കൂടെ നിർത്തിയവരുടെ കൂടെ ആയിരിക്കുക.........
ജോയൽ വെള്ളോംമ്പ്രായിൽ
തന്റെ ഭവനത്തിലേക്ക് ഈശോയെ കൂട്ടിക്കൊണ്ടു പോകുന്നത് മർത്താ ആണെങ്കിലും കർത്താവിന്റെ കൂടെ ആയിരിക്കുന്നത് മറിയമാണ്.
ഭൗതികമായ പല കാര്യങ്ങളും നമ്മുടെ കൂടെയുള്ളവർക്ക് ചെയ്തു കൊടുക്കുമ്പോൾ അവരുടെ യഥാർത്ഥമായ ആവശ്യങ്ങൾ ആണോ അവയെന്ന് നാം മനസ്സിലാക്കാറുണ്ടോ?.
താൻ എപ്പോഴോ തനിച്ചായി പോയെന്ന് ഒരു തോന്നൽ മർത്തായെ അലട്ടുന്നുണ്ട് അവിടെ മർത്താ തിരിച്ചറിയാതെ പോയത് കർത്താവിന്റെ സാന്നിധ്യമാണ്.
കൂടെയുള്ളവരെ തിരിച്ചറിയുമ്പോൾ അവരുടെ കൂടെ ആയിരിക്കുമ്പോൾ നമ്മുടെ ആകുലതകളും വ്യഗ്രതകളും അകന്നു പോകും.
കർത്താവിനെ സ്വീകരിക്കുവാനും കൂടെ ആയിരിക്കുവാനും സാധിക്കുമ്പോഴാണ് നമ്മിൽ മർത്തായുടെയും മറിയത്തിന്റെയും പൂർണ്ണത ഉണ്ടാവുക.
അക്ഷയ് പുതുക്കാട്
പരിധികളില്ലാത്ത സ്നേഹം
മർത്തായും മറിയവും വിവിധ സ്വഭാവ ഗുണങ്ങളുള്ളവരായിരുന്നു.
വ്യത്യസ്ത സ്വഭാവക്കാരായ രണ്ടുപേരെയും ഈശോ സ്നേഹിച്ചു.
നമ്മുടെ ചുറ്റിലും ഉള്ളവർ വ്യത്യസ്തരായ സ്വഭാവ സവിശേഷതകളോട് കൂടിയവരാണ്.ആ സവിശേഷതകളോടെ അവരെ ഉൾക്കൊള്ളുവാനും സ്നേഹിക്കുവാനും നമുക്ക് കഴിയണം.
മറിയത്തെ ചൂണ്ടി കാണിച്ച് ഏതാണ് ശ്രേഷ്ഠമായത് എന്ന് ഈശോ മർത്തായെ പഠിപ്പിക്കുന്നു
അതുപോലെ നമ്മൾ ശ്രേഷ്ഠമെന്ന് കരുതുന്ന കാര്യങ്ങൾ ചിലപ്പോൾ തെറ്റായിരിക്കാം. സ്വയം തിരുത്തുവാൻ നമുക്ക് കഴിയണം.
ക്രിസ്റ്റോ കോറോത്ത്
ദൈവകൃപ
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മർത്താ യേശുവിനെ സ്വഭവനത്തിൽ സ്വീകരിക്കുന്നു ഈ ഭവനം തികച്ചും ഭൗതികമാണ്. യഥാർത്ഥത്തിൽ ആത്മീയമായ ഭവനം തുറന്നത് മറിയമാണ്. അവൾ യേശുവിന്റെ വാക്കുകൾ ഹൃദയമാകുന്ന ഭവനത്തിലേക്ക് സ്വീകരിച്ചു.
പല കാര്യങ്ങളിൽ വ്യഗ്രതയായിരുന്നു മർത്താ തന്റെ അരികിലുള്ള ദൈവ സാന്നിധ്യത്തെ ആസ്വദിക്കാൻ മറക്കുമ്പോൾ, മറിയത്തിന് തന്റെ അരികിലുള്ള സാന്നിധ്യം തിരിച്ചറിയുവാനും ആസ്വദിക്കുവാനും സാധിക്കുന്നു.
വ്യക്തമായി പറഞ്ഞാൽ പലപ്പോഴും ഈശോ ആഗ്രഹിക്കുന്നത് മറിയം ചെയ്ത കാര്യം തന്നെയാണ്. അൽപസമയം ആ ദൈവസന്നിധ്യത്തോട് ചേർന്ന് നിന്നുകൊണ്ട് ഈശോ പറയുന്നത് മനസ്സിലാക്കുവാനും അത് ജീവിതത്തിൽ നിറവേറ്റുവാനുള്ള ഒരു പരിശ്രമം കൂടിയാണ്.
പഴയ നിയമത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്ന റൂത്ത് എന്ന കഥാപാത്രം തനിക്ക് അനുവദിക്കുന്ന സാഹചര്യം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം തേടാതെ തന്റെ അമ്മയുടെ കൂടെ ആയിരിക്കുവാൻ പരിശ്രമിക്കുന്നു.
നാം ഈ ലോകത്തിൽ ജീവിക്കുമ്പോൾ ഒരുപാട് സാഹചര്യങ്ങൾ നമുക്ക് മുൻപിൽ അനുവദിക്കപ്പെടുന്നുണ്ട് അതെല്ലാം വേണ്ടാ എന്ന് വച്ച് റൂത്ത് ചെയ്തതുപോലെ, നാമും നമുക്ക് വേണ്ടി ജീവനായി മാറിയ ക്രിസ്തുവിനായി നമ്മെ തന്നെ സമർപ്പിക്കാം. പ്രത്യേകിച്ച് ഒരു നേട്ടവും മുന്നിൽ കണ്ടല്ല റൂത്ത് തന്റെ ജീവിതത്തെ അങ്ങനെ ക്രമീകരിച്ചത്. എന്നാൽ പലപ്പോഴും യഥാർത്ഥ സ്നേഹത്തെ അറിഞ്ഞിട്ടും ചിലപ്പോഴെങ്കിലും തന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി നാം ഈ സ്നേഹത്തെ നീക്കി നിർത്തിയിട്ടുണ്ട്. മനസ്സുതുറന്ന് സ്നേഹനിധിയായ ദൈവത്തെ ഒന്നിനും വേണ്ടിയല്ലാതെ സ്നേഹിക്കുവാൻ നമുക്ക് പരിശ്രമിക്കാം.
ജിബിൻ ഇടപ്പുളവൻ
സാന്നിധ്യം!
തിരക്കുകൾക്കിടയിൽ മർത്ത ശ്രദ്ധിക്കാതെ പോയ ഒന്നുണ്ട്, അവളെ സ്നേഹിക്കുന്നവന്റെ മാനിക്കുന്നവന്റെ ആ ദൈവസാന്നിധ്യം.
പച്ചയായ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ചിലപ്പോഴെങ്കിലും ഞാനും നീയും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് നമ്മെ സ്നേഹിക്കുന്നവരുടെ നമ്മെ മാനിക്കുന്നവരുടെ ആ സ്നേഹസാന്നിധ്യം.
അപ്പൻ, അമ്മ, സഹോദരി, സഹോദരൻ, സ്നേഹിതൻ, സ്നേഹിത എന്നിങ്ങനെയുള്ള കടമകൾ കഴിച്ചു തീർക്കലല്ല യഥാർത്ഥ ജീവിതം. ആ കടമകൾക്കുള്ളിലെ നിഷ്കളങ്കമായ സ്നേഹത്തെ ചേർത്തു പിടിക്കലാണ്, ആ സാന്നിധ്യത്തിത്തെ നെഞ്ചോട് ചേർക്കുന്നതാണത്.
പിന്നീട് ഈശോയുടെ സാന്നിധ്യത്തിലേക്ക് മർത്ത ഓടിയണഞ്ഞത് പോലെ തിരക്കുകൾക്കിടയിൽ നാം മാറ്റിവെച്ച ചില സാന്നിധ്യങ്ങളിലേക്ക് നമുക്കും ചെന്നണയാം.
അലൻ മാതിരംപള്ളിൽ
മറിയത്തിന്റെ മാതൃക
ശ്ലീഹന്മാരുടെ പ്രവർത്തനങ്ങളിലൂടെ നട്ടുവളർത്തപ്പെട്ട സഭയാകുന്ന വൃക്ഷത്തിന്റെ ഫലങ്ങൾ ശേഖരിക്കുന്ന ആരാധനാക്രമവത്സരമായ കൈത്താക്കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സഭയാകുന്ന വൃക്ഷത്തിന് ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള ജീവരസം നൽകുന്നത് ക്രിസ്തുവാണ്. മുന്തിരിച്ചെടിയോട് ചേർന്നുനിൽക്കുന്ന ശാഖ മാത്രം ഫലം പുറപ്പെടുവിക്കുന്നതുപോലെ, ക്രിസ്തു നൽകുന്ന ജീവരസത്താൽ പരിപോഷിപിക്കപ്പെടുന്ന സഭയിൽ ക്രിസ്തുവിനോട് ചേർന്നിരുന്നാൽ മാത്രമേ നമുക്കും ഫലം പുറപ്പെടുവിക്കാൻ സാധിക്കൂ.
അങ്ങനെ ക്രിസ്തുവിനോട് ചേർന്ന്നിന്ന്, ക്രിസ്തുവിൽ നിന്നും പുറപ്പെടുന്ന കൃപയാകുന്ന ജീവരസം സ്വീകരിക്കുന്ന മറിയത്തെയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്. നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് മറിയത്തിന്റെ മാതൃക പിന്തുടരുവാനാണ്. ക്രിസ്തുവിന് ജീവിതത്തിൽ മറ്റെന്തിനെയുംകാൾ പ്രാധാന്യം കൊടുത്ത്, അവിടത്തെ വാക്കുകൾ എല്ലായിപ്പോഴും ശ്രവിച്ച്, ആ വാക്കുകളിൽ വേരൂന്നിയ ഒരു ക്രിസ്തീയ ജീവിതം പടുത്തുയർത്തിക്കൊണ്ട് ധാരാളം ഫലം പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളാക്കി നമ്മുടെ ജീവിതത്തെയും നമുക്ക് രൂപാന്തരപ്പെടുത്താം.
ജോയൽ ചേപ്പുകാലായിൽ
Eat Five Star, Do Nothing
"ചിലപ്പോൾ ഒന്നും ചെയ്യാതെയുമിരിക്കൂ" എന്ന ടാഗ്‌ലൈനോടെ ഫൈവ് സ്റ്റാർ അവരുടെ പരസ്യം വിപണിയിലെത്തിക്കുമ്പോൾ രണ്ടുപേർ ഉറക്കെ ചിരിച്ചു. ഒരാൾ മറിയം. എല്ലാ ഫൈവ് സ്റ്റാർ പരസ്യങ്ങളുടെയും arche type ആയ മർത്തയുടെ സഹോദരി മറിയം. പിന്നെ അതൊരു പരസ്യമായിരുന്നെങ്കിൽ അതിൻറെ സംവിധായകൻ, കഥ, തിരക്കഥ എല്ലാം രചിച്ച യേശുവും.
എന്തുകൊണ്ട് ഒന്നും ചെയ്യാതിരുന്ന മറിയത്തെ തന്നെ ശുശ്രൂഷിച്ച മർത്തയെക്കാൾ ക്രിസ്തു പ്രശംസിച്ചു? എനിക്ക് തോന്നുന്നു, "വിഫലമായ വേലകളെക്കാൾ നല്ലത് ചുമ്മാ ഇരിക്കുന്നതാണ്", ഫൈവ് സ്റ്റാർപരസ്യങ്ങൾ പോലെ. മഴക്കാലത്ത് നിറയെ ഫലങ്ങൾ നൽകി നിൽക്കുന്ന മരത്തിന് ശുശ്രൂഷകളുടെ ആവശ്യമില്ല. എല്ലാവരും അതിൻറെ ഫലങ്ങൾ ആസ്വദിച്ചാൽ മതി.
അതുപോലെതന്നെ ക്രിസ്തുവാകുന്ന ഫലത്തെ ഫൈവ് സ്റ്റാർ കഴിക്കുന്ന സംതൃപ്തിയോടെ എങ്കിലും ഭക്ഷിച്ച് വെറുതെ ഇരിക്കുന്നതാണ് ക്രിസ്തുവിനു വേണ്ടി ചെയ്യുന്ന വിശ്രമം ഇല്ലാത്ത പാഴ് വേലകളെക്കാൾ നല്ലത്. So, let us enjoy the taste of Christ.
ആൽബിൻ മൂലൻ
നല്ലത് തിരഞ്ഞെടുക്കുവിൻ
ഇന്നത്തെ സുവിശേഷത്തിൽ ലൂക്കാ സുവിശേഷകൻ നമ്മോട് പറഞ്ഞുവെക്കുന്നത് രണ്ട് വ്യക്തികളെക്കുറിച്ചും രണ്ടുതരത്തിലുള്ള കാഴ്ചപ്പാടുകളെ കുറിച്ചുമാണ്. മർത്ത പലവിധ ശുശ്രൂഷകളിലും മുഴുകി ഉൽകണ്ടാകുലയും അസ്വസ്ഥയും ആയിരുന്നു. എന്നാൽ മറിയം ആകട്ടെ, കർത്താവിൻറെ വചനങ്ങൾ കേട്ടുകൊണ്ട് അവിടുത്തെ പാദത്തിങ്കൽ ഇരിക്കുകയായിരുന്നു. ഇവിടെ കർത്താവ് പറഞ്ഞുവെക്കുന്നത്, മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു എന്നാണ്.
നാം എല്ലാവരും ആത്യന്തികമായി വിളിക്കപ്പെട്ടിരിക്കുന്നത് കർത്താവിൻറെ കൂടെ ആയിരിക്കുവാനാണ്. അവിടുത്തെ ഹിതമാണ് നാം അന്വേഷിക്കേണ്ടത്. അവിടത്തോട് കൂടെ ആയിരുന്നുകൊണ്ട്, അവിടുത്തെ ഹിതം അനുസരിച്ച് വേണം പ്രവർത്തിക്കാൻ.
കൽക്കട്ടായിലെ വിശുദ്ധ മദർ തെരേസ ആദ്യം ദിവ്യകാരുണ്യത്തിന് മുന്നിലായിരുന്നു കൊണ്ട് അവിടുത്തെ പക്കൽ നിന്നും ശക്തിയാർജിച്ചുകൊണ്ടാണ് ഓരോ ദിവസവും ശുശ്രൂഷയിലേക്ക് കടന്നിരുന്നത്. വിശുദ്ധ ഫ്രാൻസിസ് അസീസിയാകട്ടെ, തൻ്റെ ജീവിതാവസാനത്തോട് അടുക്കുമ്പോൾ ക്രിസ്തുവുമായി കൂടുതൽ അനുരൂപപ്പെടുവാനായി ഏകനായിരുന്നുകൊണ്ട് പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകിയിരിക്കുകയായിരുന്നു.
ഇവിടെ അടിസ്ഥാന ഘടകം തിരഞ്ഞെടുപ്പ് ആയതിനാൽ നല്ല ഭാഗം തിരഞ്ഞെടുക്കുവാനാണ് ക്രിസ്തു നമ്മോട് പറഞ്ഞുവെക്കുക.
ജെയിംസ് ചിറപ്പറമ്പൻ
കൂടെ
ഈശോ ശിഷ്യന്മാരെ വിളിക്കുന്നത് അവിടുത്തോട്കൂടെ വസിക്കുവാൻ വേണ്ടിയാണ്. ഈശോ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനപരമായ കാര്യം അവിടുത്തോട് കൂടെ വസിക്കുക എന്നതാണ്.
മറിയം കർത്താവിൻറെ കാൽച്ചുവട്ടിൽ ഇരുന്ന് അവിടുന്ന് പറയുന്നത് കേൾക്കുകയാണ്. ഈശോ മറിയത്തെ തൊട്ട ആ നിമിഷംമുതൽ മറിയം ദൈവപുത്രിയായി മാറുന്നു.
അതിനുശേഷം മറിയത്തിൻ്റെ ജീവിതം ഈശോയ്ക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇടയനോട് ചേർന്ന്നിൽക്കുന്ന ആടുകൾക്ക് ഇടയന്റെ സ്വരം അറിയാം. ഇടയൻ്റെ ശക്തിയും ഇടയന്റെ സ്വരവും അറിഞ്ഞ വ്യക്തി ഇടയനോട് കൂടെ ആയിരിക്കും.
ഈശോയെ ജീവിതത്തിൽ സ്വീകരിക്കുക, അവിടുത്തോട്കൂടെ ആയിരിക്കുക. കാരണം, തന്നെ സ്വീകരിച്ചവർക്കെല്ലാം, തൻറെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കൾ ആകാൻ അവിടുന്ന് കഴിവ് നൽകി.
ഐസൻ ഊരോത്ത്
ചങ്കാണ് നമ്മുടെ ഈശോ
* മർത്തയെയും മറിയത്തെയും സുവിശേഷത്തിൽ അവതരിപ്പിക്കുന്നത് ഈശോ ഒത്തിരി സ്നേഹിച്ചിരുന്ന രണ്ട് വ്യക്തികൾ ആയിട്ടാണ്.
* ലാസറിന്റെ മരണശേഷം ലാസറിനെ ഉയിർപ്പിക്കാൻ എത്തിയ യേശുവിൻറെ കണ്ണു നനയിച്ചത് ഈശോ ഒത്തിരി സ്നേഹിച്ചിരുന്ന ഈ രണ്ടുപേരുടെയും ഹൃദയം പൊട്ടിയുള്ള കരച്ചിലുകളാണ്.
* ഈശോ നല്ലൊരു മനുഷ്യനായിരുന്നു, "നമ്മളെപ്പോലെ" അല്ല "നമ്മളെക്കാളും" അധികമായി സ്നേഹിതനെ പോലെ തോളിൽ കയ്യിട്ടും സഹോദരനെ പോലെ നെഞ്ചോട് ചേർത്ത് പിടിക്കാനും ആഗ്രഹിക്കുന്ന പച്ചയായ ഒരു മനുഷ്യൻ.
* അതുകൊണ്ടാണ് ഒരു അതിഥിയെ പോലെ കണ്ട് അവനെ സൽക്കരിക്കുന്നതിൽ ആകുലയായ മർത്തയോട് തെല്ലൊരു പരിഭവത്തോടെ അവളെ തിരുത്തുന്നത്.
* ഇനിയും നമുക്കിടയിൽ അതിഥിയിൽ നിന്നും ഉറ്റവനിലേക്കുള്ള അകലം ഉണ്ടോ എന്ന പരിഭവം.
* ഒരിക്കലും അത് കുറ്റപ്പെടുത്തുന്നതായിരുന്നില്ല; മറിച്ച് സ്നേഹത്താൽ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തിലേക്ക് അവളെയും ചേർത്തു നിർത്തുന്നതായിരുന്നു.
* ഈശോ പറയുന്നുണ്ട്, ശുശ്രൂഷിക്കപ്പെടാൻ അല്ല, ശുശ്രൂഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. നിങ്ങളുടെ സ്നേഹം ലഭിക്കാതെ പോയ ചെറുപ്പവും യൗവ്വനവും വാർദ്ധക്യവും എല്ലാം സുഖപ്പെടുത്താൻ അവൻ കൊതിക്കുന്നുണ്ട്. അവിടെ സ്നേഹതൈലം പുരട്ടി സൗഖ്യമാക്കുവാനും.
* സർവ്വശക്തനെ പോലെ ഭയപ്പെടുത്തുന്ന ദൈവമായല്ല; സ്നേഹിതനെ പോലെ നിന്റെ ചങ്കാകുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
ക്ലെമൻ്റ് പാത്തിക്കൽ
എന്താണ് തിരഞ്ഞെടുക്കേണ്ടത് ?
ഒരു വിത്ത് വയലിൽ വിതയ്ക്കപ്പെടുമ്പോൾ ആ വിത്തിന് നന്നായി അറിയാം തൻറെ നിയോഗം എന്തെന്ന്. അത് വിതയ്ക്കുന്ന കർഷകൻ ആ വിത്തിൽ നിന്ന് തീർച്ചയായും നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. തൻറെ പ്രതീക്ഷകൾക്കൊത്ത് ഫലം ലഭിക്കുമ്പോൾ കർഷകന്റെ മനസ്സ് നിറയുന്നു. എന്നാൽ അതിനു വിപരീതമായി കർഷകൻ ആഗ്രഹിച്ച പോലെ ഫലം ലഭിച്ചില്ലെങ്കിൽ കർഷകൻറെ അധ്വാനവും സമയവും വൃഥാവിൽ ആകുന്നു.
അതുപോലെ തന്നെ മനുഷ്യൻറെ കാര്യവും. നാം ഓരോ നിയോഗങ്ങളുമായിട്ടാണ് ഈ ലോകത്തിലേക്ക് അയക്കപ്പെട്ടിരിക്കുന്നത്. ദൈവം നമ്മിൽ നിന്നും ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ട്. നാം പല വലിയ കാര്യങ്ങളും ചെയ്യുകയും അതിൽ മേന്മ ഭാവിക്കയും ചെയ്യാറുണ്ട്, എന്നാൽ അത് തൻറെ സ്വന്തം രക്തം ചിന്തി നമ്മെ സ്വന്തമാക്കിയ ഈശോയുടെ ആഗ്രഹത്തിന് അനുസൃതമായിരുന്നോ? ഈശോ എന്താണ് നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നതെന്ന് അറിയുവാനും ചിന്തിക്കുവാനും നമ്മൾ ശ്രമിച്ചിട്ടുണ്ടോ?
ഇതാണ് ഇന്നത്തെ സുവിശേഷത്തിൽ മർത്തക്ക് സംഭവിച്ചത്. തിരക്കേറിയ ഓട്ടത്തിനിടയിൽ അത് എന്തിനാണ് എന്ന് മനസ്സിലാക്കാതെ പോയി. പക്ഷേ അവിടെ മറിയം വിജയിച്ചു.
ദൈവം എന്താണ് നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കാം, നമുക്കും വിജയികളാവാം....!!!
അഷ്ബിൻ തെക്കിനെൻ
ഈശോയുടെ ചാരെ...!!!
ഈശോയെ സ്നേഹിച്ചവരും ഈശോ സ്നേഹിച്ചരുമായ രണ്ടു വ്യക്തികളെ നമുക്ക് ഇന്നത്തെ സുവിശേഷത്തിൽ കാണാൻ സാധിക്കുക, മർത്തയും മറിയവും. മർത്ത തൻറെ ചിന്ത, ഈശോയെ ശുശ്രൂഷയിലൂടെ എങ്ങനെ തൃപ്തനാക്കാം എന്നതിലേക്ക് നയിച്ചപ്പോൾ, മറിയം സമാധാനത്തോടെ കൂടി മറ്റു ചിന്തകൾ ഒന്നുമില്ലാതെ ഈശോയുടെ ചാരത്തണയുന്നതായി നമുക്ക് കാണാം. അവൻറെ സമീപത്ത് ഇരുന്നുകൊണ്ട് അവനെ പൂർണമായി കേൾക്കുന്ന മറിയം. നമ്മുടെ ആത്മീയ ജീവിതത്തിൽ ഉണ്ടാകുന്ന വീഴ്ചകളെയാണ് മർത്തയിലൂടെ ഈശോ കാണിച്ചുതരുന്നത്. പല വിചാരപ്പെട്ട് ക്രിസ്തുവിനെ എങ്ങനെ പ്രീതിപ്പെടുത്തണമെന്ന് ഓട്ടത്തിലാണ് നമ്മൾ.
മറിയത്തെ പോലെ സമാധാനത്തോടെ യേശുവിനോട് കൂടെ ആയിരിക്കാം. പൂർണ്ണ മനസ്സോടെ അവൻറെ വാക്കുകൾക്ക് ചെവിയോർക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഫ്രയർ ജോജോമോൻ ഇലവുംക്കൽ.
ദൈവവേല.
"കർത്താവേ ശുശ്രൂഷക്കായി എൻറെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നത് നീ കാണുന്നില്ലേ?" മർത്തായിക്ക് ഈശോയുമായുള്ള സൗഹൃദത്തിൻറെയും, സ്നേഹത്തിന്റെയും, സഹോദരന്റെയും ഒരു നേർക്കാഴ്ച നമുക്കിവിടെ ദർശിക്കുവാൻ സാധിക്കും.
മർത്തയുടെ അധ്വാനവും, ശുശ്രൂഷയും കേവലം ഒരു വേലയായി പോകാതെ ദൈവവേലയാവുന്നത് ഈശോയുടെ സാമീപ്യവും, സാന്നിധ്യവുമാണ്.
ചിലപ്പോഴൊക്കെ പരാതിയും, പരിഭ്രമവും നമ്മുടെ ദൈവ വേലയിൽ കേറികൂടുന്ന പ്രവണതയുടെ യഥാർത്ഥ കാരണം ഈശോ നാഥൻ നമ്മെ കാണിച്ചുതന്ന് തിരുത്തുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.
ഈശോന്റെ ഈ ആശ്വാസവചനം എത്രയോ ഹൃദയങ്ങളെയാണ് സ്നേഹത്താൽ നിറച്ചിട്ടുള്ളത്, പ്രത്യാശ പകർന്നിട്ടുള്ളത്, കണ്ണീര് തുടച്ചിട്ടുള്ളത്, വേദന ഒപ്പിയെടുത്തിട്ടുള്ളത്.
ദൈവവചനം കേൾക്കുവാൻ, എടുത്തു വായിക്കുവാൻ പഠിക്കുവാൻ നമ്മെ ഇത്രമാത്രം കൊതിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ഉജ്വലിപ്പിക്കുന്ന ഈശോയുടെ ആഹ്വാനം കൂടിയാണിത്.
ലാസറിന്റെയും, മർത്തായുടെയും ഭവനത്തിൽ പ്രവേശിച്ച ഈശോ അവിടെ പങ്കുവെച്ച വചനം എന്താണെന്ന് സുവിശേഷകൻ എഴുതുന്നില്ല. മറിച്ച്, വലിയ മാനസാന്തരത്തിന്റെ അനുഭവത്തിലൂടെ കടന്നുപോയ ഒരു യുവതി തൻറെ എല്ലാ ഉത്തരവാദിത്വങ്ങളും, തിരക്കുകളും മറന്ന് വചനപ്രഘോഷണം കേൾക്കുവാൻ കൊടുത്ത സത്യസന്ധതയും, ആഗ്രഹത്തെയും, ആത്മാർത്ഥതയും ഈശോ നാഥൻ പ്രശംസിക്കുന്നതാണ് ഇവിടെ കുറിച്ചിട്ടുള്ളത്.
ദൈവത്തിനു വേണ്ടി ജോലി ചെയ്യുക വളരെ നല്ല കാര്യമാണ്, അത് ഇന്നിൻറെ അത്യാവശ്യവുമാണ്. എന്നാൽ ദൈവമായുള്ള നമ്മുടെ ഐക്യത്തിന് മങ്ങൽ വരുത്തുന്നതും, നമ്മുടെ സുഹൃത്താ അനുഷ്ഠാനങ്ങളെ ബലികഴിച്ച് ബാഹ്യകാര്യങ്ങളിൽ മുഴുകുവാനുള്ള പ്രവണതയും, പ്രളവനത്തെയും കുറിച്ച് നാം ബോധവാന്മാരാകേണ്ടതാണ്.
ദയവായിക്കുമാണ് നല്ല ഭാഗം. ഇത് നമ്മളെ തന്നെയും, നമ്മുടെ കൂടെയുള്ളവരെയും, നമ്മുടെ അധ്വാനത്തെയും വിശുദ്ധികരിക്കുകയും, ധാരാളം ഫലം പുറപ്പെടുവിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു
ഫ്രയർ ബെൽജിൻ ചാത്തംകണ്ടത്തിൽ
In Perfect Harmony..!!
മാർത്തയുടെ വീട് ഒരു സിംഫണി ഓർക്കസ്ട്രയായി സങ്കൽപ്പിക്കാം, ഓരോ സംഗീതജ്ഞനും അവരുടെ ഉപകരണം കൃത്യതയോടെയും ആവേശത്തോടെയും വായിക്കുന്നു. കണ്ടക്ടറായ മാർത്ത, എല്ലാ കുറിപ്പുകളും തികഞ്ഞതാണെന്നും ഓരോ താളവും കൃത്യമാണെന്നും ഉറപ്പാക്കുന്നു. എന്നാൽ പൂർണ്ണതയ്‌ക്കായുള്ള അവളുടെ ഓട്ടത്തിൽ, തൻ്റെ ഹൃദയവുമായി ഇണങ്ങിച്ചേരാൻ കൊതിക്കുന്ന കമ്പോസർ തന്നെ അവിടെയുണ്ടെന്ന് അവൾ മറന്നു .
എന്നാൽ, മേരി ആ ഹാർമണി കണ്ടെത്തി. അവൾ യേശുവിൻ്റെ കാൽക്കൽ ഇരിക്കുന്നു, അവളുടെ ഹൃദയം അവൻ്റെ ഓരോ വാക്കുകളിലും ഓരോ ആംഗ്യങ്ങളിലും പ്രതിധ്വനിക്കുന്നു. അവൾ കൃപയുടെ ഈണം കണ്ടെത്തി, സ്നേഹത്തിൻ്റെ താളവും.
ഈ ഭാഗത്തിൽ, ഏറ്റവും മനോഹരമായ സംഗീതം പൂർണതയിൽ നിന്നല്ല, സാന്നിധ്യത്തിൽ നിന്നാണ് വരുന്നതെന്ന് യേശു മാർത്തയെ സൗമ്യമായി ഓർമ്മിപ്പിക്കുന്നു. അവളുടെ പൂർണ്ണതയ്ക്കായുള്ള ഓട്ടം നിർത്തുവാനും, ഹൃദയത്തിൻ്റെയും വീടിൻ്റെയും ഐക്യത്തിൽ മേരിക്കൊപ്പം ചേരുവാനും അവൻ അവളെ ക്ഷണിക്കുന്നു.
ഈ ഭാഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്കും നമ്മുടെ ആന്തരിക ഹാർമണി കണ്ടെത്താം, പൂർണതയ്ക്കും വേണ്ടിയുള്ള നമ്മുടെ അഭിലാഷങ്ങളെ കീഴടക്കാം. നമ്മുടെ ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും പ്രതിധ്വനിക്കുന്ന കൃപയുടെ ഒരു സിംഫണി സൃഷ്ടിച്ചുകൊണ്ട് നമ്മുടെ ഹൃദയങ്ങൾ യേശുവിൻ്റെ സ്നേഹത്താൽ പ്രതിധ്വനിക്കട്ടെ.
ആമേൻ.....!
ഫ്രയർ ജിന്റേഷ്
മാളിയേക്കൽ
" കൂടെ ആയിരിക്കുക"
ഇന്നത്തെ സുവിശേഷത്തിൽ നമുക്ക് രണ്ടു വ്യക്തിത്വങ്ങളെ കാണാൻ സാധിക്കും. ഒന്ന് മറത്തായും മറ്റൊന്ന് മറിയവും . മര്‍ത്താ യേശുവിനെ സ്വഭാവനത്തിൽ സ്വീകരിച്ചു. എന്നിട്ട് അവൾ പലവിധ ശുശ്രൂഷകളിൽ മുഴുകി
വ്യഗ്രചിത്തയായിരുന്നു. ഈശോ അവളെ പറ്റി പറയുന്നത് അവൾ പലതിനെയും കുറിച്ച് ഉൽക്കണ്ണ്ടാകുലയും അസ്വസ്ഥയും ആയിരുന്നു എന്നാണ്.
മറിയം കർത്താവിന്റെ വാക്കുകൾ കേട്ട് അവന്റെ പാദത്തിങ്കൾ ഇരുന്നു. ഈശോ അവളെ പറ്റി പറയുന്നത് അവൾ നല്ല ഭാഗം തെരഞ്ഞെടുത്തു എന്നാണ്. സങ്കീർത്തന പുസ്തകം 46 ആം അധ്യായം പത്താമത്തെ തിരുവചനത്തിൽ പറയുന്നു ശാന്തമാവുക ഞാൻ ദൈവമാണെന്ന് അറിയുക. മറിയം ശാന്തതയോടെ സങ്കീർത്തകൻ പറയുന്നതുപോലെ ദൈവത്തെ അറിഞ്ഞ് അവന്റെ കാൽക്കലിരുന്നു. അത് അവളിൽ നിന്ന് ഒരിക്കലും എടുക്കുകയുമില്ല. ഇതാണ് നിത്യജീവൻ. പ്രിയ സഹോദരങ്ങളെ നമ്മുടെ ജീവിതത്തിലും നാം മർത്തായെ പോലെ നമ്മുടെ ഹൃദയത്തിൽ ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുന്നു. എന്നാൽ പലതിനെക്കുറിച്ചും ഉൽക്കണ്ടാകുലരും അസ്വസ്ഥരുമായി മാറുന്നു. മറിയത്തെപ്പോലെ അവിടുത്തെ ഒന്ന് നോക്കാനോ അവിടുത്തോട് കൂടെ ആയിരിക്കാനും അവിടുത്തെ ശ്രവിക്കാനും ശ്രമിക്കുന്നില്ല. നമുക്കും പ്രാർത്ഥിക്കാം കർത്താവേ അങ്ങയോടു കൂടെ ആയിരിക്കാനും അങ്ങയെ കേൾക്കാനുമുള്ള കൃപ ഞങ്ങൾക്ക് തരണമേ ആമേൻ
നിബിൽ കൊല്ലിത്തടത്തിൽ
സ്ത്രീത്വത്തിലെ ദൈവത്വം
★ സ്ത്രീക്ക് ആത്മാവ് പോലും ഇല്ലെന്ന് കരുതിയിരുന്നവർ ജീവിച്ചിരുന്ന ഒരു കാലമായിരുന്നു അത്. തോറ വായിക്കുവാൻ പോലും അതായത്, ദൈവവചനത്തെ അറിയുന്നതുപോലും അവർക്ക് അനുവദനീയമല്ല എന്ന് ചിന്തിച്ചിരുന്ന ഒരു കൂട്ടം ജനത.
★ അവൾ വീട്ടിലെ വേലകൾ ചെയ്ത്, ഭവനത്തെപ്പറ്റി മാത്രം വ്യഗ്രതപ്പെട്ട് ജീവിക്കണം, മറ്റു കാര്യങ്ങളെ പ്രത്യേകിച്ച്, ദൈവിക കാര്യങ്ങൾ പുരുഷന്മാർ നിർവഹിച്ചു കൊള്ളും എന്നൊരു സങ്കുചിത മനോഭാവമായിരുന്നു അന്ന് ഭൂരിഭാഗം പേർക്കും.
★ ഈയൊരു സാമൂഹിക മുൻ വിധി നിലനിൽക്കെ തോറ യേക്കാൾ വലിയവനായവൻ അവരുടെ ഭവനത്തിലേക്ക് കടന്നു വരികയാണ്. അവൻ അവരുടെ കൂടെ ആയിരുന്നപ്പോൾ തന്നെ മർത്ത അവന്റെ ചാരെ ഇരിക്കാതെ അന്ന് സമൂഹം സ്ത്രീക്ക് വിധിച്ചിരുന്ന കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതിന്റെ വ്യഗ്രതയിൽ ആയിരുന്നു.എന്നാൽ, മറിയം സ്ത്രീ ചെയ്യരുത് എന്ന് സമൂഹം വിധിച്ച ദൈവവചനത്തെ ശ്രവിച്ച് അവനോട് ചേർന്നിരുന്നു അവൾ അത് തന്റെ കുടുംബത്തിലെ ഉത്തരവാദിത്വത്തെക്കാൾ വലുതായി കണ്ടു.
★ "മറിയം ഏറ്റവും മഹനീയമായത് തിരഞ്ഞെടുത്തു”. ഈ ക്രിസ്തുവചനം ദൈവത്തിന്റെ കണ്ണിൽ സ്ത്രീയുടെ സ്ഥാനം എന്താണ് എന്ന് നമുക്ക് വെളിപ്പെടുത്തി തരികയാണ്. സ്ത്രീ കുടുംബത്തെ ശുശ്രൂഷിച്ച്, അതിനെക്കുറിച്ച് ഉത്കണ്ഠപ്പെട്ട് മാത്രം ജീവിതം തീർക്കേണ്ട വളല്ല, അവളും ദൈവത്തോട് ചേർന്ന് നിന്ന് അവന്റെ വചനത്തിന്റെ ആനന്ദം അനുഭവിക്കാനായി വിളിക്കപ്പെട്ടവൾ ആണ്.
★ അത് അവളിൽ നിന്നും ആർക്കും എടുത്തുമാറ്റാൻ ആകില്ല. കാരണം, അവളും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവളാണ്.
സുബിൻ പേക്കുഴിയിൽ
തലക്കെട്ട്: മുൻഗണനകൾ പ്രധാനമാണ്
★ പ്രപഞ്ചം ഒരു സിനിമയാണ്. ദൈവമാണ് അതിന്റെ സംവിധായകൻ, അവന്റെ എല്ലാ സൃഷ്ടികളും ഈ സിനിമയിലെ വിവിധ കഥാപാത്രങ്ങളാണ്, അവർ അതിന്റെ നിർമ്മാതാവിന്റെ കൈയിലെ കുശവൻ പോലെയാണ്.
★ അതുപോലെ നമുക്ക് ഓരോരുത്തർക്കും നമ്മുടെ പങ്കുണ്ട്. എന്നാൽ, അവന്റെ ഇഷ്ടത്തിന് അനുസരിച്ച് നാം അവനോടൊപ്പം ആയിരിക്കുകയും അവനെ അറിയുകയും ചെയ്യുമ്പോൾ മാത്രമേ അവന്റെ ഈ ഇഷ്ടം നമുക്ക് വെളിപ്പെടുകയുള്ളൂ.
★ സുവിശേഷത്തിൽ യേശു പറയുന്നതുപോലെ കർത്താവേ കർത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവ നല്ല എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. (Mat 7:21)
★ എല്ലാ ദിവസവും യേശു അപ്പത്തിന്റെയും വീഞ്ഞിന്റേയും രൂപത്തിൽ നമ്മുടെ ഹൃദയത്തിലേക്ക് വരുന്നു. എന്നാൽ, നാം അവനെ ശ്രദ്ധിക്കുന്നുണ്ടോ? അതോ നമ്മുടെ മനസ്സിലുള്ള ലൗകിക ആവശ്യങ്ങളോട് പ്രതികരിക്കുകയാണോ?
★ അതുകൊണ്ട് ജീവിതത്തിൽ നമ്മുടെ മുൻഗണനകൾ നിശ്ചയിക്കുന്നതിന് മുമ്പ് മറിയം നമ്മുടെ മാതൃകയായിരിക്കണം.
ആന്റോ ചേപ്പുകാലായിൽ
ചാരെ......
★ ആശങ്കയുടെ ആധിക്യത്തിന്റെയും, തൊഴിലിന്റെ വ്യഗ്രതയുടെയും ഓട്ടപ്പാച്ചിലിൽ നീ അലയുമ്പോൾ ഈശോ മൊഴിയുന്നു എല്ലാം മറന്ന് ഒരിത്തിരി നേരം അവന്റെ ചാരെയിരിക്കാൻ.....
★ മർത്തയെ ഈശോ മറിയത്തെക്കാളും കുറച്ചു കാണുകയില്ല. മറിച്ച്, നിന്റെ ജീവിതത്തിന്റെ ആശങ്കയുടെയും തിരക്കുകൾക്കിടയിലും തമ്പുരാനായി കുറച്ചുനേരം മാറ്റിവയ്ക്കാൻ, അവന്റെ വചനം ശ്രവിക്കാൻ, എല്ലാത്തിനേക്കാളും അവനു പ്രാധാന്യം നൽകാൻ ഈശോ ആഗ്രഹിക്കുന്നു.
ഫാ. ജെയിംസ് ചൂരമന
Love is not expressed in DOING But in BEING.
സ്നേഹം പ്രകടിപ്പിക്കുമ്പോഴാണ് അത് അനുഭവഭേദ്യമാകുന്നതും, മറ്റൊരാൾക്കു മനസ്സിലാക്കാൻ സാധിക്കുന്നതും. എന്തൊക്കെ നാം നൽകിയാലും നിന്റെ സാനിധ്യത്തിനു പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ല. ബന്ധങ്ങളുടെ ആഴങ്ങൾ തിരിച്ചറിയാനും ഏതൊരുവന്റെയും ഹൃദയത്തിൽ ചേക്കറാനും, പ്രിയപ്പെട്ടവനായി മാറാനുമൊക്കെ ഈ ചവിട്ടുപടി അനിവാര്യമാണ്. വിഭജിക്കപ്പെടാത്ത സാമീപ്യം.
എല്ലാം നല്കിയിട്ടും മക്കൾ വരുന്നില്ല, കാണുന്നില്ല എന്ന പരാതികൾ കേൾക്കുന്ന കാലത്താണ് നാം. അപ്പനും അമ്മക്കും വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്ന മക്കളും. മനോഹരമായ വീട്, ടിവി, ഹോം നഴ്സ്, കാർ, ഡ്രൈവർ എല്ലാം. എങ്കിലും പരാതി മാറുന്നില്ല. എല്ലാം ചെയ്തുകൊടുക്കുന്നതിൽ അനുഭവിക്കാനോ മനസ്സിലാക്കാനോ പറ്റുന്ന രീതിയിൽ ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നതല്ല മനുഷ്യമനസ്സ്. Love is not expressed in DOING But in BEING.
ക്രിസ്തുവിന്റെ ഏറെ നൊമ്പരപ്പെടുത്തിയ ഒരു ചോദ്യമുണ്ട് “എന്നോടുകൂടെ ഒരു മണിക്കൂറെങ്കിലും ഉണർന്നിരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ”മർക്കോ15: 37 ; ആരെക്കാളും അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ എന്ന വാക്കുകളുടെ പ്രായോഗികതയാണിവിടെ. മറിയം കൂടെയിരുന്നു കർത്താവിന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിയുന്നു അനുഭവിക്കുന്നു. മാർത്തായേയും ക്രിസ്തുവിളിക്കുന്നത് ഈ ആഴമായ സ്നേഹബന്ധത്തിലേക്കാണ്. കൂടെയിരുന്ന് ക്രിസ്തുവിന്റെ സ്നേഹം നുകരാനും നൽകാനും നമുക്കാകട്ടെ.
നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം ആയിരുന്നു നമുക്ക് അവരോടുള്ള സ്നേഹം അവർക്ക് അനുഭവബേദ്ധ്യമാക്കാനും, അവരുടെ സ്നേഹം നമുക്കും അനുഭവിക്കാനും സാധിക്കട്ടെ. യഥാർത്ഥ സ്നേഹം നിനക്കുള്ളത് നൽകുന്നതല്ല നിന്നെതന്നെ നൽകുന്നതാണ്. “ഇത് നിങ്ങൾക്കുവേണ്ടി മുറിയപ്പെടുന്ന എന്റെ ശരീരമാകുന്നു, ഇത് നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തമാകുന്നു.” മത്താ : 26: 2