത്തിന്റെ ബലമായി തെറ്റിദ്ധരിക്കാന്‍ തുടങ്ങുന്നത്. ശത്രുതയുടെ അവസാന കറയും രക്തം കൊണ്ട് കഴുകി മായ്ചവന്റെ പേരില്‍ ശത്രുതയുടെ മതിലുകള്‍ പണിയപ്പെട്ടു. പാലം തീര്‍ക്കേണ്ട കുരിശിനെ പ്രതിരോധമാക്കിയതിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. വിശ്വാസജീവിതം അപചയങ്ങളെ നേരിടുന്നുവെന്നതും വെല്ലുവിളികളുടെ നടുവിലൂടെയാണ് തിരു സഭ യാത്ര ചെയ്യുന്നതെന്നതും തര്‍ക്കമില്ലാത്ത കാര്യങ്ങളാണ്. ഇന്ത്യയില്‍ ഭരണകൂടത്തിന്റെ ഒത്താശയിലാണ് നാമേല്‍ക്കുന്ന പീഡകള്‍ എന്നത് സുവ്യക്തവുമാണ്. ലോകത്താകമാനം മതങ്ങളുടെ പേരിലുള്ള വര്‍ഗ്ഗീയ രാഷ്ട്രീയ സംഘടനകള്‍ ക്രിസ്തു വിശ്വാസികളെ പീഡിപ്പിക്കുന്നുണ്ട്. ക്രിസ്തു മുതല്‍ ആരഭിച്ച പീഡകള്‍ ഇന്നും തുടരുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. എങ്ങനെയാണ് ആനുകാലിക ലോകത്തുണ്ടാകുന്ന എതിര്‍പ്പുകളെ നാം നേരിടേണ്ടത്? എന്താണ് വിശ്വാസം നേരിടുന്ന വെല്ലുവിളികള്‍? ഇന്ത്യയില്‍ പലയിടങ്ങളിലും നമ്മുടെ സഹോദരങ്ങള്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നു. സാമൂഹ്യ സേവന വേദികളായ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു. അതിലൊന്നും അത്ഭുതത്തിനു വകയില്ല. ഇന്ത്യയുടെ രണ്ടാമത്തെ ആഭ്യന്തര ശത്രുവായി ക്രിസ്തുവിശ്വാസികളെ കാണുന്ന വിചാരധാരയുടെ വക്താക്കളാണല്ലോ നാടുഭരിക്കുന്നത്. മാത്രമല്ല, അസഹിഷ്ണുതയുടെ നാളുകളില്‍ വിശ്വാസത്തിന്റെ സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണല്ലോ നമ്മള്. എന്നാല്‍ ഇന്ന് വിശ്വാസികള്‍ നേരിടുന്ന പ്രതികൂലമായി പ്രചരിപ്പിക്കപ്പെടുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്. ലൗ ജിഹാദും നക്കോര്‍ട്ടിക് ജിഹാദുമൊക്കെയായി വിദ്വേഷത്തിന്റെ വേരുകള്‍ ദൈവകൃപയ്ക്കെതിരായി നമ്മുടെ ക്രിസ്തുഭാവത്തിന് മങ്ങലേല്‍പ്പിക്കുന്നു. ലോകത്തിന്റെ ചിന്താഗതിയും പ്രവൃത്തികളും വിശ്വാസജീവിതത്തിന് അനുകൂലമാകില്ല എന്ന് ക്രിസ്തു തന്നെ നമുക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ശരീരത്തെ കൊല്ലുന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവരെ ഭയപ്പെടേണ്ട എന്നല്ലേ അവിടുന്ന് പറഞ്ഞിട്ടുള്ളത്. നരക കവാടങ്ങള്‍ പ്രബലപ്പെടാത്ത തിരുസഭയാകുന്ന ക്രിസ്തുവിന്റെ വെളിച്ചത്തെ കീഴടക്കാന്‍ ഒരിരുളിനും കഴിയില്ലെന്നും എതിര്‍ക്കുന്നവരെ സ്നേഹിക്കുന്നതിലൂടെ ക്രിസ്തുവിന്റെ മുഖം കൂടുതല്‍ പ്രകാശിക്കുമെന്നുമിരിക്കെ എന്തിനാണ് അപരദ്വേഷത്തിന്റെ വാക്മുനകള്‍? അപരന് വിശ്വാസത്തെ ശിഥിലമാക്കാന്‍ നോക്കുന്നു, വിശ്വാസികളെ മന്ത്രവാദം കൊണ്ടും മയക്കുമരുന്നുകൊണ്ടും തട്ടിയെടുക്കുന്നു അതിനെതിരെ വിശാസത്തിന്റെ സംരക്ഷകരായി നാം മാറണമെന്ന ആഹ്വാനം, വിശ്വാസത്തിന്റെ സംരക്ഷകനായ ക്രിസ്തുവിനെതിരായ നീക്കമല്ലേ? ശിമിയോന്‍ ശിമിയോന്‍ സാത്താന് നിന്നെ ഗോതമ്പു പോലെ പാറ്റാന്‍ ശ്രമിച്ചു. നിന്റെ വിശാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്ന ദിവ്യനാഥന്റെ വാക്കുകള്‍ നാം മറക്കാമോ? ആരുടെയെങ്കിലും വിശ്വാസം ക്ഷയിക്കുന്നുവെങ്കില് നമുക്ക് ക്രിസ്തുവിന്റെ പാത പിന്തുടര്ന്നാല് പോരെ? വിശാസം ആമ്രിക്കപ്പെടുകയല്ല വാസ്തവത്തില്‍. അപചയിക്കപ്പെടുകയാണ്. അത് പുറമേ നിന്നല്ല. അകമെ നിന്നു തന്നെയാണ്. സ്വയം വിമര്‍ശനത്തിന്റെ കണ്ണോടെ നാം അകത്തേയ്ക്കു തിരിഞ്ഞാല്‍ അധികാരത്തിന്റെ മത്തു പിടിച്ച ശുശ്രൂഷാസ്ഥാനങ്ങള്‍ കുടുംബങ്ങളില്‍ മുതല്‍ ഉന്നതതലങ്ങളില്‍ വരെ നമുക്കു കാണാം. ആത്മവിമര്‍ശനത്തിന്റെ പ്രകാശം കടക്കാത്തവരായി നാം മാറിപ്പോയിട്ടില്ലേ? ഇരിക്കുന്ന സിംഹാസനങ്ങള്‍ നമ്മെ ഭാരപ്പെടുത്തുന്നില്ലേ? വ്യക്തികളിലാരംഭിച്ച് കുടുംബങ്ങളില്‍ വളര്‍ന്ന് സഭയുടെ നേതൃ സ്ഥാനങ്ങളില്‍ വരെ സമ്പദ് കേന്ദ്രീകൃതമായ ജീവിതവ്യവഹാരങ്ങള്‍ ആധിപത്യമുറപ്പിച്ചിട്ടില്ലേ? ദരിദ്രരോടു പക്ഷം ചേരാന്‍ നിയോഗിക്കപ്പെട്ട നാം സൗഭാഗ്യങ്ങളുടെ പക്ഷം ചേര്‍ന്ന് വഴിപിഴ ച്ചിട്ടില്ലേ? ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രയോഗം കൊണ്ട് വിശാസം വില്‍പ്പനച്ചരക്കായി മാറ്റിയ കേന്ദ്രങ്ങള്‍ നമ്മുടെ ആത്മീയതയുടെ ശക്തി ദുര്ഗ്ഗങ്ങളായി കാണപ്പെടുന്നില്ലേ? മാനവികതയുടെ മഹാസ്നേഹ ഗാഥയായ തിരുസഭ സമുദായമായും മതമായും തെറ്റിദ്ധരിക്കപ്പെടും വിധം അപരത്വനിഷേധത്തിന്റെ മേലങ്കികള്‍ അണിയുന്നില്ലേ? നമ്മുടെ വിശ്വാസത്തിന്റെ സംരക്ഷകനായ ക്രിസ്തുവില്‍ ഉറപ്പുള്ള ഹൃദയം നമുക്കുണ്ടാകുന്നതിനു പകരം അപരനെ നോക്കി പല്ലിറുമ്മുന്നത് ക്രിസ്തുവിശ്വാസത്തിനു വിരുദ്ധമല്ലേ? വിശ്വാസത്തെ ക്ഷയിപ്പിക്കുന്നവര്െക്കതിരായി ശക്തമായി സംസാരിക്കണമെന്നാണ് ഒരു വാദം. ഒന്നാമത് വിശ്വാസത്തെ ആര്‍ക്കും ക്ഷയിപ്പിക്കാനാകില്ല. രണ്ടാമത് ശക്തമായ സംസാരമെന്നാല്‍ എന്താണ്? അതില്‍ സ്നേഹത്തിനു പകരം എതിര്‍പ്പിന്റെ ധ്വനിയല്ലേ മുഴങ്ങുന്നത്. സംസാരിക്കുക മാത്രമല്ല ഇടപെടുകയും ചെയ്യുമെന്നാല്‍ അതില്‍ പോര്‍വിളിയും ഭീഷണിയും അടങ്ങിയിട്ടുണ്ടോ? വിശ്വാസത്തിനെതിരായ കാര്യങ്ങളെ പ്രതിരോധിക്കുന്നത് കുറ്റകരമല്ല എന്നാണ് മറ്റൊരു വാദം. പഴയനിയമത്തിലെ ജോഷ്വയെപ്പോലെ വിശാസത്തിനെതിരായവരെ ഉന്മൂലനം ചെയ്യലാണോ അത്? പ്രതിരോധം കുറ്റകരമല്ലെന്ന് പണ്ടൊരിക്കല്‍ പ്രഖ്യാപിച്ചത് മതരാഷ്ട്രം സ്വപ്നം കാണുന്ന ഒരു വര്‍ഗ്ഗീയ വാദ സംഘടനയുടെ സമ്മേളനമായിരുന്നു. ക്രിസ്തു മാര്‍ഗ്ഗം പ്രതിരോധത്തിന്റേതല്ല. സഹനത്തിന്റേതാണ്. മരണത്തിന്റേതാണ്. കുരിശ് യുദ്ധത്തിനുള്ള ആയുധമല്ല. സഹിച്ചു നേടാനുള്ള മഹത്വത്തിന്റെ അടയാളമാണ്.
പ്രഭാത പ്രാർത്ഥന ; 08 -10 -2020
അനുദിന വിശുദ്ധർ | സെപ്റ്റംബർ 13
പ്രതിസന്ധി വരുമ്പോൾ ചെയ്യേണ്ടത്
ചിന്ത ശകലങ്ങൾ ; 27-09-2020