നല്ലോർമ്മകളാക്കാൻ

09,  Mar   

സ്രത്തിലെ നമ്മുടെ ആ ഒാക്കുമരത്തെക്കുറിച്ചു പറഞ്ഞാണ് നാം തുടങ്ങിയത്. അതെ, ആ ക്രിസ്തുവിനെ ഹൃദയം നുറുങ്ങി വീണ്ടും ധ്യാനിക്കാൻ നോമ്പുകാലത്തിന്റെ ദിനരാത്രികൾ വരുന്നു. അവന്റെ മുറിവോർമ്മകളെ നല്ലോർമ്മകളാക്കാൻ നാമെടുക്കുന്ന ത്യാഗത്തിന്റെ കഥകളും അവനൊരുക്കുന്ന അത്താഴവും ഇവിടങ്ങളിൽ നമ്മെയും ത്രസിപ്പിച്ചു കടന്നുപോവുന്നു. ഇനി നമ്മുടെയും ഹൃദയം നനവാർന്നതാവും. താളത്തിലാടുന്ന കുരുത്തോലകൾക്കും കുഞ്ഞുചുണ്ടുകളിൽ മുഴങ്ങുന്ന ഒാശാന ഗീതികൾക്കും നമ്മുടെ വിഷമതകളെയും വിഷാദങ്ങളെയും ചെറുത്തുതോൽപ്പിക്കാനുള്ള കരുത്തുണ്ട്. ക്രിസ്തു സമാധാനവഴികളിൽ മറ്റൊരു പുറപ്പാടും സങ്കീർത്തന വുമാകുന്നത് ഇൗ രാവിലാണ്. ഒറ്റിക്കൊടുത്തവനെയും, തള്ളിപ്പറഞ്ഞവനെയും ചങ്കുപറിച്ചുകൊടുത്തു സ്നേഹിച്ച നമ്മുടെ ദൈവത്തിന് ഒരു സ്തോത്രം മുഴക്കാം. ജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന നിലങ്ങളിലൊക്കെ അപ്പനോട് പ്രാർത്ഥിച്ച ആ നസ്രത്തുകാരന്റെ ആത്മാവിലൂടെ നമുക്കൊന്ന് നടന്നാലോ ! അതെ ചുട്ടയപ്പം പോലെ തന്നെത്തന്നെ മുറിച്ചുതരുന്ന അവനോളം മറ്റാരും നമ്മെ പ്രണയിച്ചിട്ടുണ്ടാവില്ല. എല്ലാമേറ്റെടുക്കുന്ന ആ കുമ്പസാരക്കൂടിന്റെ മുൻപിൽ പരിഭവങ്ങളേറ്റു പറഞ്ഞു നമുക്കൊന്ന് വാവിട്ടുകരയാനൊക്കുമോ? ആ ചോരപ്പാടുകളെ നമ്മുടെ സിരകളിൽ ഒന്നേറ്റെടുത്തിട്ട് പ്രതിസന്ധികളുടെ വർത്തമാനസന്ധ്യകളോട് വിളിച്ചു പറയാം; പരിശുദ്ധ കത്തോലിക്കാസഭയുടെ ഹൃദയമൊക്കെയും കരിമ്പാറക്കെട്ടുപോലെ തകർക്കാനാവാത്തതാണെന്ന്. അത് പണിയപ്പെട്ടത് നസ്രത്തിലെ ഇൗ ഒാക്കുമരത്തിന്റെ ചോരത്തുള്ളികളിലാണ്. ഒാർമ്മയ്ക്കായി കാൽപാദങ്ങളെ കഴുകിത്തുടച്ചു ചുംബിച്ചു അത്താഴം വിളമ്പിയ ആ ദൈവം ഒരു കടന്നുപോകലിനല്ല കളമൊരുക്കിയത്; കൂടെ കരംചേർത്തു നടന്നുനീങ്ങാനും സങ്കടങ്ങളിൽ കണ്ണുനീർ തുടക്കാനും സന്തോഷങ്ങളിൽ കൂടെ പുഞ്ചിരിക്കാനുമായിരുന്നു. ആ ദൈവത്തെയും അപ്പത്തിന്റെ ഭവനത്തെയും അല്പംകൂടെ ഹൃദയമുരുകി സ്നേഹിക്കാൻ നമുക്കായില്ലായെങ്കിൽ ഇൗ നോമ്പും നമുക്ക് നൊമ്പരമാകും; തീർച്ച. കുഞ്ഞുനാളിലെ ആദ്യകുർബാനയുടെ ഭൂതകാല കുളിരുകളെ ആത്മാവിൽ നമുക്കും നനുത്തതാക്കാം. ഒപ്പം കുരിശ് പൂക്കുന്ന താഴ്വരകളിൽ ആ നസ്രായക്കാരനൊപ്പം നടക്കാം. കുരിശ് ചുമന്ന ശിമയോനും വെറോനിക്കയും ജറുസലേമിലെ പ്രിയപ്പെട്ട അമ്മമാരും എന്റെ ഹൃത്തിലൂടെയും കടന്നുപോകണം. പരിശുദ്ധ അമ്മയുടെ ഹൃദയവ്യഥകളെ ഒന്ന് സന്തോഷപൂർ പൂർവം ധ്യാനിക്കണം. നല്ല കള്ളനെപ്പോലെ അവസാന മണിക്കൂറിൽ അവന്റെ ഹൃദയത്തെ കട്ടെടുക്കണം. പുതു തൈലവും, ജലവും പോലെ എല്ലാം ഇനി മുതൽ പുതിയതാവട്ടെ. ഉത്ഥിതന്റെ സമാധാനത്തിന്റെ കഥകളൊക്കെയും ഇൗ രാവിൽ എനിക്കും പറഞ്ഞുതരും. യൗസേപ്പിതാവേ, എല്ലാത്തിനും നന്ദി... തച്ചനായ നീ നിന്റെ മകനിലൂടെ ഞങ്ങളെ ഉടച്ചുപണിയാൻ തുടങ്ങിയതിന്. നോമ്പിൽ പ്രാർത്ഥിക്കാനൊന്നേയുള്ളൂ; നസ്രായക്കാരാ നിന്റെ സന്നിധിയിൽ നിന്നും ഞങ്ങളെ തള്ളിക്കളയരുതേ, നിന്റെ സ്നേഹമുള്ള ആത്മാവിനെ ഞങ്ങളിൽ നിന്നും എടുത്തുകളയരുതേ. ആമേൻ.


Related Articles

Contact  : info@amalothbhava.in

Top