ദിവ്യകാരുണ്യം അതൊരു അനുഭവമാണ്

22,  Mar   

ദിവ്യകാരുണ്യം അതൊരു അനുഭവമാണ്


ദിവ്യകാരുണ്യം അതൊരു അനുഭവമാണ് അത് ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം ലഭിക്കുന്ന ഒരു പ്രത്യേക കൃപാവരം. ഈശോ, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ അപ്പം എടുത്ത് ആശീർവദിച്ചു, മുറിച്ച്, ശിഷ്യന്മാർക്ക് നൽകി അങ്ങനെ സ്നേഹത്തിൻറെ ഏറ്റവും വലിയ അടയാളമായി പരിശുദ്ധ കുർബാന സ്ഥാപിച്ചു. മിശിഹാ പീഡാനുഭവ മരണ ഉത്ഥാനങ്ങളിലൂടെ കടന്നുപോയി മനുഷ്യരോടു കൂടി ആയിരിക്കുവാൻ,  മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ ഏറ്റവും വലിയ അടയാളമായി വിശുദ്ധ കുർബാന സ്ഥാപിച്ചു. കാരുണ്യമായി, അതായത് ദിവ്യകാരുണ്യമായി മിശിഹാ നമ്മോടെത്ത് വസിക്കുന്നു

ദിവ്യകാരുണ്യം  സ്വീകരിക്കുന്നവർ മിശിഹായോട് കൂടുതൽ ഗാഢമായി ഐക്യപ്പെടുന്നു. ദിവ്യകാരുണ്യം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന സഭാ സമൂഹം മിശിഹായുടെ ഏക ശരീരത്തിൽ ഐക്യപ്പെടുന്നു. കറയോ കളങ്കവുമോ ഇല്ലാത്തകുഞ്ഞാടിന്റെ രക്തത്താൽ സംരക്ഷിക്കപ്പെട്ടതാണ് നമ്മുടെ സഭ. ഈ സഭയിൽ മനുഷ്യൻ്റെ സന്തോഷത്തിനും സമാധാനത്തിനും ജീവൻ്റെ വളർച്ചയ്ക്കും വേണ്ടി ദിവ്യകാരുണ്യമായി മിശിഹാ കൂടെ വസിക്കുന്നു.
ഒരു പൗരാണിക പ്രാർത്ഥനയിൽ ദിവ്യകാരുണ്യ രഹസ്യത്തെക്കുറിച്ച് സഭ ഇങ്ങനെ പ്രഘോഷിക്കുന്നു. ഓ വിശുദ്ധമായ വിരുന്നേ! നിന്നിൽ ക്രിസ്തു ഭക്ഷണമായി സ്വീകരിക്കപ്പെടുന്നു. അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ നവീകരിക്കപ്പെടുന്നു, മനസ്സ് കൃപാവരം കൊണ്ട് നിറയുന്നു. വരുവാനുള്ള ജീവിതത്തിൻ്റെ അച്ചാരം നമുക്ക് നൽകപ്പെടുന്നു. ദിവ്യകാരുണ്യം കർത്താവായ ഈശോമിശിഹായുടെ പെസഹായുടെ അനുസ്മരണം ആണെങ്കിൽ ബലിപീഠത്തിനുള്ള നമ്മുടെ ദിവ്യകാരുണ്യ സ്വീകരണം വഴി എല്ലാ സ്വർഗീയ അനുഗ്രഹങ്ങളും കൃപാവരങ്ങളും കൊണ്ട് നമ്മെ പൂരിതരാക്കുന്നുവെങ്കിൽ ദിവ്യകാരുണ്യം സ്വർഗീയ മഹത്വത്തിന് ഒരു മുന്നാസ്വാദനമാണ്.

പീഡാസഹനത്തിന് തലേരാത്രിയിൽ അവിടുന്ന് അപ്പം എടുത്ത് വീഞ്ഞ് നിറച്ച കാസയും എടുത്ത് സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി വാഴ്ത്തി വിഭജിച്ച് ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് വിശുദ്ധ കുർബാന സ്ഥാപിച്ചു. ഇത് മിശിഹായുടെ  മഹത്വപൂർണ്ണമായ പ്രത്യഗമനം വരെ തുടർന്നുകൊണ്ട് പോകുന്നു. സൃഷ്ടിയുടെ മകുടമായ മനുഷ്യൻ സൃഷ്ടാവിന്റെ മുൻപിൽ തൻ്റെ യാചനകൾ എല്ലാ സമർപ്പിച്ച് ഓരോ വിശുദ്ധബലിയിലും പ്രാർത്ഥിക്കുമ്പോൾ അവൻ്റെ ഓരോ പ്രാർത്ഥനകൾക്കും അവൻ്റെ ഓരോ നെടുവീർപ്പുകൾക്കും കാരുണ്യത്തിന്റെ ഉത്തരം ലഭിക്കുന്നു ഇത് ഒരു വലിയ സത്യമാണ്. പറഞ്ഞാൽ വിശ്വസിക്കാനാവാത്ത സത്യം.

കേട്ടു മറന്ന ഒരു കഥയുണ്ട് അത് ഇപ്രകാരമാണ് .ആഴമായ ദിവ്യകാരുണ്യഭക്തിയുണ്ടായിരുന്ന വിശുദ്ധനായിരുന്നു, പാദുവായിലെ വി. അന്തോണീസ്. പരിശുദ്ധകുര്‍ബാനയില്‍ ഈശോമിശിഹാ സത്യമായും സന്നിഹിതനായിരിക്കുന്നു എന്ന് അദ്ദേഹം ഉറപ്പോടെ വിശ്വസിച്ചിരുന്നു. എന്നാല്‍ റിമിനി എന്ന സ്ഥലത്ത് ദിവ്യകാരുണ്യത്തിലെ ഈശോ മിശിഹായുടെ സാന്നിധ്യത്തില്‍ വിശ്വസിക്കാത്ത ഒരാളുണ്ടായിരുന്നു. ബോണോനില്ലോ എന്നായിരുന്നുഅയാളുടെ പേര്. ദിവ്യകാരുണ്യത്തെ ആരാധിക്കുവരെ അയാള്‍ പരിഹസിക്കുക കൂടി ചെയ്തിരുന്നു.

ഇക്കാര്യം വി. അന്തോണീസ് അറിഞ്ഞു. തനിക്ക് ആവുന്ന വിധത്തിലെല്ലാം ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യത്തെ കുറിച്ച് ബോണോനില്ലോയെ ബോധ്യപ്പെടുത്താന്‍ വിശുദ്ധന്‍ പരിശ്രമിച്ചു. എന്നാല്‍ അയാള്‍ വിശ്വസിക്കുകയില്ല എന്ന് വാശി പിടിച്ചു നിന്നു. അവസാനം, വിശുദ്ധന്‍ ഒരു ഉപായം മുന്നോട്ട് വച്ചു. ബോണോനില്ലോയുടെ കോവര്‍ കഴുത വന്ന് ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ വണങ്ങിയാല്‍ വിശ്വസിക്കുമോ എന്നായി വിശുദ്ധന്റെ ചോദ്യം. അത് സമ്മതിച്ച ബോണോനില്ലോ ഒരു കാര്യം കൂടി ചെയ്തു. മൂന്ന് ദിവസം തന്റെ കോവര്‍കഴുതയെ അയാള്‍ പട്ടിണിക്കിട്ടു. മൂന്നാം ദിവസം ഒരു വശത്ത് വി. കുര്‍ബാനയും മറുവശത്ത് ഒരു കെട്ട് വയ്‌ക്കോലും വയ്ക്കും. കഴുത എന്ത് സ്വീകരിക്കും എന്നതിനെ അനുസരിച്ച് താന്‍ വിശ്വസിക്കാം എന്നതായിരുന്നു, ബോണോനെല്ലോ സ്വീകരിച്ച കരാറ്.

വി. അന്തോണീസ് മൂന്നു ദിവസം ഉപവാസം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. അങ്ങനെ ആ ദിവസം എത്തി. ഒരു വശത്ത് വി. കുര്‍ബാനയും കൈയിലേന്തി വിശുദ്ധന്‍ നിന്നു. മറുവശത്ത് വൈക്കോലും വച്ചു. വിശന്നു പൊരിഞ്ഞ കോവര്‍കഴുത വൈക്കോലിന്റെ അടുത്തേക്ക് ഓടും എന്നായിരുന്നു ബോണോനെല്ലോ കരുതിയത്. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് കോവര്‍ കഴുത നേരെ വിശുദ്ധന്റെ പക്കലേക്ക് ചെന്നു. മുന്‍കാലുകള്‍ മടക്കി, ആ ജീവി, വി. കുര്‍ബാനയെ പ്രണമിച്ചു! അത് കണ്ട് വിസമയിച്ച ബോണോനെല്ലോ പരിശുദ്ധ കുര്‍ബാനയ്ക്കു മുന്നില്‍ സാഷ്ടാംഗം വീണു. 

മനുഷ്യൻ്റെ ബുദ്ധിക്കോ മനുഷ്യൻ്റെ ചിന്തകൾക്കോ അതീതമായ വലിയൊരു അത്ഭുത ശക്തിയാണ് ഈ ദിവ്യകാരുണ്യം.......... അത് അനുഭവിക്കുനേ അതിൻ്റെ മാധുര്യം അറിയൂ......എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും. യോഹന്നാൻ 6: 56 മിശിഹായുടെ ശരീരം ഉൾക്കൊള്ളുന്നവനിൽ മിശിഹായുടെ സ്നേഹം കുടികൊള്ളുന്നു .മിശിഹായുടെ സ്നേഹം നമ്മെ ഉണർവുള്ളവരാക്കുന്നു.ജെറുസലേമിലും അതിൻ്റെ സമീപപ്രദേശങ്ങളിലും ചുറ്റിനടന്ന്, ഓടിനടന്ന് , നന്മ ചെയ്ത ആ യുവാവിന്റെ രക്തം നമ്മുടെ സിരകളെയും ത്രസ്സിപ്പിക്കും.

പെസഹായ്ക്ക് ശേഷമുള്ള ഉത്ഥാനാനുഭവം തന്നെയാണ് ദിവ്യകാരുണ്യഅനുഭവം. ഈ ഉത്ഥാനാനുഭവം സഭയുടെ വിശ്വാസത്തിൻ്റെ അടിസ്ഥാനമാണ്. പൊട്ടി നുറുങ്ങിയ മനസ്സുമായി ബലി പീഠത്തിനരുകിൽ അണയുമ്പോൾ... കണ്ണിൽ നിന്ന് അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ ദിവ്യകാരുണ്യത്തിനു മുമ്പിൽ തളം കെട്ടിക്കിടക്കുമ്പോൾ കാരുണ്യമായ മിശിഹാ ഉത്ഥാനത്തിൻ്റെ മഹാരഹസ്യം തന്ന് നമ്മെ ആശ്വസിപ്പിക്കുന്നു. ദിവ്യകാരുണ്യത്തെ സമീപിച്ചവന് കിട്ടുന്ന ആനുകൂല്യമാണിത് .......... അല്ലയോ വായനാക്കാരാ ദിവ്യകാരുണ്യം നിൻ്റെ ജീവനാഢിയാകട്ടെ ..........


Related Articles

വാഗ്ദാന പേടകം

ലേഖനങ്ങൾ

സന്ന്യസ ജീവിതം

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top