ഫലദായകമയ ഉപവാസം

14,  Feb   

ഫലദായകമയ ഉപവാസം-

 

 

ഉപവാസവും പ്രാർത്ഥനയും അനുതാപവും ഭക്ത ജീവിതത്തിൻ്റെ ബാഹ്യ അടയാളങ്ങളായിട്ടാണ് സഭാ പാരമ്പര്യങ്ങൾ പഠിപ്പിക്കുന്നത്. മിക്കവാറും എല്ലാ മതങ്ങളിലും കണ്ട് വരുന്ന കാര്യങ്ങളാണിവ. എന്നാൽ ഉപവസിക്കുന്നതിൻ്റെയും പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതിൻ്റെയും ലക്ഷ്യങ്ങളെക്കുറിച്ച് മതങ്ങൾക്ക് തമ്മിൽ തമ്മിൽ അഭിപ്രായ ഐക്യമില്ല. ഭൂതപ്രേതാധികളെ ഭയപ്പെട്ടിരുന്ന പൗരാണിക മതങ്ങളിൽ, ഉപവസിക്കുക എന്നത് പിശാചുകളെ നേരിടാനുള്ള ഒരു തയ്യാറെടുപ്പായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഈജിപ്തിലെയും മെസപൊട്ടമിയയിലെയും മതപാരമ്പര്യങ്ങളിൽ, ദൈവികതലത്തെ അഭിമുഖീകരിക്കാനുള്ള ഒരുക്കമായി ഉപവാസത്തെ മനുഷ്യർ കണ്ടിരുന്നു. എന്നാൽ ഹൈന്ദവ ജൈനപാരമ്പര്യങ്ങളിൽ ചില ആഘോഷങ്ങൾക്കുള്ള ഒരുക്കമായും തീർത്ഥാടനത്തിൻ്റെ ഭാഗമായും ആളുകൾ ഉപവസിക്കുന്നു. എന്നാൽ ഉപവാസത്തെ സംബന്ധിച്ച് ദൈവവചനം നമുക്ക് നൽകുന്ന ദർശനം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പലതലങ്ങളിലുള്ള പരിഗണനകൾ ഉപവാസത്തെ സംബന്ധിച്ചിടത്തോളം ബൈബിളിൽ കാണാൻ കഴിയും.

 

പഴയ ഉടമ്പടിയിൽ

 

പശ്ചാത്താപതിൻ്റെ ഭാഗം

 

ന്യായധിപനായിരുന്ന സാമുവേലിൻ്റെ കാലത്ത് ദൈവജനം കർത്താവിനെ മറന്ന് വിഗ്രഹാരാധനയിലും മ്ലേച്ഛതകളിലും മുഴുകിയതിന് പരിഹാരമായി അവർ “ മിസ്പായിൽ ഒരുമിച്ച് കൂടി ദിവസം മുഴുവൻ ഉപവാസിക്കുകയും അവരുടെ തെറ്റുകൾ ഏറ്റുപറയുകയും ചെയ്തു (1സാമു. 7,6-8). അനുതാപത്തിൻ്റെ അടയാളമായി “ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിൻ“ എന്ന് ജോയേൽ പ്രവാചകൻ ആവശ്യപ്പെടുന്നുണ്ട് (ജോയേൽ 1,14). ഒരു സമൂഹം മുഴുവൻ ഉപവസിച്ച് പ്രായശ്ചിത്തം അനുഷ്ഠിക്കുന്ന സംഭവം യോനാ പ്രവാചകൻ്റെ പുസ്തകത്തിലുണ്ട് (യോനാ 3,5-9).  ചാക്കുടുത്ത്‌ ചാരം പൂശി ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചുകൊണ്ടുള്ള ഉപവാസാചരണമാണ് നിനിവേയില്‍ നമ്മള്‍ കാണുന്നത്‌. പശ്ചാത്താപത്തിന്റെ അടയാളമായി ഉപവാസം അനുഷ്ഠിക്കുമ്പോൾ ശക്തമായ ഒരു സാമൂഹ്യവശം നമ്മള പഴയനിയമത്തില്‍ക്കാണുന്നുണ്ട്‌. സമൂഹം ഒന്നടങ്കമാണ്‌ തെറ്റുകള്‍ ഏറ്റുപറയുന്നതും ഉപവാസം അനുഷ്ഠിക്കുന്നതും. ഉടമ്പടിയുടെ ജനമെന്ന നിലയില്‍ പാപത്തിന്റെ സാമൂഹ്യവശത്തെപ്പറ്റിയുള്ള ആഴമായ അവബോധം ഇവിടെക്കാണാനാവും, വര്‍ഷത്തില്‍ ഒരിക്കല്‍ പാപ പരിഹാര ദിനമായി ആചരിക്കുന്ന പതിവ്‌ ഇസ്രായേല്‍ക്കാര്‍ക്കുണ്ടായിരുന്നു, (ലേവ്യര്‍ 16,29-34). ആ ദിവസം ജനങ്ങള്‍ ഉപവാസം അനുഷ്ഠിക്കേണ്ടിയിരുന്നു. പുരോഹിതര്‍ ജനത്തിനുവേണ്ടി ബലിയര്‍പ്പിക്കുകയും മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യേണ്ടിയിരുന്നു, ബാബിലോണിയൻ അടിമത്തത്തിനുശേഷം വേറെ നാല് ദിവസങ്ങള്‍കൂടി ഉപവാസദിനങ്ങളായി യഹൂദര്‍ ആചരിച്ചിരുന്നു (സഖറിയ 8,19).

 

  1. ദൂരിതാനുഭവങ്ങള്‍ നേരിടുമ്പോള്‍:

 

ഇസ്രായേലിന്റെ ചരിത്രത്തില്‍ ദൂരിതാനുഭവങ്ങള്‍ നേരിടുമ്പോള്‍ തങ്ങളെ രക്ഷിക്കണേയെന്ന്‌ കേണപേക്ഷിച്ചിരുന്ന ജനം അത്‌ ചെയ്തിരുന്നത്‌ ഉപവാസത്തോടുകൂടിയാണ്‌. മൊവാബ്യരും അമ്മോന്യരും മേയൂന്യരും ചേര്‍ന്ന്‌ ഇസ്രായേലിനെ ആരമിച്ചപ്പോള്‍ ദൈവജനം, “ഭയന്ന്‌ കര്‍ത്താവിങ്കലേക്ക്‌ തിരിയാൻ തീരുമാനിക്കുകയും യുദായിലെങ്ങും ഉപവാസം പ്രഖ്യാപിക്കുകയും ചെയ്തു" (2ദിന20,3).)

ഇവിടെ പ്രത്യേകം ശ്രദ്ധേയമായ കാര്യം, ഉപവാസം എപ്പോഴും ദൈവോന്മുഖമായുള്ള ജനത്തിന്റെ മാനസാന്തരത്തിന്റെ ബഹിര്‍പ്രകടനമാണ്‌ എന്നതത്രേ.

 

3.നിര്‍ണ്ണായകമായ ഒരുകാര്യത്തിന്‌ ഒരുമ്പെടുമ്പോള്‍

തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവത്തിനു മുമ്പ് ദൈവാനുഗ്രഹം വിളിച്ചപേക്ഷിക്കുന്നതിന്റെ അടയാളമായും, ഇസ്രായേല്‍ക്കാര്‍ ഉപവാസം അനുഷ്ഠിചിരുന്നു. ബാബിലോണ്‍

അടിമത്തത്തില്‍ നിന്നും സ്വതന്ത്രരായി വാഗ്ദാന ഭൂമിയിലേയ്ക്കുള്ള തിരിച്ചു വരവ്‌ അതു പോലുള്ള ഒരവസരമായിരുന്നു. എസ്രായുടെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘം,“ദൈവ സന്നിധിയില്‍ തങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും മക്കളോടും വസ്തുവകകളോടും കൂടെയുള്ള തങ്ങളുടെ യാത്ര സുഗമമാക്കുന്നതിനും വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിനു അവാഹാനദീതീരത്ത്‌ വച്ച്‌ ഉപവാസം പ്രഖ്യാപിച്ചു" (എസ്രാ 8, 21).ഫിലിസ്ത്യരുമായുള്ള യുദ്ധത്തിന്റെ അവസരത്തിലും

അവര്‍ ഉപവസിക്കുകയുണ്ടായി(1 സാമു 14,24).

 

4 വിലാപ സൂചകമായി

മറ്റു ജനതകളുടെയിടയില്‍ ആചരിച്ചുപോന്നതു പോലെ മരണാവസരങ്ങളിലെ വിലാപാചരണത്തിന്റെ ഭാഗമായും ഇസ്രായേല്‍ക്കാര ഉപവസിച്ചിരുന്നു.(1 സാമൂവൽ 3113;  2 സാമു 1,12).

5 ഉപവാസവും സാമുഹ്യ പ്രതിബദ്ധതയും

ബാബിലോണിയൻ അടിമത്തത്തില്‍ നിന്നും തിരിച്ചുവന്ന ജനം ഭക്ത ജീവിതത്തിന്റെ അടയാളമായി ഉപവാസം നോക്കിയിരുന്നു. ഉപവാസാനുഷ്ഠാനം കൊണ്ട്‌ ദൈവം സംപ്രീതനാകുമെന്നും, തങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവിടുന്ന് സാധിച്ച് തരുമെന്നും അവർ വിശ്വസിച്ചിരുന്നു. തന്മൂലം ഉപവസിച്ചു പ്രാർത്ഥിച്ചിട്ടും ദൈവം തങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കാത്തതിനാൽ അവർ നിരാശരായി. ഒരു തരം

കച്ചവട മനോഭാവത്തോടുകൂടിയുള്ള ഇമ്മാതിരി ഉപവാസനുഷ്ഠാനങ്ങളെ പ്രവാചകന്മാർ നിശിതമായി എതിർക്കുകയും യഥാർത്ഥ ഉപവാസം എന്തിനാണ്, എന്ന് അവരെ പഠിപ്പിക്കുകയും ചെയ്തു, കൂട്ടത്തിൽ ശരീരത്തെ പീഡിപ്പിക്കുന്നതും എളിമപ്പെട്ടു നടക്കുന്നതുമല്ല യഥാർത്ഥ ഉപവാസമെന്ന് അവർ ജനത്തിന് പറഞ്ഞു കൊടുത്തു. “ ഉപവസിക്കുമ്പോൾ നിങ്ങൾ സ്വന്തം സുഖമാണ് തേടുന്നത് നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു; കലഹിക്കുന്നതിനും ശണ്ഠ കൂടുന്നതിനും ക്രൂരമായി മുഷ്ടി കൊണ്ട്‌ ഇടിക്കുന്നതിനും വേണ്ടിയാണ്‌ നിങ്ങള്‍ ഉപവസിക്കുന്നത്‌. നിങ്ങളുടെ സ്വരം ഉന്നതങ്ങളില്‍ എത്താന്‍ ഇത്തരം ഉപവാസങ്ങള്‍ ഉപകരിക്കുകയില്ല…ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന്‌ ഒഴിഞ്ഞുമാറാതിരിക്കുകയുമല്ലേ അത്‌? " (എശയ്യാ 68,3-7). ഉപവാസത്തെപ്പറ്റി അടിസ്ഥാനപരമായ ഒരു പുതിയ വീക്ഷണമാണ്‌ നാമിവിടെക്കാണുക, ക്രൈസ്തവസഭയുടെ പാരമ്പര്യത്തിൽ ഉപവാസത്തെ സംബന്ധിച്ചുള്ള ഈ സാമൂഹൃതലത്തിനാണ്‌ പ്രാധാന്യം.

 

യേശുവിൻ്റെ മാതൃക

തൻ്റെ പരസ്യ ജീവിതത്തിന് മുമ്പ് നാല്പതു ദിവസം ഉപവാസത്തിൽ ചിലവഴിച്ച യേശുവിനെ സുവിശേഷത്തിൽ നമ്മൾ കാണുന്നുണ്ട് (മത്തായി 4,1-4, ലൂക്കാ 4,1-4). ദുഷ്ട പിശാചിനെ തോൽപ്പിക്കാൻ ഉപവാസവും പ്രാർത്ഥനയും ആവശ്യമാണെന്ന് അവിടുന്ന് കാണിച്ച് തരുന്നു (മത്തായി 4, 1-11). അതെ സമയം, ഉപവാസം ഒരു ഭക്തപ്രകടനവും മറ്റുള്ളവരുടെ മുമ്പിൽ നല്ലവരായിക്കാണപ്പെടാനുള്ള മാർഗവുമായി സ്വീകരിക്കരുതെന്ന്‌ യേശു പഠിപ്പിക്കുന്നു( മത്തായി 6,16-18). ഉപവസികുന്നതിന്റെ പേരില്‍ കൂടുതല്‍ മെച്ചപ്പെട്ടവരാണെന്ന ചിന്തയില്‍ ഉപവസിക്കാത്തവരെ പുച്ഛിക്കുന്ന മനോഭാവമുള്ളവരെ യേശു നിരാകരിക്കുന്നു (ലുക്ക 18,9-14). തന്നെയുമല്ല, സ്നാപകയോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാര്‍ ഉപവാസം അനുഷ്ഠിക്കുമ്പോള്‍ യേശുവിന്റെ ശിഷ്യന്മാര്‍ അത്‌ ചെയ്തിരുന്നില്ല. ദൈവരാജ്യത്തിന്റെ ഉദയത്തോടുകുടി മനുഷ്യന്‍ ദൈവവുമായി രമ്യപ്പെടുന്നത്, മനുഷ്യന്റെ യോഗ്യതകളും പ്രവൃത്തിയും എന്നതിലുമുപരി അവിടുത്തെ കൃപയാണെന്ന സത്യം യേശു പഠിപ്പിക്കുകയായിരുന്നു (മര്‍ക്കോസ്‌ 2,18-22;, ലൂക്കാ 7,31-35). ദരിദ്രരോടും സമൂഹം പുറന്തള്ളിയവരോടുമൊപ്പം ഭക്ഷണം കഴിക്കുന്ന യേശു തന്റെ പ്രവൃത്തി മുലം സൂചിപ്പിക്കുക, പാവപ്പെട്ടവരോടുള്ള ഐക്യധാർഢ്യമാണ്.

 

അപ്പസ്തോലന്മാര്‍

 

സഭാശുശ്രുഷയ്ക്കായി ആളുകളെ നിയമിക്കുന്നതിന്റെ ഭാഗമായി (പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവഴിക്കുന്ന രീതി അപ്പസ്തോലന്മാരുടെയിടയില്‍ നിലനിന്നിരുന്നു (നടപടി 13,2;14,23). എന്നാൽ ഉപവാസം അനുഷ്ഠിക്കുന്ന കാര്യത്തിൽ യഹുദ പശ്ചാത്തലമുള്ള ക്രൈസ്തവരും വിജാതീയരില്‍ നിന്ന്‌ ക്രിസ്തുമതം സ്വീകരിച്ചവരും തമ്മില്‍ ഒരു വ്യത്യാസം നിലവിലിരുന്നു. വി. പൗലോസ് ശ്ലീഹായുമായി  ബന്ധപ്പെട്ട സഭകളില്‍ ക്രൈസ്തവ ജീവിതം ഏതാനും ഭക്താനുഷ്ഠാനങ്ങളിൽ ഒതുങ്ങി നില്‍ക്കാതെ, "മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെട്ട ജീവിതമായിരിക്കാന്‍" (റോമ 12,2) ശ്ലീഹ പഠിപ്പിക്കുന്നു. ജീവിതമാകുന്ന ബലിയാണ്‌ ക്രൈസ്തവൻ അര്‍പ്പിക്കേണ്ടത്‌. ഈ ലോകത്തിന്‌ അനുരൂപരാകാതെ ദൈവഹിതത്തിന്‌ കീഴ്‌പ്പെട്ട ഒരു ജീവിതം. എന്നാല്‍ ആദിമസഭയില്‍ത്തന്നെ ഉപവാസത്തിന്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വേറൊരുതരം ചിന്താഗതിയും ദൃശ്യമാണ്‌. ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ  അഥവ രണ്ടാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ എഴുതപ്പെട്ട ദിദക്കേ എന്ന ഗ്രന്ഥത്തിൽ (1,3) “ നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് വേണ്ടി ഉപവസിക്കുവിൻ” എന്നൊരഹ്വാനമുണ്ട്. സന്യാസ സഭകളുടെ ആരംഭത്തോടുകൂടി ഉപവാസം എല്ലാ സഭകളുടെയും ജീവിതരീതിയുടെ ഭാഗമായി തീർന്നു.

ഉപസംഹാരം

ശരീരത്തെ പീഡിപ്പിക്കുകയോ വികൃതം ആക്കുകയോ അല്ല ക്രൈസ്തവ വീക്ഷണത്തില്‍ ഉപവാസത്തിന്റെ ലക്ഷ്യം. പ്രവാചകന്മാരുടെ പ്രബോധനത്തില്‍ത്തന്നെ ഉപവാസത്തിന്റെ സാമൂഹ്യവശം നമുക്ക്‌ കാണാന്‍ കഴിയും. യേശുവിന്റെ ആഗമനത്തോടുകൂടി ദൈവ-മനുഷ്യ ബന്ധത്തെപ്പറ്റി പുതിയ കാഴ്‌ചപ്പാട്‌ ലോകത്തിന്‌ ലഭിച്ചു. മതാനുഷ്ഠാനങ്ങൾക്കെല്ലാം പുതിയ ഒരര്‍ത്ഥം അതു വഴി കൈവന്നു.

ഉപവാസം അതിൽത്തന്നെ ഒരു ലക്ഷ്യമല്ല.

ദൈവികതലത്തിലേക്ക്‌ കടന്നുവരാൻ മനുഷ്യനെ സഹായിക്കുന്ന ഒരുപാധിയാണത്. മനസ്സിനും മനോഭാവത്തിനും വരുന്ന അന്തരത്തിന്റെ ബാഹ്യപ്രകടനമാണത്‌. ഈ മാനസാന്തരം സഹോദരനെ പറ്റിയുള്ള ചിന്തയിലാണ്‌ ഫലമണിയുന്നത്‌. അതും വേദനയനുഭവിക്കുന്ന സഹോദരനെ പറ്റിയുള്ള കരുതലാകുമ്പോൾ. ഇന്ന്‌ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങള്‍ നോമ്പുകാലത്തോടനുബന്ധിച്ചു  നടത്തുന്ന പരസ്‌നേഹ പ്രവര്‍ത്തനങ്ങള്‍ ഈ കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞിട്ടുള്ളതാണ്‌.

 

 

 

 

 

 

 

 

 

 

 

 

 


Related Articles

സഹവാസം

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top