റവ. ഡോ. മാണി പുതിയിടം
അസാധാരണമായ കരുണയുടെ ഒരു വ്യക്തിയായിരുന്നു ബെനഡിക്ട് പാപ്പ. ഞാന് റോമില് പഠിക്കുന്ന കാലത്ത്, പഠനം കഴിയുമ്പോള് ലൈസന്ഷ്യേറ്റ് ലഭിക്കുന്നതിനു ഫ്രഞ്ചിന്റെയും ജര്മ്മന്റെയും ഡിപ്ലോമ സമര്പ്പിക്കണമായിരുന്നു. അതിനായി പാരീസ് കാത്തലിക് ഇന്സ്റ്റിറ്റ്യൂട്ടില് പോയി പഠിച്ചു. ഡിപ്ലോമ നേടി തിരിച്ചു പോരുന്നതിനു മുമ്പ് ഒരു മാസം അവധിയുണ്ട്. അവധിക്കാല ശുശ്രൂഷയ്ക്കായി ജര്മ്മനിയിലെ മ്യൂണിക് അതിരൂപതയിലെ ഒരു പള്ളി ലഭിച്ചു. അവിടത്തെ ആര്ച്ചു ബിഷപ് ആരാണെന്നൊന്നും അറിയുമായിരുന്നില്ല. ഞാനവിടെ ചെന്നു, ചാര്ജെടുത്തു. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോള് വീട്ടിലെന്തോ സംഭവിക്കുന്നതായി ഒരു ശക്തമായ തോന്നല് എന്റെയുള്ളിലുണ്ടായി. അന്ന് ഇന്നത്തെപ്പോലെ പെട്ടെന്നു വിവരങ്ങളറിയുന്നതിനുള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഫോണ് പോലും വളരെ അപൂര്വം. ഇന്നത്തെ ആശയവിനിമയസൗകര്യങ്ങള് അന്ന് അചിന്ത്യമായിരുന്നു. ഏതായാലും, രാത്രി മുഴുവന് എനിക്ക് വീട്ടിലെ കാര്യങ്ങളോര്ത്ത് അസ്വസ്ഥതയുണ്ടായി. നേരം വെളുത്തപ്പോള് ഞാനത് പള്ളിയിലെ കപ്യാരോടു പറഞ്ഞു. ഇംഗ്ലീഷ് അറിയുന്നവര് ആരുമില്ല. വിഷമം മറ്റാരോടെങ്കിലും ഒന്നു പങ്കുവയ്ക്കാന് പോലും കഴിയാത്ത സ്ഥിതി.
ദിവ്യബലി കഴിഞ്ഞു വന്നപ്പോള് എനിക്കു വന്നിരിക്കുന്ന ഒരു കത്തു കിട്ടി. നാട്ടില് നിന്നു ജ്യേഷ്ഠനാണ് എഴുതിയിരിക്കുന്നത്. അപ്പന് ആശുപത്രിയിലാണ് എന്ന വിവരമാണ് അതിലുണ്ടായിരുന്നത്. സാരമുള്ളതല്ല എന്ന് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ എന്റെ മനസ്സു പറഞ്ഞു, സാരമുണ്ട്. അല്ലെങ്കില് രാത്രിയില് ആ തോന്നലോ അസ്വസ്ഥതയോ ഉണ്ടാകേണ്ട കാര്യമില്ലല്ലോ. ഗുരുതരാവസ്ഥ ഉണ്ടായിരിക്കാമെന്നും ഒരുപക്ഷേ മരണം സംഭവിച്ചേക്കാമെന്നും തന്നെയാണ് എനിക്കു തോന്നിയത്. പക്ഷേ ഇതാരോടു പറയും? കേള്ക്കാന് ആരുമില്ല. മലയാളി വൈദികരോ മലയാളികളോ മറ്റാരുമില്ല. റോമിലാണെങ്കില് നിരവധി പേര് സഹായിക്കാനുണ്ടായിരുന്നു.
അരമന എവിടെയാണെന്നും ആര്ച്ചുബിഷപ് ആരാണെന്നും ഞാന് കപ്യാരോടു ചോദിച്ചു. റാറ്റ്സിംഗര് എന്നു പേരുള്ളയാളാണ് ആര്ച്ചുബിഷപ് എന്നു കപ്യാര് പറഞ്ഞു. വലിയ ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമാണെും പറഞ്ഞു. ഏതായാലും അരമനവരെ പോകാമെന്നു ഞാന് കരുതി.
അരമനയിലേക്കു ചെന്നു, ഗേറ്റ് തുറന്ന് അകത്തു കയറി. എന്റെ മനസ്സിലപ്പോള് ചങ്ങനാശേരി ആര്ച്ചുബിഷപ്സ് ഹൗസാണ്. പടിയറപ്പിതാവായിരുന്നു അന്ന് ആര്ച്ചുബിഷപ്. വിശാലമായ രാജവീഥിയും അരമനയും. അവിടെ ചെന്നു പിതാവിനെ സ്വകാര്യ ആവശ്യത്തിനു കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമായിരുന്നില്ല അക്കാലത്ത്. സെക്രട്ടറിയച്ചനെ കണ്ട് നേരത്തെ സമയം നിശ്ചയിക്കുകയൊക്കെ വേണം. ഇവിടെ ഇതൊന്നുമില്ലാതെ നേരെ ചെല്ലുകയാണല്ലോ. വെള്ളക്കാരുമാണ്. എന്താണു സംഭവിക്കുക എന്നറിയില്ല. ചെറിയൊരു ഭീതി മനസ്സിലുണ്ട്.
കടന്നു ചെന്നപ്പോള് അരമനയുടെ മുന്വശത്തുള്ള പൂന്തോട്ടത്തില് സാധാരണവേഷത്തില് ഒരാള് ചെടികള്ക്കു വെള്ളമൊഴിക്കുന്നുണ്ട്. വലിയ ആളും തിരക്കും ഒന്നുമില്ല. അടുത്തേക്കു ചെന്നപ്പോള് ആരെ കാണാനാണെന്ന് അദ്ദേഹം ചോദിച്ചു. ആര്ച്ചു ബിഷപ്പിനെ കാണാനാണെന്ന് ഞാന് ഇംഗ്ലീഷില് മറുപടി നല്കി. കൈ എന്റെ നേരെ നീട്ടി ഇതാ ഞാന് എന്നദ്ദേഹം പറഞ്ഞപ്പോള് ഞാന് അമ്പരന്നുപോയി. വല്ല മാനസിക അസുഖമുള്ള ആളായിരിക്കുമോ? ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോള് കൈവിരലില് മോതിരം കണ്ടു. ആര്ച്ചുബിഷപ് തന്നെയാണതെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു.
എന്താണു പ്രശ്നമെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. വളരെ സ്നേഹത്തോടെയുള്ള അന്വേഷണം. സുവ്യക്തമായ ഇംഗ്ലീഷ്. അതു ഞാന് പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ ജര്മ്മന്കാര് ഇംഗ്ലീഷ് പറഞ്ഞാലും ഉച്ചാരണം മനസ്സിലാക്കാന് കുറച്ചു ബുദ്ധിമുട്ടാണ്. ഇത് സുന്ദരവും ലളിതവുമായ ഇംഗ്ലീഷാണ്.
നാട്ടില് അപ്പനു രോഗമാണെന്നു ഞാന് പറഞ്ഞു. ഉടനെ അദ്ദേഹത്തിന്റെ മുഖം കാണണമായിരുന്നു. ആ അവസ്ഥ അദ്ദേഹം പൂര്ണ്ണമായും ഉള്ക്കൊണ്ടുകഴിഞ്ഞിരുന്നു. 'പിതാവിനു രോഗമാണോ? അച്ചനു വീട്ടില് പോകണോ?' അദ്ദേഹം ചോദിച്ചു. എങ്ങനെ അങ്ങോട്ടു പറയും എന്നു ഞാന് മടിച്ചും പേടിച്ചും കരുതിയിരുന്ന ആവശ്യം ആര്ച്ചുബിഷപ് ഇങ്ങോട്ടു പറയുകയാണ്. 'അങ്ങു സമ്മതിക്കുകയാണെങ്കില് പോകണമെന്നുണ്ട്' എന്നു ഞാന് പറഞ്ഞു. 'എനിക്കു പൂര്ണ്ണസമ്മതമാണ്' എന്നദ്ദേഹം ഉടനെ പറഞ്ഞു. 'അച്ചനൊരു പിതാവേയുള്ളൂ. ഏതു വിധത്തിലും അച്ചന് വീട്ടില് പോകണം. ആവശ്യത്തിനുള്ള പണം അച്ചന്റെ കൈയിലുണ്ടോ?' ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ തിടുക്കത്തിലുള്ള വാക്കുകള്. ഒരിക്കലും എനിക്കു മറക്കാനാകാത്ത വാക്കുകള്. അദ്ദേഹത്തിന്റെ കരുതല് അപാരമായിരുന്നു.
അതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരാളായിരുന്നല്ലോ ഞാന്. പിന്നീടാണു ഞാന് മനസ്സിലാക്കുന്നത്, അദ്ദേഹത്തിനു കേരളത്തെ അറിയാമായിരുന്നുവെന്നും നൂറോളം മലയാളി വിദ്യാര്ത്ഥികളെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടെന്നും. റേഗന്സ്ബുര്ഗില് നിരവധി മലയാളി വൈദികര് അദ്ദേഹത്തിനു കീഴില് ഡോക്ടറേറ്റ് എടുത്തിരുന്നു. എന്നെ കണ്ടപ്പോള് കേരളത്തില് നിന്നാണെന്ന് ഒരുപക്ഷേ അദ്ദേഹം മനസ്സിലാക്കിയിരുന്നിരിക്കണം. പക്ഷേ അപ്പോള് ഇതൊന്നും എനിക്കറിയില്ലായിരുന്നു.
എന്റെ മനസ്സ് തണുത്തു. കാശ് എനിക്കാവശ്യമില്ലായിരുന്നു. അതു പറഞ്ഞു. എന്നിട്ടും എന്തോ പറയാനുണ്ടെന്ന മട്ടില് ഞാന് നിന്നപ്പോള് ഇനിയുമെന്താണാവശ്യമെന്ന് അദ്ദേഹം ചോദിച്ചു. ചാര്ജെടുത്ത പള്ളിയില് വേറെ അച്ചന്മാരില്ല എന്നതായിരുന്നു എന്റെ പ്രശ്നം. യൂറോപ്പിലെ സ്ഥിതി എനിക്കറിയാമല്ലോ. അപ്രതീക്ഷിതമായി ഒരു വൈദികന് അവധിയില് പോയാല് പകരം ഒരച്ചനെ കണ്ടെത്തുക എളുപ്പമല്ല. അതു പറഞ്ഞപ്പോള് അദ്ദേഹം പറഞ്ഞു, 'അത് എന്റെ പ്രശ്നമാണ്, അച്ചന്റെ പ്രശ്നമല്ല. അച്ചന് സമാധാനമായി പോകൂ.'
അതോടെ എനിക്കു വലിയ ആശ്വാസമായി. ഞാന് നാട്ടിലേക്കു പോന്നു. വീട്ടിലെത്തി പത്തു ദിവസത്തോളം അപ്പന്റെ കൂടെ താമസിക്കാന് പറ്റി. അപ്പനു വേണ്ടി കുര്ബാന ചൊല്ലി. അതിനു ശേഷം അപ്പന് മരിച്ചു. തുടര്ന്നുള്ള അനുസ്മരണചടങ്ങുകളൊക്കെ കഴിഞ്ഞു ഞാന് തിരിച്ചു ജര്മ്മനിയിലെത്തി. അപ്പോള് കേള്ക്കുന്നു, വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷനായി കാര്ഡിനല് റാറ്റ്സിംഗറെ നിയമിച്ചിരിക്കുന്നുവെന്ന്. സന്തോഷമായി.
പിന്നീടു പഠനം തുടരാനായി ഞാന് റോമിലെത്തി. അവിടെ സെന്റ്. പീറ്റേഴ്സ് ബസിലിക്കയുടെ മുന്നില് മൈതാനത്ത് ഞങ്ങള് കൂട്ടുകാരുമൊത്തു പോയി വര്ത്തമാനം പറഞ്ഞിരിക്കാറുണ്ട്. ലോകം മുഴുവന് അവിടെയിരുന്നാല് കാണാമല്ലോ. ഒരു ദിവസം അങ്ങനെയിരിക്കെ ഒരാള് പറഞ്ഞു, ആ പോകുന്നത് റാറ്റ്സിംഗറാണ്. കണ്ടയുടനെ ഞാനോടി ചെന്നു. പരിചയമുള്ളയാളാണല്ലോ. നേരെ അടുത്തു ചെന്നു ഗുഡ്മോണിംഗ് പറഞ്ഞു. നിങ്ങള് കേരളത്തില് നിന്നല്ലേ എന്നായിരുന്നു ഉടനുള്ള അദ്ദേഹത്തിന്റെ മറുപടി. രണ്ടു കൈയിലും പുസ്തകങ്ങളുണ്ടായിരുന്നു. താമസിക്കുന്ന മുറിയില് നിന്നു കുറച്ചകലെയുള്ള ഓഫീസിലേക്ക് എന്നും നടന്നാണ് അദ്ദേഹം പോകുക. പുസ്തകങ്ങള് ഞങ്ങള് വാങ്ങി. അദ്ദേഹത്തിനൊപ്പം വിശ്വാസകാര്യാലയത്തിന്റെ ഓഫീസില് പോയി, പുസ്തകങ്ങളെല്ലാം അവിടെ വച്ചു. കുറച്ചു നേരം അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മെ മറ്റൊരു തലത്തിലേക്ക് ഉയര്ത്തുന്നതായിരുന്നു. പിന്നീടും പലപ്പോഴും അദ്ദേഹവുമായി സംസാരിക്കാനിടയായിട്ടുണ്ട്.
ജോണ് പോള് രണ്ടാമന് മാര് പാപ്പയുടെ ദൈവശാസ്ത്ര നിലപാടുകളുടെയെല്ലാം അടിത്തറ റാറ്റ്സിംഗറായിരുന്നു. ജോണ് പോള് രണ്ടാമന്റെ മൃതദേഹസംസ്കാരശുശ്രൂഷയില് അദ്ദേഹം നടത്തിയ മനോഹരമായ സുവിശേഷപ്രസംഗം ഇന്നും ഞാനോര്ക്കുന്നു.
നോമ്പുകാലം
മാർപ്പാപ്പയുടെ കുമ്പസാരം
നോമ്പുകാലം
ഫലദായകമയ ഉപവാസം
ആന്മവിശ്വാസം ഉണ്ടാവാൻ
സ്നേഹപൂർവ്വം.....
നോമ്പും ഉപവാസവും