കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു മർക്കോ 1: 40 - 44, മത്താ. 8: 1 - 4, ലൂക്കാ 5:12 - 16, 17: 11 - 19 കൊളോണിയലിസത്തിന്റെ കാലഘട്ടത്തിൽ കുഷ്ഠരോഗം ബാധിച്ചവരെ കപ്പലിൽ കയറ്റി കടലിന്റെ നടുവിലുള്ള ചെറുദ്വീപുകളിൽ മരിക്കാനായി ഉപേക്ഷിച്ചിരുന്നതായി ചരിത്രം പറയുന്നു. അത്തരം കൊച്ചു ദ്വീപായിരുന്നു ഫാ. ഡാമിയന്റെ പ്രവർത്തനരംഗമായിരുന്നു മൊളാക്കോ. ആധുനികകാലത്തെ കുഷ്ഠരോഗികളുടെ അവസ്ഥ ഇതാണെങ്കിൽ വൈദ്യശാസ്ത്രം അതിന്റെ ശൈശവത്തിൽപോലും എത്താതിരുന്ന പഴയനിയമ കാലത്തും, യേശുവിന്റെ കാലത്തും കുഷ്ഠരോഗികളുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. സമാന്തര സുവിശേഷകരായ മത്തായിയും മാർക്കോസും ലൂക്കായും കുഷ്ഠരോഗികളെ സുഖമാക്കുന്ന സംഭവം ചിത്രീകരിച്ചിട്ടുണ്ട്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ലൂക്കാ സുവിശേഷകൻ 10 കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നതായി പറയുന്നു. ഒരേ സംഭവത്തിന്റെ തന്നെ വ്യത്യസ്തമായ ആവിഷ്കാരമാണ് ഇതെന്നാണ് നിഗമനം. കുഷ്ഠരോഗികൾ വി.ഗ്രന്ഥ കാഴ്ചപ്പാടിൽ പഴയനിയമത്തിൽ ഏകദേശം 14 പ്രാവശ്യവും പുതിയ നിയമത്തിൽ 9 പ്രാവശ്യവും കുഷ്ഠരോഗികളെ കുറിച്ച് സൂചനയുണ്ട്. ക്രിസ്തുവിന് വളരെ മുൻപ് തന്നെ ഇസ്രായേലിലും പരിസരപ്രദേശങ്ങളിലും ധാരാളം കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. കുഷ്ഠരോഗം പാപികളുടെ മേലുള്ള ദൈവത്തിന്റെ ശിക്ഷയാണെന്നും (2 രാജാ 15:5) ദൈവത്തിനു മാത്രമേ കുഷ്ഠരോഗിയായ ഒരുവനെ ശുദ്ധനാക്കാൻ കഴിയൂ എന്നും ഉറച്ച് വിശ്വസിച്ചു കൊണ്ടിരുന്ന യഹൂദ സമൂഹത്തിൽ ഒരാൾ കുഷ്ഠരോഗിയായാൽ ആ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ചുമതല പ്രധാന പുരോഹിതനിൽ നിക്ഷിപ്തമായിരുന്നു. കുഷ്ഠരോഗികൾ എത്രമാത്രം ഉന്നതസ്ഥനായിരുന്നാലും ജനത്തോടൊപ്പം ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. (2ദിന. 26:19) കുഷ്ഠരോഗിയുടെ മേൽ പുരോഹിതൻ സ്വീകരിക്കേണ്ട നടപടിക്രമത്തെകുറിച്ച് ലേവ്യരുടെ പുസ്തകം പതിമൂന്നാം അദ്ധ്യായത്തിൽ വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. പുരോഹിതൻ ഒരുവനെ കുഷ്ഠമുള്ളവനായി പ്രഖ്യാപിച്ചാൽ അവൻ "കീറിയ വസ്‌ത്രം ധരിക്കുകയും, മുടി ചീകാതിരിക്കുകയും മേൽച്ചുണ്ട് തുണികൊണ്ടു മറയ്‌ക്കുകയും അശുദ്ധൻ അശുദ്ധൻ എന്നുവിളിച്ചുപറയുകയും വേണം. രോഗമുള്ള കാലത്തെല്ലാം അവൻ അശുദ്ധനാണ്. അവൻ പാളയത്തിനു വെളിയിൽ ഒരു പാർപ്പിടത്തിൽ ഏകനായി വസിക്കണം. (ലേവ്യർ 13 : 45-46) കുഷ്ഠരോഗം സുഖമാക്കപ്പെടുക എന്നത് സാധ്യമായ ഒരു കാര്യമായിരുന്നില്ല. ജന്മനാ അന്ധനായ ഒരുവന് കാഴ്ച ലഭിക്കുന്നത് പോലെയോ, മരിച്ചവൻ ഉയിർത്തു വരുന്നതുപോലെയോ, ഉള്ള ഒരു മഹാത്ഭുതമായിരുന്നു അത്. എന്നാൽ മിശിഹാ വരുമ്പോൾ ഇത്തരം അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നു. (ഏശയ്യ 35:5-6) ഇത് മനസ്സിലാക്കുമ്പോഴാണ് വരാനിരിക്കുന്നവൻ നീ തന്നെയോ അതോ, ഞങ്ങൾ മറ്റൊരാളെ പ്രതീക്ഷിക്കണോ എന്ന യോഹന്നാന്റെ ചോദ്യത്തിന് യേശു പറയുന്ന ഉത്തരത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സാധിക്കുന്നത്. ".......അന്ധന്മാർ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു....." (മത്താ. 11:5) യേശുവിനെ കണ്ട കുഷ്ഠരോഗികൾ കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന വിവിധ സംഭവങ്ങൾ സുവിശേഷങ്ങളിൽ ഉണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായത് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്ന സംഭവമാണ്. (1:40-45) മർക്കോസ് സുവിശേഷകനാണ് ഈ സംഭവം വിശദാംശങ്ങളോടുകൂടി പ്രതിപാദിച്ചിരിക്കുന്നത് എങ്കിലും മൂന്ന് സുവിശേഷകന്മാരും അംഗീകരിക്കുന്ന വസ്തുതകൾ ഇവയാണ്.
വി.മാർക്കോസിന്റെ സുവിശേഷത്തിൽ 1: 40-45 യേശുനാഥൻ തൻ്റെ പരസ്യജീവിതം ആരംഭിച്ചതിനുശേഷം നടത്തുന്ന മൂന്നാമത്തെ അത്ഭുതം ആയിട്ടാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. പലസ്തീനയിലെ വിജാതീയ ക്രിസ്ത്യാനികൾക്ക് വേണ്ടി എഴുതപ്പെട്ട സുവിശേഷത്തിന്റെ ആദ്യഭാഗത്തെ മുഖ്യപ്രമേയം യേശു മനുഷ്യപുത്രനും, ദൈവപുത്രനും, രക്ഷകനുമാണ് എന്ന ആദിമസഭയുടെ ക്രമേണയുള്ള ആവിഷ്കാരമാണ്. യേശുവിന്റെ ദൈവപുത്രസ്ഥാനവും ദൈവരാജ്യത്തിന്റെ ആഗമനവും വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കണം വി. മാർക്കോസ് തന്റെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് ഈ സംഭവം പറഞ്ഞിരിക്കുന്നത്. "ഒരു കുഷ്ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു. അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും." സ്ഥലകാല നാമ സൂചനകൾ ഇല്ലാതെയാണ് ആണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. ജാതിയോ, മതമോ, വിശ്വാസമോ, ഒന്നും പറയാതെ ഒരു കുഷ്ഠരോഗി എന്നാണ് പറഞ്ഞിരിക്കുന്നത്. അയാൾ എങ്ങനെയാണ് യേശുവിന്റെ അടുക്കൽ എത്തിയത് എന്നതിനെക്കുറിച്ച് പറയുന്നില്ല. ആരും കൊണ്ടുവരാൻ തരമില്ല. സുഹൃത്തുക്കളെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ പരാമർശമില്ല. എന്തായാലും തൻ്റെ രോഗാവസ്ഥയിൽ വലിയ മാനസികപീഡ അനുഭവിച്ചിരുന്നവനും യേശുവിന്റെ സൗഖ്യദായക ശക്തിയിൽ അടിയുറച്ച് വിശ്വസിച്ചവനുമായ ഒരുവനായിരുന്നു ഈ കുഷ്ഠരോഗി. "അവൻ യേശുവിന്റെ അടുത്തെത്തി മുട്ടുകുത്തി". പാളയത്തിന് പുറത്തു വസിക്കേണ്ട കുഷ്ഠരോഗി, മറ്റുള്ളവരിൽ നിന്നും അകന്നു കഴിയേണ്ടവൻ യേശുവിന്റെ അടുത്തുവരുന്നു. സമൂഹം അനുവദിച്ചതിലും സ്വാതന്ത്ര്യത്തോടെ അവൻ യേശുവിനോട് പെരുമാറുന്നു. അയാൾ യേശുവിന്റെ മുൻപിൽ മുട്ടുകുത്തുന്നു. ഒരാളുടെ വിധേയത്വത്തേയും, അയാളിലുള്ള വിശ്വാസത്തെയും സൂചിപ്പിക്കുന്ന പ്രവർത്തിയാണ് മുട്ടുകുത്തുക എന്നത്. മുട്ടുകുത്തുന്നവൻ അപേക്ഷയുമായി വരുന്നവനായിരിക്കും. "അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ കഴിയും." ഇതായിരുന്നു അവന്റെ അപേക്ഷ. വിചിത്രമായ ഒരു അപേക്ഷയായി തോന്നാം. എന്നാൽ ഇത് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കുഷ്ഠരോഗിക്ക് യേശുവിലുള്ള വിശ്വാസത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന സുന്ദരമായ ഒരു പ്രാർത്ഥനയാണ്. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ "യേശുവേ... അങ്ങയുടെ ശക്തിയിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അങ്ങ് തിരുമനസ്സാകുന്നുവെങ്കിൽ എന്നെ ശുദ്ധനാക്കണമേ" എന്നാണാ പ്രാർത്ഥന. യേശു ദൈവപുത്രനാണ് അവിടത്തേക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിയാണീ കുഷ്ഠരോഗി. "അവൻ കരുണ തോന്നി അവനെ സ്പർശിച്ചു കൊണ്ട് പറഞ്ഞു: എനിക്ക് മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവന് ശുദ്ധി വന്നു." യഹൂദ നിയമപ്രകാരം പാളയത്തിന് വെളിയിൽ താമസിക്കേണ്ട ഒരു വ്യക്തി നിയമം ലംഘിച്ച് തന്റെ അടുത്തേക്ക് വന്നപ്പോൾ ആ കുഷ്ഠരോഗിയോട് യേശുവിന് കരുണ തോന്നുന്നു. അതിന്റെ ബാഹ്യമായ പ്രകടനമാണ് സ്പർശനം. തൻ്റെ സൗഖ്യദായക ശക്തി ആ മനുഷ്യനിലേക്ക് പ്രവഹിക്കുന്നതിന്റേയും, യേശു അയാളുടെ സൗഖ്യം ആഗ്രഹിക്കുന്നു എന്നതിന്റേയും ബാഹ്യപ്രകടനമാണ് സ്പർശനം. യേശുവിന്റെ വചനം കേട്ടപ്പോൾ ("നിനക്ക് ശുദ്ധിയുണ്ടാകട്ടെ") അയാൾ സൗഖ്യം നേടി. യേശുവിന്റെ ശക്തമായ വചനങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. (മാർക്കോ 3:4, 4:39, 5:41) നാമാൻ നദിയിൽ പോയി മുങ്ങിയാൽ സൗഖ്യം കിട്ടുമെന്ന് ഏലീഷ്വാ പ്രവാചകൻ വാഗ്ദാനം ചെയ്തു. (2രാജാ. 5:1) ഇവിടെ യാതൊരു വ്യവസ്ഥകളുമില്ലാതെ യേശുവിന്റെ വചനം തന്നെ സൗഖ്യം നൽകുന്നു. "തത്ക്ഷണം അവന് സൗഖ്യം ലഭിച്ചു". നിമിഷങ്ങൾക്കകം ഇങ്ങനെ പൂർണ്ണമായ സൗഖ്യം നൽകാൻ കഴിയുന്ന ശക്തി ദൈവത്തിന്റേതുമാത്രമാണ്. (പുറ. 4: 6-7) എന്തുകൊണ്ടാണ് അവനെ താക്കീത് ചെയ്തു പറഞ്ഞയച്ചത് എന്നതിന് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ചിലരുടെ ചിന്താഗതി അനുസരിച്ച് നിലവിലുള്ള നിയമത്തോട് അനുയോജ്യമായ ചിന്താഗതി യേശു പുലർത്തികാണും. കുഷ്ഠരോഗിയല്ലെന്ന സാക്ഷ്യം ആദ്യം ലഭിക്കേണ്ടത് പുരോഹിതനിൽ നിന്നാണ്. അതുവരെ പ്രസിദ്ധപ്പെടുത്തരുത് എന്നായിരിക്കാം യേശു പറഞ്ഞത്. മറ്റൊരു അഭിപ്രായമനുസരിച്ച് ഇത് പ്രസിദ്ധപ്പെടുത്തിയാൽ തന്റെ ദൗത്യ നിർവഹണത്തിന് അത് തടസ്സമാകും എന്നതായിരിക്കാം ഇതിന് കാരണം. അവിടുന്ന് അത്ഭുത പ്രവർത്തകനായി അറിയപ്പെടാൻ ആഗ്രഹിച്ചില്ല. കാരണം അത്ഭുത പ്രവർത്തനത്തിലൂടെ മനുഷ്യര്ക്ക് സാധിക്കാനല്ല ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത്. വചനത്തിലൂടെ, മരണത്തിലൂടെ രക്ഷിക്കാനാണ്.
വി. മത്തായിയുടെ സുവിശേഷത്തിൽ 8 : 1 - 4 ക്രിസ്തുമതം സ്വീകരിച്ച യഹൂദർക്ക് വേദോപദേശം നൽകുക എന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് മത്തായി ശ്ലീഹാ തൻ്റെ സുവിശേഷം എഴുതിയത്. യഹൂദജനത പ്രതീക്ഷിച്ചിരുന്ന യേശുവാണ് അവിടുന്ന്. അവൻ വിജാതിയർക്കും, യഹൂദർക്കും, രക്ഷയായി വന്നിരിക്കുന്നുവെന്ന അടിസ്ഥാന സന്ദേശമാണ് വി. മത്തായിയുടെ സുവിശേഷം നൽകുന്നത്. മലയിലെ പ്രസംഗത്തിന് തൊട്ടു പിന്നാലെ നടക്കുന്ന ഒരു സംഭവമായിട്ടാണ് ഈ അത്ഭുതത്തിന്റെ ചിത്രീകരണം. സുവിശേഷഭാഗ്യങ്ങൾ ശ്രവിച്ച അതേ ജനം തന്നെ അതേ മലയിൽവച്ച് ദൈവത്തിന്റെ ജീവദായകമായ വചനത്തിന് സാക്ഷ്യം വഹിക്കുന്നു. നിയമത്തെ അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് യേശു വന്നത് (മത്തായി 5:17) എന്ന വചനഭാഗം യേശുവിന്റെ ഈ പ്രവർത്തിയിലും കാണാം. വി.ലൂക്കായുടെ സുവിശേഷത്തിൽ 5:12-16 അഞ്ചാം അദ്ധ്യായത്തിൽ അപ്പസ്തോലന്മാരെ വിളിക്കുന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം വിവരിക്കുന്നത് (5:12-16) അപ്പസ്തോലന്മാരോടൊപ്പം യേശു പാപികളെയും വിജാതിയരേയും തന്റെ രാജ്യത്തിലേക്ക് ക്ഷണിക്കുന്നു. 10 കുഷ്ഠരോഗികളെ കുറിച്ചാണ് ലൂക്കാ സുവിശേഷകൻ പറയുന്നത്. ഇതിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തത കുറവാണ്. നന്ദി പ്രകാശിപ്പിക്കാൻ തിരികെ വരുന്നത് ഒരു സമരിയക്കാരൻ മാത്രമാണ്. ജറുസലേമിലേക്കുള്ള യാത്രാമധ്യേ അവൻ ഒരു കൊച്ചുഗ്രാമത്തിൽ എത്തുന്നു. അകലെനിന്ന് അവനെ കണ്ട 10 കുഷ്ഠരോഗികൾ 'യേശുവേ, ഗുരു, ഞങ്ങളിൽ കനിയണമേ' എന്ന് വിളിച്ചു പറഞ്ഞു. അവർ പത്തുപേരും എങ്ങനെ ഗ്രാമത്തിൽ എത്തിയെന്നോ, അവർ ആരൊക്കെയായിരുന്നുവെന്നോ യാതൊരു സൂചനയും ലഭ്യമല്ല. സാഹചര്യത്തെളിവുകളിൽ നിന്നും അവരിൽ ഒരാളൊഴികെ മറ്റെല്ലാവരും യഹൂദരാണെന്ന് വേണം കരുതാൻ. തീവ്രമായ ആഗ്രഹത്തോടെ അകലെ നിന്നുകൊണ്ടുതന്നെ തന്റെ കരുണ യാചിച്ച കുഷ്ഠരോഗികളോട് യേശു 'പോയി നിങ്ങളെതന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുക' എന്നു പറഞ്ഞു. പോകും വഴിയാണ് അവർക്ക് സൗഖ്യം ലഭിക്കുക. സൗഖ്യം ലഭിക്കുന്നതിന് മുൻപുതന്നെ യേശുവിന്റെ വാക്കിൽ വിശ്വസിച്ച് അവർ പുരോഹിതന്റെ അടുത്തേക്ക് യാത്രയായി. സൗഖ്യം ലഭിച്ചു എന്നറിഞ്ഞപ്പോൾ അവരിൽ ഒരാൾ തിരികെ വന്നു. സമരിയാക്കാരെ പുച്ഛത്തോടെയാണ് യഹൂദർ വീക്ഷിച്ചിരുന്നത്. മിശിഹായുടെ രാജ്യത്തിൽ ഒറ്റ സമരിയാക്കാരൻ പോലും ഉണ്ടാവുകയില്ലെന്ന് യഹൂദ റബ്ബിമാർ സിനഗോഗുകളിൽ പഠിപ്പിച്ചിരുന്നു. കുഷ്ഠം വന്നപ്പോൾ ശത്രുതയെല്ലാം മറന്ന് അവർ ഒന്നിച്ചു വസിച്ചു. യേശുവിന് തങ്ങളെ സുഖപ്പെടുത്താൻ കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. സൗഖ്യം ലഭിച്ചപ്പോൾ അവർ ഒൻപതുപേരും സ്വാഭാവികമായും ചിന്തിച്ചിരിക്കണം, ഒരു സമരിയാക്കാരനേയുംകൊണ്ട് ദേവാലയത്തിലേക്ക് ചെന്നാൽ പുരോഹിതന്മാർ തങ്ങളെ ആട്ടിയോടിക്കാൻ ഇടയുണ്ട്. അതിനാൽ അവർ അവനെ സംഘത്തിൽ നിന്ന് ഒഴിവാക്കി. വിജാതീയനായ ആ മനുഷ്യൻ തന്നെ രക്ഷിച്ച ഗുരുവിന്റെ അടുക്കൽ മടങ്ങിയെത്തി. രക്ഷകൻ ദൈവരാജ്യം സ്ഥാപിക്കുമെന്നും ആ രാജ്യം യഹൂദന്റെ മാത്രം സ്വന്തമായിരിക്കുമെന്നും വിശ്വസിച്ച ഒരു സമൂഹത്തോടാണ് അതിന് വിരുദ്ധമായി നല്ല സമരിയാക്കാരന്റെയും (ലൂക്ക 10:30-37) നന്ദി പറയുന്ന സമരിയാക്കാരനായ കുഷ്ഠരോഗിയുടേയും കഥ ലൂക്കാ സുവിശേഷകൻ പറഞ്ഞു വയ്ക്കുന്നത്. പുരോഹിതന്റെ പക്കലേക്കു പോയ 10 കുഷ്ഠരോഗികൾക്കും ശാരീരികമായ സൗഖ്യം ലഭിച്ചു. എന്നാൽ ആ സൗഖ്യം അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാൻ കഴിഞ്ഞത് സമരിയാക്കാരന് മാത്രമായിരുന്നു. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു (18:42, 8:48) രക്ഷ എന്നതുകൊണ്ട് യേശുനാഥൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. യഹൂദർക്ക് വിശ്വാസമില്ല എന്ന് ഇതുകൊണ്ട് അർത്ഥമില്ല. മറിച്ച് നന്ദി പറയുവാനുള്ള വൈമനസ്യം അവരുടെ വിശ്വാസത്തെ അപൂർണമാക്കുന്നു. ശാരീരികമായ രോഗശാന്തിക്കും അത്ഭുതങ്ങളിലൂടെയുള്ള ശാരീരിക സൗഖ്യത്തിനുമായി അമിതാവേശം കാണിക്കുന്ന ആധുനികയുഗത്തിന് ശക്തമായ താക്കീതാണ് ഈ സംഭവം നൽകുന്നത്. പ്രാർത്ഥന ഗ്രൂപ്പുകളിലൂടെയും മധ്യസ്ഥ പ്രാർത്ഥനയിലൂടെയും ശാരീരിക സൗഖ്യം സ്വന്തമാക്കിയവർ ഒരുപടികൂടി മുന്നോട്ടു പോകേണ്ടതുണ്ട്. നന്ദി നിറഞ്ഞ ജീവിതം നയിച്ചുകൊണ്ട് യേശു നൽകുന്ന രക്ഷ സ്വന്തമാക്കണം.
സഹനമെന്ന പുണ്യം
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
ഇതും കടന്നു പോകും.
ബാല്യം ഭാവി ജീവിതത്തിൻറെ കണ്ണാടി
ഏലിയ, സ്ലീവാ മൂശാകാലം രണ്ടാം
നല്ലോർമ്മകളാക്കാൻ