ഫാ. മരിയദാസ് പാലാട്ടി
ജ്ഞാനസ്നാനം അഥവാ മാമ്മോദീസ ഒരു ക്രൈസ്തവനെ സംബന്ധിച്ച് പ്രഥമ കൂദാശയാണ്. ഇതുവഴി ഒരാൾ യേശുക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുകാരാകുന്നു. ഈ കൂദാശ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമാണ്. ജ്ഞാനസ്നാനം സ്വീകരിക്കുന്ന വ്യക്തി വിശ്വാസജീവിത തീർത്ഥാടനത്തിൽ വിശുദ്ധ കുർബാന സ്വീകരിച്ച് അന്ത്യത്തോളം ആ യാത്ര തുടരുകയും വേണം.
""മാമ്മോദീസായും വിശുദ്ധ കുർബാനയും യേശു സ്ഥാപിച്ച വ്യത്യസ്തങ്ങളായ രണ്ടു കൂദാശകളാണ്. എന്നാൽ ഇവ രണ്ടും ഏറ്റവും അടുത്ത് ബന്ധമുള്ളവയുമാണ്. ക്രൈസ്തവ ജീവിതത്തിന്റെ മുഴുവൻ അടിസ്ഥാനമാണ് വിശുദ്ധ മാമ്മോദീസ. ആത്മീയ ജീവനിലേക്ക് പ്രവേശിക്കുവാനുള്ള കവാടവും മറ്റ് കൂദാശകളെ സ്വീകരിക്കുവാനും സമീപിക്കുവാനുമുള്ള വാതിലുമാണ്.'' (CCC 1213)
മാമ്മോദീസ രക്ഷയ്ക്ക് അനിവാര്യമാണെന്ന് യേശു തന്നെ പറയുന്നുണ്ട്.
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. (യോഹന്നാന്‍ 3 : 5)
മാമ്മോദീസയല്ലാതെ ശാശ്വത സൗഭാഗ്യത്തിലേക്ക് പ്രവേശനം ഉറപ്പുവരുത്തുന്ന മറ്റൊരു കൂദാശയെക്കുറിച്ച് സഭ പറയുന്നില്ല.
ഇതിൽ നിന്നും ഒരു വസ്തുത വ്യക്തമാകുന്നു. മാമ്മോദീസ നിത്യരക്ഷയിലേക്കുള്ള മാർഗ്ഗമാകുമ്പോൾ വിശുദ്ധ കുർബാന നിത്യരക്ഷയുടെ അച്ചാരമാകുന്നു. രക്ഷയുടെ മുഴുവൻ അനുഭവവും സാംശീകരിക്കപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബാന. മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തി വിശുദ്ധ കുർബാനയിലൂടെയാണ് രക്ഷയുടെ സൗഭാഗ്യം കണ്ടെത്തുക. ഒന്ന് വാതിലും മറ്റേത് രക്ഷയുടെ അനുഭവവും. എന്നാൽ മാമ്മോദീസാ സ്വീകരിക്കാതെ തന്നെ വിശ്വാസത്തിനുവേണ്ടി മരുക്കുന്നവർ ക്രിസ്തുവിനു വേണ്ടിയും ക്രിസ്തുവിനോടുകൂടെയുള്ള അവരുടെ മരണം വഴി മാമ്മോദീസ സ്വീകരിക്കുന്നുവെന്ന ചിന്ത സഭയ്ക്ക് എന്നും ഉണ്ടായിരുന്നു. രക്തത്താലുള്ള മാമ്മോദീസാ, ആഗ്രഹത്താലുള്ള മാമ്മോദീസ, കൂദാശയായിരിക്കാതെ തന്നെ മാമ്മോദീസാ ഫലങ്ങൾ പുറപ്പെടുവിക്കുന്നു. (CCC 1258)
ദിവ്യകാരുണ്യം സഭയെ നിർമ്മിക്കുന്നു.
വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ ക്രിസ്തുവിനോട് ഗാഢമായി ഒന്നായിത്തീരുന്നു. അതിനാൽ ക്രിസ്തു എല്ലാ വിശ്വാസികളെയും സഭയാകുന്ന ഏക ശരീരത്തിൽ ഒന്നിപ്പിക്കുന്നു. മാമ്മോദീസ വഴി യാഥാർത്ഥ്യമായി കഴിഞ്ഞ സഭയിലേക്കുള്ള പ്രവേശനം, ദിവ്യകാരുണ്യം നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാമ്മോദീസയിലൂടെ സഭ ഏക ശരീരമാകാൻ വിളിക്കപ്പെടുന്നു. വിശുദ്ധ കുർബാന ഈ വിളി പൂർണ്ണമായും നിറവേറ്റുന്നു. യേശു മാമ്മോദീസ വഴി മനുഷ്യവംശത്തെ ശുദ്ധീകരിച്ചു; തന്റെ പെസഹാരഹസ്യമായ കാൽവരിയാഗം വഴി മനുഷ്യവംശത്തിന് നിത്യ രക്ഷയുടെ വാഗ്ദാനവുമായി. വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ, (1കോറി. 15 : 4, കൊളോ. 2 : 12)
"അങ്ങനെ, അവന്റെ മരണത്തോടു നമ്മെഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്." (റോമാ 6 : 4)
ജ്ഞാനസ്നാനം വഴി നാം അവിടുത്തോട് കൂടി സംസ്കരിക്കപ്പെടുന്നു. അവിടുത്തെ മരണത്തിന്റെ സാദൃശ്യത്തിൽ അവിടുത്തോട് യോജിച്ച് നാം അവിടുത്തെ ഉത്ഥാനത്തിലും സദൃശ്യമായി ദൈവത്തോട് യോജിക്കണം. മാമ്മോദീസ, വിശുദ്ധ കുർബാനയിലേക്കുള്ള വളർച്ചയാണെന്ന് ഇതിൽ നിന്നും വ്യക്തം.
എപ്പിഫനി അഥവാ ദനഹ : ജനുവരി 6
അമലോത്ഭവ മെയ് - ജൂൺ 2024
നോമ്പുകാലം
ഫലദായകമയ ഉപവാസം
ദിവ്യകാരുണ്യം അതൊരു അനുഭവമാണ്
നോമ്പുകാലം