വി.ഫ്രാൻസിസ്: ഹൃദയത്തിൽ സ്വർഗ്ഗത്തെ കണ്ടെത്തിയ നിസ്വൻ

03,  Oct   

വി.ഫ്രാൻസിസ്: ഹൃദയത്തിൽ സ്വർഗ്ഗത്തെ കണ്ടെത്തിയ നിസ്വൻ
ഫാ. ലൂയിസ് പന്തിരുവേലിൽ OFMConv


•    പ്രിയമുള്ളവരെ, വി. ഫ്രാൻസിസിന്റെ ഹൃദയത്തെ മനസിലാക്കാനുള്ള ഒരു എളിയ ശ്രമമാണ് ഇത്.

•    വളരെ വ്യക്തിപരമായ കാര്യം അഭിമാനത്തോടെ പറയട്ടെ (a personal note): ക്രിസ്തുവിനെ പ്രണയിച്ച അസ്സീസിയിലെ ചെറുപ്പക്കാരനെ അടുത്തറിയാൻ ധാരാളം അവസരങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഫ്രാൻസിസിന്റെ സ്വന്തം ജന്മസ്ഥലത്ത് പഠിക്കാനും, മനുഷ്യരോടും,  മൃഗങ്ങളോടും, പക്ഷികളോടും, പ്രകൃതിയോടും ദൈവസ്നേഹത്തെ കുറിച്ച് പാടി നടന്ന അസ്സീസിയിലെ ഓരോ സ്ഥലങ്ങളും, വഴികളും കാൽനടയായി പോകാൻ ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്...!

•    വാക്കുകൾ കൊണ്ടും, പുസ്തകരചന കൊണ്ടൊന്നും പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കാത്തത്ര നിസ്വനിൽ  സൗമ്യനായ നിസ്വനായിരുന്നു അസ്സീസിയിലെ പുണ്യവാൻ. 

•    ഒരുതരത്തിൽ പറഞ്ഞാൽ ഫ്രാൻസിസ് ഒരു പിടിതരാത്ത വിശുദ്ധൻ...! പക്ഷേ ഫ്രാൻസിസിനെ   മനസ്സിലാക്കാൻ ഫ്രാൻസിസിന്റെ ഹൃദയംകൊണ്ട് ചിന്തിച്ചാൽ മതി...! നമ്മുടെ സഭയുടെ സ്ഥാപകൻ എന്നതിനുപരിയായി, അദ്ദേഹത്തെ ഒരു സുഹൃത്തിനെ പോലെ സ്നേഹിക്കാനും അദ്ദേഹത്തിന്റെ ജീവിതശൈലി അകലെയായെങ്കിലും, അനുകരിക്കാൻ എന്നെ പഠിപ്പിച്ചതും ഒക്കെയാണ് നിങ്ങളോട് പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. 

•    എന്തുകൊണ്ടാണ് ലക്ഷക്കണക്കിന് മനുഷ്യരെ ഇന്നും, അദ്ദേഹം താമസിച്ച ആ സ്ഥലവും, ഭൗതിക  സൂക്ഷിച്ച കബറിടവും, ഒക്കെ സന്ദർശിക്കാൻ ഒക്കെ പ്രേരിപ്പിക്കുന്നത്? 

•    ഫ്രാൻസിസ് എന്ന പേര്, ഒരു ജീവിതശൈലിയായി കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി  മാറി. ഇന്നും, ഈ  ജീവിത ശൈലി പിന്തുടരാൻ ധാരാളം ആൾക്കാരെ പ്രേരിപ്പിക്കുന്നു... അദ്ദേഹത്തിന്റെ പേരിൽ ധാരാളം കഥകളും നോവലുകളും എഴുതപ്പെടുന്നു....സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ സ്വന്തം പേര് ഫ്രാൻസിസ് എന്നായി മാറ്റുന്നു. ഫ്രാൻസിസ് എന്താണ് ഈ ലോകത്തോട് ഇന്നും സംവദിക്കുന്നത്?  

 


1. ഉള്ളിലെ വെളിച്ചം തിരിച്ചറിഞ്ഞ ഫ്രാൻസിസ് -  ഫ്രാൻസിസിന്റെ ക്രിസ്തുവാനുഭവം

•    ക്രിസ്തുവാണോ ഞാനാണോ എന്നിൽ വളരുന്നത്?  
•    ഇനിമുതൽ ക്രിസ്തു എന്നിൽ ജീവിക്കുന്നുവെന്ന് പ്രഖാപിച്ച ഒരുവിശുദ്ധനെ നമുക്ക് ബൈബിളിൽ കാണാൻ സാധിക്കും: വി. പൗലോസാണത്... മറ്റൊരു ക്രിസ്തുവായി, ആകൃതിയിൽ, അവനെപ്പോലെ ഇരുന്നവനാണ്, വി. ഫ്രാൻസിസ്.  


•    ഫ്രാൻസിസിന്റെ ജീവചരിത്രകാരൻ ചെലാനോ എഴുതുന്നു, "പുഴുക്കളോട് പോലും അദ്ദേഹത്തിന് ഊഷ്മളമായ സ്നേഹമുണ്ടായിരുന്നു, കാരണം, ക്രിസ്തുവിനെക്കുറിച്ചു പ്രവാചകൻ എഴുതിയ ഈ വാചകം പുഴുവിനെ കാണുമ്പോൾ ഫ്രാൻസിസ് ഓർത്തു: "...ഞാൻ ഒരു പുഴുവാണ്, ഒരു മനുഷ്യനല്ല....മനുഷ്യരുടെ നിന്ദക്കും, വെറുപ്പിനും കാരണമായി...." (Psalm 22,6)  അതുകൊണ്ട്,  വഴിയാത്രക്കാരുടെ കാലുകളിൽ  ചതഞ്ഞരഞ്ഞുപോകാതിരിക്കാൻ വഴിയരികില് അതിനെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുമായിരുന്നു. 


•    ഫ്രാൻസിസിന്, പുഴുക്കളെ ഇഷ്ടമായതുകൊണ്ട്  ഞാൻ ഒരു കഥ പറായാം.  നിങ്ങൾ കേട്ടിട്ടുള്ളതായിരിക്കാം:  സ്വർഗ്ഗത്തിന്റെ വാതിൽ മുട്ടുന്നത് ഒരു പുഴുവാണ്. പുഴുവിന് സ്വർഗ്ഗം നിഷിദ്ധമായിരുന്നു... കഥയിൽ പോലും! 


•    സ്വർഗത്തിന്റെ വാതിലിൽ മുട്ടു കേട്ട് പത്രോസ് പുറത്തിറങ്ങി. പുഴുവിനെ കണ്ടതും, സ്വർഗ്ഗത്തിന്റെ വാതിലടച്ചതും, ഒരുപോലാരുന്നു. തനിക്കു സ്വർഗ്ഗം നിഷിദ്ധമാണെന്ന് കേട്ടപ്പോൾ  സങ്കടത്തോടെ പുറത്തേക്ക് പോയ പുഴുവിനെ കാണുന്നത് ദൈവം തന്നെയാണ്. സ്വർഗത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുനിവേദ്യം പുഴുവിന് നൽകിയിട്ട്, ഭൂമിയിലേക്ക്‌ തന്നെ തിരിച്ചുവിട്ടു.   നീ ഇപ്പൊ തിരിച്ചുപോകൂ ... നിനക്ക് സ്വർഗ്ഗത്തിലേക്ക് ഉയരാൻ ഇനി സാധ്യതകൾ ഏറെയുണ്ട് എന്ന ആശ്വാസവാക്കുകൾ പുഴുവിന് ലഭിച്ചു.  

 


•    അങ്ങനെ പുഴു വീണ്ടും ഭൂമിയിലേക്ക് തിരിച്ചെത്തി...സ്വർഗത്തിൽ നിന്നുള്ള വീഴ്ചയിൽ, ഇടം ലഭിച്ചത്, ഒരു മരച്ചില്ലയിൽ. അവിടെ പറ്റിപിടിച്ചു, സ്വർഗത്തെ ധ്യാനിച്ച് ഒരു മുനിയായി വളർന്നു. ഉള്ളിലെ നിവേദ്യം പുഴുവിനെ ആകെമാറ്റി, തന്റെ ശരീരത്തിലും, മനസ്സിലും, മാറ്റങ്ങൾ ഉണ്ടാകുന്നത് പുഴുവറിഞ്ഞു. 


•    ശരീരത്തിൽ വർണ്ണ പകിട്ടുകളും, ആകാശത്തിന്റെ നീലിമയെ കുറിച്ചുമുള്ള ചിന്തകൾ വരാൻ ആരംഭിച്ചു. അങ്ങിനെ തന്റെ ഉള്ളിൽ ദൈവം നിക്ഷേപിച്ച നിവേദ്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞ പുഴു പുറത്തേക്ക് ചിത്രശലഭമായി രൂപാന്തരം പ്രാപിച്ചു, സ്വർഗത്തിലേക്ക് പറന്നുയർന്നു എന്നാണ് കഥ. 


•    ഫ്രാൻസിസിന്റെ ക്രിസ്തു അനുഭവം ഏകദേശം ഇതുപോലെയായിരുന്നു.  അകത്തെ പൊരുൾ തിരിച്ചറിഞ്ഞ,  ഉള്ളിലെ വെളിച്ചം തിരിച്ചറിഞ്ഞ ഫ്രാൻസീസിന് സ്വർഗത്തിലേക്ക് പറക്കാൻ എളുപ്പമായിരുന്നു. 


•    നമ്മുടെ ഭാരതത്തിൽ, ഈ അറിവിനെ അഹം ബ്രഹ്മാസ്മി, ദൈവത്ത  ഉള്ളിൽ സൂക്ഷിക്കുന്നവർ... നമ്മുടെ ഭാക്ഷയിൽ, ജീവിക്കുന്ന സക്രാരിയായി നടക്കുന്നവർ....  ഒരു പുഴുവിനെ പോലെ,  ഗ്രീചോയിലെയും, ലവേർണയിലെ ഗുഹയിലും, തണുത്തുറഞ്ഞ രാപ്പകലുകളിൽ ഫ്രാൻസിസ് സ്വർഗത്തെക്കുറിച്ച്
ധ്യാനിച്ചിരുന്നു. 


•    ഏതു തണുപ്പിനെയും അതിജീവിക്കാൻ സഹായിക്കുന്ന വെളിച്ചം തീയായി അവനിൽ പടർന്നപ്പോൾ, സ്നേഹം സ്നേഹിക്കപെടുന്നില്ല എന്ന് കലഹിച്ചു നടന്നു.

 

•    പ്രകാശം അകലെയല്ല ഉള്ളിലാണ്...ദൈവം, അകലെയല്ല, അടുത്താണ് എന്നറിഞ്ഞപ്പോൾ നിൽക്കുന്ന ഇടം, പരിശുദ്ധമായി...  ആൽക്കെമിസ്റ്റ് എന്ന നോവലിലെ  ചെറുപ്പക്കാരനായ സാന്റിയാഗോയെകുറിച്ച്  കേട്ടിട്ടുണ്ടാവും. ഒരു ഭ്രാന്തൻ സ്വപ്നത്തെ പിന്തുടർന്ന്, തന്റെ സ്ഥലത്തുനിന്നു, ഈജിപ്തിലെ ഏതോ ഒരു പിരമിഡിന്റെ അടിയിൽ നിധി അന്വേഷിച്ചു അലഞ്ഞ ഒരു ചെറുപ്പക്കാരൻ. 

•    ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും നഷ്ടമാക്കി നിധി അന്വേഷിച്ചു യാത്രയായി. വഴിമധ്യേ ഉള്ള എല്ലാ അപകടങ്ങളും തരണം ചെയ്തു ഒരുവിധത്തിൽ ഈജിപ്തിലെത്തി നിധി കണ്ടെത്താൻ കുഴിക്കാൻ ആരംഭിച്ചു. അവിടെ ഉണ്ടായിരുന്നു വേറൊരു യുവാവിനെ സ്വപ്നത്തെക്കുറിച്ച് യാധൃശ്ചികാ തിരിച്ചറിഞ്ഞു:  യഥാർഥത്തിൽ നിധി, അവൻ വിട്ടുപോന്ന അന്ദലുസിയയിലെ മരച്ചുവട്ടിൽ ആണെന്ന്. 


•    ഞാനിരിക്കുന്ന സ്ഥാലം തന്നെയാണ് നിധിയിരിക്കുന്നതു എന്നുള്ള അറിവായിരുന്നു, യഥാർഥത്തിൽ അവൻ കണ്ടെത്തിയ നിധി. വിശുദ്ധ ഫ്രാൻസിസ് വഴിമധ്യേ കണ്ടെത്തിയ ഈ  പ്രകാശത്തെ, തിരിച്ചറിഞ്ഞു അനേകം യുവതി യുവാക്കൾ അവന്റെ ജീവിത ശൈലി സ്വീകരിച്ചു. നമ്മളൊക്കെ ഈ ഗണത്തിൽ പെട്ടവരാണ് ... 


2. ഹൃദയത്തിൽ എന്നും എളിമയുടെ തിരുപ്പിറവി സൂക്ഷിച്ചിരുന്നവൻ

•    രണ്ടാമത്തെ ചിന്ത ഹൃദയത്തിൽ എന്നും എളിമയുടെ തിരുപ്പിറവി സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു വി.   ഫ്രാൻസിസ്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇപ്രാകാരം കുറിച്ചിട്ടുണ്ട്. നിറയെ നക്ഷത്രങ്ങൾ ഉള്ള ഒരു രാത്രിയിൽ, പോർസിങ്കുലാ പള്ളിയുടെ മണിയടിച്ചു, ഉറങ്ങി കിടന്ന സഹോദരന്മാരെയെല്ലാം എഴുന്നേൽപ്പിച്ചു, ഫ്രാൻസിസ് പറഞ്ഞു:  ആകാശം മുഴുവൻ വിരിച്ചിട്ട മാതിരി നക്ഷത്രങ്ങൾ...  ആശ്രമത്തിലെ വാതിലും ജനലുമൊക്കെ തുറന്ന് , ഈ വലിയ അത്ഭുതത്തെ കാണാൻ ആവശ്യപെടുന്നു.  എല്ലാവരും അത്ഭുതത്തോടെ മിഴിച്ചു.. ഇദ്ദേഹത്തിന്  ഭ്രാന്ത് പിടിച്ചോ...? ഇത്തരത്തിലുള്ള ഭ്രാന്തിനെ ആദ്യം തിരിച്ചറിയുന്നതും സ്വന്തം സഹോദരന്മാരും... കുടുംബവുമാണ്. ക്രിസ്തുവിന് , ഭ്രാന്താണെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോകാൻ വന്നതും സഹോദരൻമാരടങ്ങിയ കുടുംബമാണ്. 


•    ആകാശത്തിലെ വിസ്മയങ്ങൾ കാണാൻ, തൊടിയിലെ കുറിഞ്ഞിപ്പൂക്കളെ കാണാൻ, പറക്കുന്ന പക്ഷികളെ കാണാൻ, കുരുവികളെ ഗാനം കേൾക്കാൻ, ആകാശത്തെ നക്ഷത്രങ്ങളെ കാണാൻ ഒക്കെ ഒരു കുഞ്ഞിൻറെ മനസ്സോടെ ഫ്രാൻസിസ് മറ്റുള്ളവരെപ്പോലെ, നിര്ബന്ധിപ്പിച്ചത്, ഹൃദയത്തിൽ എന്നും, ക്രിസ്തുമസ് സൂക്ഷിച്ചതുകൊണ്ടാണ്. ദൈവത്തെ, ഉണ്ണീശോയെന്ന് വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള ഒരു വിശുദ്ധയെയാണ്, ഒക്ടോബർ ഒന്നിന് സഭ ഓർത്തു  പ്രാർഥിച്ചത്.

 


സ്വാതന്ത്ര്യം ഉള്ള ഒരു വിശുദ്ധയെയാണ്, ഒക്ടോബർ ഒന്നിന് സഭ ഓർത്തു  പ്രാർഥിച്ചത്.


•    നമ്മുടെ ഭാരതത്തിലെ, ജ്ഞാനികൾക്കും എഴുത്തുകാർക്കുമൊക്കെ പ്രിയങ്കരനാണ് വി. ഫ്രാൻസിസ്. 2015 ൽ ഇറങ്ങിയ ഒരു നോവലുണ്ട്: എസ്. ശിവദാസ് എഴുതിയ: കിളിമകളുടെ പുണ്യവാളൻ എന്ന കൃതി. എത്ര മനോഹരമായിട്ടാണ്, ഒരു ഹൈന്ദവനെങ്കിലും അദ്ദേഹം ഫ്രാൻസിസിന്റെ മനസ്സിലെ വർണത്തെ വരച്ചു കാണിച്ചിരിക്കുന്നതു.  


•    ചെറുപ്പത്തിൽ കണ്ണാടി കൂടുകളിൽ (കാലിഡോസ്കോപ്) മഞ്ചാടിക്കുരുവും വളപ്പൊട്ടുകളും ഒക്കെ ഇട്ടു വലിയ പ്രപഞ്ചത്തെ തീർത്തിരുന്ന കുഞ്ഞുമനസ്സ് നമുക്കുമുണ്ടായിരുന്നു. വലുതായപ്പോൾ, ഉള്ളിലെ പ്രപഞ്ചത്തെ തിരിച്ചറിയാനാവാത്തവിധം, ബുദ്ധിയുദിച്ചു....! 


•    ദൈവ രാജ്യത്തെക്കുറിച്ചുള്ള ദീർഘമായ പ്രഭാഷണത്തിൽ തന്നെ, ഈ മനോഹര പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ കാര്യങ്ങൾപോലും അടയാളങ്ങൾ യേശു കാണിച്ചിരുന്നു: കടുകുമണിയോളം പോന്ന വിശ്വാസം... ഇത്തിരിപ്പോന്ന ഗോതമ്പുമണി ... വയലിലെ ചെറുപുഷ്പം .... മനോഹരമായ സൂര്യാസ്തമയം ... അങ്ങനെ എന്തിനേറെ ഒരുവീട്ടിലെ നിത്യോപയോഗ സാധനങ്ങൾ പോലും ഈശോയുടെ പ്രസംഗവിഷയം ആയിരുന്നു...

•    ക്രിസ്തുവിൻറെ ഈ മനസ്സ് തന്നെയായിരുന്നു വിശുദ്ധ ഫ്രാൻസിസിസിന് ...  ബെത്ലഹേമിനെ മനസ്സിലാക്കാൻ, എളിമയുടെ ചെറുവാതിലിലൂടെ കടക്കണം 


•    ഇസ്രായേലിൽ ഉള്ള ബെത്ലെഹേം എന്ന ആ വലിയ ദേവാലയത്തിൽ കടക്കണമെങ്കിൽ ഉയരം ഉള്ളവർക്ക് സാധ്യമല്ല... അവിടെ കുമ്പിട്ട് കടന്നാൽ ദൈവം മനുഷ്യനായി പിറന്ന ആ ചെറിയ ഗുഹക്കുള്ളിൽ പ്രവേശിക്കാൻ സാധിക്കും.


3. സ്രഷ്ട പ്രപഞ്ചത്തെ ഉള്ളിലൊതുക്കിയ പുണ്യാളൻ


•    അവസാനത്തെ ചിന്ത ഫ്രാൻസിസിന്റെ ഹൃദയവിശാലത ഈ പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ അത്രയ്ക്കും വലുതായിരുന്നു എന്നതാണ്. 


•    വിശുദ്ധ ഫ്രാൻസിസ് തന്റെ ഹൃദയത്തിൽ ദൈവത്തിൻറെ സാന്നിധ്യവും പ്രകാശം ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ എല്ലാത്തിനെയും ഉൾക്കൊള്ളാൻ പറ്റിയ സ്വന്തം ഹൃദയത്തിനുണ്ട് എന്ന് തിരിച്ചറിഞ്ഞു.


•    അസീസിയെന്ന ചെറു ഗ്രാമത്തിൽ ജനിച്ച ഈ കുഞ്ഞു മനുഷ്യൻ, പ്രപഞ്ചത്തിനൊപ്പം വലുതായി.  തലകീഴായി സ്വർഗത്തിലേക്ക് വേരൂന്നിവളർന്ന ഫ്രാൻസിസ് (Francis, An Upside Man എന്ന നാടകം) 


•    ദൈവത്തെ ഉള്ളിൽ സൂക്ഷിച്ച അദ്ദേഹത്തിൻറെ ഹൃദയ വലയങ്ങൾ വളരെ ബൃഹത്തായിരുന്നു: വെറും സൗഹൃദങ്ങളിൽ നിന്ന്, കുഷ്ഠരോഗികളിലേക്ക് ... മനുഷ്യരിൽ നിന്ന് വന്യമൃഗങ്ങളിലേയ്ക്ക്...(Wolf of Gubbio)... ഭൂമിയിലെ മൃഗങ്ങളിൽ നിന്ന് ആകാശത്തിലെ പക്ഷികളിലേക്ക് അദ്ദേഹത്തിന്റെ ഹൃദയം വളർന്നു. 


•    അവന്റെ ഹൃദയ വലയം, അതിനെയും ഭേദിച്ചു, പ്രപഞ്ചത്തെ മുഴുവനും ഉൾകൊള്ളാൻ പാകത്തിൽ വളർന്നു. ലോകത്തിലാദ്യമായിട്ടായിരിക്കും, ഒരാൾ സൂര്യനെയും, ചന്ദ്രനെയും, ന്സക്ഷത്രങ്ങളെയും, സഹോദരനെന്നും, സഹോദരിയെന്ന്‌, അനിയത്തിമാരെന്നുമൊക്കെ അഭിസംബോധന  ചെയ്യുന്നത്.

•    അവിടെനിന്നും, ലോകമെല്ലാം പേടിക്കുന്ന മരണത്തെപോലും സഹോദരി എന്ന് വിളിച്ചു ഫ്രാൻസിസ് പ്രപഞ്ചതിനപ്പുറത്തേയ്ക്ക് വളർന്നു...


•    പ്രിയമുള്ളവരേ, ഈ നിസ്വാനിൽ ഏറ്റവും, സൗമ്യനായ വിശുദ്ധ ഫ്രാൻസിസിനെ, പിതാവായി, ലഭിച്ചതിൽ, ഭാഗ്യമുള്ളവരാണ്,  നാം.


•    അകലെയായെങ്കിലും, ഈ പിതാവിനെ, ഈ സഹോദരനെ അനുകരിക്കാൻ നമുക്ക് സാധിക്കുന്നത്, സുകൃതമാണ്. നമുക്കും, നമ്മുടെ ഉള്ളിലെ പ്രകാശത്തെ തിരിച്ചറിയാം... സ്വർഗത്തിലേക്ക്, നമുക്കും, പറന്നുയരാം ... ഫ്രാൻസിസ് മരിച്ചപ്പോൾ, അസ്സീസിയിലെ കുഞ്ഞാറ്റ കുരുവികൾ, കുരിശിന്റെ ആകൃതിയിൽ പറന്നുവെന്നാണ്, ചരിത്രം. അവർ അനാഥാനായതല്ല... മറിച്ചു, ഫ്രാൻസിസിനൊപ്പം, സ്വർഗത്തിലേക്ക് പറന്നുയർന്നതാണ്. 


•    എല്ലാവർക്കും, ഫ്രാൻസിസിന്റെ തിരുന്നാൾ ആശംസകൾ.


Related Articles

നോമ്പുകാലം

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top