ജീവിതം മെച്ചപ്പെടുത്താൻ നമുക്ക് ചെയ്യാൻകഴിയുന്ന കാര്യങ്ങൾ ബൈബിൾ നമുക്ക് പറഞ്ഞുതരുന്നുണ്ട്. അങ്ങനെയുള്ള ചില ഉപദേശങ്ങൾ നമുക്കു നോക്കാം.
മാർഗനിർദേശങ്ങൾക്കുവേണ്ടി ബൈബിളിലേക്കു നോക്കുക. സങ്കീർത്തനം 119:105 ഇങ്ങനെ പറയുന്നു: “അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപവും എന്റെ വഴികൾക്ക് ഒരു വെളിച്ചവും ആണ്.” നല്ല വെട്ടമുള്ള ഒരു ടോർച്ച് ഉണ്ടെങ്കിൽ രണ്ടു ഗുണമുണ്ട്. തൊട്ടുമുന്നിലുള്ള കാര്യങ്ങളും കാണാൻ പറ്റും. കുറച്ചു ദൂരെയുള്ള കാര്യങ്ങളും കാണാൻ പറ്റും. ഇതുപോലെയാണ് ബൈബിൾതത്ത്വങ്ങളും. നമ്മുടെ തൊട്ടുമുന്നിലുള്ള കാര്യങ്ങൾ, അതായത് ജീവിതത്തിൽ ഓരോ ദിവസവും നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ ബൈബിൾതത്ത്വങ്ങൾ നമ്മളെ സഹായിക്കും. അങ്ങനെയാകുമ്പോൾ ഓരോ ദിവസവും ശുഭപ്രതീക്ഷ നിലനിറുത്താൻ നമുക്കു കഴിയും. ബൈബിളിലെ ഉപദേശങ്ങൾ മനക്കരുത്ത് വീണ്ടെടുക്കാൻ നമ്മളെ സഹായിക്കും. അവ നമുക്ക് “ഹൃദയാനന്ദം നൽകുന്നു.” (സങ്കീർത്തനം 19:7, 8) അതുമാത്രമല്ല, മനുഷ്യരുടെയും ഭൂമിയുടെയും കാര്യത്തിൽ ദൈവം ചെയ്യാൻപോകുന്ന മഹത്തായ കാര്യങ്ങൾ എന്താണെന്നും ബൈബിൾ നമുക്ക് പറഞ്ഞുതരുന്നു. ആ പ്രത്യാശ നമുക്ക് നിലനിൽക്കുന്ന സന്തോഷവും സംതൃപ്തിയും തരും.
മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക. നമ്മൾ ആകെ നിരാശയിൽ ആയിരിക്കുമ്പോൾ കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഒക്കെ ഒറ്റപ്പെട്ടു കഴിയാനായിരിക്കും തോന്നുക. പക്ഷേ അങ്ങനെ ചെയ്യുന്നത് ബുദ്ധിയല്ലെന്നാണ് ബൈബിൾ പറയുന്നത്. കാരണം, അപ്പോൾ എന്തെങ്കിലുമൊക്കെ അബദ്ധങ്ങൾ കാണിച്ചുകൂട്ടാനോ തെറ്റായ തീരുമാനങ്ങൾ എടുക്കാനോ ഒക്കെ സാധ്യത കൂടുതലായിരിക്കും. (സുഭാഷിതങ്ങൾ 18:1) പ്രിയപ്പെട്ടവരുടെ കൂടെയായിരിക്കുന്നത് അതിരുവിട്ട് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒക്കെ ഒഴിവാക്കാൻ നമ്മളെ സഹായിക്കും. ബുദ്ധിമുട്ടുള്ള സാഹചര്യത്തെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന നല്ല നിർദേശങ്ങൾ അവർക്കു തരാനായേക്കും. (സുഭാഷിതങ്ങൾ 11:14) ഇനി, അതൊന്നും ഇല്ലെങ്കിലും അവരുടെ കൂടെയായിരിക്കുമ്പോൾ അവർ എന്തെങ്കിലുമൊക്കെ പറഞ്ഞ് നമ്മളെ ആശ്വസിപ്പിക്കും, നമ്മുടെ മൂഡോഫൊക്കെ മാറ്റിയെടുക്കും. അങ്ങനെ എല്ലാമൊന്ന് ശരിയാകുന്നതുവരെ പിടിച്ചുനിൽക്കാനുള്ള ശക്തി നമുക്ക് കിട്ടും.—സുഭാഷിതങ്ങൾ 12:25.
ദൈവത്തോട് പ്രാർഥിക്കുക. ബൈബിൾ ഇങ്ങനെ പറയുന്നു: “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതിമാൻ വീണുപോകാൻ ദൈവം ഒരിക്കലും അനുവദിക്കില്ല.”
b (സങ്കീർത്തനം 55:22) ബൈബിളിൽ യഹോവയെ വിളിച്ചിരിക്കുന്നതുതന്നെ ‘പ്രത്യാശ നൽകുന്ന ദൈവം’ എന്നാണ്. (റോമർ 15:13) യഹോവ നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ. അതുകൊണ്ടുതന്നെ പ്രാർഥനയിലൂടെ നിങ്ങളുടെ “എല്ലാ ആകുലതകളും” യഹോവയോടു പറയുക. (1 പത്രോസ് 5:7, അടിക്കുറിപ്പ്) “ദൈവം നിങ്ങളെ ബലപ്പെടുത്തുകയും ശക്തരാക്കുകയും ഉറപ്പിക്കുകയും ചെയ്യും” എന്നാണ് ബൈബിൾ പറയുന്നത്.—1 പത്രോസ് 5:10.
പ്രശ്നങ്ങൾ നേരിടുമ്പോൾ പ്രത്യാശ ഒന്നുകൂടെ ശക്തമാക്കുക. ബൈബിൾ ഇങ്ങനെ ഉറപ്പു പറയുന്നു: “(ദൈവത്തിന്റെ) വാക്കു കേൾക്കുന്നവൻ സുരക്ഷിതനായി വസിക്കും; അവൻ ആപത്തിനെ പേടിക്കാതെ കഴിയും.” (സുഭാഷിതങ്ങൾ 1:33) ഓസ്ട്രേലിയയിൽ ഒരു ചുഴലിക്കാറ്റ് അടിച്ചപ്പോൾ മാർഗരറ്റ് എന്ന സ്ത്രീയുടെ വീട്ടിലെ പല സാധനങ്ങളും നശിച്ചുപോയി. പക്ഷേ മാർഗരറ്റ് നിരാശിതയായിപ്പോയോ? ഇല്ല. മാർഗരറ്റ് അതിൽനിന്ന് പ്രധാനപ്പെട്ട ഒരു പാഠം പഠിക്കുകയാണ് ചെയ്തത്: വസ്തുവകകളൊക്കെ ഏതു സമയത്തുവേണമെങ്കിലും ഇല്ലാതെയാകാം. അതിൽപ്പിന്നെ പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാനുള്ള മാർഗരറ്റിന്റെ തീരുമാനം ഒന്നുകൂടെ ശക്തമായി. കുടുംബം, സുഹൃത്തുക്കൾ, ദൈവവുമായുള്ള ബന്ധം, ബൈബിളിൽ പറഞ്ഞിരിക്കുന്ന പ്രത്യാശ ഇതിലൊക്കെയാണ് പിന്നീട് മാർഗരറ്റ് കൂടുതൽ ശ്രദ്ധിച്ചത്.—സങ്കീർത്തനം 37:34; യാക്കോബ് 4:8
നല്ലോർമ്മകളാക്കാൻ
നോമ്പും ഉപവാസവും
ക്രൂശിതനും ക്രൂശിതനുഭവങ്ങളും
മുന്വിധികള് തെറ്റിച്ച മഹത്വം
സഹനപുത്രി
എന്താണ് സ്വാതന്ത്ര്യം?