പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ

07,  Aug   

ഫാ. മരിയദാസ് പാലാട്ടി


പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ച് ജീവിക്കുന്ന വ്യക്തികളിലും സമൂഹങ്ങളിലും ദൃശ്യമാകുന്ന സവിശേഷതകളെയാണ് ആത്മാവിന്റെ ഫലങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ആത്മാവിന്റെ ദാനങ്ങളും വരങ്ങളും എല്ലാം ഫലങ്ങളിലേക്ക് നയിക്കണം. പ്രകൃതിയിൽ എന്നപോലെ ആത്മീയ ജീവിതത്തിലും ഫലമാണ് പ്രാധാന്യം. ഈ ഫലങ്ങൾ പുറപ്പെടുവിക്കണമെങ്കിൽ യേശുവാകുന്ന തായ്ത്തണ്ടിനോട് ചേർന്ന് നിൽക്കണമെന്ന് അവിടുന്ന് ഉത്ബോധിപ്പിക്കുന്നു.

ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക്‌ ഒന്നും ചെയ്യാൻ കഴിയുകയില്ല. (യോഹന്നാൻ 15 : 5)

എന്താണ് ഫലം?

എന്താണ് ഫലം എന്ന് യേശു തന്റെ വാക്കുകളിൽ വ്യക്തമാക്കുന്നു.

നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ്‌ മഹത്വപ്പെടുന്നു. പിതാവ്‌ എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങൾ എന്റെ സ്‌നേഹത്തിൽ നിലനിൽക്കുവിൻ. (യോഹന്നാൻ 15 : 8 - 9)

സ്നേഹം! സ്നേഹത്തിൽ നിലനിൽക്കുക. അതാണ് യേശു പ്രതീക്ഷിക്കുന്നതും, വാഗ്ദാനം ചെയ്യുന്നതുമായ ഫലം. യേശു സ്നേഹിച്ചതുപോലെ സ്നേഹിക്കണം. സ്നേഹിതനു വേണ്ടി ജീവൻ ത്യജിക്കാൻ പോലും സന്നദ്ധമാകുന്ന സ്നേഹം.

ഇതാണ്‌ എന്റെ കൽപന: ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം. സ്‌നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്‌നേഹം ഇല്ല. (യോഹന്നാൻ 15 : 12 - 13)

അപ്രകാരമുള്ള സ്നേഹമാണ് ക്രിസ്തു ശിഷ്യന്റെ മുഖമുദ്ര.

ഫലങ്ങൾ എത്ര?

ആത്മാവിന്റെ ഫലങ്ങൾ എത്രയാണ് എന്ന് സംശയം പലപ്പോഴും ഉദിക്കാറുണ്ട്. ​ഗലാത്തിയ ലേഖനം 5 : 22 - 23ൽ ഒൻപതു ഫലങ്ങളുടെ പട്ടിക അപ്പസ്തോലൻ അക്കമിട്ടു നിരത്തുന്നു. എന്നാൽ ആത്മാവിന്റെ ഫലങ്ങൾ കത്തോലിക്കാ സഭയുടെ ആധികാരിക പ്രബോധനമായ കത്തോലിക്കാ സഭയുടെ മതബോധന​ഗ്രന്ഥത്തിൽ (CCC) അവതരിപ്പിക്കുന്നത് 12 എണ്ണമാണ്.

പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ, പരിശുദ്ധാത്മാവ് നമ്മിൽ നിത്യമഹത്വത്തിന്റെ പ്രഥമ ഫലങ്ങൾ എന്നപോലെ രൂപപ്പെടുത്തുന്ന പൂർണ്ണതകളാണ്. സഭയുടെ പാരമ്പര്യം അതിൽ 12 എന്നും എടുത്തുകാട്ടുന്നുണ്ട്. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, ഔദാര്യം, സൗമ്യത, വിശ്വസ്തത, അടക്കം, ആത്മസംയമനം, ശുദ്ധത (CCC 1132) അപ്പോൾ ബൈബിൾ ആണോ കത്തോലിക്കാ സഭയുടെ മതബോധന​ഗ്രന്ഥമാണോ മാന​ദണ്ഡമായി സ്വീകരിക്കേണ്ടത് എന്ന ചോ​ദ്യം ഉയരാം. മൂലഭാഷയിൽനിന്ന് ബൈബിൾ സാധാരണക്കാരന് മനസ്സിലാകുന്ന ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് വി. ജറോം ആണ്. സാധാരണക്കാരന്റെ ഭാഷ എന്ന അർത്ഥത്തിൽ ഈ വിവർത്തനത്തെ വൂൾ​ഗാത്താ എന്ന് വിളിക്കുന്നു. ജനകീയം എന്നതാണ് ഇതിന്റെ അർത്ഥം. ഈ വിവർത്തനത്തിൽ മൂന്ന് ഫലങ്ങൾ കൂടുതലായി ചേർത്തിട്ടുണ്ട്. ഔദാര്യം, അടക്കം, ശുദ്ധത എന്നിവയാണ് രണ്ടു പട്ടികയും തമ്മിലുള്ള വ്യത്യാസം.

ഈ പട്ടികയിൽ ഏതാണ് സ്വീകാര്യം എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ ഗലാത്തിയർക്ക് എഴുതിയ ലേഖനത്തിന്റെ ഗ്രീക്കുമൂലം ഉപയോഗിക്കുന്നത് കാർപോസ് എന്ന പദമാണ്. ഇതിനെ പഴം എന്നും ഫലം എന്നും നിർവചനം പറയാം. പഴം എന്ന് മലയാളികൾ പറയുമ്പോൾ ഒരു പഴത്തിനെ അല്ല ഒരു കൂട്ടം പഴങ്ങളെയാണ് സൂചിപ്പിക്കുക. ഉദാഹരണം മാവ് നിറയെ മാങ്ങയുണ്ട് എന്നാണ് പറയുക; മാങ്ങകൾ ഉണ്ട് എന്നല്ല. ഈ കാഴ്ചപ്പാടിൽ ഒമ്പതോ പന്ത്രണ്ടോ എന്ന ചോദ്യം അപ്രസക്തമാണ്. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്ക് പൂർണ്ണമായി സ്വയം വിട്ടുകൊടുക്കുന്ന വ്യക്തികളിൽ സംജാതമാകുന്ന സ്വഭാവ സവിശേഷതകളാണ് ആത്മാവിന്റെ ഫലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വ്യക്തിയുടെ അന്തരാത്മാവിൽ ഉണ്ടാകുന്ന പരിവർത്തനം ബാഹ്യമായ പ്രവർത്തികളിലും സമീപനങ്ങളിലും ജീവിതശൈലിയിലും ഇഷ്ടാനിഷ്ടങ്ങളിലും തീരുമാനങ്ങളിലും എല്ലാം പ്രകടമാകും. ആ സ്വഭാവസവിശേഷതകളിൽ സുപ്രധാനം എന്ന് തോന്നുന്ന ചില കാര്യങ്ങളാണ് ഇവിടെ ഒരു പട്ടിക പോലെ അവതരിപ്പിക്കുന്നത്. എന്നാൽ ഈ പട്ടിക എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നു എന്ന് പറയാൻ ആവില്ല.

ആത്മാവിന്റെ പ്രചോദനങ്ങൾക്ക് വ്യക്തികൾ സ്വയം വിട്ടു കൊടുക്കുമ്പോഴാണ് ആത്മാവിന്റെ ഫലങ്ങൾ അവരിൽ ഫലവത്താകുന്നത്. കർഷകൻ ചെടി സംരക്ഷിക്കുന്നു, നനയ്ക്കുന്നു എന്നാൽ മരം ഫലം പുറപ്പെടുവിക്കുന്നത് അതിന്റെ ആന്തരിക ശക്തി കൊണ്ടാണ്. ഏതാണ്ട് ഇതുപോലെയാണ് മനുഷ്യജീവിതവും ഫലമണിയുന്നത്. സാഹചര്യങ്ങൾ അനുകൂലമോ പ്രതികൂലമോ ആകാം. പക്ഷേ ആത്യന്തികമായ ഫലം പുറപ്പെടുവിക്കുന്നത് പരിശുദ്ധാത്മാവാണ്. എന്നാൽ ആത്മാവിന്റെ പ്രചോദനങ്ങൾക്ക് വിരുദ്ധമായി തന്നിഷ്ടം അനുസരിച്ച് ജീവിക്കുന്നവർ പുറപ്പെടുവിക്കുന്നത് ജ‍ഡികമായ ഫലമായിരിക്കും.

ബൈബിളിൽ ഉടനീളം കാണുന്ന ഒരു പ്രമേയമാണ് നല്ല ഫലം. ഉടമ്പടിയുടെ പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്ന വ്യക്തികളിലും സമൂഹങ്ങളിലും ഈ ഫലം പ്രകടമാകും. എന്നാൽ പലപ്പോഴും നേരെ മറിച്ചാണ് സംഭവിക്കുക. ശ്രദ്ധാപൂർവ്വം നട്ടു വളർത്തിയ മുന്തിരിച്ചെടി വിഷഫലം കായ്ക്കുന്ന ദുരന്തത്തിന്റെ ഉപമയിലൂടെ ഈ വിഷയം ഏശയ്യാ പ്രവാചകൻ ചിത്രീകരിക്കുന്നുണ്ട്. (ഏശയ്യാ 5 : 1 - 7) നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിൽ എറിയാൻ വരുന്ന മിശിഹായെ കുറിച്ച് സ്നാപകയോഹന്നാൻ മുന്നറിയിപ്പു നൽകി. (മത്തായി 3 : 10) ഫലം തരാത്ത അത്തിവൃക്ഷത്തിന് ഒരു വർഷത്തെ അവധി നൽകിയിരിക്കുന്നതായി യേശുവും ഉപമയിലൂടെ പഠിപ്പിച്ചു. (ലൂക്കാ 13 : 6 - 9) യേശുവിന്റെ രാജകീയമായ നഗരപ്രവേശനത്തോടെ ഈ കാലാവധി അവസാനിച്ചു. എന്ന് വാക്കുകേട്ട് ഉണങ്ങിയ അത്തിമരത്തിന്റെ പ്രതീകത്തിലൂടെ വ്യക്തമാക്കി (മർക്കോസ് 11 : 12 - 21)

സ്നേഹം പരിശുദ്ധാത്മാവിന്റെ ഫലമായ സ്നേഹത്തിന് അ​ഗാപ്പെ എന്ന ഗ്രീക്ക് പദമാണ് ഉപയോഗിക്കുന്നത്. സ്നേഹത്തെ സൂചിപ്പിക്കാൻ സാധാരണയായി 4 വാക്കുകൾ ഗ്രീക്കിൽ ഉപയോഗിക്കുന്നു.

  1. സ്തോർ​ഗോ - മാതാപിതാക്കളുടെ സ്നേഹം
  2. ഇറോസ് - ദമ്പതിമാരുടെ സ്നേഹം
  3. ഫീലിയ - വ്യക്തികളോട് വികാരങ്ങൾക്ക് അതീതമായി തോന്നുന്ന സ്നേഹം അഥവാ ഇഷ്ടം

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യാസമാണ് അ​ഗാപ്പെ അഥവാ ദൈവീക സ്നേഹം. മറ്റ് മൂന്നും വികാരതലത്തെ ആശ്രയിച്ചു നിൽക്കുന്നു. ഇവിടെ വികാരമല്ല; വിചാരവും തീരുമാനവും ആണ് പ്രധാനം. ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുക എന്നർത്ഥം. ദൈവം സ്നേഹമാകുന്നു എന്ന് യോഹന്നാൻ പറയുമ്പോൾ (1 യോഹന്നാൻ 4 : 8) ഈ പദമാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്നേഹിക്കുന്ന വ്യക്തി സ്നേഹത്തിന് വിഷയമാകുന്ന ആളിന്റെ യോഗ്യത പരിഗണിക്കുന്നുമില്ല. ഈ സ്നേ​ഹംകൊണ്ട് എനിക്ക് എന്തുലഭിക്കും എന്ന് ചിന്തിക്കുന്നുമില്ല. ഇത് സ്വയം മറക്കുന്ന, ഏത് അപകടവും ഏറ്റെടുക്കുവാൻ സന്നദ്ധമാകുന്ന സ്നേഹമാണ്.

എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. (യോഹന്നാൻ 3 : 16)

ദൈവ സ്നേഹത്തിൻറെ അനുകരണമാണിത്. സ്നേഹത്തെക്കുറിച്ച് CCC പറയുന്നു;

പരിശുദ്ധാത്മാവിന്റെ ഫലവും നിയമത്തിന്റെ പൂർത്തീകരണവും ആയ സ്നേഹം ദൈവത്തിന്റെയും അവിടുത്തെ ക്രിസ്തുവിന്റെയും കൽപ്പനകൾ പാലിക്കുന്നു (CCC1824) 
യേശു നൽകിയ കൽപ്പനയുടെ പൂർത്തീകരണമാണ് ഈ സ്നേഹം.

ഞാൻ പുതിയൊരു കൽപന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്‌പരം സ്‌നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിൻ. നിങ്ങൾക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും. (യോഹന്നാൻ 13 : 34 - 35)

മരണം വരെ എത്തി നിൽക്കുന്നതാണ് ഈ സ്നേഹം.

ഇതാണ്‌ എന്റെ കൽപന: ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം. സ്‌നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്‌നേഹം ഇല്ല. (യോഹന്നാൻ 15 : 12 - 13)

ഇപ്രകാരം സ്നേഹത്തിന് മനുഷ്യരെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവിന്റെ പ്രവർത്തനം പ്രകടമാകുന്നത് സ്നേഹത്തിലാണ്. സ്നേഹമാണ് ഏറ്റവും പ്രധാന പുണ്യവും മറ്റെല്ലാ പുണ്യങ്ങളുടെയും അടിസ്ഥാനവും. ഹൃദയത്തിൽ നിറയുന്ന സ്നേഹമാണ് ദൈവപ്രമാണങ്ങൾ അനുസരിച്ച് ജീവിക്കാൻ സഹായിക്കുന്ന ശക്തി.

സമാധാനം

എല്ലാ മനുഷ്യരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് സമാധാനം. എല്ലാ ലോകമതങ്ങളുടേയും പ്രാർത്ഥനയും, ആശംസയും സമാധാനമാണ്. വേദങ്ങളിലെ ഓം ശാന്തി, ശാന്തി എന്ന ശാന്തി മന്ത്രവും, ഇന്ത്യയുടെ ലോക സമസ്ത സുഖിനോ ഭവന്തു! എന്ന ആശംസയും ഇത് വ്യക്തമാക്കുന്നു. ഇസ്ലാം മതത്തിന്റെ പേര് തന്നെ സമാധാനം എന്നാണ്. ക്രിസ്ത്യാനികൾ കണ്ടുമുട്ടുമ്പോഴും പരസ്പരം സമാധാനം ആശംസിച്ചിരുന്നു. നമ്മുടെ വിശുദ്ധ കുർബാനയിൽ അനേകം തവണ സമാധാനം ആശംസിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വ്യക്തികളിലും സമൂഹത്തിലും സംജാതമാക്കുന്ന ഒരു ഫലമാണ് സമാധാനം.

യേശു നൽകുന്ന സമാധാനത്തിന് ചില പ്രത്യേകതകൾ ഉണ്ട്.

ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്‌. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ. (യോഹന്നാൻ 14 : 27)

ബാ​ഹ്യ സാഹചര്യങ്ങൾ സമ്മർദ്ദം ചെലുത്തുമ്പോഴും, ശിഷ്യരുടെ ഉള്ളിൽ നിലനിൽക്കുന്നതാണ് ഈ സമാധാനം. എന്നും ഉള്ളിൽ വസിക്കുന്ന നിത്യസഹായകനായ പരിശുദ്ധാത്മാവാണ് ഈ സമാധാനം നൽകുന്നത്.

സമാധാനത്തിന്റെ സവിശേഷതകളെ കുറിച്ച് മതബോധന​ഗ്രന്ഥം പറയുന്നു;

മനുഷ്യ ജീവനോടുള്ള ആദരവും അതിന്റെ വികാസവും സമാധാനം ആവശ്യപ്പെടുന്നു. വെറും യുദ്ധമില്ലാത്ത അവസ്ഥയല്ല സമാധാനം. വ്യക്തികളുടെ നന്മയുടെ പരിരക്ഷ, മനുഷ്യർ തമ്മിലുള്ള സ്വതന്ത്രമായ ആശയവിനിമയം, വ്യക്തികളുടെയും ജനങ്ങളുടെയും മാഹാത്മ്യത്തോടുള്ള ആദരവ്, സാഹോദര്യത്തിന്റെ ഉത്സാഹപൂർണമായ അഭ്യാസം എന്നിവ കൂടാതെ സമാധാനം സ്ഥാപിക്കാൻ സാധ്യമല്ല. വ്യവസ്ഥിതിയുടെ പ്രശാന്തതയാണ് സമാധാനം. നീതിയുടെ പ്രവർത്തിയും ഉപവിയുടെ ഫലവും ആണത്. (CCC 2304)

യേശുക്രിസ്തു തന്റെ കുരിശു മരണത്തിലൂടെയാണ് ഈ സമാധാനം സ്ഥാപിച്ചതെന്ന് വിശുദ്ധ ഗ്രന്ഥം വിവരിച്ചുകൊണ്ട് മതബോധന​ഗ്രന്ഥം തുടർന്നു പറയുന്നു;

കാരണം, അവൻ നമ്മുടെ സമാധാനമാണ്‌. ഇരുകൂട്ടരെയും അവൻ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ തകർക്കുകയും ചെയ്‌തു. കൽപനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവൻ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി. ഇരുകൂട്ടരുടെയും സ്ഥാനത്ത്‌ ഒരു പുതിയ മനുഷ്യനെ സൃഷ്‌ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും കുരിശുവഴി ഒരേ ശരീരത്തിൽ ഇരുകൂട്ടരെയും ദൈവത്തോട്‌ അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ്‌ അവൻ ഇങ്ങനെ ചെയ്‌തത്‌. വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവൻ സമാധാനം പ്രസംഗിച്ചു. (എഫേസോസ്‌ 2 : 14 - 17)

സമാധാനം സ്ഥാപിക്കുന്നവർ പ്രത്യേക കൃപയ്ക്ക് അർഹരാകും എന്ന് യേശുനാഥൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻമാർ; അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും. (മത്തായി 5 : 9)

സമാധാനം ആഗ്രഹിക്കുന്നവർ യുദ്ധത്തിന് ഒരുങ്ങിക്കൊള്ളുക എന്നൊരു റോമൻ സൂക്തമുണ്ട്. സമാധാനം ഉണ്ടാകുവാൻ എല്ലാ തിന്മകളെയും യുദ്ധം ചെയ്ത് തോൽപ്പിക്കണം എന്ന അർത്ഥത്തിൽ ഇത് ആത്മീയതലത്തിൽ സത്യമാണ്.


ആനന്ദം

അല്പകാലം നിലനിൽക്കുന്ന സന്തോഷമല്ല ആനന്ദം എന്ന് പറയുന്നത്. അത് ആഴമേറിയ അനുഭവമാണ്. ദൈവം എന്നെ സ്നേഹിക്കുന്നു, സ്വന്തം മകനായി / മകളായി സ്വീകരിച്ചിരിക്കുന്നു എന്ന അവബോധത്തിൽ നിന്നും വരുന്ന ആത്മീയ നിർവൃതിയാണ് ആനന്ദം. ഭൗമീകമായ സാഹചര്യങ്ങൾ ആനന്ദത്തെ ബാധിക്കുന്നില്ല. ഏത് കൊടിയ ദാരിദ്ര്യത്തിലും വിപത്തിലും അത് നഷ്ടപ്പെടുന്നില്ല. അത് ദൈവത്തിൽ നിന്ന് വരുന്നതാണ്.

സ്നേഹത്തിന്റെ ഫലമാണ് ആനന്ദം എന്ന് പറയാം. ദൈവസ്നേഹവും, സഹോദര സ്നേഹവും എന്നിൽ ഉൽപാദിപ്പിക്കുന്ന നിർവൃതി; ഇത് സ്വർഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാണ്. ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതിന്റെ ലക്ഷ്യം എല്ലാ മനുഷ്യർക്കും ആനന്ദം ലഭ്യമാക്കുക എന്നതായിരുന്നു. ഇത് അന്ത്യ അത്താഴയിൽ യേശു ശിഷ്യരോട് പറയുന്നുണ്ട്.

ഇത്‌ ഞാൻ നിങ്ങളോടു പറഞ്ഞത്‌ എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്‌. (യോഹന്നാൻ 15 : 11)

ഒരിക്കലും നഷ്ടപ്പെടാത്തതാണ് ആനന്ദം, കാരണം അത് വരുന്നത് ദൈവത്തിൽ നിന്നാണ്. പരിശുദ്ധാത്മാവാണ് ഇത് അവരിൽ നിറയ്ക്കുന്നത്. ഈ ആനന്ദമാണ് കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളായി ക്രിസ്തുവിന്റെ നാമത്തിൽ പീഡകൾ ഏൽക്കുവാനും, പീഡിപ്പിക്കുന്നവരെ സ്നേഹിക്കാനും, മറ്റുള്ളവരെ സഹായിക്കാനും ക്രിസ്തു ശിഷ്യരെ സഹായിക്കുന്നത്. സ്തുതിഗീതങ്ങൾ ആലപിച്ചുകൊണ്ട് വന്യമൃഗങ്ങളുടെ വായിലേക്കും, തീ ചൂളയിലേക്കും, കഴുമരത്തിലേക്കും പോകാൻ അവരെ പ്രാപ്തനാക്കുന്നത് ദൈവീക ആനന്ദമാണ്. ആർക്കും എടുത്തു കളയാൻ സാധിക്കാത്ത ആത്മീയ സംതൃപ്തിയാണത്.

സുവിശേഷ ഭാഗ്യങ്ങളിൽ അവസാനമായി അവതരിപ്പിച്ചിരിക്കുന്നത് ആനന്ദമാണ്.

എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിൻമകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകൻമാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌. (മത്തായി 5 : 11 - 12)

ആനന്ദം ആഹ്ളാദദമായി പുറത്തേക്ക് ഒഴുകുമ്പോഴാണ് സന്തോഷത്തോടെ കുതിച്ചുചാടാൻ സാധിക്കുന്നത്. ഈ ആനന്ദത്തെ കുറിച്ച് മതബോധന​ഗ്രന്ഥം പറയുന്നു;

സുവിശേഷ ഭാഗ്യങ്ങൾ സന്തോഷത്തിനു വേണ്ടിയുള്ള സ്വാഭാവികമായ ആഗ്രഹത്തോട് പ്രത്യുത്തരിക്കുന്നു. ഈ ആഗ്രഹത്തിന് ദൈവീകമായ ഉത്ഭവമാണ് ഉള്ളത്. ദൈവം അത് മനുഷ്യഹൃദയങ്ങളിൽ സ്ഥാപിച്ചു. അത് നിറവേറ്റാൻ കഴിയുന്ന ഒരേയൊരുവന്റെ അടുത്തേക്ക് അവനെ വലിച്ചടുപ്പിക്കാനാണിത് . (CCC 1718.)

ആത്മസംയമനം

പരിശുദ്ധാത്മഫലങ്ങളുടെ പട്ടികയിൽ അവസാനത്തേതാണ് ആത്മസംയമനം. എ​ഗ്ക്രത്തേയാ എന്ന പദമാണ് ​ഗ്രീക്ക് മൂലം. തിന്മയുടെ ആകർഷണങ്ങൾക്കെതിരെ ചെറുത്തുനിൽക്കുന്നതിനെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ലൈംഗിക മേഖലയിലെ ആത്മനിയന്ത്രണത്തെ. എന്നാൽ അതു മാത്രമല്ല, എല്ലാ സാഹചര്യങ്ങളിലും സ്വന്തം ചിന്തയെയും, ആഗ്രഹങ്ങളെയും, വികാരങ്ങളെയും നിയന്ത്രണാധീനമാക്കി കാത്തുസൂക്ഷിക്കുന്ന സ്വഭാവ സവിശേഷതയാണ് ആത്മനിയന്ത്രണം അഥവാ ആത്മസംയമനം.

ആത്മനിയന്ത്രണമുള്ള വ്യക്തിക്ക് താൻ ആരെന്നും തന്റെ ലക്ഷ്യം എന്തെന്നുമുള്ള അവബോധം ഉണ്ടായിരിക്കും. പ്രതിസന്ധികളിൽ തളരാതെ എപ്പോഴും നന്മ മാത്രം തിരഞ്ഞെടുക്കും. ആത്മനിയന്ത്രണമുള്ള വ്യക്തിക്ക് അമിതമായ ആഗ്രഹം ഇല്ല. നിഷിദ്ധമായവയ്ക്കുവേണ്ടി ദാഹിക്കില്ല. അധികാരം, സമ്പത്ത്, ലൈംഗികത, സുഖാനുഭൂതികൾ എന്നിങ്ങനെ എല്ലാ ജീവിതമേഖലയിലും പ്രകടമാകുന്ന സ്വഭാവസവിശേഷതയാണ് ആത്മസംയമനം.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമാണ് നമുക്ക് നമ്മെ തന്നെ നിയന്ത്രിക്കാനുള്ള കൃപ നൽകുന്നത്. അതിനാൽ ആത്മനിയന്ത്രണത്തിന് പ്രാർത്ഥനയും പരിശ്രമവും ആവശ്യമാണെന്ന് വിശുദ്ധ പൗലോസ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിശ്വസ്തത

ദൈവത്തിന്റെ തന്നെ ഒരു വിശേഷണമാണ് വിശ്വസ്തത.

തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്‌തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച ദൈവം വിശ്വസ്‌തനാണ്‌. (1 കോറിന്തോസ്‌ 1 : 9)

ദൈവത്തിന്റെ വിശ്വസ്തതയിലേയ്ക്ക് അപ്പസ്തോലൻ പലപ്രാവശ്യം ശ്രദ്ധ തിരിക്കുന്ന സുവിശേഷ ഭാഗങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട്.

ദൈവം വാക്ക് പാലിക്കും. പറയുന്നതുപോലെ പ്രവർത്തിക്കും. അതിനാൽ വിശ്വസിക്കാം ഇതാണ് വിശ്വസ്തത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ദൈവം വിശ്വസ്തനാണെന്ന് ബോധ്യമുണ്ട്. ദൈവത്തിൽ വിശ്വസിക്കാനും, ദൈവത്തോടും സഹജീവികളോടും ഗാഢമായ ഐക്യം പുലർത്താനും വിശ്വസ്തത സഹായിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആവശ്യം വേണ്ട ഒരു ഗുണമാണ് വിശ്വസ്തത. ദൈവത്തോടും സഹജീവികളോടും തന്നോട് തന്നെയും വിശ്വസ്തത പാലിക്കണം. കൊടുത്ത വാക്ക് പാലിക്കുക, വാഗ്ദാനം നിറവേറ്റുക, കടമകൾ നിർവഹിക്കുക, ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റുക ഇവയെല്ലാം വിശ്വസ്തതയുടെ ഭാഗങ്ങൾ തന്നെ.

വിജയിച്ചോ എന്നതിനേക്കാൾ വിശ്വസ്തത പാലിച്ചോ എന്നതാണ് പ്രധാനം. നഷ്ടം സഹിച്ചും വാക്ക് പാലിക്കാൻ, വാഗ്ദാനം നിറവേറ്റാൻ കഴിയുന്നതാണ് വിശ്വസ്ത. താലന്തുകളുടെ ഉപമയെ ആദ്യത്തെ രണ്ട് സേവകന്മാർക്ക് ഉണ്ടായിരുന്നതും മൂന്നാമന് ഇല്ലാതെ പോയതുമാണ് വിശ്വസ്തത. (മത്തായി 25 : 14  - 36)

സൗമ്യത

പരസ്പര ബന്ധത്തിൽ നിലനിൽക്കേണ്ട ആവശ്യമായൊരു സവിശേഷതയാണ് സൗമ്യത. ശാന്തശീലവും വിനയവുമായി ബന്ധപ്പെട്ടതാണ് സൗമ്യത. മറ്റുള്ളവരുടെ സ്വഭാവ സവിശേഷതകളെയും ആവശ്യങ്ങളെയും കുറിച്ച് അനുഭവപൂർണ്ണമായ കാഴ്ചപ്പാട്, അവരുടെ നന്മയിൽ കാട്ടുന്ന ശ്രദ്ധ, സന്തോഷം, സ്വയം വലിയവൻ എന്ന് കരുതി പ്രൗഡി കാട്ടാതെ മറ്റുള്ളവരെ തന്നെക്കാൾ വലിയവരായി കാണാനുള്ള കഴിവ് ഇതെല്ലാം സൗമ്യതയുടെ ഭാഗമാണ്.

സൗമ്യതയുള്ളവന് കോപമില്ല, അഹങ്കാരമില്ല, ഞാൻ വലിയവൻ എന്ന ഭാവമില്ല, അപരനെ ഒരു കാരണവശാലും ചെറുതായി കാണുന്നില്ല. ആരെങ്കിലും തെറ്റ് ചൂണ്ടിക്കാണിച്ചാൽ സന്തോഷത്തോടെ തിരുത്താൻ തയ്യാറാകും. അപരന്റെ തെറ്റുകളും കുറ്റങ്ങളും വേഗം ക്ഷമിക്കും. വിരോധം വച്ച് പുലർത്തുന്നില്ല. എല്ലാവർക്കും നന്മ മാത്രം വരണമേ എന്ന് ആഗ്രഹിക്കും. ഏവർക്കും നിർഭയം, സസന്തോഷം സമീപിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വത്തിന് ആവശ്യ ഘടകമാണ് സൗമ്യത. അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമാണ്.

ഔദാര്യം

ഔദാര്യം വുൾഗാത്ത വിവർത്തനത്തിൽ ആദ്യമായി ചേർത്തിരിക്കുന്നതാണ്. അപരന്റെ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കാൻ പ്രേരിപ്പിക്കുന്ന സ്വഭാവ സവിശേഷതയാണ് ഔദാര്യം. പ്രതിഫലമായി ഒന്നും സൂക്ഷിക്കുന്നില്ല. കൊടുത്തതിന്റെ കണക്ക് സൂക്ഷിക്കുന്നില്ല. ആവശ്യക്കാരന് കൊടുക്കുന്നത് ഇവിടെ നഷ്ടമായി കാണുന്നുമില്ല.

എല്ലാം ദാനമായി നൽകുന്ന ദൈവത്തിന്റെ സ്വഭാവ സവിശേഷതയിലുള്ള പങ്കുചേരലാണ് ഔദാര്യം. സ്വരുകൂട്ടിവെച്ച് സമ്പന്നനാകുന്നതിനേക്കാൾ ആവശ്യക്കാർക്ക് കൊടുത്ത് സംതൃപ്തിയും സന്തോഷവും നേടാൻ ഔദാര്യം പ്രേരിപ്പിക്കുന്നു. ഇത് ഭൗതിക സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല, അറിവും സമയവും എല്ലാം പങ്കുവെക്കുന്നതും ഔദാര്യമാണ്. ആദ്യമായി ക്രൈസ്തവ സമൂഹത്തിൽ നിറഞ്ഞ നിന്ന ചൈതന്യമാണിത്.

നിങ്ങൾ ഉദാരശീലരാകേണ്ടതിന്‌ ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും. എന്തെന്നാൽ, സേവനത്തിന്റെ ഈ ശുശ്രൂഷ വിശുദ്ധരുടെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ദൈവത്തിനർപ്പിക്കുന്ന നിരവധി കൃതജ്താസ്‌തോത്രങ്ങളിലൂടെ കരകവിഞ്ഞൊഴുകുകകൂടി ചെയ്യുന്നു. ക്രിസ്‌തുവിന്റെ സുവിശേഷം ശിരസ്സാവഹിക്കുന്നതിനുള്ള നിങ്ങളുടെ വിധേയത്വംവഴിയും, അവരോടും മറ്റെല്ലാവരോടും നിങ്ങൾക്കുള്ള കൂട്ടായ്‌മയുടെ ഔദാര്യം വഴിയും നിങ്ങളുടെ ശുശ്രൂഷയെപ്പറ്റി ബോധ്യപ്പെട്ട്‌ അവർ ദൈവത്തെ സ്‌തുതിക്കും. (2 കോറിന്തോസ്‌ 9 : 11 - 13)

അടക്കം

ജീവിതാന്തസ്സിന് അനുയോജ്യമായ വിധത്തിൽ ആന്തരികവും ബാഹ്യവുമായ ചലനങ്ങളെ നിയന്ത്രിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നതിനെയാണ് അടക്കം എന്ന് വിശേഷിപ്പിക്കുന്നത്.

ആനുകാലിക ലോകത്തിൽ ഏറെ അവഗണിക്കപ്പെട്ടതും എന്നാൽ അവശ്യം വേണ്ടതുമായ ഗുണമാണ് അടക്കം. വസ്ത്രധാരണത്തെകുറിച്ചാണ് അടക്കം എന്ന വാക്ക് ആദ്യമേ അനുസ്മരിപ്പിക്കുക. മറ്റുള്ളവർക്ക് പാപത്തിന് കാരണമാകാത്ത വിധത്തിൽ ഉതപ്പ് ഉണ്ടാക്കുന്ന വസ്ത്രധാരണം ഒഴിവാക്കണം എന്ന് അടക്കം പഠിപ്പിക്കുന്നു. എന്നാൽ അതു മാത്രമല്ല, എന്റെ വലിപ്പം കാണിക്കാൻ, മറ്റുള്ളവരുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റാൻ വേണ്ടി നടത്തുന്ന സകല ശ്രമങ്ങൾക്കും എതിരായി നിൽക്കുന്നു അടക്കം. അത് പ്രവർത്തന ശൈലിയാകാം, വേഷവിധാനങ്ങളാകാം, വസിക്കുന്ന വീടുകളും സഞ്ചരിക്കുന്ന വാഹനങ്ങളും ആകാം, പണിയുന്ന സ്ഥാപനങ്ങളും ആകാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ പണിയുമ്പോൾ പ്രതിമയുടെ ചുറ്റും ചോരുന്ന കുടിലുകളിൽ കഴിയുന്ന മനുഷ്യരെ കാണാതെ പോകുന്നതും അടക്കത്തിന് വിരുദ്ധമാണ്.

ശുദ്ധത

ലൈംഗികതയുമായി ബന്ധപ്പെട്ടതാണ് ശുദ്ധത എന്ന പരിശുദ്ധാത്മ ഫലം. സ്ത്രീയും പുരുഷനും ആയി മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ ആഗ്രഹവും പദ്ധതിയും അനുസരിച്ച് സ്വന്തം ലൈംഗിക വികാരങ്ങളെയും, ആഗ്രഹങ്ങളെയും, മനസ്സിന്റെയും ശരീരത്തിന്റെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ ശുദ്ധത സഹായിക്കുന്നു. ഈ ഫലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്.

വ്യഭിചാരം ചെയ്യരുത്‌ എന്നു കൽപിച്ചിട്ടുള്ളത്‌ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്‌ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു. (മത്തായി 5 : 27 - 28)

ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ വിവാഹത്തിൽ ബന്ധിതരായി ആയുഷ്കാലം മുഴുവൻ ഇണയും തുണയുമായി വർത്തിക്കുക എന്നതാണ് ലൈംഗികതയുടെയും സ്ത്രീപുരുഷ വ്യത്യാസങ്ങളുടെയും അടിസ്ഥാന ലക്ഷ്യം. ആ ലക്ഷ്യത്തിനനുസൃതമായ ജീവിതം നയിക്കുവാൻ ശുദ്ധത എന്ന പരിശുദ്ധാത്മഫലം സഹായിക്കുന്നു. ഇതിന് വിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങളെ ദൈവനിഷേധവും കഠിനപാപവുമായി വിശുദ്ധ പൗലോസ് അപ്പസ്തോലൻ പ്രഖ്യാപിക്കുന്നുണ്ട്. സ്വാഭാവികമായി തന്നെ പ്രകൃതി നിയമങ്ങളേയും ദൈവം നൽകിയിരിക്കുന്ന ധാർമിക നിയമങ്ങളെയും അറിയാമായിരുന്നിട്ടും മനപ്പൂർവ്വം അവയെ ലംഘിക്കുന്നവരെക്കുറിച്ച് വചനം പറയുന്നു;

അക്കാരണത്താൽ ദൈവം അവരെ നിന്ദ്യമായ വികാരങ്ങൾക്കു വിട്ടുകൊടുത്തു. അവരുടെ സ്‌ത്രീകൾ സ്വാഭാവിക ബന്ധങ്ങൾക്കു പകരം പ്രകൃതി വിരുദ്ധബന്ധങ്ങളിലേർപ്പെട്ടു. അതുപോലെ പുരുഷൻമാർ സ്‌ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്‌പരാസക്തിയാൽ ജ്വലിച്ച്‌ അന്യോന്യം ലജ്ജാകരകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്‌തു. തങ്ങളുടെ തെറ്റിന്‌ അർഹമായ ശിക്ഷ അവർക്കു ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവർ കരുതിയതു നിമിത്തം, അധമവികാരത്തിനും അനുചിതപ്രവൃത്തികൾക്കും ദൈവം അവരെ വിട്ടുകൊടുത്തു. (റോമാ 1 : 26 - 28)

തുടർന്ന് വിവരിക്കുന്ന ലൈംഗിക വൈകൃതങ്ങളെല്ലാം ശുദ്ധതയ്ക്ക് വിരുദ്ധമായ പാപങ്ങൾ ആയി അപ്പസ്തോലൻ ചിത്രീകരിക്കുന്നു;

അവർ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയിൽ അവർ മുഴുകുന്നു. അവർ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗർവിഷ്‌ഠരും പൊങ്ങച്ചക്കാരും തിൻമകൾ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്‌തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീർന്നു. ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർ മരണാർഹരാണ്‌ എന്ന ദൈവകൽപന അറിഞ്ഞിരുന്നിട്ടും അവർ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു. (റോമാ 1 : 29 - 32)

മനുഷ്യശരീരം ദൈവാലയവും യേശുവിന്റെ മൗതീക ശരീരത്തിന്റെ ഭാഗവുമാണ് എന്ന കാഴ്ചപ്പാടിൽ നിന്നു വേണം ശുദ്ധതയെ കാണാൻ.

നിങ്ങളുടെ ശരീരങ്ങൾ ക്രിസ്‌തുവിന്റെ അവയവങ്ങളാണെന്നു നിങ്ങൾക്ക്‌ അറിഞ്ഞുകൂടേ? ക്രിസ്‌തുവിന്റെ അവയവങ്ങൾ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല! വേശ്യയുമായി വേഴ്‌ച നടത്തുന്നവൻ അവളോട്‌ ഏകശരീരമായിത്തീരുന്നുവെന്നു നിങ്ങൾക്ക്‌ അറിവുള്ളതല്ലേ? എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവർ ഇരുവരും ഒരു ശരീരമായിത്തീരും. കർത്താവുമായി സംയോജിക്കുന്നവൻ അവിടുത്തോട്‌ ഏകാത്മാവായിത്തീരുന്നു. വ്യഭിചാരത്തിൽനിന്ന്‌ ഓടിയകലുവിൻ. മനുഷ്യൻ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്‌. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങൾക്ക്‌ അറിഞ്ഞുകൂടെ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാൽ, നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ. (1 കോറിന്തോസ്‌ 6 : 15 - 20)

എല്ലാത്തരം ലൈംഗിക ദുരുപയോഗങ്ങളിൽ നിന്നും വിട്ടുനിൽക്കണം.

ആകയാൽ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർഥമായ ആരാധന.  (റോമാ 12 : 1) എന്ന ആഹ്വാനത്തിനുള്ള മറുപടിയാണ് ശുദ്ധത. നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുക (1 കോറി. 6 : 20) എന്ന അപ്പസ്തോലന്റെ ഉപദേശം ശുദ്ധതയുടെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു.

വിവാഹിതർക്കും അവിവാഹിതർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ശുദ്ധത. ലൈംഗികബന്ധത്തിൽ നിന്ന് അകന്നു നിൽക്കണം എന്നല്ല, ആ ബന്ധം ദൈവീക നിയമങ്ങൾക്ക് അനുസൃതമായിരിക്കണം എന്നത്രേ ശുദ്ധത നിഷ്കർഷിക്കുന്നത്. അതിനാൽ ബ്രഹ്മചര്യം, കന്യാവൃതം എന്നിവ മാത്രമായി ശുദ്ധതയെ ചുരുക്കാൻ ആവില്ല. എല്ലാവർക്കും, എല്ലാ ജീവിതാവസ്ഥയിൽ ഉള്ളവർക്കും, ഏതു പ്രായക്കാർക്കും ഒരുപോലെ പ്രസക്തമാണ് ശുദ്ധത. ദൈവത്തിന് സ്വീകാര്യമായ ബലിവസ്തുവായി തന്നെ തന്നെ സമർപ്പിക്കാൻ ശുദ്ധത ആവശ്യമാണ്.


Related Articles

പെസഹാ കുഞ്ഞാട്

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top