മറുനാട്ടിലുള്ള കന്യാസ്ത്രീ മഠത്തിന്റെ ദൈവാലയത്തോടു ചേര്‍ന്ന് കെട്ടിപ്പൊക്കിയ കല്ലറയുടെ കവാടത്തില്‍ പതിപ്പിച്ചിരുന്ന തന്റെ മകളുടെ മുഖചിത്രത്തില്‍ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് വൃദ്ധയായ ആ മാതാവ് നിമിഷങ്ങളോളം നിന്നു. വെള്ളമുണ്ടും, ചട്ടയും, കവണിയും കൂടിച്ചേര്‍ന്നുള്ള മലയാളമണമുള്ള നസ്രാണി വേഷം. ഏകദേശം എഴുപത്തിയഞ്ചോടടുത്ത പ്രായം. നിറഞ്ഞു തുളുമ്പിയ അവരുടെ നയനങ്ങള്‍ക്കൊപ്പം ആ അധരങ്ങളും വിറയ്ക്കുന്നുണ്ടായിരുന്നു. കനം കൂടി വന്ന കണ്ണീര്‍പ്പാളിക്കുള്ളിലൂടെയുള്ള അവളുടെ ദൃഷ്ടികള്‍ ആ ചിത്രത്തില്‍ ഉടക്കിക്കിടന്നപ്പോഴും ഹൃദയം ആ ശവകുടീരത്തിനുള്ളിലേയ്ക്ക് നുഴഞ്ഞുകയറിയതുപോലെ തോന്നി. അതിനുള്ളിലെ അന്ധകാരത്തിന്റെ നി ശബ്ദതയില്‍, തണുതാപങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന തന്റെ അരുമമകളുമായി അവരിരുവരും മാത്രം മനസ്സിലാക്കിയ മൂകഭാഷയില്‍ അവര്‍ എന്തൊക്കെയോ സം സാരിക്കുന്നുണ്ടായിരുന്നു. കൂടെ വന്നവരും, കുര്‍ബാനയ്‌ക്കെത്തിയവരുമായ കുറേപ്പേര്‍ അരികില്‍നിന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവരെ ആരെയും അവള്‍ കണ്ടതേയില്ല. കത്തിയുരുകിക്കൊണ്ടിരുന്ന മെഴുകുതിരികളുടെ തിരിനാളങ്ങള്‍പോലെ അവളുടെ നെഞ്ചകവും പിടയ്ക്കുന്നുണ്ടായിരുന്നു. തണുപ്പകറ്റാന്‍ പുതച്ചിരുന്ന നേരിയതുകൊണ്ട് വാര്‍ദ്ധക്യം വദനവയലില്‍ വകഞ്ഞുകീറിയിട്ട ചുളിവു ചാലുകളിലൂടെ വികാരങ്ങളുടെ വേലിയേറ്റത്തില്‍ ഒഴുകിയിറങ്ങിയ ചുടുകണ്ണീര്‍ ഇടയ്ക്കിടെ അവള്‍ തുടച്ചുകൊണ്ടിരുന്നു. കല്‍ക്കുടീരത്തില്‍ കുറിക്കപ്പെട്ടിരുന്ന തന്റെ ജിനിമോളുടെ ജനിമൃതിക്കണക്കുകള്‍ അവളെ നാലു പതിറ്റാണ്ടുകളുടെ പിന്നാമ്പുറങ്ങളിലേയ്ക്ക് ഒരുവേള കൂട്ടിക്കൊണ്ടുപോയി. ഓമനത്തമുള്ള കുഞ്ഞായി അവള്‍ പിറന്നു വീണപ്പോള്‍ മുതല്‍ കന്യാസ്ത്രീയാകാന്‍ വീടുവിട്ടിറങ്ങിയ നാള്‍ വരെയുള്ള ഒരായിരം ഓര്‍മ്മകള്‍ അവളുടെ സ്മൃതിസാഗരത്തില്‍ ഓളങ്ങളെപ്പോലെ ഓടിയെത്തി. ഹൃദയച്ചെപ്പില്‍ കാത്തു സൂക്ഷിച്ചവയും, മറവിയുടെ മാറാല മൂടിത്തുടങ്ങിയവയും ഒരുപോലെ വേഗത്തിലും വ്യക്തമായും തെളിഞ്ഞുവന്നു. സല്‍സ്വഭാവം പോലെ തന്നെ സംഗീതവും സ്വന്തമായുണ്ടായിരുന്ന അവള്‍ വീട്ടു വളപ്പിനുള്ളിലെ വര്‍ണ്ണച്ചിറകുകളുള്ള വാനമ്പാടിയായിരുന്നു. നാട്ടു കാരുടെയും, കൂട്ടുകാരുടെയും കണ്ണിലുണ്ണിയും. ഭക്തിസാന്ദ്രമായി അവള്‍ ഉരുവിട്ടിരുന്ന പ്രാര്‍ത്ഥനാശീലുകള്‍ വിണ്ണില്‍നിന്നും വരദാനങ്ങളുടെ വീചികളെ വീട്ടുപടിക്കലേക്ക് വിളിച്ചിറക്കാന്‍ മതിയായവയായിരുന്നു. വളര്‍ച്ചയുടെ വഴികളില്‍ അവളോടൊപ്പം തളിരിട്ടുനിന്നിരുന്ന അസാധാരണമായ ദൈവവിശ്വാസവും അതില്‍നിന്നും അങ്കുരിച്ച സന്യാസജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും താന്‍ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നു. അതേക്കുറിച്ച് അപ്പനെയും അറിയിച്ചിരുന്നു. അവളുടെ ആഗ്രഹം അനുവദിച്ചുകൊടുക്കാനാണ് തങ്ങള്‍ രണ്ടാളും തീരുമാനിച്ചതും. എന്നാല്‍, പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി കന്യകാലയത്തിലേക്ക് പോകാന്‍ അവള്‍ തയ്യാറായപ്പോള്‍ തന്റെയുള്ളം തേങ്ങി, കണ്ണുകള്‍ കലങ്ങി. പോകുന്നതിന്റെ തലേ രാത്രി തനിക്കരികെ ശാന്തമായുറങ്ങിക്കിടന്ന അവളുടെ ശിരസ്സിനെ ചങ്കോടു ചേര്‍ത്തുവച്ച് ശാലീനമായ ആ മുടിയിഴകളിലൂടെ വിറയാര്‍ന്ന വിരലുകളോടിച്ചപ്പോള്‍ തന്റെ മിഴിക്കോണുകളില്‍നിന്നും ഉരുണ്ടുവീണ ബാഷ്പബിന്ദുക്കള്‍ അവളുടെ നെറ്റിത്തടത്തെ നനച്ചത് അവള്‍ അറിഞ്ഞതേയില്ലായിരുന്നു. അപ്പുറത്തെ മുറിയില്‍ അപ്പോഴും ഉറങ്ങാതെ കിടന്ന അപ്പന്റെ ചുടുനെടുവീര്‍പ്പുകള്‍ തനിക്ക് ഉയര്‍ന്നുകേള്‍ക്കാമായിരുന്നു. പിരിഞ്ഞു പോകുന്ന പുത്രിയെ ഓര്‍ത്ത് ആ പിതൃഹൃദയവും നീറുകയായിരുന്നു. പിറ്റേന്നു പ്രഭാതത്തില്‍ അവളുടെ തലയില്‍ തന്റെ തണുത്ത കരതലങ്ങള്‍ വച്ചു പ്രാര്‍ത്ഥിച്ച്, മൂര്‍ദ്ധാവില്‍ മുത്തം നല്കി യാത്രയാക്കിയപ്പോള്‍ താന്‍ എന്തുമാത്രം തീ തിന്നു! കുടുംബമാകുന്ന കുസുമവനിയില്‍നിന്നും പിഴുതെടുക്കപ്പെട്ട ഒരു പാരിജാതച്ചെടി കണക്കെ അവള്‍ പടിയിറങ്ങിയപ്പോള്‍ തന്റെ ഹൃദയമലരില്‍നിന്ന് ഒരുദളം പറിച്ചെടുക്കപ്പെട്ടതിന്റെ പ്രയാസമായിരുന്നു താന്‍ അനുഭവിച്ചത്. എങ്കിലും, പരിശുദ്ധനായവന്റെ പൂത്താലത്തില്‍ പൂജാദ്രവ്യമായി പ്രതിഷ്ഠിക്കപ്പെടാനും, തമ്പുരാന്റെ തിരുസ്സന്നിധിയില്‍ തൈലം തീരാതെ തെളിഞ്ഞുകിടക്കുന്ന തൂക്കു വിളക്കാകാനുമാണ് അവള്‍ വേര്‍തിരിക്കപ്പെട്ടത് എന്ന തിരിച്ചറിവ് കരളിന്റെ കരിനിലത്ത് കെട്ടിക്കിടന്ന സങ്കടങ്ങള്‍ക്കു മീതെ മഞ്ഞു പാടയാവുകയായിരുന്നു. കൊച്ചു വീടിന്റെ കടമ്പ കടന്ന് കര്‍ത്തൃ സേവനത്തിന്റെ കടലോരത്തേക്ക് അവള്‍ കാലടികള്‍ വച്ചപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞത് ഇടനെഞ്ചില്‍ പെയ്തിറങ്ങിയ കദനങ്ങളാല്‍ ആയിരുന്നില്ല, മറിച്ച് ഒരമ്മയുടെ ജീവിതസാഫല്യത്തിന്റെ നിര്‍വൃതിയില്‍നിന്നും നിര്‍ഗ്ഗളിച്ച ആനന്ദാശ്രുക്കളാല്‍ ആയിരുന്നു. സന്യാസസഭയില്‍ വ്രതശുദ്ധിയുടെ വെണ്‍കുപ്പായം അവള്‍ ആദ്യമായി അണിഞ്ഞ് സിസ്റ്റര്‍ ജെയ്ന്‍ തെരേസ് ആയപ്പോഴും പിന്നീട്, സര്‍വ്വനാഥന്റെ സഹധര്‍മ്മിണിയായി സമ്പൂര്‍ണ്ണസമര്‍പ്പണം ചെയ്തപ്പോഴുമെല്ലാം സദസ്സില്‍ സാക്ഷിയായി താനുമുണ്ടായിരുന്നു. ആഹ്ലാദത്താല്‍ അകതാരിന്റെ തുടിതാളം പെരുകിപ്പൊന്തിവന്ന നിമിഷങ്ങളായിരുന്നു അവ. എന്നാല്‍, അര്‍ബുദത്തിന്റെ അദൃശ്യ കരങ്ങളില്‍ അകപ്പെടാന്‍ അവള്‍ക്ക് അധികകാലം വേണ്ടിവന്നില്ല. മുള്‍വള്ളിപോലെ ചുറ്റിപ്പിടിച്ച് അവളെ അനുനിമിഷം അവശയാക്കിയ ആ മഹാവ്യാധി നിര്‍ദ്ദയം അവള്‍ക്കു നല്കിയ അസ്വസ്ഥതകളിലും അസഹനീയമായ നോവുകളിലും ഉറക്കമില്ലാത്ത രാവുകളില്‍ അവളോടൊപ്പം ഉരുകിക്കഴിഞ്ഞിരുന്നത് ഒരു കുടുംബം മുഴുവനുമായിരുന്നു. നാട്ടിലും മറു നാട്ടിലുമായി മരുന്നുകളുടെ പട വാളുമേന്തി മരണത്തോടു മല്ലടിച്ച് അവള്‍ എണ്ണിജീവിച്ച നാളുകളില്‍ നൊമ്പരങ്ങളുടെ മിഴിനീര്‍ ധാരയില്‍ നനഞ്ഞ നൊവേനപ്പുസ്തകങ്ങളും, ജപമാലയും, മാറോടണച്ചു മുറുകെപ്പിടിച്ച കുരിശ്ശുരൂപവുമായിരുന്നു തനിക്ക് കൂട്ടിനുണ്ടായിരുന്നത്. ആ ദിവസങ്ങളില്‍ ഉരുവിടാത്ത ജപങ്ങളോ, വിളിക്കാത്ത വിശുദ്ധരോ ഇല്ലായിരുന്നു. അവസാനമായി അവള്‍ വീട്ടില്‍ വന്നപ്പോള്‍ 'ഇനി മടക്കയാത്ര വേണ്ട' എന്നു പറയാന്‍ നാവ് തുനിഞ്ഞതാണ്. എങ്കിലും, മറുനാട്ടിലെ മിഷന്‍ പ്രദേശത്തുതന്നെ മരിച്ച് മണ്ണടിയാന്‍ അവള്‍ ഏറെ ആശിച്ചതിനാല്‍ ചുട്ടുപഴുത്ത ചങ്കിന്റെ ചെമ്പുകുടത്തില്‍ തിളച്ചുതൂകി വന്ന വ്യാകുലങ്ങളെ മിഴിപ്പോളകള്‍കൊണ്ട് മൂടിയൊതുക്കി അന്നും അവളെ താന്‍ യാത്രയാക്കി. നുറുക്കുന്ന നോവുകളുടെ ആധിക്യത്തിലും ജീവന്‍ തുടിച്ചുനിന്ന അവളുടെ മുഖത്തേക്ക് താന്‍ കുറേനേരം അന്നു നോക്കി നിന്നു… മനസ്സിന്റെ മഞ്ഞത്തൂവാലയില്‍ അതിന്റെ ഛായ പതിപ്പിക്കാന്‍. കാരണം, അത് അന്ത്യവിടവാങ്ങലാണെന്ന് ആരോ കാതില്‍ മന്ത്രിക്കുന്നുണ്ടായിരുന്നു........ ഏതാനും ആഴ്ചകള്‍ക്കു ശേഷം അവളുടെ മരണവാര്‍ത്തയെത്തി. അന്നു മുതല്‍ ദുഃഖം ഖനീഭവിച്ചു തുടങ്ങിയ ഹൃദയവും, പ്രായാധിക്യത്തിന്റെ പരിമിതികളേറിയ ശരീരവും, നനഞ്ഞുമുണങ്ങിയും നിന്നിരുന്ന നയനങ്ങളുമായി ഗദ്ഗദങ്ങളെ ഒരുവിധത്തില്‍ ഉള്ളിലൊതുക്കി വര്‍ഷമൊന്നു തള്ളി നീക്കേണ്ടി വന്നു രണ്ടുനാള്‍ തീവണ്ടിയാത്ര ചെയ്ത് അവളുടെ ഈ ശവകുടീരമെങ്കിലും ഒന്നു കാണാന്‍. ഇന്നിവിടെ നില്ക്കുമ്പോള്‍ മകളുടെ മന്ദഹസിക്കുന്ന മുഖമാണ് മുന്നില്‍ മിന്നിമായുന്നത്. സ്വര്‍ഗ്ഗസമ്മാനത്തിനായി അവള്‍ വിളിക്കപ്പെട്ടു എന്നോര്‍ത്ത് സ്വയം സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴും കരളിന്റെ കടലിടുക്കില്‍ വിരഹ നൊമ്പരത്തിന്റെ വന്‍തിരകള്‍ ഇരമ്പിയടിക്കുന്നുണ്ട്. ഒപ്പം, കരിഞ്ഞുണങ്ങിയ പൊക്കിള്‍ക്കൊടിത്തുമ്പില്‍ പൊടിയുന്ന മാതൃസ്‌നേഹത്തിന്റെ കുറേ നിണകണങ്ങളും! മതി, ഇനിയും ഇതൊക്കെ കാണാന്‍ കരുത്തില്ല. നാട്ടിലേക്കു തിരിച്ചുപോകണം. ദേഹം ദീനശയ്യയിലും, മനം ഈ മണ്ണിലുമാക്കി വീട്ടില്‍ കഴിയുന്ന അപ്പനോട് താന്‍ കണ്ടതും കേട്ടതുമെല്ലാം പങ്കുവയ്ക്കണം. ആ തളര്‍ന്ന ഹൃദയത്തിനു തണലേകണം. തുടര്‍ന്നു നടന്ന അനുസ്മരണ ദിവ്യബലിമദ്ധ്യേ സമര്‍പ്പിതരുടെ മൃതിയുടെ മാഹാത്മ്യത്തെക്കുറിച്ചും, മകളുടെ മഹത്വത്തെക്കുറിച്ചുമൊക്കെ പ്രസംഗകന്‍ പ്രകീര്‍ത്തിച്ചു പറഞ്ഞതു മുഴുവന്‍ അവള്‍ കേട്ടതേയില്ല. അരികിലെ തുറന്നിട്ട ജനാലയിലൂടെ വിടര്‍ന്നുതീരും മുമ്പേ കൊഴിഞ്ഞുവീഴാന്‍ വിധിക്കപ്പെട്ട ആ കനകപുഷ്പത്തിന്റെ കല്ലറയിലേക്ക് മാത്രം നോക്കി ഒരു ശിലാശില്പത്തെപ്പോലെ അവര്‍ ഇരുന്നു. ഒടുവില്‍, സ്തുതി ചൊല്ലിയിറങ്ങിയ ഒരു വൈദികന്റെ കൂപ്പുകരങ്ങളില്‍ പിടിച്ചുകൊണ്ട് ആ അമ്മ പറഞ്ഞു: 'എന്റെ മകളെ ഞാന്‍ നിങ്ങളെയൊക്കെ ഏല്പിച്ചു മടങ്ങുകയാണ്.' അപ്പോഴും ആ മിഴിയോരങ്ങള്‍ ഉണങ്ങിയിരുന്നില്ല. വ്രതങ്ങളെടുത്തും, വിശുദ്ധ വസ്ത്രങ്ങളുടുത്തും വീടും നാടും വിട്ട് സന്യാസവഴിയിലൂടെ സഞ്ചരിക്കുന്നവര്‍ മാത്രമല്ല സമര്‍പ്പിതര്‍. സമാനവിധത്തിലല്ലെങ്കിലും, തങ്ങള്‍ നൊന്തുപെറ്റു വളര്‍ത്തിയ സന്താനങ്ങളെ സഭാസേവനത്തിനായി സസന്തോഷം സമ്മാനിക്കുന്ന മാതാപിതാക്കളും സുവിശേഷ ശുശ്രൂഷയിലെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. അവരും വന്ദ്യരാണ്; അഭിവന്ദ്യരാണ്. സന്യസ്തരുടെസഞ്ചാരം സദാ സഹനത്തിലൂടെയും, സാഹസികതയിലൂടെയുമാണ്. അക്കാരണത്താല്‍ തന്നെ, അവരുടെ അപ്പനമ്മമാര്‍ അനുനിമിഷം കരകരളിന്റെ കല്ലടുപ്പില്‍ വ്യാകുലങ്ങളുടെ കെടാത്ത കനലുകളുമായി കഴിഞ്ഞുകൂടുന്നവരാണ്. കുഞ്ഞുന്നാളില്‍ കൈകാലുകള്‍ വളരുന്നതു കണ്ട് ആനന്ദിച്ചിരുന്ന അവര്‍ പിന്നീട് കൈകാലുകള്‍ തളരുന്നുണ്ടോ എന്നോര്‍ത്ത് ആകുലപ്പെടുന്നുണ്ട്. തങ്ങളുടെ മരണക്കിടക്കയില്‍ ദാഹത്തോടെ മക്കളെ തിരയുമ്പോള്‍, അരികിലെത്താന്‍ കഴിയാതെപോയ അകലെയുള്ള അച്ചന്‍മകനെയും, കന്യാസ്ത്രീമകളെയുമൊക്കെ പലപ്പോഴും നഷ്ടമായിപ്പോകുന്നവരാണവര്‍. കണ്ണടഞ്ഞ നേരം വരെ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി സ്വയംപണിത അള്‍ത്താരയില്‍ എന്റെ ആദ്യകുര്‍ബാനയര്‍പ്പണം കൊതിതീരാതെ കണ്ടുകൊണ്ടു കിടന്ന വയോധികനായ ഒരു വത്സലപിതാവും, വാര്‍ദ്ധക്യത്തിന്റെ വല്ലായ്മകളെ വകവയ്ക്കാതെ ഇന്നും വെളുക്കും മുമ്പേ ഉണര്‍ന്ന് നിരന്തരം എനിക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ഒരമ്മയും, കരുതലുള്ള കൂടപ്പിറപ്പുകളും എനിക്കു കൈവന്ന പുണ്യങ്ങളാണ്. എന്റെ ജീവിതപവിത്രതയേക്കാള്‍ ഉപരിയായി അവരുടെയൊക്കെ പ്രാര്‍ത്ഥനകളാണ് പൗരോഹിത്യ പാതയില്‍ പാഥേയമായി എനിക്കു നല്കപ്പെടുന്നതും, വീഴ്ചകളില്‍ വിശ്വാസത്തോടെയും, പ്രതിസന്ധികളില്‍ പ്രത്യാശയോടെയും മനമിടറാതെ മുന്നേറാന്‍ എന്നെ പ്രാപ്തനാക്കുന്നതും. കന്യാസ്ത്രീയാകാന്‍ കടിഞ്ഞൂലിനെയും, പുരോഹിതനാകാന്‍ ആറ്റുനോറ്റുണ്ടായ ആണ്‍തരിയെയും കര്‍ത്താവിന്റെ കരതലങ്ങളിലേക്ക് വ്യവസ്ഥകളില്ലാതെ വച്ചുകൊടുക്കുന്ന അപ്പനമ്മമാരുടെ അര്‍പ്പണമനോഭാവത്തെ ആധുനികലോകത്തില്‍ ആര്‍ക്കൊക്കെ അനുകരിക്കാനാവും? പിഞ്ചുകുഞ്ഞ് പിച്ചവയ്ക്കും മുമ്പേ പൈലറ്റാക്കാനും, എഴുതിത്തുടങ്ങും മുമ്പേ എഞ്ചിനീയറാക്കാനും, മൂളിത്തുടങ്ങും മുമ്പേ മൂന്നുകോടി നേടുന്ന സ്റ്റാര്‍ സിംഗര്‍ ആക്കിത്തീര്‍ക്കാനുമൊക്കെയല്ലേ ഇന്ന് മാതാപിതാക്കള്‍ മെനക്കെടുന്നത്? ഒറീസ്സായില്‍ ഒരു പറ്റം ശത്രുക്കളുടെ ശരമുനകളാല്‍ രക്തസാക്ഷിത്വം വരിച്ച അരുള്‍ദാസച്ചനോ, അച്ചനായി അഞ്ചുവര്‍ഷം ആകുന്നതിനു മുമ്പേ ആന്ധ്രായില്‍ അക്രമികളുടെ കത്തിക്കുത്തുകളേറ്റ് പ്രാണന്‍ പോയ പാണ്ടിപ്പള്ളിയച്ചനോ, ആളിപ്പടര്‍ന്ന അഗ്നിയില്‍ സ്വന്തം കുരുന്നുമക്കളോടൊപ്പം ചുട്ടുചാമ്പലാക്കപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സിനോ, വണ്ടിയില്‍നിന്നും വലിച്ചിറക്കപ്പെട്ട് വയറ്റിലും വക്ഷസ്സിലും വെട്ടുകളേറ്റ് വഴിയോരത്തു വീണുമരിച്ച സിസ്റ്റര്‍ റാണി മരിയയ്‌ക്കോ ഒക്കെ ഒരിക്കല്‍ കൂടി പിറവികൊടുക്കാന്‍ ഇന്നത്തെ എത്ര ഗര്‍ഭപാത്രങ്ങള്‍ക്കു ശേഷിയുണ്ട്? എത്ര അപ്പന്‍മാര്‍ക്ക് ആത്മധൈര്യമുണ്ട്? സഹനങ്ങളെ സാമോദം സ്വീകരിച്ചും, കഷ്ടതകളുടെ കാഞ്ഞിരക്കനികള്‍ കടിച്ചുതിന്നും, വിളിച്ചവനുവേണ്ടി വചനവേലചെയ്യുന്ന തങ്ങളുടെ ഓമനമക്കള്‍ ആക്രമിക്കപ്പെടുമ്പോഴും, അടച്ചവഹേളിക്കപ്പെടുമ്പോഴും, അടിസ്ഥാനരഹിതമായി ആരോപിതരാകുമ്പോഴും, ചില ചന്തച്ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ കരിവാരിത്തേയ്ക്കപ്പെടുമ്പോഴുമൊക്കെ മനം നുറുങ്ങുന്ന അവരുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍. അവരുടെ നോവുകളും നഷ്ടങ്ങളും അവര്‍ക്കു മാത്രം സ്വന്തം. പെറ്റമ്മയുടെ പരിലാളനയുടെ പാല്‍രുചി നാവിന്റെ നനവില്‍ നുണഞ്ഞിറക്കുകയും, അപ്പന്റെ കരുതലിന്റെ കരസ്പര്‍ശം അനുഭവിക്കുകയും ചെയ്ത ആര്‍ക്കുംതന്നെ അങ്ങനെയുള്ളവരുടെ വേദനകളെ കണ്ടില്ലെന്നു നടിക്കാന്‍ കെല്പുണ്ടാവുകയില്ല. ഓര്‍ക്കണം, പുണ്യശീലരായ സമര്‍പ്പിതരെ പാലൂട്ടിയ മാതൃസ്തനങ്ങളെയും, പരിപാലിച്ച പിതൃകരങ്ങളെയും കുറിച്ചായിരിക്കും പണ്ടൊരുവള്‍ പരിശുദ്ധ മറിയത്തെ പുകഴ്ത്തിപ്പാടിയ ഈരടികള്‍ (ലൂക്കാ 11:27) ഇനി വരുംതലമുറ ആവര്‍ത്തിക്കുക. നമ്മുടെ പ്രാര്‍ത്ഥനകളില്‍ സഭയിലെ സകല സമര്‍പ്പിതരെയും അവരുടെ മാതാപിതാക്കളെയും അനുസ്മരിച്ചു സമര്‍പ്പിക്കാം. തിരുസ്സഭയില്‍കൂടുതല്‍ ദൈവവിളികള്‍ക്കായി വിളവിന്റെ നാഥനെ വിളിച്ചപേക്ഷിക്കുന്നതോടൊപ്പം അവിടുത്തെ തിരുഹിതത്തിനു സ്വയം സമര്‍പ്പിച്ച് സഹകരിക്കാന്‍ സന്നദ്ധരായ അനേകം അപ്പനമ്മമാര്‍ ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ഫാ. തോമസ് പാട്ടത്തിൽചിറ. CMF