കുട്ടികൾ അച്ചടക്കത്തോടെ നല്ല രീതിയിൽ വളർന്നു വരണമെങ്കിൽ നല്ല ശിക്ഷണം വേണമെന്നാണ് പണ്ടത്തെ ആളുകൾ പറയുന്നത്. എന്നാൽ, സാഹചര്യങ്ങൾ ഇന്ന് പഴയ പോലെയല്ല. പണ്ടത്തെ പോലെ ഒരു വടിയെടുത്ത് കുട്ടിയെ തല്ലി പഠിപ്പിക്കുന്നത് ഇന്ന് ശരിയായ രീതിയാണോ?
ഏതൊരു മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ എന്തെങ്കിലും തെറ്റുകൾ ചെയ്യുന്നത് കാണുമ്പോൾ അവരെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഒരു രക്ഷകർത്താവ് എന്ന നിലയിൽ നമ്മുടെ കുട്ടികൾ ശരിയായി ചിന്തിക്കണമെന്നും നല്ല കാര്യങ്ങൾ ചെയ്യണമെന്നും നാം ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികൾക്ക് വേണ്ട കാര്യങ്ങൾ നൽകികൊണ്ട് അവരെ നല്ല മനുഷ്യരാക്കി മാറ്റാൻ നാമെല്ലാം കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. കുട്ടികൾ ഏതെങ്കിലും തരത്തിൽ തെറ്റുകുറ്റങ്ങളും കുരുത്തക്കേടുകളും കാണിക്കുമ്പോൾ എല്ലാ മാതാപിതാക്കളുടേയും പിടി വിട്ടു പോവുകയും പെട്ടെന്നുണ്ടാവുന്ന ദേഷ്യത്തിൽ കുട്ടിയെ ശകാരിക്കുകയും ശിക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യാറ് പതിവാണ്.
പണ്ടത്തെ പോലെ കുട്ടികളെ വടിയെടുത്തു തല്ലുന്നതു പോലുള്ള ശിക്ഷാനടപടികൾ ചിലപ്പോൾ ഒരുപക്ഷേ ലക്ഷ്യത്തെ പിന്നോട്ട് നയിക്കുന്ന കാര്യങ്ങളാകാം. ഇത്തരം രീതികൾ പലപ്പോഴും നിങ്ങൾക്ക് ഉടനടി ഫലങ്ങൾ നൽകുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, ഇത് ദോഷകരമായി മാറുന്നു.
ഇന്ന് കുട്ടികൾ നമ്മളെക്കാൾ അറുവുള്ളവരാണ്. അവരിൽ നിന്നും പഠിക്കാൻ നമുക്ക് ഒരുപാടുണ്ട്. മുതിർന്നവർ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതുന്നത് ഇന്ന് വെറും തെറ്റിദ്ധാരണയാണ്. പണ്ട് നമ്മൾ വളർന്നപ്പോലുള്ള കാലഘട്ടമല്ല, ഇന്ന് അവർ മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും കണ്ടും കേട്ടും നമ്മുടെ ചുറ്റുപാടുമുള്ളത് നമ്മളിലും വേഗത്തിൽ അറിയുന്നു. അവർ നമുക്ക് പകർന്നു തരുന്ന അറിവുകളെ തുച്ഛമായി കാണാതെ അവർ പറയുന്ന കാര്യങ്ങളെ നാം അംഗീകരിക്കണം. അതിലൂടെ അവർക്ക് തന്റെ മാതാപിതാക്കളിലേക്ക് എളുപ്പത്തിൽ ആശയങ്ങൾ പങ്കുവെയ്ക്കുവാൻ സാധിക്കുന്നു. തന്നെ അംഗീകരിക്കുന്നു എന്ന് കുട്ടികൾക്കു തോന്നിയാൽ അവർ പിന്നീട് അവർ കടന്നുപോകുന്ന സന്തോഷങ്ങളിലും സങ്കടങ്ങളിലും നിങ്ങളെയും പങ്കാളിയാക്കും.
മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ആഗ്രഹിക്കുന്നത് അവരുടെ ഒരു നല്ല പ്രവർത്തിക്ക് അല്ലെങ്കിൽ നല്ല പെരുമാറ്റ രീതികൾക്ക് പ്രതിഫലങ്ങളും പാരിദോഷികങ്ങളും ലഭിക്കുമെന്നും മോശം പെരുമാറ്റതികൾക്ക് ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്നുമാണ്. എന്നാൽ ഇത്തരമൊരു ചിന്താഗതി ചെറുപ്പം മുതൽ നൽകുന്നത് നിങ്ങളുടെ കുട്ടികളെ നല്ലതിനേക്കാൾ കൂടുതൽ ദോഷകരമായി ബാധിക്കാനുമുള്ള സാധ്യതയുണ്ട്. ഒരുപക്ഷേ സൗമ്യമായ ശിക്ഷകളാണ് നിങ്ങൾ അവർക്ക് നൽകുന്നതെങ്കിൽ പോലും പല സാഹചര്യങ്ങളിലും ഇത് നിങ്ങളെ ശരിക്കും സഹായിച്ചില്ല എന്ന് വരാം. ഒരു രക്ഷകർത്താവ് എന്ന നിലയിൽ, പെട്ടെന്നുണ്ടാകുന്ന നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുകയും നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിന് എവിടെയാണ് തെറ്റ് പറ്റിയതെന്ന് കണ്ടെത്തി അതവരെ സമഗ്രതയോടെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള ക്ഷമയും ശക്തിയും ഉണ്ടാവണം.
കുട്ടികളുടെ പ്രവർത്തികൾക്ക് ശിക്ഷകൾ നൽകാൻ തുനിന്നതിന് മുൻപ് ശരിയായ രീതിയിൽ നിങ്ങളുടെ കുട്ടിയുമായി ആശയവിനിമയം നടത്തുകയും കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള മുൻകൈ എടുക്കുകയും വേണം. കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോൾ പട്ടാളച്ചിട്ടയും അമിത ലാളനയും ഒരുപോലെ അപകടകരമാണ്. സ്‌നേഹവും ശാസനയും കൂടിച്ചേർന്ന പാരന്റിംഗ് രീതിയാണ് ഫലപ്രദം. അച്ചടക്കം പഠിപ്പിക്കാനായി സ്നേഹം കുട്ടികൾക്ക് നിഷേധിക്കുന്നതും അമിത സ്‌നേഹവും ലാളനയും നൽകി ജീവിതത്തിനാവശ്യമായ അച്ചടക്കശീലങ്ങൾ അവരെ പരിശീലിപ്പിക്കാതിരിക്കുന്നതും ദോഷകരമാണ്. സ്നേഹവും ശാസനയും ശരിയായ ആനുപാതത്തിൽ ക്രമീകരിക്കാനും കുഞ്ഞുങ്ങളിലേക്ക് പകരാനും മാതാപിതാക്കൾ പരിശീലിക്കേണ്ടതുണ്ട്.
നിങ്ങൾ കുട്ടികളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോൾ വാക്കുകൾ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് മനസിലാക്കുക. ഒപ്പം അവർ കേൾക്കെ നിങ്ങൾ ചുറ്റുപാടും സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളിലും ശ്രദ്ധയുണ്ടാകണം.
ആധിപത്യമോ ശിക്ഷയോ ഇല്ലാതെ തന്നെ ശരിയും തെറ്റും എങ്ങനെ വേർതിരിച്ചറിയണമെന്ന അറിവ് നിങ്ങളുടെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത് പ്രധാനമാണ്. പെട്ടെന്ന് തോന്നുന്ന കോപത്താൽ പരുഷമായ വാക്കുകളോ അവരുടെ മേൽ ചൊരിയാതെ യുക്തിയോടെ നിങ്ങളുടെ കുട്ടിയോട് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടി ഉണ്ടാക്കിയ എന്തെങ്കിലും കുഴപ്പങ്ങളെ യുക്തിപൂർവം ചിന്തിച്ചുകൊണ്ട് അവരോട് തന്നെ പരിഹരിക്കാൻ ആവശ്യപ്പെടുക. അതിനുവേണ്ട സഹായങ്ങൾ നിങ്ങൾക്ക് ചെയ്തു കൊടുക്കാം.
അതുപോലെ തന്നെ പരീക്ഷാ ഫലങ്ങളുടെ സമയം കൂട്ടികളെ സമ്മർദത്തിലാക്കുന്ന അവസരമാണ്. അതുകൊണ്ട് മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ കുട്ടികൾക്കായി കൂടെ നിൽക്കേണ്ടത് പ്രധാനമാണ്, പ്രതേകിച്ച് ഫലങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ലെങ്കിൽ. ആദ്യം, നിങ്ങളുടെ പിന്തുണയും സ്വീകാര്യതയും അവർക്ക് നൽകുക. പരീക്ഷാഫലങ്ങൾ ലോകാവസാനമല്ലെന്ന് നിങ്ങളുടെ കുട്ടികളെ മനസിലാക്കാൻ സഹായിക്കുകയും അവർ കടന്നുപോകുന്ന സമയത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ അവരെ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രണ്ടാമതായി, കാര്യങ്ങൾ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാൻ അവരെ സഹായിക്കുക. തീരുമാനങ്ങളെടുക്കാൻ തിരക്കുകൂട്ടേണ്ട ആവശ്യമില്ല, പകരം, എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാനും അവരുടെ ലക്ഷ്യങ്ങൾ നേടാനുള്ള വഴികൾ കണ്ടത്താനും സഹായിക്കാനാകും.
കുട്ടികളുടെ പ്രാഥമികാവശ്യം പോലും ചോദിച്ചറിയാൻ നേരമില്ലാത്ത അല്ലെങ്കിൽ അതിനു കഴിയാത്ത ഒരു പാരന്റിംഗ് സംവിധാനമാണ് ഇന്നുള്ളത്. ഒരു പക്ഷെ കുട്ടികൾ വഴി തെറ്റാനുള്ള ഒന്നാമത്തെ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് രക്ഷിതാക്കളുടെ അശ്രദ്ധയാണ്. തങ്ങളെ ആർക്കും വേണ്ടായെന്ന കുട്ടികളിലുണ്ടാകുന്ന ചിന്ത അവരെ മറ്റ് വഴികൾ തേടാൻ പ്രേരിപ്പിക്കുന്നു. മക്കളോട് കടലോളം സ്നേഹമുള്ള മാതാപിതാക്കളാണ് നിങ്ങളെങ്കിലും അവർക്കൊപ്പം സമയം ചെലവിടാൻ നിങ്ങൾക്ക് പറ്റാതെ വരുമ്പോൾ ആ സ്‌നേഹം കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെയാകും. മക്കൾക്കായി നിങ്ങൾ ഒരുക്കി നല്ലന്ന സൗകര്യങ്ങളേക്കാൾ അവർ കൊതിക്കുന്നത് നിങ്ങളുടെ സാമീപ്യമാവും. നിങ്ങളുടെ പണത്തേക്കാൾ അവർ നിങ്ങളെ സ്‌നേഹിക്കണമെങ്കിൽ അവർക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തണം. നിങ്ങളുടെ സാമീപ്യവും നിർദേശങ്ങളും അവരെ കൂടുതൽ ഫലപ്രദമായി ലക്ഷ്യത്തിലേക്ക് അടുപ്പിക്കും. തിരക്കുകൾക്കിടയിലും കുട്ടികൾക്കായി മാതാപിതാക്കൾ സമയം കണ്ടെത്തി അവരുടെ കാര്യങ്ങൾ കേൾക്കുകയാണെങ്കിൽ അത് കുട്ടികളിലുണ്ടാകുന്ന സമ്മർദ്ദങ്ങളെ ഒരു പരിധി വരെ കുറക്കാൻ സാധിക്കും.
കുട്ടികൾക്ക് അവരുടെ സ്വന്തം വ്യക്തിത്വം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുക എന്നതാണ് ഏറ്റവും മികച്ച പാരന്റിംഗ് ടിപ്പ്. പ്രായത്തിനൊത്തുള്ള ഉത്തരവാദിത്തങ്ങൾ മക്കളെ തന്നെ ഏൽപ്പിക്കുക. പുസ്തകങ്ങൾ അടുക്കി വെക്കുന്നതും, കിടക്ക വിരിക്കുന്നതും, റൂം വൃത്തിയാക്കുന്നതും ചെടി നനയ്ക്കുന്നതും എല്ലാം കുട്ടികളുടെ ചുമതല ആക്കി മാറ്റുക. മുതിർന്ന കുട്ടികൾക്ക് അവരുടെ പ്രായത്തിനൊത്ത മറ്റു ജോലികളും നൽകുക. പതിയെ പതിയെ അവരിൽ ചുമതല ബോധം ഉടലെടുമെന്നുള്ളതിൽ യാതൊരുസംശയവും വേണ്ട. പരാജയവും വിജയം പോലെ തന്നെ ജീവിതത്തിന്റെ ഭാഗമാണെന്ന് കുട്ടികളെ പഠിപ്പിക്കുക. വിജയത്തെ അഭിനന്ദിക്കുന്നത് പോലെ തന്നെ പരാജയത്തെ ധീരതയോടെ നേരിടാൻ കുരുന്നുകളെ സജ്ജരാക്കുക... ഒരിക്കലും തോൽക്കാത്തവൻ ഒന്നും ചെയ്യാത്തവനാണെന്ന് അവർ പഠിക്കട്ടെ.
വിശുദ്ധ കൊച്ചു ത്രേസ്യ,
ദിവ്യകാരുണ്യം അതൊരു അനുഭവമാണ്
മെൽക്കിസെദെക്കിന്റെ ബലി
വേദനയുടെ താഴ്വരയില്
എപ്പിഫനി അഥവാ ദനഹ : ജനുവരി 6
സ്നേഹപൂർവ്വം.....
നല്ലോർമ്മകളാക്കാൻ