അസ്വസ്ഥത നിറഞ്ഞ മനസുമായാണ് ചെറുപ്പക്കാരന്‍ ആശ്രമാധിപനെ കാണാനെത്തിയത്. ബിസിനസില്‍ ഉയരാന്‍ കഴിയാത്തതിന്റെ നിരാശയായിരുന്നു മനസുനിറയെ. അപ്രതീക്ഷിതമായ പരാജയങ്ങള്‍ അയാളുടെ ആത്മവിശ്വാസത്തെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. സുഹൃത്തുക്കള്‍ ഓരോ ദിവസവും മുന്നേറുമ്പോള്‍ തനിക്കുമാത്രം എന്തുകൊണ്ടാണ് പരാജയം എന്നതായിരുന്നു അയാളെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയത്.
ഇത്രയും അറിവും കഴിവുകളുമുള്ള താന്‍ പരാജയങ്ങളുടെ കൂടാരമായി എന്തിന് ജീവിക്കണം എന്ന ചിന്ത അയാളുടെ മനസിനെ കീഴടക്കിത്തുടങ്ങിയിരുന്നു. ചെറുപ്പക്കാരന് കൃത്യമായ മറുപടി ആവശ്യമുണ്ടെന്ന് ആശ്രമാധിപന് മനസിലായി. ചെറുപ്പക്കാരനെയും കൂട്ടി അദ്ദേഹം വിശാലമായ പൂന്തോട്ടത്തിലേക്ക് പോയി. മുറ്റത്ത് ഒരു വര്‍ഷം പ്രായമായ ചിത്രപ്പുല്ലും മുളയും ഉണ്ടായിരുന്നു. അല്പംകൂടി ചെന്നപ്പോള്‍ പുല്ല് വളര്‍ന്ന് മനോഹരമായി തറയില്‍ പറ്റിപ്പിടിച്ച് നില്ക്കുന്നതു കണ്ടു.
അതിനടുത്തും മുള ഉണ്ടായിരുന്നെങ്കിലും അത് ആദ്യത്തേതിനേക്കാള്‍ അധികം വലുതായിട്ടില്ലായിരുന്നു. ആശ്രമാധിപന്‍ പുല്ലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. രണ്ടു വര്‍ഷമായപ്പോഴേക്കും പുല്ല് എത്ര മനോഹരമായിരിക്കുന്നു. എന്നാല്‍ മുള പ്രയോജനപ്പെടുന്ന രീതിയില്‍ വളര്‍ന്നിട്ടില്ല. രണ്ടിനും വേണ്ടവിധത്തില്‍ പരിചരണം നല്‍കിയതാണ്. അവസാനം അവര്‍ താഴത്തെ തട്ടിലെത്തി. അവിടെ വളര്‍ന്നു നിന്നിരുന്ന മുളയിലേക്ക് വിരല്‍ചൂണ്ടിയിട്ട് ആശ്രമാധിപന്‍ പറഞ്ഞു: ആറു വര്‍ഷംകൊണ്ട് മുള വളര്‍ന്ന് ബലമുള്ളതായി. ഇപ്പോള്‍ പുല്ലിനേക്കാളും എത്രയോ പ്രയോജനപ്രദമാണ്. ആശ്രമാധിപനോട് യാത്ര പറയുമ്പോള്‍ ജീവിതത്തെക്കുറിച്ചുള്ള പുതിയ സ്വപ്‌നങ്ങള്‍ തന്റെ ഉള്ളില്‍ വിടരുന്നതായി ചെറുപ്പക്കാരന്‍ തിരിച്ചറിഞ്ഞു.
വിജയിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. പരാജയപ്പെടാന്‍ ആഗ്രഹിക്കുന്ന ആരും ഉണ്ടാകില്ല. എന്നാല്‍, വിജയത്തിന് വിലകൊടുക്കാന്‍ പലരും തയാറാകുന്നില്ല. ആ ചെറുപ്പക്കാരന്റെ മനസിനെ മഥിച്ചതുപോലുള്ള ചോദ്യങ്ങളുമായി ജീവിക്കുന്ന അനേകരുണ്ട്. അപ്രതീക്ഷിതമായ പരാജയങ്ങള്‍ പലരുടെയും സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. തനിക്കിനി വിജയിക്കാന്‍ കഴിയില്ലെന്ന ചിന്തയില്‍ എത്തിയവരും കുറവല്ല. വിജയം അകന്നുപോകുന്നതിന്റെ കാരണങ്ങളാണ് അവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. മാനുഷികമായ വിധത്തിലുള്ള അന്വേഷണങ്ങള്‍ പലരെയും നിരാശയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
പരാജയങ്ങളില്‍നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ചാല്‍ വിജയികള്‍ ഉണ്ടാകില്ല. പുറമെ വിജയികളായി കാണുമ്പോഴും പലവിധത്തിലുള്ള പരാജയങ്ങള്‍ അവരുടെ കൂടെയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ചുറ്റുപാടുമുള്ളവരുടെ പെട്ടെന്നുള്ള വളര്‍ച്ചയിലേക്ക് നോക്കി അസ്വസ്ഥരാകരുത്. ചെറിയൊരു പരാജയമല്ല ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. ഏതൊരു മനുഷ്യന്‍ പിന്തിരിഞ്ഞുനോക്കിയാലും പരാജയങ്ങളുടെ നിര കണ്ടെത്താനാകും. എന്നാല്‍, അവ നമ്മെ കൂടുതല്‍ കരുത്തുള്ളവരാക്കി മാറ്റുകയാണ് ചെയ്തതെന്നും ബോധ്യപ്പെടും.
പക്ഷേ, അന്ന് അങ്ങനെ ചിന്തിക്കാന്‍ ആകുമായിരുന്നില്ല. ആ പ്രശ്‌നങ്ങളുടെ നടുവില്‍ നിന്നപ്പോള്‍ ജീവിതം പരാജയത്തിന്റെ പടുകുഴിയിലായിരിക്കുന്നു എന്നായിരിക്കും കരുതിയിട്ടുണ്ടാകുക. എന്നാല്‍, അതില്‍നിന്നുമാണ് വിജയങ്ങളിലേക്ക് പിടിച്ചുകയറിയതെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. അതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധികളെയും അത്തരം മനോഭാവത്തോടെ സമീപിച്ചാല്‍ അതിനെ എളുപ്പത്തില്‍ അതിജീവിക്കാനാകും. പ്രതിസന്ധികള്‍ക്ക് കീഴടങ്ങാന്‍ സ്വയം വിട്ടുകൊടുക്കുന്നതിനുപകരം അവയെ തോല്പിക്കാന്‍ സാധിക്കണം.
കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്ന സമയമാണ്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് പലരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വിപരീതമായ ചിന്തകള്‍ക്ക് മനസിനെ വിട്ടുകൊടുക്കരുത്. ഇതിലും വലിയ പ്രതിസന്ധികളെ തരണംചെയ്തല്ലേ ഇവിടംവരെ എത്തിയതെന്ന് തിരിച്ചറിയണം. പുല്ല് വളരെ പെട്ടെന്ന് തഴച്ചുവളരും. എന്നാല്‍, മുള വളരണമെങ്കില്‍ അതിന് സമയം ഏറെ ആവശ്യമുണ്ട്. മുളയും പുല്ലും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല.
മുളയുടെ തലത്തിലേക്ക് വളരണമെങ്കില്‍ വിലകൊടുക്കല്‍ അനിവാര്യതയായി മാറുകയാണ്. പരാജയത്തിന്റെ രുചി അറിയുന്നവരെ പരിഹസിക്കുന്നത് പതിവാണ്. പക്ഷേ, ഇപ്പോള്‍ പരിഹസിക്കാന്‍ മുമ്പില്‍ നില്ക്കുന്നവര്‍ത്തന്നെ വിജയത്തിന്റെ നിമിഷങ്ങളില്‍ പുകഴ്ത്തിപ്പറയാനും ഉണ്ടാകും. അതിനാല്‍, അങ്ങനെയുള്ളവരുടെ വാക്കുകള്‍ കേട്ട് തളരരുത്. പരാജയഭീതി നമ്മെ കീഴടക്കിയാല്‍ ഉയരാന്‍ കഴിയാതെ പോകും. അതിനിടയില്‍ ഒരുപക്ഷേ മറ്റുള്ളവര്‍ വിമര്‍ശനങ്ങളും പരിഹാസവും നേരിടേണ്ടതായി വരാം.
മറ്റുള്ളവരുടെ വാക്കുകളാണ് പലരെയും പിന്തിരിപ്പിക്കുന്നത്. നമ്മുടെ വാക്കുകള്‍ക്ക് വിജയങ്ങള്‍ സമ്മാനിക്കാനുള്ള ശക്തിയുണ്ടെന്ന് തിരിച്ചറിയണം. അതുമാത്രമല്ല, പരാജയപ്പെടുത്താനുള്ള ശക്തിയുണ്ടെന്നും മനസിലാക്കണം. നമ്മുടെ വാക്കുകള്‍ ആരെയും പരാജയഭീതിയിലേക്ക് നയിക്കുന്നതാകരുത്. വഴിമാറി നടക്കാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും പരാജയപ്പെടുന്നത്.
പുതിയ തുടക്കങ്ങള്‍ എപ്പോഴും ആവശ്യമാണ്. അതിലേക്ക് ഇറങ്ങുമ്പോള്‍ പരാജയപ്പെടാനുള്ള സാധ്യതയും ഏറെയായിരിക്കും. ഏതൊരു മേഖലയിലാണെങ്കിലും കഠിനാധ്വാനം അനിവാര്യമാണ്. അതില്‍നിന്നും അകന്നുനിന്നിട്ട് പരാജയങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതുകൊണ്ട് പ്രയോജനമില്ല. പരാജയങ്ങള്‍ ദൈവം നമ്മെ കൈവിട്ടതിന്റെ അടയാളങ്ങളല്ല. മറിച്ച്, നമ്മെ കൂടുതല്‍ വിജയങ്ങളിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവുകളാണ്.
ഹൃദയം ഹൃദയത്തെ തൊട്ടു