സന്ന്യസ ജീവിതം

09,  Feb   

ഫാ. ഡോ. ജോയി അയിനിയാടന്‍


നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ?'' നഥാനയേലിന്റെ ചോദ്യമാണിത്. ''വന്നുകാണുക'' എന്നു മാത്രമായിരുന്നു നസ്രായനായ ഈശോയുടെ ഉത്തരം. നസ്രത്ത് സന്യാസിനീസമൂഹത്തെ അടുത്തറിയുമ്പോള്‍ ഏവര്‍ക്കും അനുഭവിക്കാനാകുന്നത് നന്മയുടെ അനുസ്യൂതപ്രവാഹത്തിന്റെ കുളിര്‍മ്മയുള്ള ദര്‍ശനമാണ്. നമ്മുടെ മാതൃരാജ്യമായ ഭാരതത്തിന്റെ സ്വാതന്ത്ര്യ പൊന്‍പുലരിയില്‍ വിരിഞ്ഞ കാരുണ്യത്തിന്റെ സൗരഭ്യം തൂകുന്ന പനിനീര്‍പുഷ്പമാണ് നസ്രത്ത് സന്യാസിനീസമൂഹം. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെ മനസ്സില്‍ രൂപംകൊണ്ട ഒരു ദിവ്യദര്‍ശനം ആത്മീയാചാര്യന്മാരായ ബഹു. ജോണ്‍ പിണക്കാട്ടച്ചനും മോണ്‍. മാത്യു മങ്കുഴിക്കരിയച്ചനുമായി പിതാവ് പങ്കുവയ്ക്കുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ ഭൗമികപ്രകാശനമായ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാതൃകയില്‍ ഒരു സന്യാസിനീസമൂഹം എറണാകുളം അതിരൂപതയില്‍ രൂപംകൊടുക്കാന്‍ പരിശുദ്ധാത്മാവ് അവര്‍ക്ക് പ്രചോദനമേകുന്നു. അവര്‍ പ്രാര്‍ത്ഥനാപൂര്‍വം സമ്മേളിച്ച് ഒരു നവസന്യാസിനീസമൂഹത്തിന് രൂപംകൊടുക്കുന്നു. പേരും ദര്‍ശനവും നിയമസംഹിതയും കൃത്യതയോടെ ആ വിഷ്‌കരിക്കുന്നു. 1948 മാര്‍ച്ച് 19-ാം തീയതി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ത്തന്നെ നസ്രത്ത് സന്യാസിനീസമൂഹം (Congregation of the Sisters of Nazareth) എറണാകുളം അതിരൂപതയില്‍ എടക്കുന്ന് എന്ന പ്രദേശത്ത് പിറവിയെടുത്തു. സന്യാസിനികള്‍ക്ക് മാര്‍ഗദര്‍ശകമായി തെളിമയുള്ള ദര്‍ശനവും കൃത്യതയുള്ള നിയമസംഹിതയും പ്രസിദ്ധീകരിച്ചു. തുടര്‍ന്നങ്ങോട്ടുള്ള എഴുപത്തിയഞ്ചുവര്‍ഷങ്ങളിലെ ആത്മീയയാത്രയില്‍ കാരുണ്യത്തിന്റെ അനുസ്യൂതപ്രവാഹമാണ് നമുക്ക് ദര്‍ശിക്കാനാവുക.

തെളിമയുള്ള ദര്‍ശനം

ധന്യവും അര്‍ത്ഥപൂര്‍ണ്ണവുമാണ് നസ്രത്ത് സന്യാസിനീസമൂഹത്തിന്റെ ജീവിതദര്‍ശനം. നസ്രായനായ ഈശോയില്‍ വിളങ്ങിയിരുന്ന സൗഹൃദത്തിന്റെ ആനന്ദം എളിമയിലും ഹൃദയപരിശുദ്ധിയിലും ജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തുക (Beatitude of communion lived in lowliness and purity of heart as manifested in Jesus the Nazarene). പരിശുദ്ധ ത്രിത്വത്തിലെ മൂന്നു പരിപൂര്‍ണ്ണ ദൈവികവ്യക്തികളുടെ സ്‌നേഹസൗഹൃദത്തിന്റെ ആനന്ദമാണ് നസ്രത്തിലെ തിരുക്കുടുംബത്തിന്റെ തനിമയും വ്യതിരിക്തതയുമെന്ന് നിസ്സംശയം പറയാം. പിതാവായ ദൈവത്തിന്റെ ഭൗമിക നിഴലായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. പുത്രനായ ദൈവത്തിന്റെ മനുഷ്യരൂപമായിരുന്നു നസ്രായനായ ഈശോ. പരിശുദ്ധാത്മാവായ ദൈവത്തിന്റെ നിറ സാന്നിധ്യമായിരുന്നു പരിശുദ്ധ കന്യകാമറിയം. ക്രിസ്തുവിലൂടെ സാധ്യമാകേണ്ട മാനവരക്ഷയ്ക്കായി അവര്‍ മൂവരും ഒരേ മനസ്സോടെ ദൈവപിതാവിന്റെ തിരുഹിതനിര്‍വഹണത്തിനായി തങ്ങളെത്തന്നെ പരിപൂര്‍ണ്ണമായും സമര്‍പ്പിച്ചു. ദൈവഹിതം വ്യക്തമായി വിവേചിച്ചറിയാനും പ്രതികൂലസാഹചര്യങ്ങളില്‍ അടിപതറാതെ ദൈവപരിപാലനയില്‍ ആശ്രയിച്ച് ജീവിതത്തെ ക്രമപ്പെടുത്താനും നസ്രത്തിലെ തിരുക്കുടുംബം എന്നും പ്രതിജ്ഞാബന്ധമായിരുന്നു. കാലിത്തൊഴുത്തിലെ ജനനവും ഈജിപ്തിലേക്കുള്ള പലായനവും ജെറുസലേം ദേവാലയത്തിലെ ദിവ്യകുമാരനെത്തേടിയുള്ള അന്വേഷണവും കാല്‍വരിയിലെ അതിദാരുണമായ പീഡാസഹനങ്ങളും പ്രാര്‍ത്ഥനാപൂര്‍വം ധ്യാനിച്ച് തിരുഹിതനിര്‍വണത്തിന്റെ ആത്മസഘര്‍ഷങ്ങളും ആത്മസംതൃപ്തിയും സമഭാവനയോടെ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ കന്യകാമറിയംതന്നെയാണ് നസ്രത്ത് സന്യാസിനികള്‍ക്ക് മാതൃകയും പ്രചോദനവും.

ഒരുമയുള്ള തീര്‍ത്ഥാടനം

വഴിയും സത്യവും ജീവനുമായ നസ്രായനായ യേശുവിനോടൊപ്പമുള്ള തീര്‍ത്ഥാടനമാണ് സന്യാസജീവിതം. ക്രിസ്തുതന്നെയാണ് ലക്ഷ്യവും മാര്‍ഗവും. മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം ദൈവമഹത്വവും അതിലൂടെ സംലഭ്യമാകുന്ന പരമാനന്ദവുമാണ്. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്ന വ്രതത്രയങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കുന്നത് ദൈവമക്കളുടെ ജന്മാവകാശമായ സ്വാതന്ത്ര്യത്തിന്റെ നിര്‍മ്മലമായ ചൈതന്യത്തില്‍ ഈ വ്രതങ്ങളെ ആശ്ലേഷിച്ച് ധ്യാനിക്കുമ്പോഴാണ്.

ഒരു സമൂഹത്തിന്റെ കെട്ടുറപ്പ് കുടുംബങ്ങളുടെ കെട്ടുറപ്പിനെ ആശ്രയിച്ചാണു നിലകൊള്ളുന്നത് എന്ന തിരിച്ചറിവില്‍ സാധിക്കുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും കുടുംബങ്ങളുടെ സുസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നസ്രത്തു സന്യാസിനികള്‍. കുടുംബധ്യാനങ്ങള്‍, കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍, സ്‌കൂള്‍കുട്ടികള്‍ക്കുള്ള കൗണ്‍സലിംഗ്, സന്യാസിനികളുടെ സാന്നിധ്യം ഇല്ലാത്ത ഇടവകകളില്‍ നടത്തുന്ന ഹോംമിഷന്‍ പരിപാടികള്‍, ഹോംസയന്‍സ് പരിശീലനം, അമ്മ മാസികയുള്‍പ്പെടെയുള്ള മാധ്യമ ശുശ്രൂഷകള്‍, മാനസികരോഗചികിത്സാകേന്ദ്രങ്ങള്‍, ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസം.... വടക്കേ ഇന്ത്യ, ജര്‍മ്മനി, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള മിഷന്‍പ്രവര്‍ത്തനങ്ങള്‍ എന്നിവയോടൊപ്പം പല കാരണങ്ങളാല്‍ കുടുംബത്തിന് അപമാനവും ഭാരവുമായിത്തീരുന്ന സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, അമ്മത്തൊട്ടില്‍, കുടുംബങ്ങളില്‍ സംരക്ഷിക്കാനാരുമില്ലാത്തവരും ഒറ്റപ്പെട്ടപോയവരുമായ സ്ത്രീകള്‍... എന്നിവര്‍ക്കുള്ള വിവിധ അഭയകേന്ദ്രങ്ങള്‍ തുടങ്ങിയ വ്യത്യസ്തതയുള്ള ശുശ്രൂഷാമേഖലകളിലൂടെയാണ് നസ്രത്തുസന്യാസിനികള്‍ കുടുംബങ്ങളുടെ ആശ്രയകേന്ദ്രവും രക്ഷയുമാകുന്നത്. ഈ ശുശ്രൂഷകളിലൂടെ, തെരുവിലവസാനിക്കാമായിരുന്ന ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ക്കു പുതുജീവിതം നല്കാനും ആത്മഹത്യയിലവസാനിക്കാമായിരുന്ന നൂറുകണക്കിനു സ്ത്രീകള്‍ക്ക് അഭയം നല്കാനും കഴിഞ്ഞിട്ടുണ്ട്.


Related Articles

Contact  : info@amalothbhava.in

Top